UPDATES

ടീം ഇന്ത്യയുടെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ്; ബൈജൂസിനെതിരേ ‘ഡിആര്‍എസ്’ എടുത്ത് ബിസിസിഐ

പ്രശ്ന പരിഹാരത്തിനായി ബി സി സി ഐ യുമായി ചർച്ചകൾ നടത്തി വരികയാണെന്നും, ഉടൻ തന്നെ പരിഹരിക്കാൻ സാധിക്കുമെന്നും ബൈജൂസിന്റെ വക്താവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

                       

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍ ആയിരുന്ന ബൈജൂസിനെതിരേ ബിസിസിഐ. ടീം ഇന്ത്യയുടെ ജേഴ്സിയുമായി ബന്ധപ്പെട്ട് ബൈജൂസിനെതിരേ കേസ് കൊടുത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐ നല്‍കിയ കേസിന്റെ ഭാഗമായി എജ്യുക്കേഷണല്‍ ടെക് ഭീമനായിരുന്ന ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിനെ നാഷണല്‍ ലോ ട്രൈബ്യൂണല്‍ വിളിപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ എട്ടിന് ഫയല്‍ ചെയ്ത കേസ് നവംബര്‍ 15 നാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ 28 ന് പരിഗണിച്ച കേസ് വീണ്ടും ഡിസംബര്‍ 22 നും പരിഗണനയ്ക്ക് എടുക്കുമെന്നാണ് എന്‍ സി എല്‍ ടി വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്.

പ്രശ്ന പരിഹാരത്തിനായി ബി സി സി ഐ യുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും, ഉടന്‍ തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നും ബൈജൂസിന്റെ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

നിയമ സ്ഥാപനമായ ആര്‍ഗസ് പാര്‍ട്‌ണേഴ്‌സാണ് വിഷയത്തില്‍ ബി സി സി ഐയെ ഉപദേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബൈജൂസ് 160 കോടി രൂപയോളം കുടിശ്ശിക വരുത്തിയെന്ന തര്‍ക്കങ്ങളെ സംബന്ധിച്ചുള്ളതാണ് കേസ്. കേസുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ ഇരുവിഭാഗവും പുറത്ത് വിട്ടിട്ടില്ല.

കമ്പനിയുടെ ലാഭം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിക്ക് നല്‍കുന്ന സ്പോണ്‍സര്‍ഷിപ് അവസാനിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ബൈജൂസ് പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും നഷ്ടം ഒഴിവാക്കുന്നതിനും ലാഭം കൈവയ്ക്കുന്നതിനുമായി ബൈജൂസില്‍ അഴിച്ചുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള തീരുമാനമാണ് നിലവില്‍ നല്‍കിവരുന്ന ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കല്‍. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 4000 ജീവനക്കാരെയോ, അല്ലെങ്കില്‍ മുഴുവന്‍ തൊഴിലാളികളുടെ 11 ശതമാനത്തില്‍ കൂടുതല്‍ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നതായാണ് ബൈജൂസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 21 ന് ബൈജൂസിന്റെ പുതിയ ചീഫ് എകിസ്‌ക്യൂട്ടീവ് ഓഫീസറായി സ്ഥാനമേറ്റ അര്‍ജുന്‍ മോഹനാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.

ബൈജൂസുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം 2023 ജൂണിലാണ് ഗെയിമിംഗ് സ്ഥാപനമായ ഡ്രീം 11 , ടീം ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍ സ്ഥാനം ഏറ്റെടുത്ത്. 358 കോടി രൂപയുടെ ഡീലാണ് ഡ്രീം 11 ബി സി സി ഐയുമായി നടത്തിയത്. അടുത്ത നാല് വര്‍ഷത്തേക്കാണ് ഡ്രീം 11 കരാര്‍ എടുത്തിരിക്കുന്നത്. ടീം ഇന്ത്യയുടെ പുതിയ കിറ്റ് സ്പോണ്‍സറായി സ്‌പോര്‍ട്‌സ് അഡിഡാസിനെ ബോര്‍ഡ് കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു.

ബൈജൂസിന് ബിസിസിഐ, ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍), ഫിഫ (ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്ബോള്‍ അസോസിയേഷന്‍) എന്നിവരുമായുള്ള ബ്രാന്‍ഡിംഗ് പങ്കാളിത്തം അവസാനിപ്പിക്കുമെന്ന് ബൈജൂസ് അറിയിച്ചിരുന്നു. 2023 ന്റെ തുടക്കത്തില്‍ പുതുക്കാനിരിക്കവെയായിരുന്നു ബൈജൂസിന്റെ ഈ നീക്കം.

നിലവില്‍ വലിയ സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലാണ് ബൈജൂസ്. സാമ്പത്തിക പരാധീനതകളെ മറികടക്കാന്‍ അധിക ഫണ്ടുകള്‍ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ്. സാമ്പത്തിക വിവരങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനു നിയമ നടപടികള്‍ നേരിട്ട് വരികയാണ് കമ്പനി. 2011 -2013 വരെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടി വിനിമയ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് തിങ്ക് ആന്‍ഡ് ലേണിനും സ്ഥാപകനായ ബൈജു രവീന്ദ്രനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അടുത്തിടെ 9,362 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ബി സി സി ഐ യുടെ ഈ നീക്കം.

ഒരു സമയത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൗഡഗംഭീരമായ മുഖമായിരുന്നു ബൈജൂസ്. 2021ലെ പ്രവര്‍ത്തനഫലം ഒരു വര്‍ഷത്തിലേറെ വൈകിയാണ് കമ്പനി പുറത്തുവിട്ടത്. 4,588 കോടിയായിരുന്നു ആ വര്‍ഷത്തെ നഷ്ടം. ലോകത്തെ മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്റോക്ക്, ജൂണില്‍ ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി (69,247 കോടി രൂപ) വെട്ടിക്കുറച്ചിരുന്നു. ആകാശ്, ഗ്രേറ്റ് ലേണിങ്, എപ്പിക്, വൈറ്റ്ഹാറ്റ് ജൂനിയര്‍, ഓസ്മോ തുടങ്ങിയ കമ്പനികളെ കണ്ണുമടച്ച് ഏറ്റെടുത്തത് ബൈജൂസിനു വലിയ തിരിച്ചടിയായിരുന്നു. ഇതില്‍ ആകാശ് ഒഴികെ മറ്റൊന്നും കമ്പനിക്ക് വലിയ ലാഭം ഉണ്ടാക്കിയിട്ടില്ല കൂടാതെ, വൈറ്റ്ഹാറ്റ് ജൂനിയര്‍ നഷ്ടത്തിന്റെ തോത് കൂട്ടുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