UPDATES

ഡൊമിനിക്കന്‍ പാസ്‌പോര്‍ട്ട് കച്ചവടത്തിന് പിന്നിലെ കഥകള്‍/ ഒസിസിആര്‍പി അന്വേഷണ റിപ്പോര്‍ട്ട്

സദ്ദാം ഹുസൈന്റെ ആണവ ശാസ്തജ്ഞനും ഗദ്ദാഫിയുടെ ലിബിയന്‍ കേണലും എങ്ങനെ കരീബിയന്‍ പൗരത്വം സ്വന്തമാക്കി?

Avatar

OCCRP

                       

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൗരത്വത്തിലേക്കുള്ള പാതയില്‍ നിന്ന് വ്യത്യസ്തമായി, ദ്വീപില്‍ കാലുകുത്താതെ തന്നെ ഡൊമിനിക്കയില്‍ പൗരത്വം ഉറപ്പാക്കാന്‍ കഴിയും.

ഈ കരീബിയന്‍ രാജ്യത്തിന്റെ പാസ്പോര്‍ട്ട് വാങ്ങിയ ആയിരങ്ങളില്‍ സദ്ദാം ഹുസൈന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനും, ഗദ്ദാഫിയുടെ കീഴില്‍ സേവനമനുഷ്ഠിച്ച ഒരു ലിബിയന്‍ കേണലും, അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രിയായ ഒരാളും ഉള്‍പ്പെടുന്നു. 100,000 ഡോളര്‍ മുതല്‍ പാസ്പോര്‍ട്ട് ലഭ്യമാണ്. അതിലൂടെ, അവര്‍ക്ക് വീസ രഹിത യാത്ര ലഭ്യമായി. ഇത് ലഭിച്ചിരുന്നില്ല എങ്കില്‍, 130-ലധികം രാജ്യങ്ങളിലേക്കും ഭൂഭരണ പ്രദേശങ്ങളിലേക്കും അവര്‍ക്ക് പ്രവേശനം സാധ്യമാകില്ലായിരുന്നു.

മുകളില്‍ പറഞ്ഞവരുടെ മാത്രം കഥയല്ലിത്,

ഈ രീതിയില്‍ ഡൊമിനിക്കയില്‍ നിന്നും പാസ്പോര്‍ട്ടുകള്‍ വാങ്ങിയ ഏകദേശം 7,700 ആളുകളുടെ പേരുകളും വിവരങ്ങളുമാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ചത്.

ചില പഠനങ്ങള്‍ അനുസരിച്ച് ഇത്തരം പുതിയ ഡൊമിനിക്കന്‍മാരില്‍ നടത്തിയ അന്വേഷണങ്ങളില്‍, രണ്ടു ഡസനില്‍ അധികം കേസുകളും കുറ്റകൃത്യങ്ങളും ജയിലില്‍ അടക്കപ്പെട്ട വിവരങ്ങളും ഉണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവര്‍ മാതൃ രാജ്യങ്ങളില്‍ നിന്നും മുങ്ങിയതാണെന്നും പഠനങ്ങള്‍ പറയുന്നു.

‘രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികള്‍’ എന്നാണ് കരീബിയന്‍ ഡാറ്റയുടെ പാസ്‌പോര്‍ട്ടുകളില്‍ ഇവരെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളത്.

ഞങ്ങളും ഒപ്പം നില്‍ക്കുന്ന മറ്റു മാധ്യമങ്ങളും നല്‍കുന്ന ലേഖനങ്ങളും വാര്‍ത്തകളും ഒരു രാജ്യത്തിന്റെ പൗരത്വം വാങ്ങുന്നതിനെക്കുറിച്ചു വളരെ ആഴത്തില്‍ നടത്തിയ പഠനമാണ്.

പൗരത്വം വാങ്ങുന്ന വിഷയത്തെക്കുറിച്ചു ബ്രിട്ടീഷ് അധികാരികള്‍ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ‘വ്യക്തവും കൃത്യവും ആയ ദുരുപയോഗങ്ങള്‍ ‘ എന്നാണ്.

ഡൊമിനിക്കയില്‍ നിന്ന് ഗോള്‍ഡന്‍ പാസ്പോര്‍ട്ടുകള്‍ വാങ്ങി ആയിരങ്ങള്‍

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെട്ട അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍, ഗദ്ദാഫിയുടെ കീഴില്‍ സേവനമനുഷ്ഠിച്ച ലിബിയന്‍ കേണല്‍, സദ്ദാം ഹുസൈന്റെ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ എന്നിവര്‍ കരീബിയന്‍ രാജ്യത്ത് നിന്ന് പൗരത്വം വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

പ്രധാന കണ്ടെത്തലുകള്‍

*100,000 ഡോളറിന്റെ അടിസ്ഥാന വിലയ്ക്ക് പാസ്‌പോര്‍ട്ട് വാങ്ങിയ 7,700 ആളുകളുടെ പേരുകള്‍ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തി. പൗരത്വം വാങ്ങാന്‍ അനുവദിക്കുന്ന ഡൊമിനിക്കയുടെ ‘സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ്’ എന്ന പദ്ധതിയിലാണ് ആളുകള്‍ പൗരത്വം വാങ്ങിയത്.

*ഇവിടെ നിന്നുള്ള പാസ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 130-ലധികം രാജ്യങ്ങളിലേക്കും ഭൂ-പ്രദേശങ്ങളിലേക്കും വീസ-ഫ്രീ അല്ലെങ്കില്‍ ‘വീസ ഓണ്‍ അറൈവല്‍’ അനുവദിക്കുന്നുണ്ട്.

*പ്രഭുക്കന്മാര്‍, അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥര്‍, ജോര്‍ദാനിലെ മുന്‍ പ്രധാനമന്ത്രിയെപ്പോലെ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു.

*മറ്റ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളില്‍ പിന്നീട് അന്വേഷണം നടത്തുകയോ കുറ്റം ചുമത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത നിരവധി പുതിയ ‘ഡൊമിനിക്കന്‍മാരെ’ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തി.

*ഡൊമിനിക്കയുടെ ബജറ്റ്, ‘സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് ‘പ്രോഗ്രാമില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ദ്വീപിലെ റിയല്‍ എസ്റ്റേറ്റ് വികസനങ്ങളിലേക്കും ഇതില്‍ നിന്നുള്ള വരുമാനമാണ് ഉപയോഗിക്കുന്നത്.

ആസൂത്രിതമായി നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അസദുള്ള ഖാലിദ് പരസ്യമായി ആരോപണങ്ങള്‍ നേരിട്ടിരുന്നു. 2012-ല്‍ അഫ്ഗാനിസ്ഥാന്റെ ഉന്നത രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആയിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്.

