ആഗോള ജനാധിപത്യ റാങ്കിംഗില്‍ ഇന്ത്യ തുടര്‍ച്ചയായി കൂപ്പുകുത്തുകയാണ്
‘അടിയന്തരാവസ്ഥയെ ചെറുക്കുകയും നമ്മുടെ ജനാധിപത്യ ചൈതന്യം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ധീരരായ എല്ലാവരെയും ഞാന്‍ ആദരിക്കുന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ നമ്മുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു കാലഘട്ടമായി തുടരുന്നു, നമ്മുടെ ഭരണഘടന ആഘോഷിക്കുന്ന മൂല്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണത്.’ ഇന്ത്യ അനുഭവിച്ച ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 48 ആം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ച വാചകങ്ങള്‍.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്, പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ അന്താരാഷ്ട്ര മാധ്യമം ‘ദ ഗാര്‍ഡിയന്‍’ മോദിയുടെ ഇന്ത്യയിലെ ജനാധിപത്യവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മോശമായ റാങ്കിംഗിലേക്ക് വീണതിനു പിന്നാലെ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ‘യശസ്സ്’ നിലനിര്‍ത്താന്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന തരത്തിലൊരു തലക്കെട്ടില്‍. ‘ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യം’ എന്നാണ് ഇന്ത്യ അഭിമാനം കൊള്ളുന്നത്. നരേന്ദ്ര മോദിയുടെ ‘ദേശീയത’ ഭരണത്തിനു കീഴില്‍ ആ ഖ്യാതി തകര്‍ന്നിരിക്കുകയാണെന്നും, തകര്‍ച്ച മറച്ച് ഇന്ത്യന്‍ ജനാധിപത്യം മഹത്വമാണെന്ന് പറയിപ്പിക്കാന്‍ രഹസ്യ പ്രചാരവേലകള്‍ നടത്തുകയാണെന്നും ഗാര്‍ഡിയന്‍ പറയുന്നു. വിവിധ ആഭ്യന്തര റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് ഗാര്‍ഡിയന്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് എഴുതുന്നത്. രാജ്യത്തിന്റെ സഞ്ചാരപഥം അപകടകരമാം വിധം താഴേക്കാണെന്നു വ്യക്തമാക്കുന്ന ആഗോള റാങ്കിംഗുകളെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുന്നു. അതേസമയം തന്നെ ഇന്ത്യയുടെ ജനാധിപത്യ പ്രവര്‍ത്തനങ്ങളെ നിശബ്ദമായി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. വിവിധ യോഗങ്ങളുടെ മിനുട്‌സുകള്‍ അടിസ്ഥാനമാക്കി ഗാര്‍ഡിയന്‍ പറയുന്നു.
നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്(ഇ ഐ യു) മെച്ചപ്പെട്ട ജനാധിപത്യ സൂചിക റാങ്കിംഗിനുവേണ്ടി ഔദ്യോഗിക ഡാറ്റ നല്‍കാന്‍ മോദി സര്‍ക്കാര്‍ ശ്രമം നടത്തി. എന്നാല്‍ ഇ ഐ യു ആ ഓഫര്‍ നിരസിച്ചുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് രേഖകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ ഐ യു വിന്റെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് ഏഷ്യ ആന്‍ഡ് ക്ലയന്റ് എന്‍ഗേജ്മെന്റ് ഓഫീസര്‍ ഫങ് സിയുവിനെ ബന്ധപ്പെടാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ 2020 സെപ്റ്റംബറില്‍ സൂം വഴി അവരുമായി ആശയവിനിമയം നടത്തിയെന്നു രേഖകള്‍ സൂചിപ്പിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇ ഐ യുവിന്റെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് (ഏഷ്യ) ഓഫിസറോട് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ആഗോള സൂചിക തയ്യാറാക്കിയത് പബ്ലിക് ഡൊമൈനുകളില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി മാത്രമാണെന്നാണ്. രാജ്യത്ത് നടന്ന കര്‍ഷപ്രക്ഷോഭം, ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്ത കളഞ്ഞതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍, പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള സമരം; ഇവയൊക്കെ പ്രതിപക്ഷ സൃഷ്ടികളാണെന്നും ആരോപിക്കുന്നു. ഇ ഐ യു വിന്റെ റിപ്പോര്‍ട്ടില്‍ ആഗോള ജനാധിപത്യ റാങ്കിംഗില്‍ ഇന്ത്യ 53-ാം സ്ഥാനത്ത് വരികയും, ഇന്ത്യന്‍ ജനാധിപത്യത്തെ ‘വികലമായ ജനാധിപത്യം’ എന്ന് തരംതിരിക്കുകയും ചെയ്‌തോടെയാണ്, ജനാധിപത്യ സൂചികയെക്കുറിച്ച് വ്യക്തത തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇ ഐ യുവിനെ സമീപിക്കുന്നത്. സൂചിക തയ്യാറാക്കാന്‍ അടിസ്ഥാനമാക്കിയ കാര്യങ്ങളെന്തെല്ലാമാണെന്നതിലും വിവരങ്ങള്‍ തേടുകയുണ്ടായി.
