UPDATES

ഓഫ് ബീറ്റ്

പട്ടിണി കിടന്ന് മരിച്ചുപോകുമെന്ന് കരുതിയ തെരുവ് ദിനങ്ങള്‍

മറക്കാനാകാത്ത ജീവിതാനുഭവങ്ങളില്‍ കണ്ണീരണിഞ്ഞ് ജാവേദ് അക്തര്‍

                       

സിനിമ എന്ന മായികലോകത്തേക്ക് ഭാഗ്യന്വേഷിയായി ഇറങ്ങി തിരിച്ച നാളുകളില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ക്കുകയാണ് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ബോളിവുഡിന്റെ മഹാനായ കലാകാരന്‍, ആഹാരമില്ലാതെ ദിവസങ്ങളോളം അലഞ്ഞിരുന്ന പഴയകാലത്തെക്കുറിച്ചോര്‍ത്തപ്പോള്‍ വികാരാധീതനായി. വിഭവസമൃദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇപ്പോള്‍ മുന്നില്‍ കാണുമ്പോള്‍, പഴയ കാലമാണ് ഓര്‍മയില്‍ വരുന്നതെന്നും മോജോ സ്‌റ്റോറിക്കു വേണ്ടി ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ജീവിതത്തോട തനിക്ക് നന്ദിയുണ്ടെന്നാണ് ജാവേദ് അക്തര്‍ പറയുന്നത്. പിതാവുമായുള്ള കയപ്പേറിയ ബന്ധത്തിനൊടുവില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തന്റെ ജീവിതത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടാനോ, ഇരയാക്കപ്പെട്ടെന്നോ, വേട്ടയാടപ്പെട്ടെന്നോ പറഞ്ഞു വിധിയെ പഴിക്കാനോ താനില്ലെന്നും, മറിച്ച് ആ ജീവിതത്തോട് നന്ദി പറയുകയാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു. ഞാന്‍ കടല്‍തീരത്താണ് താമസിക്കുന്നത്, ജനാല തുറന്നാല്‍ കടല്‍ മാത്രമാണ് കാണാനാവുക, അവര്‍ പ്രഭാത ഭക്ഷണം ട്രോളിയില്‍ വച്ച് തള്ളിക്കൊണ്ടിവരും, ഞാനെതോ നാടകത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു, ഇതെല്ലാം എനിക്കുള്ളതല്ല. എങ്കിലും ഞാന്‍ ജീവിതത്തോട് വളരെ നന്ദിയുള്ളവനാണ്’ ജാവേദ് അക്തറുടെ വാക്കുകള്‍. എനിക്കിപ്പോള്‍ കഴിക്കാന്‍ ധാരാളം ഭക്ഷണമുണ്ട്. എനിക്കവ കഴിക്കാം, ഞാന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാലും ധാരളം ഭക്ഷണം വീണ്ടും തീന്‍മേശയില്‍ കാണും. ഞാന്‍ വിശപ്പ് സഹിക്കാനാവാതെ കിടന്ന രാത്രിയില്‍ ഇതില്‍ നിന്നുമൊരു വിഭവം, കുറച്ചു ദാലോ, സബ്ജിയോ കിട്ടിയിരുന്നുവെങ്കില്‍ ഞാനെത്രമാത്രം അതാസ്വദിച്ചു കഴിക്കുമായിരുന്നെന്നോ; വികാരാധീതനായി അദ്ദേഹം പറയുന്നു.