2009-ല്‍, അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഒരു കനേഡിയന്‍ നയതന്ത്രജ്ഞന്‍ താന്‍ പ്രവിശ്യ ഗവര്‍ണറായിരുന്ന സമയത്ത്, ഖാലിദ് ‘ആളുകളെ വ്യക്തിപരമായി പീഡിപ്പിക്കാന്‍ ‘ഒരു തടവറയില്‍ പ്രവര്‍ത്തിച്ചതായി പാര്‍ലമെന്ററി കമ്മീഷനില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ആരോപണങ്ങളെ എല്ലാം ‘കുപ്രചാരണം’ എന്ന് പറഞ്ഞു ഖാലിദ് തള്ളിക്കളഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെയും, മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും റിപ്പോര്‍ട്ടുകളില്‍ ഏകപക്ഷീയമായ തടങ്കല്‍, ബലാത്സംഗം, പീഡനം എന്നിവയില്‍ ഖാലിദിന്റെ പങ്കിനെക്കുറിച്ചു തുടര്‍ച്ചയായി ഫീച്ചറുകള്‍ വന്നുകൊണ്ടിരുന്നു.

എന്നിരുന്നാലും, ഇതൊന്നും ഡൊമിനിക്കയില്‍ നിന്ന് പൗരത്വം വാങ്ങുന്നതില്‍ നിന്ന് ഖാലിദിന് തടസമായില്ല. യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 130-ലധികം രാജ്യങ്ങളിലേക്കും ഭൂ-പ്രദേശങ്ങളിലേക്കും വിപുലമായ വീസ രഹിത അല്ലെങ്കില്‍ ‘വീസ ഓണ്‍ അറൈവല്‍’ യാത്ര അനുവദിക്കപ്പെട്ടു.

അഫ്ഗാന്‍ പ്രതിരോധമന്ത്രി അസദുള്ള ഖാലിദ്(നീല ഷര്‍ട്ട്) കാബൂളില്‍ നാഷണല്‍ ആര്‍മി ട്രെയ്‌നികളെ സന്ദര്‍ശിക്കുന്നു. 2020 മാര്‍ച്ച് അഞ്ചിന് പകര്‍ത്തിയ ചിത്രം. ഫോട്ടോ കടപ്പാട്; യു എസ് ആര്‍മി

2017-ല്‍ തനിക്കെതിരായ ആരോപണങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് കരീബിയനിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമായ ഡൊമനിക്കയിലുടെ ഇങ്ങനെ ഒരു നീക്കം നടത്തിയത്. പിന്നീട് അഫ്ഗാനിസ്ഥാന്റെ പ്രതിരോധ മന്ത്രിയായി ഖാലിദ്.

ഡൊമിനിക്കന്‍ പൗരത്വം ലഭിക്കുന്ന ആദ്യത്തെ വ്യക്തി അല്ല ഖാലിദ്.

ഇറാഖിന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന, സദ്ദാം ഹുസൈന്റെ ഉന്നത ആണവ ശാസ്ത്രജ്ഞന്‍- 2014-ല്‍ ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്. മുഅമ്മര്‍ ഗദ്ദാഫിയുടെ കീഴില്‍ സേവനമനുഷ്ഠിച്ച ഒരു ലിബിയന്‍ കേണല്‍ 2015 ല്‍ വാങ്ങിയിരുന്നു.

100,000 ഡോളറിന്റെ അടിസ്ഥാന വിലയ്ക്ക് വിദേശികള്‍ക്ക് പാസ്പോര്‍ട്ട് വാങ്ങാന്‍ അനുവാദം നല്‍കുന്ന ഡൊമിനിക്കയുടെ ‘നിക്ഷേപത്തിലൂടെയുള്ള പൗരത്വം (‘സിറ്റിസണ്‍ഷിപ് ബൈ ഇന്‍വെസ്റ്റ്‌മെന്റ്)’ എന്ന പദ്ധതി പ്രയോജനപ്പെടുത്തിയ ആയിരക്കണക്കിന് ആളുകളില്‍ ഇവരും ഉള്‍പ്പെടുന്നു.

ഇങ്ങനെ പാസ്‌പോര്‍ട്ട് വാങ്ങിയവരുടെ പേര് വിവരങ്ങള്‍ ഒരിടത്തു നിന്നും എളുപ്പത്തില്‍ കണ്ടെടുക്കുവാന്‍ സാധിക്കുമായിരുന്നില്ല.

ഒരു ഡസനിലധികം മീഡിയ പങ്കാളികളുമായി ചേര്‍ന്ന് ഒസിസിആര്‍പിയും, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി പ്രൊജക്റ്റും ചേര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ ഡൊമിനിക്കന്‍ പാസ്പോര്‍ട്ടുകള്‍ വാങ്ങിയ ഏകദേശം 7,700 പേരുടെ പേരുകള്‍ കണ്ടെത്തി.

റഷ്യ, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും, ഗണ്യമായ സമ്പത്തുള്ള ആളുകളുമാണ് പാസ്‌പോര്‍ട്ട് വാങ്ങുന്നവരില്‍ കൂടുതല്‍. അവരില്‍ അസര്‍ബൈജാനി വംശജരായ രണ്ട് റഷ്യന്‍ ശതകോടീശ്വരന്മാരും ഉള്‍പ്പെടുന്നു. യുക്രെയ്‌നില്‍ റഷ്യ പൂര്‍ണ തോതിലുള്ള അധിനിവേശം നടത്തിയതിനു ശേഷമാണ് ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചത്.

ജോര്‍ദാനിലെ മുന്‍ പ്രധാനമന്ത്രിയും ഇറാഖിന്റെ ഭാവി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാസ്‌പോര്‍ട്ട് എടുത്തവരില്‍ ഉള്‍പ്പെടുന്നു.

അവര്‍ കമ്പനികളോ ബാങ്ക് അക്കൗണ്ടുകളോ തുറക്കുമ്പോള്‍ ‘രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികള്‍’ എന്ന് ഡൊമിനിക്കന്‍ പാസ്പോര്‍ട്ടില്‍ നല്‍കുന്നുണ്ട്.

കോര്‍പ്പറേറ്റ് രജിസ്ട്രികള്‍ അനുസരിച്ചു ഡൊമിനിക്കന്‍ പാസ്പോര്‍ട്ടുകള്‍ വാങ്ങുന്ന ഡസന്‍ കണക്കിന് ആളുകള്‍ അവരുടെ പുതിയ രേഖകള്‍ ഉപയോഗിച്ചു ലോകമെമ്പാടും കമ്പനികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.

ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് നേടിയ 30 പേരെ റിപ്പോര്‍ട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. അധികാരികള്‍ അന്വേഷിക്കുകയോ കുറ്റകൃത്യങ്ങള്‍ ചുമത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാണിവര്‍.

ഏതാണ്ട് ഒരു ഡസനോളം അവസരങ്ങളില്‍, തങ്ങളുടെ രാജ്യങ്ങളിലെ ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നോ പ്രോസിക്യൂഷനില്‍ നിന്നോ ഒളിച്ചോടിയവരാണിവര്‍.

ഈ കേസുകളില്‍ കുറ്റവാളികള്‍ക്ക് പാസ്പോര്‍ട്ട് ബോധപൂര്‍വം വിറ്റതായി ഡൊമിനിക്കയെ ആരോപിക്കാനാവില്ല. എന്നാല്‍ ഈ പൗരത്വങ്ങളില്‍ ഏതെങ്കിലും റദ്ദാക്കിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രാജ്യത്തെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.