നിര്‍ഭാഗ്യകരമായൊരു വസ്തുത പറയട്ടെ, ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഗ്ലോബല്‍ ഡെമോക്രസി സൂചിക പ്രകാരം, കഴിഞ്ഞ മൂന്നുവര്‍ഷമായി ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം അതിന്റെ ‘ വികലമായ ജനാധിപത്യ രീതി’യിലേക്ക് തരംതാഴ്ന്നു പോവുകയാണ്.
രാജ്യത്തിന്റെ ജനാധിപത്യ സ്ഥാനക്രമവും വിലയിരുത്തലുകളും വിമര്‍ശനാത്മക വിശകലനത്തിനായി പരസ്യമായി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറല്ല. ഞങ്ങള്‍ക്കാരുടെയും ധര്‍മോപദേശം ആവശ്യമില്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്. ജനാധിപത്യ റാങ്കിംഗുകളെല്ലാം അദ്ദേഹം പരസ്യമായി തള്ളിക്കളഞ്ഞു. എല്ലാം കപടമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞത്. ഈ റാങ്കിംഗുകളെല്ലാം നല്‍കുന്നത്, ഇന്ത്യ അവരുടെ അംഗീകരത്തിനായി കാത്തിരിക്കുന്നില്ലെന്നു മനസിലാക്കാത്ത ചില സ്വയം പ്രഖ്യാപിത ലോക സംരക്ഷകരാണെന്നും മന്ത്രി പരിഹസിച്ചു.
എന്നാല്‍, ഈ പരിഹാസം ഒട്ടും ആത്മവിശ്വാസത്തോടെയായിരുന്നില്ല. ഗാര്‍ഡിയന്‍ പറയുന്നത്, 2021 മുതല്‍ ആഗോള ജനാധിപത്യ റാങ്കിംഗില്‍ നേട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ്. കപടമെന്ന് വിദേശകാര്യമന്ത്രി പരിഹസിച്ച റാങ്കിംഗ് ഓര്‍ത്ത് മോദി ഭരണകൂടം പരിഭ്രാന്തിപ്പെടുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്നൊരു യോഗത്തില്‍ ജനാധിപത്യ സൂചികയില്‍ മുന്നേറുന്നതിന് പ്രധാന്യം നല്‍കാനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, ജനാധിപത്യ റാങ്കിംഗില്‍ മെച്ചപ്പെടണമെന്നു തന്നെയാണ് ആഗ്രഹം. വിദേശകാര്യ മന്ത്രിയുടെ പുറത്തെ ആഞ്ഞടിക്കല്‍ പോലെയല്ല അകത്തെ യാഥാര്‍ത്ഥ്യം.
