‘സീറോ ഫുഡ്’ ചില്‍ഡ്രന്‍ നിരക്കില്‍ നാണക്കേടിന്റെ മൂന്നാം സ്ഥാനവുമായി ഇന്ത്യ
ആവശ്യമായ ആഹാരം കിട്ടാതെ ദിവസം മുഴുവന്‍ കഴിയേണ്ടി വരുന്ന നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങളുടെ രാജ്യം കൂടിയാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ 2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ അധിഷ്ഠതമാക്കി നടത്തിയ ഒരാഗോള പഠനത്തിലാണ് രാജ്യത്ത് ദയനീയാവസ്ഥ കണ്ടെത്താനായതെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരാഹരവും കഴിക്കാന്‍ സാധിക്കാത്ത 67 ലക്ഷം കുഞ്ഞുങ്ങള്‍(സീറോ ഫുഡ് ചില്‍ഡ്രന്‍-സിഎഫ്‌സി) ഇന്ത്യയിലുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഗിനിയ, ബെനിന്‍, ലൈബീരിയ, മാലി തുടങ്ങിയ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടേതിനു തുല്യമായ വ്യാപന നിരക്കാണ് ഇക്കാര്യത്തില്‍ ഇന്ത്യയിലുമുള്ളതെന്നാണ് പഠനം പറയുന്നത്. ഗിനിയയ്ക്കും(21.8 ശതമാനം), മാലിക്കും(20.5 ശതമാനം) പിന്നിലായി മൂന്നാം സ്ഥാനത്താണ് (19.3 ശതമാനം) സീറോ ഫുഡ് ചില്‍ഡ്രന്‍ വ്യാപനത്തില്‍ ഇന്ത്യ. മറ്റൊരു ശ്രദ്ധേമായ കാര്യം, ഇന്ത്യയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നുവെന്നു പറയുന്ന ബംഗ്ലാദേശും പാകിസ്താനും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ബംഗ്ലാദേശ്(5.6), പാകിസ്താന്‍(9.2), കോംഗോ(7.4), നൈജീരിയ(8.8), എത്യോപ്യ(1.8) എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യയെക്കാള്‍ ദരിദ്രമായ രാജ്യങ്ങളാണിവ.
ആഫ്രിക്കന്‍ രാജ്യങ്ങളിലേതു പോലെ ഭക്ഷണ ദൗര്‍ലഭ്യമല്ല ഇന്ത്യയില്‍ കുഞ്ഞുങ്ങളുടെ പട്ടിണിയിലേക്ക് നയിക്കുന്ന കാര്യം. മറിച്ച്, ഇവിടുത്തെ അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഉചിതമായ ഭക്ഷണ പരിചരണം നല്‍കാനുള്ള കഴിവില്ലായ്മയാണ് ഈ പ്രതിസന്ധിക്കു പിന്നിലെന്നാണ് കുട്ടികളുടെ പോഷകാഹാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്.
സീറോ ഫുഡ് ചില്‍ഡ്രണ്‍ ഗണത്തില്‍ വരുന്നത്, ജനിച്ചിട്ട് ആറു മാസത്തിനും 24 മാസത്തിനും ഇടയിലുള്ള ശിശുക്കളാണ്. ഇവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പാലോ, അതല്ലെങ്കില്‍ കട്ടിയുള്ളതോ, അര്‍ദ്ധഖര രൂപത്തിലുള്ളതോ ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്നില്ല. 92 ദരിദ്ര-മധ്യവര്‍ഗ രാജ്യങ്ങളിലായാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഈ രാജ്യങ്ങളില്‍ 99 ശതമാനത്തോളം സീറോ ഫുഡ് ചില്‍ഡ്രന്‍ വിഭാഗത്തിലെ കുട്ടികള്‍ക്കും 24 മണിക്കൂറില്‍ ആകെ കിട്ടുന്നത് അമ്മയുടെ മുലപ്പാല്‍ മാത്രമാണ്. ഇതിലൂടെ ശരീരത്തിലെത്തുന്ന കലോറിയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ആറു മാസത്തിനു മേല്‍ പ്രായമായ കുഞ്ഞിന് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കാന്‍ മുലയൂട്ടലില്‍ കൊണ്ടു മാത്രം കഴിയില്ല. കുഞ്ഞുങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ മുലപ്പാലിനു പുറമെ അധിക ഭക്ഷണങ്ങളും ആവശ്യമാണ്. 92 രാജ്യങ്ങളിലും വിവിധ സമയങ്ങളിലായാണ്(2010-2021) സര്‍വേ നടത്തിയത്. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് സീറോ ഫുഡ് ചില്‍ഡ്രന്‍ നിരക്ക് ഏറ്റവും ഉയര്‍ന്നതെന്ന് പഠനത്തില്‍ പറയുന്നുണ്ട്. 80 ലക്ഷത്തോളം കുട്ടികള്‍ ഈ മേഖലയില്‍ സിഎഫ്‌സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 67 ലക്ഷവും ഇന്ത്യയിലാണ്.