2016-ലെ ഒരു അഭിമുഖത്തില്‍, യു.എന്നിലെ അന്നത്തെ രാജ്യത്തിന്റെ പ്രതിനിധി, ദ്വീപിന്റെ അന്വേഷണ സമിതി അപേക്ഷകരുടെ ജീവിതത്തിലേക്ക് ആഴത്തില്‍ പഠിക്കുമെന്നു പറഞ്ഞിരുന്നു.

”എന്തെങ്കിലും മറച്ചുവെക്കാനുള്ളവര്‍ അപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സംയുക്ത അഭിമുഖത്തില്‍, ഡൊമിനിക്കയുടെ പൗരത്വ-നിക്ഷേപ പരിപാടിയുടെ തലവന്‍ അപേക്ഷകരില്‍ രണ്ട് ശതമാനം മാത്രമാണ് നിരസിക്കപ്പെട്ടതെന്ന് സമ്മതിച്ചു.

‘ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകളും ഗോള്‍ഡന്‍ വിസകളും കുറ്റവാളികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്’ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും ഇതുപോലുള്ള പൗരത്വ പദ്ധതികളെ വിമര്‍ശിക്കുന്നവരില്‍ ഒരാളുമായ സോഫി ഇന്‍ ടി വെല്‍ഡ് പറഞ്ഞു.

‘ഇത് യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഒരു റെഡ് കാര്‍പെറ്റ് ആയി മാറുന്നു’ എന്ന് അവര്‍ വിമര്‍ശിച്ചു.

നീണ്ട ചൂഷണത്തിന്റെ മറുപടിയാണ് ഡൊമിനിക്കയുടെ പൗരത്വ പദ്ധതിയെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. നൂറുവര്‍ഷത്തിലേറെ നീണ്ട അടിമത്തവും, ഫ്രഞ്ച്, ബ്രിട്ടീഷ് കോളനിവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ഡൊമിനിക്കയെ നീണ്ട ചൂഷണത്തിന് വിധേയമാക്കി. അതുകൊണ്ടു വികസനത്തിന് വളരെ കുറഞ്ഞ വഴികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. രാജ്യത്തിന്റെ പൗരത്വം വിറ്റുകൊണ്ടാണ് പൊതു സേവനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്.

ഡൊമിനിക്ക ചെയ്യുന്നതില്‍ അന്തരാഷ്ട്ര നിയമ പ്രകാരം, നിയമ വിരുദ്ധമായി ഒന്നും ഇല്ല. ‘സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ നാച്ചുറലൈസേഷന്‍ നയങ്ങള്‍ ക്രമീകരിക്കാനുള്ള അധികാരമുണ്ട്’ ഓക്‌സ്‌ഫോര്‍ഡിന്റെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടര്‍ മഡലീന്‍ സംപ്ഷന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ സംശയാസ്പദമായ കണക്കിന് പാസ്പോര്‍ട്ടുകള്‍ നല്‍കുന്നത് ദ്വീപിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന നിലയിലേക്ക് എത്തിക്കാമെന്ന് ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകളില്‍ വിദഗ്ദനായ ക്രിസ്റ്റിന്‍ സുരക് പറഞ്ഞു.

‘യൂറോപ്യന്‍ യൂണിയന്‍ പോലെയുള്ളവര്‍ വിസ രഹിത പ്രവേശനം റദ്ദാക്കിയേക്കാം, ഇതിനകം തന്നെ വനുവാട്ടു കണ്ടത് പോലെ,’; സുറക് പറഞ്ഞു. 2022 ല്‍ പസഫിക് ദ്വീപ് രാഷ്ട്രം നടത്തിയ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് പ്രോഗ്രാമിനെ പരാമര്‍ശിച്ചുകൊണ്ടാണ് സുരക് പറഞ്ഞത്.

യു.കെ യുടെ മുന്‍ കോളനി ആയിരുന്നു ദ്വീപ്. അതിനാല്‍ ഡൊമിനിക്കന്‍ പൗരന്മാര്‍ക്കു യു കെ യിലേക്കുള്ള പ്രവേശനത്തിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഡൊമനിക്കയുടെ പൗരത്വ വില്പന മൂലം ഡൊമിനിക്കന്‍ യാത്രക്കാര്‍ക്ക് അടുത്തിടെ വീസ ആവശ്യകതകള്‍ ഏര്‍പ്പെടുത്തി. ‘കൃത്യവും വ്യക്തവുമായി നടത്തുന്ന ദുര്യുപയോഗം’ എന്നാണു യുകെ ഡൊമിനിക്കയുടെ പൗരത്വ വില്പനയെക്കുറിച്ചു അഭിപ്രായപ്പെട്ടത്.

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പറയുന്നതനുസരിച്ച്, ‘യു.കെ-യ്ക്ക് അപകടസാധ്യതയുള്ളതാണ് എന്ന് കരുതുന്ന വ്യക്തികള്‍ക്ക് ‘ദ്വീപ് പൗരത്വം’ നല്‍കിയിട്ടുണ്ട്.

ഡൊമിനിക്കന്‍ പ്രധാനമന്ത്രി, റൂസ്വെല്‍റ്റ് സ്‌കെറിറ്റ്, യു കെ യുടെ ഈ നീക്കത്തെ ‘നിര്‍ഭാഗ്യകരം’ എന്ന് വിളിച്ചു. തന്റെ സര്‍ക്കാര്‍ പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിന് അധിക നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് പറയുകയും ചെയ്തു. ഗവണ്‍മെന്റിന് ‘മള്‍ട്ടി-ലേയേര്‍ഡ്’ പരിശോധന സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച പരിശോധന ഏജന്‍സികളാണ് ഓരോ കാര്യങ്ങളിലും മേല്‍നോട്ടം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പശ്ചാത്തലം അന്വേഷിക്കുമ്പോള്‍ കുഴപ്പങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യതയുണ്ടെന്നു സ്വയം ബോധ്യമുള്ള ഒരു ഡൊമിനിക്ക പാസ്പോര്‍ട്ട് അപേക്ഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്; ‘പരിശോധന സമയങ്ങളില്‍ ഒരു വിധത്തിലും ബുദ്ധിമുട്ടേണ്ടി വന്നില്ല, കാര്യ പ്രസക്തമായ ചോദ്യങ്ങളും ഉണ്ടായില്ല” എന്നാണ്.

‘അവര്‍ വിഷമിക്കേണ്ടെന്ന് പറഞ്ഞു’ നേപ്പാളില്‍ ചൂതാട്ട മാഗ്‌നറ്റായി നിരവധി കാസിനോകള്‍ നടത്തുകയും സര്‍ക്കാരുമായി ഗുരുതരമായ നികുതി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഗണിതശാസ്ത്രജ്ഞന്‍ രാകേഷ് വാധ്വ വളരെ എളുപ്പത്തില്‍ ആയിരുന്നു ഡൊമിനിക്കന്‍ പൗരത്വം നേടിയെടുത്തത്. നേപ്പാളിലെ അദ്ദേഹത്തിന്റെ ചൂതാട്ടം മൂലമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് സിംഗപ്പൂര്‍ ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പരിമിതി ഉണ്ടായിരുന്നു. എന്നാല്‍ വളരെ എളുപ്പത്തില്‍ വാങ്ങിയ ഡൊമിനിക്കന്‍ പാസ്‌പോര്‍ട്ട് കൊണ്ട് എല്ലാ പ്രശ്‌നനങ്ങളും വളരെ എളുപ്പത്തില്‍ ആണ് മറികടന്നു എത്തിയത്.

