UPDATES

കലാപത്തിന്റെയും, ഇന്റര്‍നെറ്റ് ഉപരോധത്തിന്റെയും 100 ദിനങ്ങള്‍ പിന്നിട്ട് മണിപ്പൂര്‍

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില് ഉറപ്പ് നല്‍കിയിരിക്കുന്നത്

                       

കലാപത്തില്‍ മണിപ്പൂര്‍ കത്താന്‍ തുടങ്ങിയിട്ട് ഓഗസ്റ്റ് 11-ന് 100 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം തടയപ്പെട്ടിട്ടും അത്രയും ദിവസങ്ങളായിരിക്കുന്നു. തങ്ങളുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും അവസ്ഥ എന്താണെന്നു പോലും അറിയാതെ ഉരുകുന്ന നിരവധി മണിപ്പൂരികള്‍ സംസ്ഥാനത്തിന് പുറത്ത് പലയിടത്തുണ്ട്. നാട്ടിലേക്ക് പോകാനും കഴിയുന്നില്ല, വീഡിയോ കോളിലെങ്കിലും ഉറ്റവരെ കാണാനുള്ള മോഹവും നടക്കുന്നില്ല. മേയ് മൂന്നിന് കലാപം തുടങ്ങിയതിനു ശേഷം പിറന്ന കുഞ്ഞിനെ നേരിലൊന്നു കാണാന്‍ 100 ദിവസം കഴിഞ്ഞിട്ടും കഴിയാതെ പോകുന്ന നിസ്സാഹയാര പിതാവിനെപ്പോലെ നിരവധി മനുഷ്യരാണ് മണിപ്പൂരിനു പുറത്തുള്ളത്. കേരളത്തിലടക്കം ജോലി ചെയ്യുന്നവരാണ് ഇത്തരത്തില്‍ കുടുംബവുമായി ആശയവിനിമയത്തിനുപോലും സാധിക്കാതെ വേദനിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞാലും, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിലെ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥതലത്തില്‍ തന്നെ സമ്മതിക്കുന്നുണ്ട്.

കലാപം തുടങ്ങിയതിനു പിന്നാലെ അഞ്ചു ദിവസം വീതം തുടര്‍ച്ചയായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു ഭരണകൂടം. മണിപ്പൂരില്‍ മേയ് നാലിനു നടന്നൊരു ക്രൂരത ലോകം അറിയുന്നത് ജൂലൈ 19 നാണ്. ഏകദേശം 76 ദിവസത്തിന് ശേഷം. രണ്ട് കുക്കി സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി തെരുവിലൂടെ അക്രമികള്‍ നടത്തുന്നതിന്റെ 26 സെക്കന്‍ഡുള്ള വീഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് എത്രമാത്രം ക്രൂരതകള്‍ ആ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ അറിയുന്നത്. ഇന്റര്‍നെറ്റ് സേവനം നിഷേധിക്കുമ്പോള്‍ ഭരണകൂടം, ആ പ്രദേശത്തെ പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ്. മാധ്യമങ്ങള്‍ക്ക് യഥാര്‍ത്ഥ വസ്തുതകള്‍ അറിയുന്നതിനോ ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനോ ഇതുമൂലം കഴിയാതെ പോവുകയാണ്. ഭരണകൂടമാകട്ടെ, തങ്ങള്‍ക്ക് എതിരാകുന്നതൊന്നും പുറത്തു പോകരുതെന്ന ശ്രദ്ധയിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്യുന്നത്. ജനങ്ങളുടെ ഭാഗത്ത് നില്‍ക്കാന്‍ തയ്യാറാകുന്നില്ല.

മൂന്നു മാസത്തിലേറെയായി ഒരു സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നിഷേധിക്കുന്നത്, പൗരന്റെ മനുഷ്യാവകാശങ്ങളെ ഹനിക്കല്‍ ആണെന്ന് പലകോണുകളില്‍ നിന്നും വിമര്‍ശനമുണ്ട്. അക്രമത്തിന് കാരണമാകുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് സേവനത്തിന് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്നാണ് ഭരണകൂട വിശദീകരണം. എന്നാലിപ്പോള്‍, സത്യമെന്തെന്ന് അറിയാന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ജനങ്ങളെന്നാണ് ഇന്റര്‍നെറ്റ് സേവന ഉപരോധത്തെ വിമര്‍ശിച്ചുകൊണ്ട് ദ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്.

മണിപ്പൂര്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഇടപെടലിനെത്തുടര്‍ന്ന് ജൂലൈ 25 ന് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കുള്ള നിരോധനം സംസ്ഥാനം നീക്കിയെങ്കിലും 100 ദിവസത്തിന് ശേഷവും മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മു-കശ്മീരിന് ശേഷം 100 ദിവസത്തോളം തുടര്‍ച്ചയായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം നേരിടേണ്ടി വന്ന രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനമായി മണിപ്പൂര്‍ മാറിയിരിക്കുകയാണ്.