ലോകം ഇന്ത്യയെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത് എന്ന കാര്യത്തില്‍ മോദി ഭരണകൂടം ഭയപ്പെടുന്നുണ്ട്. റാങ്കിംഗ് ക്രമത്തെ കേവലം അഭിപ്രായപ്രകടനമായി അവഗണിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. ഇന്ത്യയുടെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നതിനാല്‍ ജനാധിപത്യ സൂചകയ്ക്ക് അത്യധികം പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തതെന്ന് ഗാര്‍ഡിയന്‍ എഴുതുന്നു. ജനാധിപത്യം തകര്‍ന്നൊരു രാജ്യമായി ഇന്ത്യ ചിത്രീകരിക്കപ്പെട്ടാല്‍ രാജ്യത്തെ അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ക്ക് തിരിച്ചടി നേരിടുമെന്ന് ഭരണകൂടം ഭയപ്പെടുന്നു.
ന്യൂനപക്ഷ വിരുദ്ധതയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള(പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനെതിരേ)കലാപങ്ങളും, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലുമൊക്കെയാണ് പ്രധാനമായും ആഗോള ജനാധിപത്യ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിച്ചത്. സ്ഥാന ക്രമത്തില്‍ മുന്നേറണമെന്ന് നിര്‍ദേശിക്കുമ്പോള്‍ തന്നെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്വയം സമ്മതിക്കുന്നു. ന്യൂനപക്ഷ വിഷയങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഷായുടെ മന്ത്രാലയം യാതൊരു വ്യവസ്ഥയും തയ്യാറാക്കിയിട്ടില്ല. പ്രസ്തുത മന്ത്രാലയങ്ങളുടെയും/ വകുപ്പുകളുടെയും പങ്കാളിത്തമില്ലാതെ ജനാധിപത്യ സൂചികയുടെ പ്രകടനം നിരീക്ഷിക്കാനും ആഗോള റാങ്കിംഗ് മികച്ചതാക്കാനും നിയമ നിര്‍മാണ വകുപ്പിന് ബുദ്ധിമുട്ടാണെന്നാണ്, അതേ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്. എല്ലാക്കാര്യങ്ങളും ചര്‍ച്ചയിലാണെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.
രാജ്യം ജനാധിപത്യ തകര്‍ച്ച നേരിടുന്നതില്‍ മോദി ഭരണകൂടത്തിന് ആശങ്കയുണ്ട്, എന്നാലവര്‍ ശരിയായ രീതിയില്‍ അതിനായി ഒന്നും ചെയ്യുന്നില്ല.
2021 ല്‍ യു എസ് ആസ്ഥാനമായ നോണ്‍-പ്രൊഫിറ്റ് സംവിധാനമായ ഫ്രീഡം ഹൗസ് അടയാളപ്പെടുത്തിയത്, ഇന്ത്യ സ്വതന്ത്ര ജനാധിപത്യത്തില്‍ നിന്നും ഭാഗിക ജനാധിപത്യത്തിലേക്ക് താഴ്ന്നിരിക്കുന്നു’ എന്നായിരുന്നു. സ്വീഡന്‍ ആസ്ഥാനമായ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് വിമര്‍ശിച്ചത് ഇന്ത്യയൊരു ‘ഇലക്‌ടോറല്‍ ഓട്ടോക്രസി’ ആയിരിക്കുന്നുവെന്നാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ’മാണ് രാജ്യത്തെന്ന്. ജനാധിപത്യത്തിന്റെ അനുകരണങ്ങള്‍ മാത്രം, പാലിക്കപ്പെടുന്നത് സ്വേച്ഛാധിപത്യ രീതികളും. ഇത്തരം ഭരണകൂടങ്ങളുടെ കീഴില്‍ പതിവ് തെരഞ്ഞെടുപ്പുകളൊക്കെ നടക്കും. എന്നാല്‍ സ്വാതന്ത്ര്യം, നീതി, ജനാധിപത്യം എന്നീ കാര്യങ്ങളൊക്കെ അവര്‍ അവഗണിക്കും. 