ഈ കാര്യങ്ങളോടുള്ള പ്രതികരണത്തിന് വേണ്ടി ഡൊമിനിക്കന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി സ്‌കെറിറ്റിനോടും അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ മറുപടി പറഞ്ഞില്ല..

എന്നാല്‍ അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി, വരാനിരിക്കുന്ന അന്വേഷണത്തിനെതിരേ മുന്‍കൂര്‍ പരാതി ഉയര്‍ത്തി; ”സിറ്റിസന്‍ഷിപ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി നശിപ്പിക്കാന്‍ രാജ്യത്ത് ചിലരുടെ ശ്രമം തുടരുകയാണ്, അതിനാല്‍ അവര്‍ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരുമായും ചില പ്രാദേശിക പത്രപ്രവര്‍ത്തകരുമായും ഒത്തുകളിക്കുന്നു. ഞങ്ങളുടെ പരിപാടിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും അത് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലേബര്‍ പാര്‍ട്ടിയെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകള്‍ ഡൊമിനിക്കയില്‍ ഇതിന്റെ ഭാഗമായി പ്രവൃത്തിക്കുന്നുണ്ട്’.

‘നമ്മുടെ സാമ്പത്തിക സാമൂഹിക വികസനത്തിന്റെ പ്രധാന ഭാഗവും നടക്കുന്നത് സിറ്റിസന്‍ഷിപ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമിലൂടെയാണ്’ എന്നൊരു ജാമ്യവും സ്‌കെറിറ്റ് എടുത്തിട്ടുണ്ട്.

ദേശീയ തൊഴില്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും നടക്കുന്നത് സിറ്റിസന്‍ഷിപ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമിലൂടെയാണ്. ഓരോ മാസവും ഏകദേശം അഞ്ചു മില്യണ്‍ ഡോളറാണ് ഇതിനു വേണ്ടി ചെലവിടുന്നത്.

ആയിരക്കണക്കിന് വീടുകള്‍ നിര്‍മിക്കാനും, ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനും, ദേശീയ സുരക്ഷയെ സഹായിക്കുന്നതിനും ഈ പ്രോഗ്രാമിലെ തുകയാണ് ഉപയോഗിക്കുന്നത്.

”ശ്രദ്ധാപൂര്‍വമായ തലങ്ങളിലൂടെ കടന്നുപോകുന്ന ശക്തമായ ഒരു സംവിധാനം ഞങ്ങള്‍ക്കുണ്ട്” സ്‌കെറിറ്റ് തുടര്‍ന്നു.

‘ഇന്ന് ആരെങ്കിലും ഡൊമിനിക്കയിലെ പൗരനാകുകയും, നാളെ രാവിലെ ആ വ്യക്തി പോയി എന്തെങ്കിലും കുറ്റം ചെയ്യുകയും ഒരു നിയമ പ്രശ്‌നത്തില്‍ എത്തുകയും ചെയ്താല്‍, അതിന് നിങ്ങള്‍ക്ക് സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.’

തെമ്മാടികളുടെ ഗാലറി

ഡൊമിനിക്കയിലെ പൗരന്മാര്‍ക്ക് യുകെ അധികാരികള്‍ പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍, അവര്‍ ആരെയാണ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് വിശദീകരിച്ചില്ല. എന്നാല്‍, ഏകദേശം 7,700 പുതിയ ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് ഉടമകളുടെ പട്ടിക സമാഹരിച്ചപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ അവരില്‍ ഒന്നിലധികം പ്രശ്നകരമായ കേസുകള്‍ കണ്ടെത്തി.

കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട പലരും പിന്നീട് ഡൊമിനിക്കന്‍ പാസ്‌പോര്‍ട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ചു.

ജോര്‍ദാനിയന്‍ വ്യവസായി മുതാസെം ഫൗറിയും പിതാവ് ഫയസും 2010-ല്‍ ഡൊമിനിക്കന്‍ പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം, അവര്‍ അറസ്റ്റിലാവുകയും നിക്ഷേപകരെ കോടിക്കണക്കിന് ഡോളര്‍ കബളിപ്പിച്ചതിന് കുറ്റം ചുമത്തുകയും തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഈ ശിക്ഷാവിധികള്‍ക്കെതിരെ അവര്‍ നിലവില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഫയസ് ഫൗരി നിലവില്‍ ഒരു അനുബന്ധ കേസില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍, ശിക്ഷ ലഭിച്ച മുതാസെമിന് ജയില്‍ ചാടാന്‍ കഴിഞ്ഞു. അതിനുശേഷം അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തില്‍ കമ്പനികള്‍ സ്ഥാപിച്ചു.

തന്റെ ദേശീയത ‘ഡൊമിനിക്ക’ എന്നും താമസിക്കുന്ന രാജ്യം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നും രേഖപ്പെടുത്തി. അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനകളോട് ഫയസോ മുതാസെമോ പ്രതികരിച്ചില്ല.

മറ്റൊരു കേസില്‍, 2015 ല്‍ ഡൊമിനിക്കന്‍ പൗരത്വം വാങ്ങിയ സ്പാനിഷ് പൗരനായ പെഡ്രോ ഫോര്‍ട്ട് ബെര്‍ബെല്‍- രണ്ട് വര്‍ഷത്തിന് ശേഷം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്‌കീം നടത്തിയതായി ആരോപിക്കപ്പെട്ടു.

ആ സമയത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള പോന്‍സി സ്‌കീം നടത്തിയതായി യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ആണ് ആരോപിച്ചത്.

എസ്ഇസി 2019ല്‍ ബെര്‍ബെലിനും അദ്ദേഹത്തിന്റെ കമ്പനിയായ ഫോര്‍ട്ട് മാര്‍ക്കറ്റിംഗ് ഗ്രൂപ്പ് എല്‍എല്‍സിക്കും എതിരെ 26 മില്യണ്‍ ഡോളര്‍ വിധി നേടി.

കൂടാതെ ബെര്‍ബെല്‍, ദ ബാങ്ക് ഓഫ് നോവ സ്‌കോട്ടിയ, ഫസ്റ്റ് കരീബിയന്‍ ഇന്റര്‍നാഷണല്‍ ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് കാനഡ എന്നീ ഡൊമിനിക്കന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ അഭിഭാഷകര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈമാറിയതായും കണ്ടെത്തി.