2023 മെയ് 3-ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ഉപരോധം, താത്കാലികമായി നീക്കുന്നത് ജൂലൈ 25-ന് ആയിരുന്നു. അതും ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ മാത്രം. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കുന്നത് വെറും മൂന്നു ശതമാനം മാത്രമാണെന്നത് മറ്റൊരു വസ്തുത. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് താത്കാലികമായിട്ട് മാത്രമാകണമെന്ന് അനുരാധ ഭാസിന്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കോടതി ഉത്തരവിന്‍ പ്രകാരം 2020-ല്‍ ഭേദദഗി ചെയ്ത 2017-ലെ ടെലികോം സസ്‌പെന്‍ഷന്‍ ചട്ടം 2 (എ) ലംഘിച്ചാണ് മണിപ്പൂരില്‍ ദീര്‍ഘനാളായി തുടര്‍ടച്ചയായി ഇന്റര്‍നെറ്റി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍, ഇത് നിയമവിരുദ്ധമാണെന്നാണ് ദ ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍(ഐ എഫ് എഫ്) ചൂണ്ടിക്കാണിക്കുന്നത്. ചട്ടം 2(2എ) പ്രകാരം 15 ദിവസത്തില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപരോധം ദീര്‍ഘിപ്പിക്കരുതെന്നാണെന്നും ഐ എഫ് എഫ് അവരുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

നിലവില്‍, ഭാഗികമായി സേവനങ്ങള്‍ പുനസ്ഥാപിച്ചു എന്നു പറയുമ്പോഴും, നിരവധി നിബന്ധനകളോടെയാണത്. അപ്പോഴും മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പോലും പ്രാദേശിക തലത്തില്‍ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളും VPN-കളും തുടര്‍ച്ചയായി തടയുന്നത് ഉറപ്പാക്കാന്‍ ISP-കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുന്നുണ്ടോയെന്നതില്‍ കര്‍ശന പരിശോധനയും നടക്കുന്നുണ്ടെന്നാണ് ഐ എഫ് എഫ് പറയുന്നത്. ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംസ്ഥാനത്ത് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നതാണ് വസ്തുത. വാര്‍ത്തകള്‍ അറിയാനോ പങ്കുവയ്ക്കുന്നതിനോ മാത്രമല്ല, ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം തടസമാകുന്നത്, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ് തുടങ്ങി ദൈനംദിന ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ മുടക്കാനും കാരണമാകുന്നുണ്ട്. ഇന്റര്‍നെറ്റ് സേവനം പത്ത് മിനിട്ട് തടസപ്പെട്ടാല്‍ തന്നെ എല്ലാം അവതാളത്തിലായി എന്നു നിരാശപ്പെടുന്നവരാണ് നമ്മള്‍. ഇന്ന് ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ ജീവിതം പോലും ഇന്റര്‍നെറ്റ് സേവനത്തെ അടിസ്ഥാനമാക്കിയാണ് ചലിക്കുന്നത്. ആ സ്ഥാനത്താണ് 100 ദിവസത്തോളമായി ഒരു ജനത ഇന്റര്‍നെറ്റ് ഉപരോധം നേരിട്ടുകൊണ്ടിരിക്കുന്നത്.

‘ഡിജിറ്റല്‍ ഇന്ത്യ’; ലോകത്ത് ഇന്റര്‍നെറ്റ് ഉപരോധത്തില്‍ നമ്പര്‍ 1

കലാപം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതു തന്നെയാണ് ഇന്റര്‍നെറ്റ് ഉപരോധം പോലുള്ള പ്രതിരോധങ്ങളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു പോകുന്നതിനും കാരണം. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പ്രധാനമന്ത്രിയെക്കൊണ്ട് സഭയ്ക്കുള്ളില്‍ മണിപ്പൂര്‍ എന്ന് സംസാരിപ്പിച്ചു എന്നതിനപ്പുറം പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറ്റൊരു ഫലവും കാണാനായിട്ടില്ല. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലിരിക്കുന്ന ബിജെപിക്കും മണിപ്പൂര്‍ കലാപം നിയന്ത്രണവിധേയമാക്കാന്‍ കാര്യമായൊന്നും ഇതുവരെ ചെയ്യാനുമായിട്ടില്ല.

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പാര്‍ലമെന്റില് ഉറപ്പ് നല്‍കിയിരിക്കുന്നത്. മോദി ഇക്കാര്യം പറയുമ്പോള്‍, ആ സംസ്ഥാനത്ത് കലാപം തുടങ്ങിയിട്ട് 100 ദിവസങ്ങളോളമായിരുന്നു, 100-ലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പരിക്കേറ്റവരും വീടും സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരും പതിനായിരക്കണക്കിനാണ്.

നീതി തേടിയുള്ള ജനങ്ങളുടെ പ്രതിഷേധം ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണ്. സ്ത്രീകളാണ് സമരരംഗത്തുള്ളതെന്നതും ഗൗരവതരമായി ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇപ്പോഴത്തെ കലാപത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നതും മണിപ്പൂരി സ്ത്രീകളാണ്.

Share on

മറ്റുവാര്‍ത്തകള്‍