UPDATES

മോദി അന്നും പറഞ്ഞതും ഇന്നു പറയുന്നതും

സംസ്ഥാനങ്ങളോടുള്ള സാമ്പത്തിക അനീതി

                       

”രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം” കേരള, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തതാണിത്. ഫെബ്രുവരി 7ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. നികുതിയില്‍ നിന്നും പ്രത്യേക ഗ്രാന്റുകളില്‍ നിന്നുമുള്ള പണത്തിന്റെ ന്യായമായ വിഹിതം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന വസ്തുത ചൂണ്ടികാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തിയത്.

” രാഷ്ട്രം നമുക്ക് ഒരു തുണ്ട് ഭൂമി മാത്രമല്ല. ശരീരത്തിലെ ഒരു അവയവം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ശരീരം മുഴുവന്‍ വൈകല്യമുള്ളതായാണ് കണക്കാക്കുക. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടെങ്കില്‍ അത് രാജ്യമെമ്പാടും അനുഭവിക്കണം. അതുപോലെ, രാജ്യത്തിന്റെ ഒരു കോണില്‍ മാത്രം വികസനം നടന്നാല്‍, രാജ്യം വികസിക്കില്ല.” രാജ്യസഭയില്‍ നടത്തി വികാരഭരിതമായ പ്രസംഗത്തില്‍ മോദി പറയുന്നു.

”ഇന്ന് സംസാരിക്കുന്ന ഭാഷ, രാജ്യത്തെ തകര്‍ക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ നിര്‍മിക്കപ്പെടുന്നു. പ്രതിഷേധ സൂചകമായി തെരുവിലിറങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിന് ഇതിലും വലിയ ദുരന്തം മറ്റെന്താണ്? ജാര്‍ഖണ്ഡിലെ ഒരു ആദിവാസി കുട്ടി ഒളിമ്പിക്സില്‍ മെഡല്‍ നേടിയാല്‍ അവരെ നമ്മള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടിയായി കാണുമോ അതോ ഇന്ത്യയില്‍ നിന്നുള്ള കുട്ടിയായി കാണുമോ? നമ്മള്‍ എന്താണ് പറയുന്നത്? ഏത് ഭാഷയാണ് ഉപയോഗിക്കുന്നത്? വാക്സിനുകള്‍ ഒരു മൂലയില്‍ ഉണ്ടാക്കിയതിനാല്‍ നാട്ടില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയുമോ? അത്തരമൊരു ചിന്താഗതിയാണ് ഒരു ദേശീയ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്”-അദ്ദേഹം പറഞ്ഞു. ”നമ്മുടെ നികുതി, നമ്മുടെ പണം ഏത് ഭാഷയാണ് ഉപയോഗിക്കുന്നത്? ഇത് രാജ്യത്തിന്റെ ഭാവിക്ക് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വികാരം കൊള്ളല്‍ ഒരുതരം ഇരട്ടത്താപ്പാണെന്നു കൂടി പറയേണ്ടി വരും. 2014-ന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ മോദി ഏറ്റവും കൂടുതല്‍ വാദിച്ചിരുന്നത് കേന്ദ്ര സര്‍ക്കാര്‍ നികുതികള്‍ ന്യായമായി സംസ്ഥാനങ്ങള്‍ക്കായി വിഭജിക്കുന്നതിനു വേണ്ടിയായിരുന്നു. ഗുജറാത്തിന്റെ ധനാവകാശം നിഷേധിക്കുന്നുവെന്നാരോപിച്ചു യുപിഎ സര്‍ക്കാരിനെ നിരന്തരം ആക്രമിച്ചിരുന്ന ഒരു മുഖ്യമന്ത്രി കൂടിയായിരുന്നു നരേന്ദ്ര മോദി. സിദ്ധരാമയ്യ, പിണറായി വിജയന്‍, മമത ബാനര്‍ജി, വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയ മുഖ്യമന്ത്രിമാര്‍ നിലവില്‍ ആവിശ്യപെട്ടുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരേന്ദ്ര മോദിയും ആവിശ്യപെട്ടിരുന്നത്.

നികുതി വിഭജനത്തില്‍ ഗുജറാത്തിന്റെ കുറഞ്ഞ വിഹിതത്തില്‍ മോദി പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ ചില സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.