ബെര്‍ബെല്‍ കേസിനെക്കുറിച്ചും പണം എന്തെങ്കിലും തിരിച്ചടച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പ്രതികരിക്കാന്‍ എസ്ഇസി വിസമ്മതിച്ചു. അഭിപ്രായത്തിനുള്ള OCCRP യുടെ അഭ്യര്‍ത്ഥനകളോട് ബെര്‍ബെലും അദ്ദേഹത്തിന്റെ നിയമ സംഘവും പ്രതികരിച്ചില്ല.

ഹസന്‍ നാസര്‍ ജാഫര്‍ അല്‍-ലാമി ഒരു ഇറാഖി വ്യവസായിയാണ്. അദ്ദേഹം 2017-ല്‍ ഡൊമിനിക്കന്‍ പൗരത്വം നേടി, യുകെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി 2022 വരെ അത് തുടര്‍ന്നു.

അതിനിടയില്‍, അദ്ദേഹവും അദ്ദേഹം ഷെയര്‍ഹോള്‍ഡറായിരുന്ന ഇറാഖി നൂര്‍ ഇസ്ലാമിക് ബാങ്കും നിരവധി അറബി, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിരീക്ഷണത്തിന് വിധേയരായി.

വ്യാജ ഇന്‍വോയ്‌സുകളുടെ രാജാവ്’

2020 ജനുവരിയില്‍ ഇറാഖിലെ സെന്‍ട്രല്‍ ബാങ്കിലെ ജീവനക്കാരന്‍ ഒരു ലെബനീസ് ടിവി സ്റ്റേഷനില്‍ പ്രത്യക്ഷപ്പെട്ട് ലാമിയെ ‘സാമ്പത്തിക ഖാസിം സുലൈമാനി’ എന്ന് പരാമര്‍ശിച്ചു, തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം വെളുപ്പിക്കാന്‍ കമ്പനികള്‍ വ്യാജ ഇന്‍വോയ്സുകള്‍ ഉപയോഗിച്ചുവെന്ന് അവര്‍ ആരോപിച്ചു.

ഡൊമനിക്കയില്‍ നിന്നുള്ള ദൃശ്യം. ഡൊമിനിക്കയുടെ പ്രകൃതി ഭംഗിയും ദുര്‍ഘടമായ ഭൂപ്രകൃതിയും ഈ ദ്വീപ് രാജ്യത്തിന് ‘നേച്ചര്‍ ഐലന്‍ഡ്’ എന്ന വിളിപ്പേര് നേടിക്കൊടുത്തിട്ടുണ്ട്. വിഖ്യാത ഹോളിവുഡ് സിനിമയായ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍സിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെയാണ്.

ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇറാനിയന്‍ പെട്രോകെമിക്കലുകള്‍ വില്‍ക്കുന്നതിന് കഴിഞ്ഞ വര്‍ഷം അമേരിക്ക അനുവദിച്ച ഒരു കമ്പനി സ്ഥാപിക്കാന്‍ ഒരു ഇറാനിയന്‍ ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചതായും ഞങ്ങളുടെ റിപ്പോര്‍ട്ടിംഗ് കാണിക്കുന്നു.

ബനാന ക്രൈസിസ്

സാമ്പത്തിക വീണ്ടെടുക്കല്‍ നടത്തുന്നതിന് വേണ്ടിയാണു ഡൊമനിക്കയെ ഒരു ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഹബ് ആക്കി മാറ്റിയത്.

ലോകവ്യാപാര സംഘടനയുടെ വിധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വാഴ വ്യവസായത്തിന് ഡൊമിനിക്കയ്ക്കു ലഭിച്ച പിന്തുണ ഇല്ലാതാക്കി. കൂടാതെ ദ്വീപിനെ ബാധിച്ച രണ്ട് ചുഴലിക്കാറ്റുകളും ദ്വീപില്‍ പ്രതിസന്ധി രൂക്ഷമാക്കി.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പിന്തുണ ‘ ഉപാധികളോടെയാണ് വന്നത്’ വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ബ്രിസ്റ്റോളിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ പീറ്റര്‍ ക്ലെഗ് പറഞ്ഞു. ‘ഡൊമിനിക്കയ്ക്ക് സാമൂഹിക പരിപാടികള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നു.’

വരുമാനത്തിന് ബദല്‍ സ്രോതസ്സ് ആവശ്യമുള്ളതിനാല്‍ ഡൊമിനിക്ക പാസ്‌പോര്‍ട്ട് കച്ചവടത്തിലേക്ക് തിരിഞ്ഞു. അതിജീവനത്തെക്കുറിച്ചായിരുന്നു തീരുമാനം, ക്ലെഗ് പറഞ്ഞു. ‘ധാര്‍മ്മികത ഒരു ഘടകമായിരുന്നില്ല.’

‘വാഴപ്പഴത്തിന് പുറത്ത് ഡൊമിനിക്കയ്ക്ക് യോജിച്ച വികസന തന്ത്രം ഇല്ലായിരുന്നു.’

1993-ല്‍ നിക്ഷേപത്തിലൂടെ ദ്വീപ് പൗരത്വം നിയമവിധേയമാക്കിയിരുന്നു, എന്നാല്‍ സ്‌കെറിറ്റ് പ്രധാനമന്ത്രി ആയതോടെ രാജ്യത്തിന്റെ പാസ്പോര്‍ട്ടുകള്‍ ലോകമെമ്പാടുമുള്ള ഉയര്‍ന്ന റോളര്‍മാര്‍ക്കിടയില്‍ പ്രചാരത്തിലായി.

പുതിയ യുവ പ്രധാനമന്ത്രിക്ക് വാഴയില്‍ നിറഞ്ഞ പ്രതിസന്ധി മാത്രമല്ല, രാഷ്ട്രീയ പ്രതിസന്ധിയും ലഭിച്ചു. 2004-ല്‍ മരണപ്പെട്ട തന്റെ മുന്‍ഗാമിയുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ വിളിക്കപ്പെടുകയും ഉടന്‍ തന്നെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്തതിനാല്‍, തന്റെ ജനങ്ങള്‍ക്ക് ഫലങ്ങള്‍ നല്‍കാന്‍ പണം സ്വരൂപിക്കേണ്ടത് ആവശ്യമായിരുന്നു.

പണത്തിന്റെ ഒരു ഉറവിടം ചൈനയായിരുന്നു. 1990-കളുടെ തുടക്കത്തില്‍, ഡൊമിനിക്കന്‍ പൗരത്വം വാങ്ങുന്നവരില്‍ ഭൂരിഭാഗവും തായ്വാനീസ് ആയിരുന്നു. എന്നാല്‍ സ്‌കെറിറ്റ് അധികാരത്തില്‍ വന്നപ്പോള്‍, ചൈനയോടുള്ള രാജ്യത്തിന്റെ നയതന്ത്രത്തിന്റെ വലിയൊരു പുനഃക്രമീകരണത്തിന്റെ ഭാഗമായി, ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിപണനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു.

ഡൊമനിക്കയിലെ ലേബര്‍ പാര്‍ട്ടിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്‌

സ്‌കെറിറ്റിന് ഏഷ്യയ്ക്കപ്പുറമുള്ള പദ്ധതികള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണകൂടം ഡൊമിനിക്കന്‍ പാസ്പോര്‍ട്ടുകള്‍ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി, റഷ്യ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപകരെ തേടി.