തന്റെ പൂര്‍വകാല അനുഭവങ്ങള്‍ പറയുമ്പോള്‍ ജാവേദ് അക്തറിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഒരു വശത്ത് ആ ദുഷ്‌കരമായ ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു, മറുവശത്ത് ആ ദിവസങ്ങളോട് എനിക്ക് അങ്ങേയറ്റം നന്ദിയും തോന്നുന്നു. ഞാന്‍ അനുഭവിച്ചപോലത്തെ ജീവിതം ജീവിച്ച കോടിക്കണക്കിന് മനുഷ്യരുണ്ടായിരിക്കണം. പക്ഷേ, അവര്‍ക്കതിന്റെ പ്രതിഫലമോ, നഷ്ടപരിഹാരമോ കിട്ടിയിട്ടില്ല’- അദ്ദേഹം പറയുന്നു. ആഹാരം കഴിക്കാന്‍ സാധിക്കാത്ത ദിവസങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടോയെന്ന ബര്‍ക്കയുടെ ചോദ്യത്തോട് വളരെ വികാരപരമായാണ് ജാവേദ് അക്തര്‍ പ്രതികരിക്കുന്നത്. ‘ എത്രയോ ദിവസങ്ങള്‍’ എന്നാണ് പട്ടിണിക്കാലത്തെക്കുറിച്ച് ജാവേദ് അക്തര്‍ പറയുന്നത്. ആഹാരം കിട്ടാത്തപ്പോള്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന്, തമാശയെന്നപോലെ അദ്ദേഹം പറയുന്നത്, ‘നിങ്ങള്‍ക്ക് കഴിക്കാന്‍ ഒന്നുമില്ലാത്തപ്പോള്‍, നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല’ എന്നാണ്. ”രസകരമായ അവസ്ഥയാണത്. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലാത്ത നിങ്ങള്‍ ഏതെങ്കിലുമൊരു വീട്ടില്‍ ചെല്ലുന്നു, അവര്‍ നിങ്ങളെ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു, നിങ്ങളാണെങ്കില്‍ പറയുന്നത് ഞാന്‍ കഴിച്ചിട്ടാണ് വന്നതെന്നാണ്. ഞാന്‍ പട്ടിണി കിടന്ന് മരിക്കാന്‍ പോവുകയാണെന്ന് അവര്‍ അറിയുന്നിടത്തോളം വലിയ നാണക്കേടില്ല’ അക്തറുടെ വാക്കുകള്‍. ഇന്ന് തനിക്ക് സുഹൃത്തുക്കളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ഭക്ഷണം ചോദിക്കാന്‍ അര്‍ഹതയുണ്ട്, എന്നാല്‍ തന്റെ മുന്‍കാല ജീവിതത്തില്‍ ആരെങ്കിലും കഴിക്കാന്‍ ക്ഷണിച്ചാലും നിരസിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും അദ്ദേഹം പറയുന്നു. പട്ടിണിയുടെ ആഘാതം വല്ലാതെ വേദനിപ്പിച്ച ചില നിമിഷങ്ങള്‍ ഇപ്പോഴും തന്നില്‍ അവശേഷിക്കുന്നുണ്ട് അദ്ദേഹം പറയുന്നു. ”രണ്ടോ മൂന്നു ദിവസം തുടര്‍ച്ചയായി പട്ടിണി കിടക്കുന്നു, മൂന്നാമത്തെ ദിവസമാകുമ്പോള്‍ നമ്മളും ഒരു തെരുവ് നായയും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലാതെയാകും. നിങ്ങളുടെ ആത്മാഭിമാനവും മാന്യതയുമൊക്കെ എവിടെയെങ്കിലും പോകും. വിശപ്പ് മാത്രമായിരിക്കും നിങ്ങളെ മഥിക്കുന്ന ഓരേയൊരു കാര്യം”.

അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്, എന്നിട്ടും പട്ടിണി കിടക്കേണ്ടി വരുന്നൊരു അവസ്ഥയില്‍ എന്താണ് കൂടുതല്‍ വേദനിപ്പിച്ചതെന്ന ചോദ്യത്തിന് ചിരിയോടെയുള്ള മറുപടി ഇങ്ങനെയാണ്: ‘പട്ടിണിയുടെ മൂന്നാം ദിവസത്തില്‍ നിങ്ങള്‍ അച്ഛനെക്കുറിച്ചല്ല, ഭക്ഷണത്തെക്കുറിച്ച് മാത്രമായിരിക്കും ഓര്‍ക്കുക’.

Share on

മറ്റുവാര്‍ത്തകള്‍