UPDATES

ഒ സി സി ആര്‍ പി റിപ്പോര്‍ട്ട്; ജെ പി സി അന്വേഷണം വേണമെന്ന് പ്രതിപക്ഷം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെന്ന് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം നടത്തുന്നവരില്‍ രണ്ടു പേര്‍ അദാനി കുടുംബത്തില്‍ നിന്നു തന്നെയുള്ളവരെന്ന് റിപ്പോര്‍ട്ട്

                       

അദാനി ഗ്രൂപ്പിനെതിരായ ഒ സി സി ആര്‍ പി അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട വമ്പിച്ച ഓഹരി തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന പുതിയ തെളിവുകളാണ് ഒ.സി.സി.ആര്‍.പി (സംഘടിത കുറ്റകൃത്യങ്ങളും അഴിമതികളും പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ) പുറത്ത് കൊണ്ടുവന്നത്. പുതിയ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ ഓഹരികളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഓഹരി വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒ സി സി ആര്‍ പി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ, വ്യാഴാഴ്ച്ച തുടക്കത്തില്‍ അദാനി പവറിന്റെ ഒഹരികള്‍ മൂന്നു ശതമാനം ഇടിവ് നേരിട്ടു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വിലയില്‍ 3.3 ശതമാനം ഇടിവും നേരിട്ടു. അദാനി എന്റര്‍പ്രസസിന്റെ ഓഹരികള്‍ 2.50 ശതമാനം ഇടിഞ്ഞ് താഴേക്കു പോകുന്ന കാഴ്ച്ചയാണ് ഓഹരി വിപണയില്‍ കാണാനായത്. കൂടാതെ അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളും 2.50 ശതമാനത്തിന്റെ ഇടിവ് നേരിടേണ്ടി വന്നു.

അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് രഹസ്യ നിക്ഷേപം നടത്തിയിട്ടുള്ളവരില്‍ രണ്ട് പേര്‍ ഭൂരിപക്ഷ ഓഹരി ഉടമകളായ അദാനി കുടുംബത്തിന്റെ തന്നെ ബിനാമികളാണെന്നുള്ളതിന്റെ രേഖകള്‍ ഒ സി സി ആര്‍ പി മാധ്യമ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയിരുന്ന അന്വേഷണങ്ങളൊന്നും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോകുന്നില്ല എന്നതായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.

ഓഹരി വിപണിയിലെ തിരിച്ചടിയ്ക്ക് പിന്നാലെ, ഒ സി സി ആര്‍ പി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അദാനിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വഴി കേന്ദ്ര സര്‍ക്കാരിലേക്കാണ് നീളുന്നത്. ഒ സി സി ആര്‍ പി റിപ്പോര്‍ട്ടിലെ കാര്യങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമതി(ജെപിസി) അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരായ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.

മോദി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും, സത്യം എല്ലാക്കാലവും മൂടിവയ്ക്കാന്‍ സാധിക്കില്ലെന്നു തെളിഞ്ഞെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതകരിച്ചത്. ഇന്ത്യന്‍ സുരക്ഷ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് പുറത്തു വന്നിരിക്കുന്നത്. തെറ്റുകളെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള രാഷ്ട്രീയ ഉപകരണങ്ങളാക്കി അന്വേഷണ ഏജന്‍സികളെ നിസ്സഹായരാക്കി, തന്റെ അഴിമതിക്കാരായ സുഹൃത്തുക്കളെയും അവരുടെ ദുഷ്പ്രവൃത്തികളെയും സംരക്ഷിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തു.

