ശിവ ഭക്തി കൂടുന്ന സര്‍ക്കാര്‍
ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ചന്ദ്രയാന്‍ 3 ന്റെ പ്രദേശത്തെ ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത സര്‍ക്കാര്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ജി 20ന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവാക്കി രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ സൗന്ദര്യവത്കരിക്കുമ്പോള്‍ ഫൗണ്ടനുകളും മറ്റും ശിവലിംഗത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ചതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നു.
ഡല്‍ഹി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി നഗരത്തിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവലയാണ് ധൗളക. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ജലധാരകള്‍ ശിവലിംഗത്തിന്റെ രൂപത്തിലുള്ളതാണ്. ഇതാണ് വിമര്‍ശനം വിളിച്ചു വരുത്തിയത്. നഗരം മോടി പിടിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ഹിന്ദു ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് വ്യാപക വിമര്‍ശനം.
അദാനിക്കെതിരായ തെളിവുകള്‍
ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിന്റെ അവിശ്വസനീയമായ വളര്‍ച്ചയില്‍ രാജ്യം കുറെ നാളുകളായി സംശയം പ്രകടിപ്പിച്ചു വരികയായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014 മുതല്‍ അദാനി ഗ്രൂപ്പിന് ഉണ്ടായ വളര്‍ച്ചയും രാജ്യത്തും പുറത്തും ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാന മന്ത്രിയുടെ ആത്മസുഹൃത്തായ അദാനിക്ക് വേണ്ടി രാജ്യം തല താഴ്ത്തി നില്‍ക്കുന്നതും നിയമങ്ങളെ നിശബ്ദമാക്കി നിര്‍ത്തുന്നതുമായ ദയനീയ കാഴ്ചയാണ്കാണുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
2023 ജനുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട ഓഹരി തട്ടിപ്പ് ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകളാണ് ഒസിസിആര്‍പി ഇപ്പോള്‍ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. അദാനിയ്‌ക്കെതിരായ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും തിരിച്ചടിയായിട്ടുണ്ട്. പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് മാത്രമാണ് അദാനി ഗ്രൂപ്പ് പറഞ്ഞിട്ടുള്ളത്. നിലവിലെ അവസ്ഥയെ എങ്ങനെ മറികടക്കാം എന്നുള്ളതിനെ കുറിച്ച് വളരെ ഗൗരവമായി കേന്ദ്ര സര്‍ക്കാരും, സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയും ചര്‍ച്ച ചെയ്യുന്നു എന്നാണ് അറിയുന്നത്. എങ്കിലും അത് എത്രമാത്രം അതിനു സാധിക്കുമെന്ന് വ്യക്തമല്ല.
പൊതു തെരഞ്ഞെടുപ്പ് നേരത്തയോ?
നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യമാണ്. വിലക്കയറ്റം സാധാരണ ജനസമൂഹത്തെ വല്ലാത്ത രീതിയില്‍ ബാധിച്ചിരിക്കുകയാണ്. ഇത് വലിയ രീതിയിലുള്ള തിരിച്ചടി സാധാരണ ജനങ്ങളില്‍ നിന്ന് ഉണ്ടാക്കും എന്നുള്ള കാര്യത്തില്‍ വ്യാപകമായ സംസാരവും ഉണ്ട് . അതു പോലെ തന്നെ വര്‍ഗീയ ധ്രുവീകരണവും സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. സമീപകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങള്‍ സമൂഹത്തിനിടയില്‍ വ്യാപക ചര്‍ച്ചയായിരിക്കുന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെയുള്ള വിമര്‍ശനം. ഇപ്പോള്‍ അദാനി ഗ്രൂപ്പിനെതിരായ തെളിവുകള്‍ പുറത്തു വന്നതും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇതെല്ലാം മറികടക്കാന്‍ പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടത്തുക എന്നുള്ള രാഷ്ട്രീയ തന്ത്രം ബിജെപി പയറ്റുമെന്നാണ് വിവരം.
പാചക വാതക ഗ്യാസിന്റെ വില അടിയന്തിരമായി കുറച്ചത് ഈയൊരു ലക്ഷ്യത്തോടെയാണെന്നാണ് സംസാരം. ക്രൂഡ് ഓയിലിന് വില വളരെ കുറഞ്ഞപ്പോള്‍ പോലും പാചക വാതകത്തിനും , പെട്രോളിനും , ഡീസലിനും വില കുറച്ചിട്ടില്ല. വളരെ താമസിയാതെ പെട്രോള്‍ ഡീസല്‍ വില കുറക്കുമെന്ന സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു എന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം. സെപ്തംബര്‍ 18 മുതല്‍ 22 വരെ അടിയന്തര പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയാണ്. എന്താണ് സമ്മേളനത്തിന്റെ അജണ്ട എന്ന് പോലും പറയുന്നില്ല. അടിയന്തര പ്രാധാന്യമല്ലാത്ത സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്ന ഒരു സ്ഥിതിവിശേഷം മാധ്യമ ലോകത്തെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മണിപ്പൂര്‍ കലാപം ഉണ്ടായപ്പോള്‍ ഇത്തരത്തില്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കുവാന്‍ ഉള്ള തിരക്ക് സര്‍ക്കാര്‍ കാണിച്ചിരുന്നില്ല എന്നുള്ളത് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് മുന്‍പേ നടത്തി നിലവിലെ സ്ഥിതിവിശേഷത്തില്‍ നിന്ന് രക്ഷ നേടുക എന്നുള്ള ലക്ഷ്യവും ബിജെപിക്ക് ഉണ്ട്. ബിജെപിക്കെതിരെ രൂപംകൊണ്ട പ്രതിപക്ഷ സഖ്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നുള്ള യാഥാര്‍ത്ഥ്യവും ബിജെപി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുകയാണെങ്കില്‍ അത് തുടര്‍ഭരണത്തിന് തടസ്സമാകും എന്നുള്ള ഒരു തിരിച്ചറിവും നരേന്ദ്രമോദിക്കുണ്ട് .
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്
രാജ്യത്ത് ലോക്‌സഭയിലേക്ക് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഒരു സമിതിയെ തന്നെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതല സമിതിയെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. വിവിധ മേഖലയിലുള്ള വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് തീരുമാനം.
സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ബില്ല് തയ്യാറാക്കി ‘ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ‘ എന്ന ആശയം അവതരിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള ലക്ഷ്യം. ഇതിനായി ഭരണഘടനയുടെ 5 അനുച്ഛേദങ്ങള്‍ 1951ലെ ജനത ജനപ്രാതിനിധ്യ നിയമം എന്നിവ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകളും അടുത്തവര്‍ഷം മെയ് ജൂണ്‍ മാസങ്ങളില്‍ നടക്കേണ്ട ലോക്‌സഭയും ഒപ്പം നടക്കേണ്ട ചില നിയമസഭ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നിലുള്ള സാധ്യതകളാണ്. ഇതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി നടത്തുക എന്നതാണ് ലക്ഷ്യം. ബില്ല് പാസാക്കുകയാണെങ്കില്‍ രാജ്യത്ത് പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താം എന്നുള്ള നിഗമനമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു കഴിഞ്ഞു. രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയവും ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയം തന്നെയാണ് എന്നുള്ള കാര്യത്തില്‍ സംശയവുമില്ല.