വാശയേറിയ പാര്‍ലമെന്റ് സംവാദങ്ങള്‍ക്ക് ശേഷം ഇന്നു പ്രധാന മന്ത്രി മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിനു തറക്കല്‍ ഇടുന്ന ചടങ്ങില്‍ പങ്കെടുക്കുവാനാണ് പോകുന്നത്. പതിനാലാം നൂറ്റാണ്ടിലെ കവിയായ രവി ദാസിന്റെ ഓര്‍മ്മയ്ക്കായാണ് ക്ഷേത്ര നിര്‍മ്മാണം. അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ പിറ്റേ ദിവസമായ ശനിയാഴ്ച്ച പോകുന്നത് തന്റെ മണ്ഡലമായ വയനാട്ടിലേക്കാണ്. രണ്ടു നേതാക്കളുടെയും പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമുള്ള യാത്രകളുടെ വ്യത്യാസം ഇതാണ്.
മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ വന്നിരിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. കവി രവിദാസിന് ദളിതരുടെ വലിയ അണികള്‍ വിശ്വാസികളായുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനത്തെ 17% വരുന്ന ദളിത് വിഭാഗത്തെ പ്രീണിപ്പിക്കാന്‍ സെയ്ന്റ് രാംദാസ് കുംഭമേള സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് രണ്ട് ലക്ഷത്തോളം അണികളെ പങ്കെടുപ്പിക്കുവാനാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം ശ്രമം നടത്തുന്നത്. കഴിഞ്ഞമാസം ഒന്നാം തീയതിയും പ്രധാനമന്ത്രി മധ്യപ്രദേശില്‍ വന്നിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ നില വളരെ പരിതാപകരം ആണെന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മണിപ്പൂര്‍ വിഷയവും ആവശ്യസാധനങ്ങള്‍ക്ക് ഉണ്ടായ വിലക്കയറ്റവും പ്രതികൂലമായ ഒരു സാഹചര്യമാണ് സംസ്ഥാനത്ത് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ഏറെ ശക്തി പ്രാപിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി അതിലേറെ ശക്തി പ്രാപിച്ചിരിക്കുന്നു എന്നുതന്നെ വിലയിരുത്തപ്പെടുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയായ ഇന്ത്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ഇന്ത്യന്‍ ജനതയെ മാത്രമല്ല ലോകശ്രദ്ധ വരെ പിടിച്ചുപറ്റിയ ഒന്നായിരുന്നു. അതിനേക്കാള്‍ ശ്രദ്ധേയമായിരുന്നു പാര്‍ലമെന്റ് സമ്മേളനം കഴിയുന്ന ഇന്നലെ വൈകുന്നേരം രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനം. രാജ്യത്തെ പ്രധാനമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം പറയുന്നില്ല എന്നുള്ള ആരോപണം നിലനില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനത്തിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്.