പാസ്‌പോര്‍ട്ട് ബ്രോക്കര്‍മാരും റിയല്‍ എസ്റ്റേറ്റും

സ്‌കെറിറ്റ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. IMF റിപ്പോര്‍ട്ട് അനുസരിച്ചു ഡൊമിനിക്ക ഭാഗികമായെങ്കിലും സാമ്പത്തിക പുരോഗതിയിലേക്ക് എത്തുന്നുണ്ട്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, സ്‌കെറിറ്റ് ഉയര്‍ത്തിക്കൊണ്ടു വന്ന പാസ്പോര്‍ട്ട് പ്രോഗ്രാം വന്‍ വിജയമാണ്.

ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍ട്ട് സ്‌കെറിറ്റ്(ഇടത്ത്) കോമണ്‍വെല്‍ത്ത് സമ്മേളനത്തോടനുബന്ധിച്ച് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഹാരി രാജകുമാരനെ സന്ദര്‍ശിച്ചപ്പോള്‍

ഡൊമിനിക്കയുടെ സംസ്ഥാന ബജറ്റ് അനുസരിച്ച്, 2009-നും 2021-നും ഇടയില്‍, പൗരത്വ-നിക്ഷേപം ദ്വീപിനായി ഏകദേശം 775 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ഇത് സര്‍ക്കാര്‍ പരിപാടികള്‍ക്ക് ധനസഹായം നല്‍കാനും സ്‌കെറിറ്റിന്റെ പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താനും സഹായിച്ചു.

രാജ്യത്തെ സ്വകാര്യ പാസ്പോര്‍ട്ട് ബിസിനസ് 70-ലധികം കമ്പനികളെ ദ്വീപിലേക്ക് ആകര്‍ഷിച്ചു. അവരില്‍ പലരും ദ്വീപിലെ റിയല്‍ എസ്റ്റേറ്റ് വികസനത്തിലേക്കു ശാഖകള്‍ സ്ഥാപിച്ചു.

അവയില്‍ ഏറ്റവും പ്രമുഖമായ ഒന്നാണ് മോണ്‍ട്രിയല്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്‌സ് എസ്റ്റ് (എംഎംസിഇ).യുഎഇയില്‍ ആണ് ഇത് രജിസ്റ്റര്‍ ചെയ്തതു, ആന്റണി ഹെയ്ഡന്‍ എന്ന വ്യക്തി ആണ് നടത്തുന്നത്.

പാസ്പോര്‍ട്ട് വില്‍പ്പന സുഗമമാക്കുന്നതിന് പുറമെ, ഡൊമിനിക്കയില്‍ ഒരു വികസന വിഭാഗമായ എംഎംസി ഡെവലപ്മെന്റും ഹൈഡന്റെ MMCE-യ്ക്ക് ഉണ്ട്, അത് അതിന്റെ വെബ്സൈറ്റില്‍ രാജ്യത്തെ ‘പ്രമുഖ വികസന കമ്പനി’ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. 370 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം അതിന്റെ പ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ഡൊമിനിക്കയില്‍ പൊതു ഭവന നിര്‍മാണത്തിനുള്ള ഒരു പ്രത്യേക ശ്രമത്തില്‍, MMCE അതിന്റെ പാസ്‌പോര്‍ട്ട് ബിസിനസുകളും, നിര്‍മ്മാണ ബിസിനസുകളും മുന്നോട്ട് കൊണ്ടുപോകുന്നു.

2015-ല്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ് എറിക്ക ഡൊമിനിക്കയെ തകര്‍ത്തതിനുശേഷം, ചുഴലിക്കാറ്റിനെ പ്രതിരോധിക്കുന്ന വീടുകള്‍ നിര്‍മിക്കുന്നതിന് MMCE സര്‍ക്കാരുമായി നിരവധി കരാറുകള്‍ ഉണ്ടാക്കി.

പദ്ധതിക്ക് ഒരു ധനസഹായ സംവിധാനം ഉണ്ടായിരുന്നു, അത് ഹൈഡനും അദ്ദേഹത്തിന്റെ കമ്പനിക്കും രണ്ട് തരത്തില്‍ പ്രയോജനം ചെയ്തു. ഒരു വ്യാപാര പ്രസിദ്ധീകരണത്തിന് 2018-ല്‍ ഹെയ്ഡന്‍ നല്‍കിയ അഭിമുഖം അനുസരിച്ച് സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് പാസ്പോര്‍ട്ട് വില്‍പ്പനയില്‍ നിന്നുള്ള ഒരു തുക നിര്‍മാണച്ചെലവുകള്‍ വേണ്ടി സര്‍ക്കാര്‍ എംഎംസിഇക്ക് തിരികെ നല്‍കി – ആ വില്‍പ്പനയില്‍ നിന്ന് കമ്മീഷനും എടുത്തതായി അദ്ദേഹം പറഞ്ഞു.

പാസ്പോര്‍ട്ട് ഫീസ് നിക്ഷേപിച്ച ഒരു എസ്‌ക്രോ അക്കൗണ്ട് വഴിയാണ് പണം അടച്ചത്, കുറച്ച് അനുപാതം സര്‍ക്കാരിലേക്ക് പോകുകയും ചിലത് നിര്‍മാണത്തിനായി ഹൈഡന്റെ കമ്പനിക്ക് പണം തിരികെ നല്‍കുകയും ചെയ്തു.

‘MMCE അതിന്റെ ക്ലയന്റുകളുടെ സേവന ഫീസില്‍ നിന്നും ഒരു നിര്‍മാതാവ് എന്ന നിലയിലുള്ള റോളുമായി ബന്ധപ്പെട്ട ലാഭ മാര്‍ജിനില്‍ നിന്നും പ്രയോജനം നേടുന്നു’ എന്നു ഹെയ്ഡന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഹൈഡനെ പ്രതിനിധീകരിച്ച് ഒരു ഇമെയില്‍ ലഭിച്ചിരുന്നു. ഈ സ്‌കീം അപകടസാധ്യതകള്‍ ഉള്‍ക്കൊള്ളുന്നുവെന്നും എങ്കിലും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഇമെയില്‍ പ്രസ്താവിച്ചു.

ഇമെയില്‍ പറയുന്നത് അനുസരിച്ച് ”പൗരത്വ വിഹിതത്തിന്റെ വില്‍പ്പന വേഗത, പ്രൊജക്റ്റിന്റെ പുരോഗതിയെ ബാധിക്കില്ല, കാരണം സമയബന്ധിതമായ പൂര്‍ത്തീകരണവും ഡെലിവറിയും ഉറപ്പാക്കാനും സുരക്ഷിതമാക്കാനും MMCE ഫണ്ട് മുന്‍കൂറായി സമര്‍പ്പിക്കുന്നു,”

‘ഇങ്ങനെ റിസ്‌ക് എടുക്കുന്നത് സാമ്പത്തികമായും ധാര്‍മികമായും ചില ചെലവുകള്‍ നല്‍കുന്നു. ഉയര്‍ന്ന റിസ്‌ക് ബിസിനസ്സ് സംരംഭമായി കാണുന്നതിനാല്‍ മിക്ക നിക്ഷേപകരും അത്തരം ഒരു സംരംഭത്തില്‍ നിന്ന് പിന്മാറുന്നു. അപകടസാധ്യതകള്‍ ഏറ്റെടുക്കുന്നതിലും വന്‍ പദ്ധതികള്‍ നല്‍കി വിജയിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.’