2022 ലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടില്‍ എല്‍ സാല്‍വദോര്‍, തുര്‍ക്കി, ഹംഗറി തുടങ്ങി, ലോകത്തിലെ 10 സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയും. ഇന്ത്യയില്‍ ജനാധിപത്യമല്ല, മറിച്ച് ‘തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’ ആയിരിക്കുന്നു എന്നാണ് സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നത്. ഇതേ കാര്യം തന്നെ ദ വയറിനു വേണ്ടി സിദ്ധാര്‍ത്ഥ് ഭാട്ടിയ നടത്തിയ അഭിമുഖത്തില്‍ അമേരിക്കയിലെ ബ്രാണ്‍ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ അശുതോഷ് വാര്‍ഷ്‌നി ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ലോകത്തെ ഡെമോക്രസി അസസ്മെന്റ് ബോഡികള്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഗ്രേഡ് താഴ്ത്തിയിട്ടുണ്ട്. ഒരു ഇലക്‌ടോറല്‍ ഓട്ടോക്രസി ആയിട്ടാണ് അവരിപ്പോള്‍ ഇന്ത്യയെ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനാ ജനാധിപത്യവും തമ്മിലുള്ള സംഘര്‍ഷമാണ് ഇവിടെയുള്ളത്. തെരഞ്ഞെടുപ്പുകള്‍ നോക്കി മാത്രം ഒരു രാജ്യത്തിന്റെ ജനാധിപത്യത്തെ അളക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ എന്തു നടക്കുന്നു എന്നതാണ് പ്രധാനം. ഒരു ലിബറല്‍ ജനാധിപത്യമെന്ന നിലയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. കാരണം ഒരു ലിബറല്‍ ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പുകള്‍ പോലെ തന്നെ പ്രധാനമാണ് മതസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും. ഇന്ത്യയില്‍ ഈ മൂല്യങ്ങളെല്ലാം ഹനിക്കപ്പെടുകയാണ്’ (ഈ അഭിമുഖത്തിന്റെ മലയാളം പരിഭാഷ വായിക്കാം).
ഗോതെന്‍ബര്‍ഗ് സര്‍വകലാശാല കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷക ഇന്‍സ്റ്റിറ്റിറ്റിയൂട്ടായ വി-ഡെം അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നത്, 2014 ലെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വിജയത്തിനുശേഷമാണ് ഇന്ത്യയില്‍ ജനാധിപത്യ സ്വാതന്ത്ര്യത്തില്‍ ഏറ്റവുമധികം ഇടിവ് സംഭവിച്ചതെന്നാണ്. 2017 മുതലുള്ള അവരുടെ റിപ്പോര്‍ട്ടില്‍ ഇലക്‌ടോറല്‍ ഓട്ടോക്രസിയിലേക്കുള്ള ഇന്ത്യയുടെ വീഴ്ച്ച അടയാളപ്പെടുത്തുന്നുണ്ട്. സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ഡെമോക്രസി റിപ്പോര്‍ട്ട് 2022: ഓട്ടോക്രാറ്റൈസേഷന്‍ ചേഞ്ചിംഗ് നേച്ചര്‍’ റിപ്പോര്‍ട്ടില്‍ പറയുന്നത്, 15 രാജ്യങ്ങളില്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ പുതിയ തരംഗം കാണപ്പെടുമ്പോള്‍ 32 രാജ്യങ്ങള്‍ സ്വേച്ഛാധിപത്യത്തിന് കീഴിലാണെന്നാണ്. വി-ഡെമിന്റെ ലിബറല്‍ ഡെമോക്രസി ഇന്‍ഡക്സ് (എല്‍ഡിഐ) അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. ജനാധിപത്യത്തിലെ ഇലക്ടറല്‍, ലിബറല്‍ വശങ്ങള്‍ പരിശോധിച്ചാണ് ജനാധിപത്യത്തിന്റെ ഏറ്റവും താഴ്ന്നതും ഉയര്‍ന്നതുമായ ലെവലുകള്‍ നല്‍കുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്ന