Continue reading “Today In India: ഭാരത മാതാവിനെ മണിപ്പൂരില്‍ രണ്ടായി മുറിച്ചെന്ന് രാഹുല്‍ ഗാന്ധി, ഇന്നും സഭയില്‍ വരാതെ മോദി”

" /> Continue reading “Today In India: ഭാരത മാതാവിനെ മണിപ്പൂരില്‍ രണ്ടായി മുറിച്ചെന്ന് രാഹുല്‍ ഗാന്ധി, ഇന്നും സഭയില്‍ വരാതെ മോദി”

">

UPDATES

Today in India

Today In India: ഭാരത മാതാവിനെ മണിപ്പൂരില്‍ രണ്ടായി മുറിച്ചെന്ന് രാഹുല്‍ ഗാന്ധി, ഇന്നും സഭയില്‍ വരാതെ മോദി

                       

മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. എന്നാല്‍ ഇന്നും സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയില്ല. അദാനിയെ കുറിച്ച് സംസാരിക്കില്ല, അതുകൊണ്ട് ബിജെപി ബെഞ്ചില്‍ ഉള്ളവര്‍ പേടിക്കേണ്ട എന്നുള്ള ആമുഖത്തോടു കൂടിയാണ് രാഹുല്‍ ഗാന്ധി തന്റെ അവിശ്വാസ പ്രമേയത്തിന് മേലുള്ള പ്രസംഗം തുടക്കം കുറിച്ചത്. രാവണന്‍ രണ്ടുപേരുടെ വാക്കുകള്‍ മാത്രമാണ് ചെവിക്കൊണ്ടിട്ടുള്ളത് എന്നുള്ളത് പോലെ പ്രധാനമന്ത്രി മോദി രണ്ടുപേര്‍ പറയുന്നതു മാത്രമാണ് ചെവി കൊള്ളുന്നത് എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ വലിയ ബഹളമാണ് ഉണ്ടായത്. രാമായണത്തിലെ കഥ ഓര്‍മിപ്പിച്ച രാഹുല്‍, കുഭകര്‍ണ്ണനും, മേഘനാഥനും പറയുന്നതാണ് രാവണന്‍ കേട്ടിരുന്നത്. മോദിയും അതുപോലെ അമിത് ഷായ്ക്കും അദാനിക്കും മാത്രമാണ് ചെവി കൊടുക്കുന്നത് എന്ന് രാഹുല്‍ പറഞ്ഞു. ഹനുമാന്‍ അല്ല, ലങ്കയെ കത്തിച്ചത് രാവണന്റെ അഹങ്കാരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് മോദി പക്ഷത്തെ വല്ലാതെ ചൊടിപ്പിക്കുകയുണ്ടായി.

ഭാരത മാതാവിനെ മണിപ്പൂരില്‍ രണ്ടായി മുറിച്ചു എന്നായിരുന്നു രാഹുലിന്റെ ആരോപണം. തന്റെ ഭാരത് ജോഡോ യാത്രയില്‍ ഉണ്ടായ അനുഭവങ്ങളും രാഹുല്‍ പങ്കുവെച്ചു. ബി ജെ പി. ഭാരത മാതാവിന്റെ സംരക്ഷകരല്ലെന്നും കോണ്‍ഗ്രസ് നേതാവ് ആഞ്ഞടിച്ചു. ബിജെപി രാജ്യദ്രോഹികള്‍ ആണെന്നും പറഞ്ഞപ്പോള്‍ ഭരണപക്ഷത്തു നിന്നും വലിയ ബഹളം ഉണ്ടായി. താന്‍ മണിപ്പൂരില്‍ കലാപ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു എന്ന് പറഞ്ഞ രാഹുല്‍ തന്റെ ചില അനുഭവങ്ങളും സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സംസ്ഥാനം ഇന്ത്യയിലാണെന്ന് വിശ്വാസമില്ല. മണിപ്പൂര്‍ മറ്റേതോ രാജ്യമാണെന്നാണ് വിശ്വാസം. അതുകൊണ്ട് അദ്ദേഹം അവിടെ പോയിട്ടില്ല എന്നും രാഹുല്‍ തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. തന്റെ പ്രസംഗം ഹൃദയത്തില്‍ നിന്നാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

‘ഇന്ത്യ’ എന്ന പേരാണ് പ്രശ്‌നം
‘ഇന്ത്യ’ എന്ന പേരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് നല്‍കിയിരിക്കുന്നത്. ഭരണപക്ഷം ഭയക്കുന്നതും ഇന്ത്യയെ തന്നെയാണ് എന്നാണ് തോന്നുന്നത്. ഇത് എഴുതിയതിന്റെ പേരില്‍, ഇത് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം വരെ ചുമത്തപെടാം. ക്വിറ്റ് ഇന്ത്യ എന്ന വലിയ പ്രക്ഷോഭം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യ എന്ന വാക്കിനോടുള്ള അലര്‍ജി ബിജെപി തുറന്നു കാട്ടിയിരിക്കുന്നു. ഓഗസ്റ്റ് എട്ടിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഉടനടി വിടുകയും ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുകയും വേണമെന്ന് ആഹ്വാനവുമായിട്ടാണ് മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്. അതിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കുവാന്‍ ആയി ഗാന്ധിയുടെ ചെറുമകന്‍ അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ബോംബെയില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തവരെ തടയുന്ന കാഴ്ചയാണ് നാം കണ്ടത്. ബ്രിട്ടീഷുകാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ക്വിറ്റ് ഇന്ത്യ പ്രമേയം പ്രസ്താവിച്ചു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് ഇപ്പോഴും പ്രസക്തി. അന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ദേശീയ നേതാക്കള്‍ ഇറങ്ങിയതെങ്കില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ഇന്ത്യ ഭരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയാണ്‌ പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യ എന്ന കൂട്ടായ്മ രൂപീകരിച്ച ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതില്‍ അരിശം മൂത്താണ് ക്വിറ്റ് ഇന്ത്യ സമരവുമായി മോദി ഇറങ്ങുന്നത്.

