തങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്ന അകൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘എക്സി’നോട്(മുന്‍പ് ട്വിറ്റര്‍) കേന്ദ്ര സര്‍ക്കാരിന്റെ ആവിശ്യം. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ ഗ്ലോബല്‍ അഫയേര്‍സ് ടീം പങ്കിട്ട പോസ്റ്റിലാണ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക ഉത്തരവ് ലഭിച്ചതായി പറയുന്നത്. സുതാര്യതയുടെ ആവിശ്യകത ഉയര്‍ത്തിക്കാട്ടി ടീം പങ്കിട്ട പോസ്റ്റില്‍, നിയമപരമായ പരിമിതികള്‍ മൂലം ഔദ്യോഗിക ഉത്തരവുകളുടെ കൃത്യമായ സ്വഭാവം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എക്‌സ് ചില അകൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവയ്ക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ ഇത്തരം നടപടികളില്‍ അതൃപ്തിയും എക്‌സ് അറിയിച്ചിട്ടുണ്ട്.
ഈ അകൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് എക്‌സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍, ചില അകൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ പിഴയും തടവും പോലുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഇന്ത്യയിലെ ചില അകൗണ്ടുകളും പോസ്റ്റുകളും എക്‌സ് നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ നടപടിയില്‍ ശക്തമായ വിയോജിപ്പും എക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്രമുള്ള രാജ്യത്ത് ഇത്തരം നടപടികള്‍ അതിനെ ചോദ്യം ചെയ്യുകയാണെന്നാണ് എക്‌സ് ചൂണ്ടിക്കാണിക്കുന്നത്.
തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി, നീക്കം ചെയ്ത അകൗണ്ടുകള്‍ക്ക് അവര്‍ക്കെതിരേ എടുത്ത നടപടിയെ കുറിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് എക്‌സ് പറയുന്നത്. ഉത്തരവുകളിലെ സുതാര്യതയില്ലായ്മയും, ഏകപക്ഷീയതയും ചൂണ്ടികാണിച്ച് എക്‌സ് ഇന്ത്യന്‍ ഗവണ്‍മെന്റ് നയത്തിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സ്ഥാപകനുമായ മുഹമ്മദ് സുബൈര്‍, ബ്ലോക്ക് ചെയ്ത അകൗണ്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഫെബ്രുവരി 19 തിങ്കളാഴ്ച എക്സില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിരവധി അകൗണ്ടുകളും ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെ പ്രതിപാദിക്കുന്ന അകൗണ്ടുകളും സസ്‌പെന്‍ഡ് ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്തതായി സുബൈര്‍ പറഞ്ഞു. ബ്ലോക്ക് ചെയ്ത ഒമ്പത് അകൗണ്ടുകളുടെ ലിസ്റ്റ് അദ്ദേഹം പങ്കുവെക്കുകയും അവ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
A lot of X accounts critical of BJP Govt have either been suspended or withheld in India. Many influential X accounts of ground reporters/influencers/prominent farm unionists covering Farmers Protest in India are suspended too.
Sharing a few accounts. But there are many more X… pic.twitter.com/rfPR4EX18u— Mohammed Zubair (@zoo_bear) February 19, 2024
“>
കര്‍ഷക സമരവുമായി ബന്ധപ്പെട്ട 177 സോഷ്യല്‍ മീഡിയ അകൗണ്ടുകളും ലിങ്കുകളും അടിയന്തരമായി ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം തീരുമാനിച്ചതായി ഫെബ്രുവരി 20 ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമസമാധാനം നിലനിര്‍ത്താനാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വാദം. ഈ ഉത്തരവുകള്‍ പ്രകാരം 35 ഫേസ്ബുക് ലിങ്കുകള്‍, 35 ഫേസ്ബുക് പ്രൊഫൈലുകള്‍, 14 ഇന്‍സ്റ്റാഗ്രാം അകൗണ്ടുകള്‍, 42 എക്‌സ് ഹാന്‍ഡിലുകള്‍, സ്‌നാപ്പ്ചാറ്റ്, റെഡ്ഡിറ്റ് എന്നിവയില്‍ നിന്ന് ഓരോന്നും ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു.
മെറ്റ, എക്‌സ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ സെക്ഷന്‍ 69-എ ബ്ലോക്കിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ വാദിച്ചത്, മുഴുവന്‍ അകൗണ്ടുകളും തടയുന്നതിന് പകരം, വിവാദപരമായ ഉള്ളടക്കമുള്ള നിര്‍ദ്ദിഷ്ട യുആര്‍എല്‍-കള്‍ ബ്ലോക്ക് ചെയ്യണമെന്നാണ്. അകൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തുന്നത് പൊതു അസ്വസ്ഥതയ്ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് ഇടയാക്കുമെന്നായിരുന്നു കമ്മിറ്റിയുടെ പ്രതികരണം. ഇന്നുവരെ ബ്ലോക്ക് ചെയ്ത സോഷ്യല്‍ മീഡിയ അകൗണ്ടുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ല.
2021-ലെ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലും അതിനുശേഷവും കേന്ദ്ര സര്‍ക്കാരും എക്സും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ‘ഖാലിസ്ഥാന്‍’ ബന്ധങ്ങള്‍ ആരോപിക്കപ്പെട്ട 1,200 ഓളം അകൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ടിരുന്നു. അതിനുമുമ്പ്, പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടേതുള്‍പ്പെടെ 250-ലധികം അകൗണ്ടുകള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു. പ്ലാറ്റ്ഫോം തുടക്കത്തില്‍ ചില അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെങ്കിലും പിന്നീട് അണ്‍ബ്ലോക്ക് ചെയ്തു, ഇത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയക്കാരുടെയും അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്യില്ലെന്ന് പ്ലാറ്റ്‌ഫോം സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ചില അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ പ്ലാറ്റ്ഫോം വിസമ്മതിച്ചതിനെത്തുടര്‍ന്ന്, സര്‍ക്കാര്‍ എക്സിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നു. സമ്മര്‍ദ്ദത്തിനു വഴങ്ങി, സിറ്റിംഗ് രാജ്യസഭാ എംപിയും എസ്പി നേതാവുമായ സുഖ്റാം സിംഗ് യാദവിന്റെതുള്‍പ്പെടെ നിരവധി അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ആ സമയത്ത്, യാദവിന്റെ ട്വിറ്റര്‍ അകൗണ്ടിന് നിരവധി ഫോളോവേഴ്സ് ഉണ്ടായിരുന്നു, കൂടാതെ #kisanektajindabad, #singhuborder തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് അദ്ദേഹം തന്റെ പോസ്റ്റുകളില്‍ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് നിരന്തരം ശബ്ദിച്ചിരുന്നു.
മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം, അദ്ദേഹം ഇന്ത്യന്‍ നിയന്ത്രണങ്ങളെ ‘കര്‍ക്കശം’ എന്നാണ് വിളിച്ചത്. ട്വിറ്റര്‍ ജീവനക്കാരെ ജയിലിലടയ്ക്കുന്നതിനേക്കാള്‍ അകൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സോഷ്യല്‍ മീഡിയ കമ്പനികളുടെ മുതിര്‍ന്ന പ്രതിനിധി, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ള 2021 ലെ ഐടി നിയമങ്ങളെയും മസ്‌ക് അന്നു പരാമര്‍ശിച്ചിരുന്നു.