UPDATES

അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമം കാണിച്ചു എന്നാരോപിച്ച് ഒ സി സി ആര്‍ പി യുടെ മാധ്യമപ്രവര്‍ത്തകർ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു

                       

മാധ്യമ പ്രവര്‍ത്തകരുടെയും പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കളുടെയും ഫോണ്‍ ചോര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന വാര്‍ത്ത വന്നു ദിവസങ്ങള്‍ കഴിയുമ്പോഴേക്കും സ്‌പൈവെയറായ പെഗാസസ് ഉപോയിഗിച്ചുള്ള നിരീക്ഷണങ്ങള്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഒ സി സി ആര്‍ പി(ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്)യുടെ മാധ്യമ പ്രവര്‍ത്തകന്‍ ആനന്ദ് മംഗ്‌നാലെയുടെ ഫോണാണ് ഹാക്കര്‍മാര്‍ നിരീക്ഷിക്കാന്‍ ശ്രമിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി കൃത്രിമത്വം പുറത്തുകൊണ്ടുവന്നത് ആനന്ദ് മംഗ്‌നാലെയടങ്ങുന്ന ഒസിസിആര്‍പി സംഘമായിരുന്നു. ഒ സിസിആര്‍പിയുടെ സഹ സ്ഥാപകനായ ഡ്രൂ സള്ളിവനാണ് ഫോണ്‍ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒസിസിആര്‍പിയുടെ ഇന്റേണല്‍ ഫോറന്‍സിക് അന്വേഷണ സംഘം നടത്തിയ കണ്ടെത്തലിലാണ് ആനന്ദ് മംഗ്നാലെക്കെതിരായ സൈബര്‍ ആക്രമണം എന്‍ എസ് ഒയുടെ പെഗാസസ് ഹാക്കിംഗ് ടൂളിലേക്ക് വിരല്‍ ചൂണ്ടിയത്. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും, സന്ദേശങ്ങള്‍ തടസപ്പെടുത്താനും ഫോണുകളെ ഒരു പോര്‍ട്ടബിള്‍ ലിസണിംഗ് ഉപകരണങ്ങളാക്കി മാറ്റാനും പെഗാസസിന്റെ സഹായത്തോടെ നിരീക്ഷകര്‍ക്ക് സാധിക്കും. ”സര്‍ക്കാരുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ചാരപ്പണികള്‍ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. മറ്റൊരു ന്യായമായ വിശദീകരണവും ഇതിന് നല്‍കാനില്ലെന്ന്”റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ഡ്രൂ സള്ളിവന്‍ പറയുന്നു. അതിരുകടക്കുന്ന ഈ നീക്കങ്ങള്‍ അസ്വീകാര്യമാണെന്നും അദ്ദേഹം അടിവരയിടുന്നു.

അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമം കാണിച്ചു എന്നാരോപിച്ച് ഓഗസ്റ്റില്‍, ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിലെ മാധ്യമപ്രവര്‍ത്തകരായ രവി നായരും ആനന്ദ് മംഗ്നലെയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഓഫ്ഷോര്‍ ഫണ്ടുകള്‍ വഴി അദാനി ഗ്രൂപ്പിലേക്ക് കോടിക്കണക്കിന് ഡോളര്‍ പമ്പ് ചെയ്ത രണ്ട് നിക്ഷേപകര്‍ക്ക് കമ്പനിയുടെ പ്രൊമോട്ടര്‍മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഓഹരി വിപണി നിയമങ്ങളുടെ ലംഘനത്തെ പറ്റിയുള്ള വിശദമായ ചോദ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്നു.

ഒസിസിആര്‍പിയുടെ ഫോറന്‍സിക്കിന് വേണ്ടി അന്വേഷണം നടത്തിയ ആന്റി-ഫോണ്‍ ഹാക്കിംഗ് സ്ഥാപനമായ ഐ വെരിഫൈ, പെഗാസസിന്റെതുമായി യോജിക്കുന്നതരത്തിലുള്ള സംശയാസ്പദമായ ക്രാഷുകളുടെ പാറ്റേണ്‍ ആനന്ദ് മംഗ്നലിന്റെ ഫോണില്‍ കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ഒക്ടോബര്‍ 31 ന് ആനന്ദ് മംഗ്‌നിലിനും രവി നായര്‍ക്കും സുരക്ഷ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകളെ പറ്റി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ആനന്ദും രവിയും കൂടാതെ പ്രതിപക്ഷ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ആപ്പിള്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഫോണ്‍ ഹാക്കിംഗ് സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിച്ചു വരികയാണെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യപിച്ചിരുന്നു. 2021 ജൂലൈയില്‍, 17 മാധ്യമ സംഘടനകളും ആംനസ്റ്റി ഇന്റര്‍നാഷണലൂം നടത്തിയ അന്വേഷണത്തില്‍, ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ അനധികൃതമായി നിരീക്ഷിക്കാന്‍ പെഗാസസ് സ്‌പൈവെയര്‍ വ്യാപകമായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേല്‍, അനില്‍ അംബാനി, മുന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ അലോക് വര്‍മ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ നിഷേധിക്കുകയാണ്. നിയമവിരുദ്ധമായ നിരീക്ഷണം ഇന്ത്യയില്‍ സാധ്യമല്ലെന്നാണു കേന്ദ്ര വിവര സാങ്കേതിക മന്ത്രി അശ്വി വൈഷ്ണവ് 2021 ജൂലൈയില്‍ പാര്‍ലമെന്റിനെ അറിയിച്ചത്.
അതേസമയം, ആപ്പിള്‍ മുന്നറിയിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തിലും മാല്‍വെയറുകള്‍ കണ്ടെത്തുകുകയും ചെയ്തു. മാല്‍വെയര്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ലായിരുന്നു. അന്വേഷണത്തോട് കേന്ദ്രം സഹകരിക്കുന്നില്ലെന്ന സമിതിയുടെ കണ്ടെത്തലും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. മാര്‍ച്ചില്‍, പെഗാസസിനേക്കാള്‍ ‘താഴ്ന്ന പ്രൊഫൈല്‍’ ഉള്ള ഒരു സ്‌പൈവെയറിനായി ഇന്ത്യന്‍ സര്‍ക്കാര്‍ തിരയുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്‌പൈവെയര്‍ ലഭിക്കുന്നതിന് 120 മില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് വിവരം അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചതായും പത്രം പറഞ്ഞിരുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