UPDATES

ട്രെന്‍ഡിങ്ങ്

വിവാദ പുറത്താക്കലിന് പിന്നാലെ സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

ഈ സീസണില്‍ രണ്ടാം തവണയാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുന്നത്

                       

വിവാദ പുറത്താകലില്‍ പ്രതികരിച്ചതിന് സഞ്ജു സാംസണ് ബിസിസിഐയുടെ ശിക്ഷ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാന്‍ ക്യാപ്റ്റന് പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 30 ശതമാനം പിഴയടയ്ക്കണം. ഈ സീസണില്‍ രണ്ടാം തവണയാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുന്നത്. ഏപ്രില്‍ പത്തിന് ഗുജറാത്ത് ടൈറ്റന്‍സുമായി നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം പിഴയൊടുക്കേണ്ടി വന്നിരുന്നു.

ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരേ 20 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നതിനു പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് പിഴയൊടുക്കേണ്ടിയും വരുന്നത്.

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് റോയല്‍സ് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് 16മത്തെ ഓവറില്‍ സഞ്ജു പുറത്താകുന്നത്. 46 പന്തില്‍ 86 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ വിവാദ പുറത്താകല്‍. മുകേഷ് കുമാറിനെ ഉയര്‍ത്തിയടിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനില്‍ ഷായ് ഹോപ്പ് പിടികൂടുകയായിരുന്നു. എന്നാല്‍, ഹോപ്പിന്റെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയെന്നാണ് ഒരു വിഭാഗം പറയുന്നത്. സംശയകരമായ ക്യാച്ച് ആയതിനാല്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം ടിവി അമ്പയറിന് വിടുകയായിരുന്നു. മൂന്നാം അമ്പയറായ മുന്‍ ഇംഗ്ലീഷ് താരം ഡാരന്‍ ഗഫ് ഏറെ നേരത്തെ നിരീക്ഷണത്തിനുശേഷം ഔട്ട് വിളിക്കുകയായിരുന്നു.

മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ അസംതൃപ്തനായിരുന്നു സഞ്ജു. പവലിയനിലേക്ക് മടങ്ങുന്നതിനിടയില്‍ തന്റെ വിയോജിപ്പ് ഫീല്‍ഡ് അമ്പയര്‍മാരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതാണ് സഞ്ജുവിനെതിരേ കുറ്റം ചുമത്താന്‍ കാരണം.

ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു എ ലെവല്‍ കുറ്റം ചെയ്തു എന്നാണ് കണ്ടെത്തല്‍. മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും തന്റെ കുറ്റം സഞ്ജു സാംസണ്‍ അംഗീകരിച്ചുവെന്നും ഐപിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുക, തീരുമാനത്തെ ചോദ്യം ചെയ്യുക, കളി തുടങ്ങാനോ, ഗ്രൗണ്ട് വിട്ടു പോകാനോ മനഃപൂര്‍വം കാലതാമസം വരുത്തുക, ടിവി അമ്പയറോട് പുനപരിശോധനയ്ക്ക ്ആവശ്യപ്പെടുക, ടിവി അമ്പയറുടെ തീരുമാനത്തെക്കുറിച്ച് ഫീല്‍ഡ് അമ്പയറുമായി തര്‍ക്കിക്കുകയോ ദീര്‍ഘനേരം ചര്‍ച്ച ചെയ്യുകയോ ചെയ്യുക തുടങ്ങിയവയാണ് ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം കുറ്റകരമായി വരുന്നത്.

സഞ്ജുവിന്റെ പുറത്താകലാണ് മത്സരത്തില്‍ രാജസ്ഥാന്റെ നിലതെറ്റിച്ചത്. ക്രീസില്‍ സഞ്ജു നില്‍ക്കുന്നിടത്തോളം രാജസ്ഥാന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമായ ആ പുറത്താകലോടെ മത്സരം അവരുടെ കൈയില്‍ നിന്നും നഷ്ടമായി. പിന്നാലെ വന്നവര്‍ക്കാര്‍ക്കും പിടിച്ചു നില്‍ക്കാനാകാതെ വന്നതോടെ ഡല്‍ഹി വിജയം രുചിച്ചു.

ഡല്‍ഹിയോടു തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പിന്നിലായി രണ്ടാം സ്ഥാനത്ത് തന്നെയുണ്ട് രാജസ്ഥാന്‍. കഴിഞ്ഞ മത്സരം ജയിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. എങ്കിലും നിലവിലെ പോയിന്റ് അനുസരിച്ച് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വെല്ലുവിളികളൊന്നുമില്ല. എങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ പ്ലേ ഓഫില്‍ കടക്കുകയെന്നതായിരുന്നു സഞ്ജുവിന്റെയും കൂട്ടരുടെയും ആഗ്രഹം.

ഇപ്പോഴത്തെ വിവാദത്തിനപ്പുറം മറ്റൊരു സന്തോഷകരമായ കാര്യം, സഞ്ജു ഫോം വീണ്ടെടുത്തു എന്നതാണ്. ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നടന്ന മത്സരങ്ങളില്‍ തിളങ്ങാതെ പോയത് സഞ്ജു ആരാധാകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ചത്തെ മത്സരത്തോടെ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ക്യാപ്റ്റന്റെ ഉത്തരവാദിതത്തോടെ നടത്തിയ പോരാട്ടം. ലോകകപ്പിലെ പതിനൊന്ന സംഘത്തില്‍ ഇടംപിടിക്കാനുള്ള മത്സരത്തില്‍ തന്റെ എതിരാളിയായ ഋഷഭ് പന്തിന്റെ ടീമായ ഡല്‍ഹിക്കെതിരെയാണ് സഞ്ജു കൊടുങ്കാറ്റ് ആയതെന്നതും ശ്രദ്ധേയമാണ്. പന്തിനെക്കാള്‍ മികവോടെയാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച്ചത്തെ മത്സരവും രണ്ടു പേരുടെയും പ്രകടനങ്ങളുടെ അളവുകോലായിരുന്നു. മോശമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍, ലോകകപ്പില്‍ സഞ്ജുവിന് തന്നെയാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

Content Summary; ipl 2024, bcci fined sanju samson for breaching code of conduct

Share on

മറ്റുവാര്‍ത്തകള്‍