ഈ നമ്പരുകള്‍ ഗൗരവമേറിയതാണെന്നും, പ്രശ്‌നം പരിഹരിക്കുന്നതിന് അനുയോജ്യമായ ഇടപെടലുകള്‍ അടിയന്തിരമായി ഉണ്ടാകണമെന്നുമാണ് പഠനത്തിന് നേതൃത്വം കൊടുത്ത ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ചര്‍ എസ് വി സുബ്രഹ്‌മണ്യന്‍ പറയുന്നത്. വിദഗ്ധ സംഘം അവലോകനം ചെയ്തു വിലയിരുത്തിയ ശേഷം പ്രസിദ്ധീകരിച്ചതാണ് സുബ്രഹ്‌മണ്യനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ ജഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍(JAMA Network Open) എന്ന ഗവേഷണ പ്രബന്ധം. സീറോ ഫുഡ് വ്യാപനത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമുണ്ടെന്നാണ് പഠന സംഘം പറയുന്നത്. അമ്മമാരുടെ ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ ആഹാരം ലഭ്യമാകാതെ പോകുന്നതിന് കാരണമാകുന്നതെന്നാണ് ഊ പഠനത്തോട് പ്രതികരിച്ചുകൊണ്ട് പീഡീയാട്രീഷ്യനും പൊതുജനാരോഗ്യ വിദഗ്ധയുമായ ഡോ. വന്ദന പ്രസാദ് പറയുന്നത്. ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുകയെന്നത് എളുപ്പമായൊരു കാര്യമല്ല, അതിന് സമയവും ശേഷിയും ആവശ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ആഹാരം നല്‍കാന്‍ പല അമ്മമാര്‍ക്കും വഴിയില്ലാതെ പോകുന്നതായും ഡോ. വന്ദന ചൂണ്ടിക്കാണിക്കുന്നു. ഗ്രാമങ്ങളിലായാലും നഗരങ്ങളിലെ ചേരികളിലായാലും ദരിദ്രരായ അമ്മമാര്‍ക്ക് അവരുടെ കുടുംബം പുലരാന്‍ രാപ്പകല്‍ അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്, അതുകൊണ്ട് തന്നെ അവര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ മതിയായ രീതിയില്‍ നോക്കാന്‍ പോലും കഴിയാതെ പോവുകയാണ്. അമ്മമാരെയും കുഞ്ഞുങ്ങളെയും സഹായിക്കാനും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കാനും സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇത്തരം സേവനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ പോവുകയാണെന്നാണ് ഡോ. വന്ദന പറയുന്നത്. പബ്ലിക് ഹെല്‍ത്ത് റിസോഴ്‌സ് നെറ്റ്‌വര്‍ക്ക് എന്ന എന്‍ജിഒയുടെ ടെക്‌നിക്കല്‍ അഡൈ്വസര്‍ കൂടിയാണ് വന്ദന. പഠനങ്ങളുടെ ഭാഗമായി നടത്തിയ ഇടപെടലിലൂടെ ഒഡീഷയില്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും അവിടെയവര്‍ക്ക് നല്‍കിയ പരിചരണത്തിലൂടെ പോഷകാഹാര കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് സാധ്യമായിട്ടുണ്ടെന്നും ഡോ. വന്ദന പ്രസാദ് പറയുന്നു.
20192021 ലെ കേന്ദ്ര ആരോഗ്യ സര്‍വേയിലെ ഡാറ്റകള്‍ അടിസ്ഥാനമാക്കി, കഴിഞ്ഞ വര്‍ഷം സുബ്രഹ്‌മണ്യനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഇന്ത്യയിലെ സീറോ ഫുഡ് കുട്ടികളുടെ വ്യാപനത്തെക്കുറിച്ചുള്ള ആദ്യ കണക്ക് തയ്യാറാക്കിയിരുന്നു. അവരുടെ പുതിയ പഠനം പ്രകാരം 92 രാജ്യങ്ങളിലെ വ്യാപനവുമായി താരതമ്യം ചെയ്താണ് ഇന്ത്യയിലെ അവസ്ഥ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ഡ്യുക് സര്‍വകലാശാലയിലെ ഒമര്‍ കാള്‍സണ്‍, കൊറിയന്‍ പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ചറായ റോക്ക്‌ലി കിം എന്നവരും ഈ പഠനത്തിലെ സഹ രചയിതാക്കളാണ്.