കണ്ടെത്തലാണ് അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ഏഷ്യ-പസഫിക് മേഖലയിലെ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, കംബോഡിയ, ഹോങ് കോംഗ്, തായ്‌ലാന്‍ഡ്, ഫില്‍പ്പീന്‍സ് രാജ്യങ്ങള്‍ക്കൊപ്പം കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയിലും മോശമായ സ്വേച്ഛാധിപത്യമാണ് എന്നാണ്. എടുത്തുപറയുന്ന മറ്റൊരു കാര്യം; ബ്രസീല്‍, ഹംഗറി, സെര്‍ബിയ, തുര്‍ക്കി, പോളണ്ട്, ഇന്ത്യ എന്നീ ആറ് രാജ്യങ്ങളിലെങ്കിലും ബഹുസ്വര വിരുദ്ധ പാര്‍ട്ടികള്‍ സ്വേച്ഛാധിപത്യ ഭരണം നടത്തുന്നുവെന്നാണ്. ‘ബഹുസ്വര വിരുദ്ധ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും ജനാധിപത്യ പ്രക്രിയയോട് പ്രതിബദ്ധതയില്ല. അവര്‍ മൗലികമായ ന്യൂനപക്ഷ അവകാശങ്ങളെ അനാദരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ ‘ ഭീഷണി’യായി ചിത്രീകരിക്കുന്നു. രാഷ്ട്രീയ അക്രമം പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തില്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിനു പ്രതിലോമകരമായ ദേശീതയെ വളര്‍ത്തുകയും സ്വേച്ഛാധിപത്യ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു’ വെന്നും വി-ഡെം റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 മുതല്‍ ഇന്ത്യയുടെ ജനാധിപത്യ മാനദണ്ഡങ്ങളില്‍ തകര്‍ച്ച നേരിടുന്നതായി ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ(ഇ ഐ യു) ഡെമോക്രസ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020 ലെ റിപ്പോര്‍ട്ടിലാണ് ഇ ഐ യു ആദ്യമായി അതിന്റെ റിപ്പോര്‍ട്ടില്‍ ‘ വികലമായ ജനാധിപത്യം’ എന്ന നിലയിലേക്ക് ഇന്ത്യന്‍ ജനാധിപത്യത്തെ താഴ്ത്തുന്നത്. റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു; 2015 മുതല്‍ ഇന്ത്യയില്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. 2014 ല്‍ 7.92 ആയിരുന്ന ഇന്ത്യയുടെ സ്‌കോര്‍ 2020 ല്‍ 6.61 ലേക്ക് കൂപ്പുകുത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യഭ്രംശനങ്ങള്‍ രാജ്യത്തിന്റെ ആഗോള റാങ്കിംഗ് 27 ല്‍ നിന്നും 53 ലേക്ക് താഴ്ത്തി. മുസ്ലിം വിരുദ്ധ കലാപങ്ങളും മതകലഹങ്ങളും വളര്‍ത്തുന്ന സര്‍ക്കാര്‍ നയങ്ങളും, രാജ്യത്ത് വര്‍ദ്ധിക്കുന്ന ഹിന്ദുത്വ സ്വാധീനതയും ഇന്ത്യയുടെ രാഷ്ട്രീയഘടന തകര്‍ത്തുവെന്നും ഇ ഐ യു റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടുകളും റാങ്കിംഗുകളും പരസ്യമായി തള്ളിപ്പറയുകയും, അതേസമയം പരിഭ്രാന്തിപ്പെടുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍, അതിന്റെ വീഴ്ച്ച മറച്ചു പിടിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ-‘ മഹത്വം’ നിലനിര്‍ത്താന്‍ രഹസ്യപ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് ചെയ്യുന്നൂ. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ അന്തസ് സംരക്ഷിക്കാന്‍ പ്രാഥമികമായി എന്തൊക്കെയാണോ ചെയ്യേണ്ടത്, അതിനൊന്നിനും താത്പര്യം കാണിക്കുന്നുമില്ല. അവര്‍ ഹിന്ദുത്വ ദേശീയതയുടെ തീവ്രത കൂട്ടുക മാത്രമാണ് ചെയ്യുന്നത്.