അപേക്ഷകരുടെ സര്‍ക്കാരിന്റെ അംഗീകാരത്തിന് മുമ്പ് അവരുടെ കാര്യത്തില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്നതിന് സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് യൂണിറ്റിന് ഉത്തരവാദിത്തമുണ്ട്; ഇമെയില്‍ പറയുന്നു.

‘ഒരു അംഗീകൃത ഏജന്റ് എന്ന നിലയില്‍, വരാനിരിക്കുന്ന അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ്, വളരെ കര്‍ശനമായ സൂഷ്മ പരിശോധന സംവിധാനം MMCE സ്വീകരിച്ചിട്ടുണ്ട്.’

കമ്പനി ഇമെയില്‍ തുടരുന്നു; ‘ഒരു ക്രിമിനല്‍ റെക്കോര്‍ഡ് അല്ലെങ്കില്‍ ഒരു ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അല്ലെങ്കില്‍ രണ്ടാം പൗരത്വം നേടുന്നതില്‍ മോശമായ നിലയിലുള്ള ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ സഹായിച്ചിട്ടില്ല, ഒരിക്കലും സഹായിക്കില്ല.’

പ്രധാനമന്ത്രി സ്‌കെറിറ്റുമായി ഹെയ്ഡന്‍ നേരിട്ട് ബിസിനസ് നടത്തിയിട്ടുണ്ട്.

2018-ല്‍, റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ച രേഖകള്‍ കാണിക്കുന്നത്, ഹെയ്ഡന്‍ കമ്പനി 270,000 ഡോളര്‍ മൂല്യമുള്ള ഡൊമിനിക്കന്‍ പ്രോപ്പര്‍ട്ടി സ്‌കെറിറ്റില്‍ നിന്ന് വാങ്ങിയെന്നാണ്.

പ്രധാനമന്ത്രി സ്‌കെറിറ്റ് വാടകയ്ക്ക് എടുത്ത ബംഗ്ലാവ്‌

2020 ലെ കണക്കനുസരിച്ച്, ഡൊമിനിക്കന്‍ ഗവണ്‍മെന്റ് അതേ കമ്പനിക്ക് പ്രതിവര്‍ഷം 1,40,000 ഡോളര്‍ നല്‍കുന്നുണ്ട്. പര്‍വതങ്ങളില്‍ പ്രധാനമന്ത്രിക്കായി തലസ്ഥാനമായ റോസോയെ നോക്കിക്കാണുന്ന ഒരു മാളിക വാടകയ്ക്കെടുക്കാന്‍ വേണ്ടിയാണത്.

(ക്രമീകരണത്തെ വിമര്‍ശിച്ചതിന് ശേഷം, രണ്ടു വര്‍ഷത്തെ പാട്ടം പുതുക്കില്ലെന്ന് സ്‌കെറിറ്റ് വാഗ്ദാനം ചെയ്തു).

ഹൈഡനും സ്‌കെറിറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ താല്പര്യമില്ലാത്ത വിഷയം എന്ന് GWU ഡീന്‍ ടിലിപ്മാന്‍ പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍, പ്രധാനമന്ത്രി സ്‌കെറിറ്റുമായി തനിക്ക് ‘തികച്ചും പ്രൊഫഷണല്‍’ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ടെന്നും ഹൈഡന്റെ പ്രതിനിധി പറഞ്ഞു.

മുന്‍കൂറായി പണം നല്‍കുന്നതിനുമപ്പുറം, ഡൊമിനിക്കന്‍ പൗരത്വം വാങ്ങുന്നതിനുള്ള ഒരു ബദല്‍ മാര്‍ഗത്തില്‍ സര്‍ക്കാര്‍ അംഗീകൃത റിയല്‍ എസ്റ്റേറ്റ് വികസനങ്ങളില്‍ 200,000 ഡോളറിന്റെ നിക്ഷേപം ഉള്‍പ്പെടുന്നു. ദ്വീപില്‍ താമസിക്കുന്ന ഡൊമിനിക്കക്കാര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

യുഎഇ അടിസ്ഥാനമാക്കിയുള്ള റേഞ്ച് ഡെവലപ്മെന്റ്‌സ് ഈ സ്‌കീം പ്രയോജനപ്പെടുത്തുന്ന ഒരു കമ്പനിയാണ്. ഡൊമിനിക്കന്‍ പാസ്പോര്‍ട്ട് ബ്രോക്കിംഗിലും പ്രോപ്പര്‍ട്ടി ഡെവലപ്മെന്റിലും ഇവര്‍ വിദഗ്ദ്ധരാണ്. വൈദഗ്ദ്ധ്യമുള്ള പുതിയ ഡൊമിനിക്കന്‍ പാസ്പോര്‍ട്ട്-വാങ്ങുന്നവരുടെ നിക്ഷേപങ്ങളിലൂടെ അത് ധനസഹായം നല്‍കിയ പദ്ധതികളില്‍ ദ്വീപിന്റെ വടക്ക് ഭാഗത്ത് കാബ്രിറ്റ്സ് ദേശീയ പാര്‍ക്കിന് സമീപം ഒരു ഹോട്ടല്‍ നിര്‍മാണവും ഉള്‍പ്പെടുന്നു.

OCCRP നേടിയ റേഞ്ചിന്റെ ‘മൂന്നാം കക്ഷി ക്ലയന്റുകളുടെ’ പട്ടികയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെട്ട അഫ്ഗാന്‍ മുന്‍ ഇന്റലിജന്‍സ് മേധാവി അസദുള്ള ഖാലിദ് ഉള്‍പ്പെടുന്നു.

അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായി, റേഞ്ച് എഴുതി; ‘താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് ഗവണ്‍മെന്റ് യോഗ്യത നേടിക്കഴിഞ്ഞാല്‍ മാത്രമേ പ്രോജക്റ്റില്‍ നിക്ഷേപിക്കാന്‍ കഴിയൂ, അതായത് അവര്‍ ഗവണ്‍മെന്റിന്റെ സൂക്ഷ്മമായ നടപടിക്രമങ്ങള്‍ പാസാക്കുകയും പൗരത്വം നല്‍കാന്‍ അനുയോജ്യരാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയും ചെയ്യും.

‘ഭൂരിപക്ഷം ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്തത് തേര്‍ഡ് പാര്‍ട്ടി പ്രൊമോട്ടര്‍മാരും പ്രാദേശിക ഏജന്റുമാരുമാണ്, റേഞ്ച് ഡെവലപ്മെന്റുകളല്ല, അതിനാല്‍ ഞങ്ങളുടെ ധാരണയ്ക്കും വിവരത്തിനും അതീതമായ കാര്യങ്ങളാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്,’ കമ്പനി എഴുതി.

