UPDATES

പിടിഐ വനിത റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്ത് എഎന്‍ഐ റിപ്പോര്‍ട്ടര്‍

ബെംഗളൂരുവിലാണ് സംഭവം

                       

പിടിഐ വനിത റിപ്പോര്‍ട്ടര്‍ക്കെതിരേ എഎന്‍ഐ റിപ്പോര്‍ട്ടറുടെ കൈയേറ്റവും ലൈംഗികാതിക്രമവും. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പരിപാടിക്കിടയിലായിരുന്നു സംഭവം. പിടിഐ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എഫ്‌ഐആര്‍ കോപ്പി ട്വീറ്റ് ചെയ്തുകൊണ്ട് പിടിഐ പറയുന്നത്, ഈ ആഘാതത്തില്‍ നിന്നും തങ്ങളുടെ റിപ്പോര്‍ട്ടര്‍ ഇതുവരെ മുക്തയായിട്ടില്ലെന്നാണ്. ദേശീയ വനിത കമ്മീഷനും പിടിഐ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് വേദിയില്‍ വച്ച് രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് എ എന്‍ ഐ യുടെ രാഘവേന്ദ്ര പിടിഐ റിപ്പോര്‍ട്ടറെ മര്‍ദ്ദിക്കുകയുമാണ്.

പിടിഐയുടെ പ്രതികരണം ഉണ്ടായതിന് പിന്നാലെ എഎന്‍ഐയും രംഗത്തു വന്നു. താടിയില്‍ മുറിവേറ്റ രാഘവേന്ദ്രയുടെ ചിത്രം ട്വീറ്റ് ചെയ്താണ് എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ നവീന്‍ കപൂര്‍, തങ്ങളുടെ റിപ്പോര്‍ട്ടറാണ് അകാരണമായി ആക്രമിക്കപ്പെട്ടതെന്ന് അവകാശപ്പെട്ടത്. പിടിഐ റിപ്പോര്‍ട്ടര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണ് എഎന്‍ഐയും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം എഎന്‍ഐ ഒരു തരത്തിലും ക്ഷമിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഈ ചിത്രം പങ്കുവയ്ക്കുന്നത്, പിടിഐ റിപ്പോര്‍ട്ടറാണ് പ്രകോപനരഹിതമായി തന്നെ ആക്രമിച്ചതെന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞതിന്‍ പ്രകാരമാണ്. അദ്ദേഹം നിയമപരമായി നീങ്ങുന്നുണ്ട്. നിയമം സത്യം പുറത്തുകൊണ്ടുവരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- നവീന്‍ കപൂറിന്റെ ട്വീറ്റില്‍ പറയുന്ന കാര്യങ്ങളാണ്. വനിത റിപ്പോര്‍ട്ടറെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന രാഘവേന്ദ്രയെ അന്വേഷണം പൂര്‍ത്തിയാകും വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും നവീന്‍ കപൂര്‍ പറയുന്നുണ്ട്.

എഎന്‍ഐ റിപ്പോര്‍ട്ടറാല്‍ തങ്ങളുടെ വനിത റിപ്പോര്‍ട്ടര്‍ മോശമായ രീതിയില്‍ അപമാനിക്കപ്പെട്ടുവെന്നാണ് പിടിഐ പറയുന്നത്. എഎന്‍ഐ മേധാവി സ്മിത പ്രകാശിനെ ടാഗ് ചെയ്തിരിക്കുന്ന ട്വീറ്റില്‍ പിടിഐ ചോദിക്കുന്നത്, എഎന്‍ഐയുടെ ജീവനക്കാര്‍ക്കെതിരെയാണ് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ക്ഷമിക്കുമോ? എന്നാണ്. പിടിഐ മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ രോഷാകുലരാണ്. പ്രകോപനരഹിതമായ ഈ ആക്രണമത്തെ ശക്തമായി അപലപിക്കുന്നു, തങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കാന്‍ പിടിഐ ഏതറ്റം വരെയും പോകും’ ട്വീറ്റില്‍ പറയുന്നു.

എഎന്‍ഐയുടെ കുറ്റാരോപിതനായ റിപ്പോര്‍ട്ടര്‍ ഇതേ വനിത റിപ്പോര്‍ട്ടറെ മറ്റ് പല സന്ദര്‍ഭങ്ങളിലും അപമാനിച്ചിട്ടുണ്ടെന്നാണ് പിടിഐയിലെ ജേര്‍ണലിസ്റ്റായ തോയജാക്ഷി ശേഖറിന്റെ ട്വീറ്റില്‍ പറയുന്നത്. വനിത റിപ്പോര്‍ട്ടര്‍ കേരളത്തില്‍ നിന്നുള്ള ആളായതുകൊണ്ടും, കന്നഡ അറിയാത്തതിന്റെ പേരിലുമാണ് രാഘവേന്ദ്ര അപമാനിക്കാന്‍ ശ്രമിച്ചിരുന്നത്. അതിന്റെ ഏറ്റവും മോശമായ തലത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നതെന്നുമാണ് തോയജാക്ഷിയുടെ ട്വീറ്റില്‍ നിന്നും വ്യക്തമാകുന്നത്. പിടിഐ ജേര്‍ണലിസ്റ്റുകളെ എതിരാളികളായി കാണുന്ന കുറ്റാരോപിതനായ എ എന്‍ ഐ റിപ്പോര്‍ട്ടറുടെ വെറുപ്പും അധിക്ഷേപവും അവസാനിപ്പിക്കേണ്ടതുണ്ടെന്നും തോയജാക്ഷി ശേഖര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