ഒ സി സി ആര്‍ പിയ്ക്കു വേണ്ടി, ആനന്ദ് മാംഗ്‌നലേയും രവി നായരും എന്‍.ബി.ആര്‍ ആര്‍ക്കാഡിയോയും ചേര്‍ന്ന് സംഘടിപ്പിച്ച രേഖകളാണ് ഈ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ വെളിച്ചത്ത് എത്തിച്ചിരിക്കുന്നത്. ദ ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ റ്റൈംസ് എന്നീ മാധ്യമങ്ങളുമായി ഒ.സി.സി.ആര്‍.പി പങ്കുവച്ചിട്ടുള്ള ഈ തെളിവുകളില്‍ വിവിധ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയലുകള്‍, ബാങ്ക് റെക്കോര്‍ഡുകള്‍, അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര ഇ-മെയ്‌ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം നടത്തുന്നവര്‍ ആരാണെന്നുള്ളതാണ് നിഗൂഢമായി തുടര്‍ന്നിരുന്നത്. അതില്‍ ചുരുങ്ങിയത് രണ്ട് പേരെങ്കിലും അദാനി ഗ്രൂപ്പിന്റെ തന്നെ പ്രതിനിധികളാണെന്നാണ് പുതിയ കണ്ടെത്തല്‍. ഈ നിക്ഷേപകരില്‍ നാസര്‍ അലി ഷബാന്‍ അലി, ചാങ് ചുങ് ലിങ് എന്നിവര്‍ക്ക് വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് കമ്പിനികളുമായി ബിസിനസ് ബന്ധമുണ്ട്. ഇവര്‍ പലപ്പോഴും ഈ കമ്പനികളില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളുമായിരുന്നു. അദാനി കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ വിനോദ് അദാനിയുമായി വളരെ അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല, അവര്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ കൂടിയായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നുമാണ്.

ഒരു കമ്പനിയുടെ 75 ശതമാനത്തിന് മേല്‍ ഓഹരികളും അതേ കമ്പനിയുടെ പ്രതിനിധികളുടെ കൈവശമുള്ളത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, ഓഹരി മൂല്യത്തിന്റെ തട്ടിപ്പ് കൂടിയാണ് എന്ന് ഇന്ത്യന്‍ ഓഹരി വിപണി വിദഗദ്ധന്‍ അരുണ്‍ അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. ‘ഇത് വഴി കമ്പനികള്‍ സ്വന്തം ഓഹരികള്‍ക്ക് കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുകയും മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക മാത്രമല്ല, കൂടുതല്‍ വായ്പകള ലഭിക്കാന്‍ പ്രയോജനപ്പെടുകയും ചെയ്യും. കമ്പിനികളുടെമൂല്യം വര്‍ദ്ധിക്കുന്നതിനൊപ്പം പുതിയ കമ്പിനികള്‍ രൂപീകരിക്കാനും കഴിയും’- അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

2013-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് എട്ട് ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം ഉണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ മൂല്യം 260 ബില്യണ്‍ ഡോളറിലേയ്ക്ക് ഒന്‍പത് വര്‍ഷം കൊണ്ട് ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ വലിയ അഴിമതികളും തട്ടിപ്പുകളും നടന്നിട്ടുണ്ടെന്ന് വിവിധ മേഖകളില്‍ വിവിധ കാലങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായ നിലപാടുകളാണ് എപ്പോഴും പിന്തുടര്‍ന്നത്. അദാനിക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുകയും വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ഒ സി സി ആര്‍ പി റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് അദാനി ഗ്രൂപ്പ്. അടിസ്ഥാനമില്ലാത്ത ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപണം വീണ്ടും ഉയര്‍ത്തുക മാത്രമാണ് ഒ സി സി ആര്‍ പി വെളിപ്പെടുത്തലുകള്‍ ചെയ്തിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഇതിനു പിന്നില്‍ ഒ സി സി ആര്‍ പി-ക്ക് പണം ചെലവഴിക്കുന്ന ജോര്‍ജ് സോറോസും ഒരു വിഭാഗം അന്താരാഷ്ട്ര മാധ്യമങ്ങളുമാണെന്നാണ് കമ്പനിയുടെ ആരോപണം. റവന്യൂ ഇന്റലിജന്‍സ് വിഭാഗം(ഡി ആര്‍ ഐ) ഒരു പതിറ്റാണ്ടു മുന്നേ തെളിവുകളില്ലെന്നു പറഞ്ഞ് അവസാനിപ്പിച്ച കേസാണിതെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സുപ്രിം കോടതിയില്‍ നിന്നും പോലും ഏറ്റവും ഒടുവിലായി തങ്ങള്‍ക്ക് അനുകൂലമായ ഉത്തരവാണ് ഉണ്ടായതെന്നും, ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമോ സാംഗത്യമോ ഇല്ലെന്നും അദാനി ഗ്രൂപ്പ് പറയുന്നു. തങ്ങളുടെ ഓഹരി ലാഭം കുറയ്ക്കാന്‍ വേണ്ടിയാണ് ഈ ഗൂഢാലോചയുടെ രചയിതാക്കള്‍ ശ്രമിക്കുന്നതെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി.

Share on

മറ്റുവാര്‍ത്തകള്‍