വിശദീകരിക്കാത്ത സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍

എംഎംസിഇയും, റേഞ്ചും പോലുള്ള സ്ഥാപനങ്ങള്‍ പറുദീസയുടെ സ്വന്തം ഭാഗങ്ങള്‍ വാങ്ങുമ്പോള്‍, പ്രധാനമന്ത്രി സ്‌കെറിറ്റിന്റെ വ്യക്തിപരമായ ഉയര്‍ച്ച ദ്വീപില്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല.

‘രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വ്യക്തി ഞാനായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ 2021-ല്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സ്‌കെറിറ്റ് പരിഹസിച്ചു. ‘മിക്ക ആളുകളും എന്നെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നു.’

പ്രതിപക്ഷ രാഷ്ട്രീയക്കാരും യുഎസ് നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരീക്ഷകരും അദ്ദേഹത്തിന്റെ സ്വകാര്യ സമ്പത്തിനെക്കുറിച്ചും പൗരത്വ പണത്തിന് പെട്ടെന്നുള്ള സമ്പുഷ്ടീകരണത്തില്‍ പങ്കുണ്ടോയെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

‘2000-ല്‍ ഗവണ്‍മെന്റില്‍ ചേരുമ്പോള്‍ സ്‌കെറിറ്റിന്റെ പൊതു പ്രഖ്യാപനത്തില്‍ ഏറ്റവും കുറഞ്ഞ ആസ്തികള്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്’.

2009ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കേബിള്‍ പ്രസിദ്ധീകരിച്ച വിക്കിലീക്‌സ് വായിക്കുക. ‘സ്‌കെറിറ്റ് മറ്റ് നിയമപരമായ ജോലികള്‍ ചെയ്തിട്ടില്ല അല്ലെങ്കില്‍ തന്റെ ഔദ്യോഗിക സര്‍ക്കാര്‍ ശമ്പളത്തിന് പുറത്ത് വരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ല. പ്രതിമാസം 2,000 അമേരിക്കന്‍ ഡോളറില്‍ താഴെയാണ് ശമ്പളം. എന്നിട്ടും, ഈ ശമ്പളത്തില്‍, സ്‌കെറിറ്റ് ഡൊമിനിക്കയില്‍ 400,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന ഒന്നിലധികം ഭൂമി കൈവശം വച്ചിട്ടുണ്ട്. വളരെ ഉയര്‍ന്ന വിപണി മൂല്യത്തോടെ, അദ്ദേഹത്തിന്റെ ജന്മനാടായ വിയെല്ലെ കാസില്‍ കൊട്ടാരം വസതി നിര്‍മ്മിക്കുന്നു.’

2018 ഏപ്രില്‍ 19ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ പാട്രീഷ്യ സ്‌കോട്‌ലന്‍ഡും ചേര്‍ന്ന് റൂസ്വെല്‍ട്ട് സ്‌കെറിറ്റിനെ സ്വീകരിക്കുന്നു

ഡൊമിനിക്കയുടെ ഇന്റഗ്രിറ്റി കമ്മീഷന്‍, പ്രമുഖ പ്രതിപക്ഷ നേതാവായ ലെനോക്‌സ് ലിന്റണ്‍ സ്‌കെറിറ്റിനെക്കുറിച്ചു സമര്‍പ്പിച്ച പരാതി ഏറ്റെടുത്തു. തന്റെ നിയമപരമായ വരുമാനം കൊണ്ട് വിശദീകരിക്കാനാകാത്ത ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന എട്ട് ഓഷ്യന്‍ഫ്രണ്ട് വില്ലകള്‍ പ്രധാനമന്ത്രി സ്വന്തമാക്കിയതായി ലിന്റണ്‍ ആരോപിച്ചു.

അദ്ദേഹം കമ്മീഷനിലേക്ക് എഴുതി, ‘ഈ വില്ലകളിലുള്ള തന്റെ ഉടമസ്ഥതയിലുള്ള താല്‍പ്പര്യത്തിന് ധനസഹായം നല്‍കുന്നതിനായി,പബ്ലിക് ഉദ്യോഗസ്ഥര്‍ക്കായി സ്വീകരിച്ച പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രധാനമന്ത്രി ‘സമ്മാനങ്ങളോ ആനുകൂല്യങ്ങളോ നേട്ടങ്ങളോ’ സ്വീകരിച്ചു.

കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരം, ലിന്റണ്‍ തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകളുടെ ഒരു പാക്കേജ് നല്‍കി, ചോര്‍ത്തി എടുത്ത ഇമെയിലുകളും രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും സ്‌കെറിറ്റ് ഈ സ്വത്തുക്കളുടെ ഉടമയാണെന്ന് കാണിക്കുന്നു.

ലിന്റനെ ഒരു ഹിയറിംഗിന് ക്ഷണിക്കുകയും അദ്ദേഹത്തിന്റെ പരാതി പരിശോധിക്കുകയും ചെയ്ത ശേഷം, കമ്മീഷന്‍ അനുചിതമായ സമ്മാനങ്ങള്‍ വാങ്ങിയതിന് മതിയായ തെളിവുകള്‍ അതില്‍ അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തി.

സ്‌കെറിറ്റിന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വിധിച്ചു. സ്‌കെറിറ്റ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും എന്നും വിധിച്ചു. ഇവയെല്ലാം നടപ്പിലാക്കിയോ എന്ന് വ്യക്തമല്ല.

സ്‌കെറിറ്റിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, അദ്ദേഹത്തിന്റെ മകന്‍ ഒരു ചെലവേറിയ ന്യൂയോര്‍ക്ക് സിറ്റി പ്രെപ്പ് സ്‌കൂളില്‍ ചേര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ 2.2 മില്യണ്‍ ഡോളറിന്റെ അപ്പാര്‍ട്ട്മെന്റുമായി പ്രധാനമന്ത്രിയുടെ ഭാര്യ മെലിസയും നിരവധി ബന്ധുക്കളും മാധ്യമ റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ടിരുന്നു.

അല്‍ ജസീറയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരോട് കുടുംബം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടെന്ന് സ്‌കെറിറ്റ് സമ്മതിച്ചു, എന്നാല്‍ ഇത് തന്റെ ഭാര്യയുടെ ഒരു സുഹൃത്തിന്റെ ‘ ഉപചാരം കൊണ്ട് ആണെന്നും’ തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.

സ്‌കെറിറ്റിന്റെ ഭാര്യയും, സ്‌കെറിറ്റും അഭിപ്രായത്തിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചില്ല.

കടപ്പാട്: ജെയിംസ് ഒബ്രിയന്‍/ഒസിസിആര്‍പി സാക്ക് കോപ്ലിന്‍, അന്റോയിന്‍ ഹരാരി, ലാറ ദിഹ്‌മിസ്, ശരദ് വ്യാസ്, ജെസ് പുര്‍ക്കിസ്

Share on

മറ്റുവാര്‍ത്തകള്‍