2008 ജൂണില്‍, വഡോദരയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ, രാജ്യത്തിന്റെ മൊത്തം നികുതി വരുമാനത്തിലേക്കുള്ള സംഭാവനയായി കേന്ദ്രം 40,000 കോടി രൂപ സമാഹരിക്കുന്നുവെന്നും എന്നാല്‍ കേന്ദ്ര ഫണ്ടിന്റെ 2.5% മാത്രമാണ് ലഭിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു. കേന്ദ്രം ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു വര്‍ഷത്തേക്ക് ഗുജറാത്തിന് ഒന്നും നല്‍കേണ്ടെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്ത് നിന്ന് നികുതി പിരിക്കേണ്ടതില്ലെന്നും,” അദ്ദേഹം പറഞ്ഞിരുന്നു. ”കേന്ദ്രത്തില്‍ നിന്നോ പ്രധാനമന്ത്രിയില്‍ നിന്നോ (എന്തെങ്കിലും) നേടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമില്ല. നമ്മള്‍ എല്ലാം സ്വന്തമായി ചെയ്യണം’: 2012 ജനുവരി 9 ന്, പത്താം പ്രവാസ് ഭാരതീയ ദിവസത്തില്‍ അദ്ദേഹം പ്രസംഗിച്ച വാക്കുകളാണിത്. ”കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും അനുഗ്രഹം തനിക്കുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി (അശോക് ഗെലോട്ട്) പറയുന്നു. പക്ഷേ നമുക്കാ ഭാഗ്യമില്ല. ഒന്നും കിട്ടാതെ വരുന്ന ഈ അവസരത്തില്‍ നമ്മള്‍ തന്നെ എല്ലാം സ്വന്തമായി ചെയ്യണം”- എന്നായിരുന്നു മോദി പറഞ്ഞത്.

narendramodi.in എന്ന വെബ്സൈറ്റ് അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട്, ”കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സ്‌കീമുകള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല, ഇത് ചില സംസ്ഥാനങ്ങളോടുള്ള അനീതിയിലേക്ക് നയിച്ചേക്കാം. നീതി ആയോഗിന്റെ ഇപ്പോഴത്തെ സമീപനം മോശം സാമ്പത്തിക അച്ചടക്കമുള്ള സംസ്ഥാനങ്ങളെ അനുകൂലിക്കുന്നതാണെന്നും അതേസമയം ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഉള്ള സംസ്ഥാനങ്ങളെ നിരാശരാക്കുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ജിഡിപിയില്‍ കൂടുതല്‍ സംഭാവന നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ സമീപനം മാറ്റണമെന്നും ഉയര്‍ന്ന ഫണ്ട് അനുവദിക്കണമെന്നും മോദി പറയുന്നുണ്ട്. ഒരു ചെറിയ ഭാഗം മൈഗ്രേഷന്‍ പാറ്റേണുകള്‍ പരിഗണിക്കും, ഇത് കൂടുതല്‍ കുടിയേറ്റക്കാരുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യും. വലിയ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിന്റെയും ഭൂവിസ്തൃതിയെ അടിസ്ഥാനമാക്കി ഫണ്ടിന്റെ മറ്റൊരു ഭാഗം അനുവദിക്കും. ഫണ്ടിന്റെ മൂന്നിലൊന്നിലധികം വരുന്ന ഏറ്റവും വലിയ ഭാഗം ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വിതരണം ചെയ്യണമെന്നൊക്കെയുള്ള ഫോര്‍മുല നിര്‍ദ്ദേശിച്ചതും മുഖ്യമന്ത്രിയായിരുന്ന മോദിയാണ്. 2013 ഒക്ടോബറില്‍, 14-ാം ധനകാര്യ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയിലും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി കേന്ദ്രസര്‍ക്കാരിനോട് നികുതി വരുമാനത്തിന്റെ 50% സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

നിരന്തരമായ പ്രസംഗത്തിലൂടെയും, ഫോര്‍മുലകളിലൂടെയും കൂടുതല്‍ നികുതി സംസ്ഥാനത്തിന് ആവിശ്യപ്പെട്ട് കൊണ്ട് ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ രാജ്യത്തെ തകര്‍ക്കാനാണോ അന്ന് മോദി ശ്രമിച്ചത് എന്നാണ് ഇപ്പോഴുള്ള അദ്ദേഹത്തിന്റെ കണ്ണീരൊഴിക്കലിനെതിരേയുള്ള ചോദ്യം. ബിജെപി അവരുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിക്കുകയാണ്. എന്നാല്‍  പ്രതിപക്ഷമാണെങ്കിലും ദരിദ്ര സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായ സഹായം നല്‍കേണ്ട കടമ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നതാണ്  വാസ്തവം.

Share on

മറ്റുവാര്‍ത്തകള്‍