ഹര്‍ ഹര്‍ ഹരിയാന
ഹരിയാനയില്‍ ജനം ഇപ്പോഴും ഭീതിയിലാണ്. അവിടെ ഒരു വിഭാഗം ജനങ്ങള്‍ സുരക്ഷിതരല്ല എന്ന തോന്നല്‍ അവര്‍ക്ക് തന്നെ ഉായിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് മാത്രം അവിടെ സുരക്ഷാ ബോധം ഉണ്ടാകാന്‍ കാരണമെന്താണെന്നതിന് ഏറെ ആലോചിക്കേണ്ടതില്ല. അവിടെ എന്തു നടന്നു എന്നത് നാളെ രാജ്യത്ത് എവിടേയും നടക്കും എന്ന ഭീതി ജനങ്ങളില്‍ ഉണ്ടായിരിക്കുന്നു. കലാപം നോക്കി നില്‍ക്കുന്ന പോലീസുകാര്‍. കലാപകാരികളെ അടിച്ചമര്‍ത്താത്ത സൈന്യം. കലാപം നടത്തുന്നവര്‍ക്ക് സൗകര്യം ചെയ്യുന്ന ഭരണകൂടം. ഇതാണ് നാളിത് വരെ നടന്ന കലാപ ഭൂമിയില്‍ നിന്ന് നമ്മള്‍ കേട്ടത്. ഇത് തന്നെയാണ് കലാപം നടത്തുന്നവര്‍ക്ക് ആവേശം പകരുന്നതും. മുസ്ലിം ജനവിഭാഗം ഏറ്റവും കൂടുതലുള്ള ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജല ഘോഷയാത്രയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കലാപത്തെ തുടര്‍ന്ന് തീവെയ്പ്പ് കൊള്ള തുടങ്ങിയ പതിവ് കലാപരിപാടികള്‍ അരങ്ങേറി. പുതിയ ഒരു ഇനം ഇപ്പോള്‍ വളരെ പ്രചാരത്തിലുണ്ട്. ഹിന്ദുക്കളല്ലാത്തവരുടെ വീടും കെട്ടിടങ്ങളും ബുള്‍ഡോസറുകൊണ്ട് ഇടിച്ച് നിരത്തുക. അതും ഹരിയാനയിലുണ്ടായി. ഇനിയത് മറ്റിടങ്ങളിലേയ്ക്ക് പടരും. പടരാതെ നോക്കേത് നമ്മളാണ്. നമ്മളെന്നാല്‍ ഇന്ത്യക്കാര്‍.

മിണ്ടാത്ത മോദി ഇന്ന് മിണ്ടും
മണിപ്പൂര്‍ കലാപം മെയ് മൂന്നിന് ആരംഭിച്ച ശേഷം മണിപ്പൂര്‍ വിഷയത്തില്‍ ഒരു പ്രതികരണവും ഇന്നേവരെ നടത്താതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മിണ്ടുന്ന ദിവസമാണിന്ന്. മൂന്ന് കുക്കി സ്ത്രീകളെ നഗ്നയാക്കി പരേഡ് നടത്തിയ വീഡിയോ ലോകം ചര്‍ച്ച ചെയ്തപ്പോള്‍ പാര്‍ലമെന്റിന് പുറത്ത് സെക്കന്റുകള്‍ മാത്രം നീണ്ട പ്രസ്താവനയില്‍ തനിക്ക് ദേഷ്യവും സങ്കടവും വരുന്നെന്ന് പറഞ്ഞത് മാത്രം മാറ്റി നിര്‍ത്താം. അപ്പോഴും അദ്ദേഹം മണിപ്പൂര്‍ കലാപത്തെ കുറിച്ച് പറയാതിരിക്കാന്‍ ശ്രദ്ധിച്ചു.

പാര്‍ലമെന്റില്‍ മണിപ്പൂര്‍ എന്ന വാക്കിന് നിരോധനം ഏര്‍പ്പെടുത്തിയ പോലെയായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. സഭ രേഖകളില്‍ നിന്ന് മണിപ്പൂര്‍ എന്ന വാക്ക് നീക്കുന്നത് പോലും നമ്മള്‍ കണ്ടു. ഇപ്പോള്‍ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനും സഭയില്‍ വരാത്ത പ്രധാനമന്ത്രിയെ സഭയില്‍ കൊണ്ടു വരാനും, മണിപ്പൂരിലെ കലാപത്തെ കുറിച്ച് സംസാരിക്കാത്ത പ്രധാനമന്ത്രിയെ കൊണ്ട് സഭയില്‍ സംസാരിപ്പിക്കുവാനുമാണ്.

ഇതിനിടയില്‍ അധാര്‍മിക മാര്‍ഗത്തിലൂടെ അയോഗ്യനാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ അയോഗ്യത നീക്കി സഭയില്‍ എത്തിയിട്ടുണ്ട്. അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങിയ ആഗസ്റ്റ് 8 ന് സഭയില്‍ വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞു മാറിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ സംസാരിച്ചു തുടങ്ങുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം രണ്ടാം ദിവസത്തിലേയ്ക്ക് മാറ്റിയത് രാഷ്ട്രീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇരുത്തി കൊണ്ട് രാഹുല്‍ പ്രസംഗിക്കാന്‍ ഇരിക്കുന്നത് രാജ്യം ആകാംഷയോടെ കാത്തിരിക്കുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി എന്തു പറയും എന്നറിയാനും ജനം കാത്തിരിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