UPDATES

‘ചരിത്രം ആരംഭിക്കുന്നത് ഒക്‌ടോബര്‍ 7 ന് അല്ല’; ഒരു റിപ്പോര്‍ട്ടര്‍ ബിബിസിയെ ഓര്‍മിപ്പിക്കുന്നു

”മൂന്ന് പദങ്ങള്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്: വര്‍ണ്ണവിവേചനം, വംശീയ ഉന്മൂലനം, കുടിയേറ്റ-കൊളോണിയലിസം”

                       

ഗാസയെ കുരുതിക്കളമാക്കികൊണ്ടുള്ള ഇസ്രായേല്‍ ആക്രമണം ഒരു മാസം പിന്നിട്ടിട്ടും അന്ത്യമില്ലാതെ തുടരുകയാണ്. ഇവിടെയും ഒരു ജനതയ്ക്കു മേല്‍ വംശവെറിയുടെ വിദ്വേഷം ജനങ്ങളിലേക്ക് എത്തിക്കുന്നത്, എല്ലാ തവണത്തേയും പോലെ മാധ്യമങ്ങളെ ഉപയോഗിച്ചാണ്. നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിന് പകരം സംഘര്‍ഷത്തിന് സമാനമായി ഇരു ചേരികളായി വിഭജിക്കപ്പെട്ടാണ് മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഒരുവശത്ത് സര്‍ക്കാര്‍ മുഖപത്രങ്ങളും വാര്‍ത്ത നിര്‍മിതി കേന്ദ്രങ്ങളും നല്‍കുന്ന വിവരങ്ങള്‍ക്ക് അനുസൃതമായി പാശ്ചാത്യ മാധ്യമങ്ങള്‍ തീവ്രമായ യുദ്ധ വിവരണം നടത്തുമ്പോള്‍, മറുവശത്ത് സമൂഹ മാധ്യമങ്ങളുടെ അന്തര്‍ദേശീയ ശൃംഖലകള്‍ വഴി പലസ്തീനികളുടെ ദുരിത പൂര്‍ണമായ ജീവിതത്തെ എടുത്തു കാണിക്കുന്നു. മാധ്യമങ്ങളുടെ നിലപാടുകളില്‍ വരുന്ന വ്യതിയാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരില്‍ അന്തഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ലോകത്തിലെ മുന്‍നിര വാര്‍ത്ത മാധ്യമമായ ബിബിസി(ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍)യുടെ ഉള്ളില്‍ ഇത്തരം അസ്വസ്ഥകള്‍ മുളപ്പൊട്ടിയിട്ടുണ്ട്. യുദ്ധവുമായി ബന്ധപ്പെട്ടുള്ള വിഭിന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുടെ പേരില്‍ അവര്‍ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.

ഇസ്രയേല്‍ നടത്തുന്ന യുദ്ധവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമല്ലാത്ത നിലപാടുകളുടെ പേരില്‍ സ്ഥാപനത്തിലുള്ളില്‍ നിന്നു തന്നെ ഭിന്നിപ്പിന്റെ സ്വരം ഉയരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. 2023 ഒക്ടോബര്‍ 25 ന് ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ‘ഇസ്രായേല്‍-ഗാസ കവറേജ് ചെയ്യുന്ന ബിബിസി സ്റ്റാഫിന്റെ കണ്ണുനീര്‍ ‘എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘ഇസ്രയേലിനോടുള്ള മൃദുസമീപനവും, പലസ്തീന്‍ ജനതയെ മനുഷ്യത്വരഹിതരായി ചിത്രീകരിക്കുന്നതായും ബിബിസിയുടെ മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു’ എന്ന് ലേഖനത്തില്‍ പറയുന്നുണ്ട്.

ഈ ആശങ്കകള്‍ നിലനില്‍ക്കുന്നത് കൊണ്ട് ബിബിസി ജീവനക്കാര്‍ അസ്വസ്ഥരാണെന്നും ജോലിസ്ഥലത്തവര്‍ വികാരാധീതരാവുകയും അവധിയെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബെയ്‌റൂട്ടിലെ റാമി റുഹായെം എന്ന ബിബിസി ലേഖകന്‍ ബിബിസിയുടെ തലവന്‍ ടിം ഡേവിക്ക് ഒക്ടോബര്‍ 24-ന് അയച്ച ഇ മെയില്‍ ഉദ്ധരിച്ചാണ് ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗാസയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ബിബിസി കവറേജിനെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതായിരുന്നു ഇമെയില്‍. ഒക്ടോബര്‍ 27-ന് ‘ദ ജ്യൂവിഷ് ക്രോണിക്കിള്‍’ ഇതേ ഇമെയിലിന്റെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘ബിബിസി ലേഖകന്‍ ഇസ്രയേലിനെ വിശേഷിപ്പിക്കാന്‍ ‘സെറ്റ്‌ലര്‍-കൊളോണിയലിസം’ എന്ന പദം ഉപയോഗിക്കുന്നു’ എന്ന തലക്കെട്ടിലവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ബിബിസി ഇസ്രയേലിന് എതിരായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ആരോപിച്ചത്. ‘സെറ്റ്‌ലര്‍-കൊളോണിയലിസം’ എന്നത് ഒരു കൂട്ടം ആളുകള്‍ ഒരു പുതിയ പ്രദേശത്തേക്ക് മാറുകയും ഒരു അവിടെ അവരുടെതായ സമൂഹം സ്ഥാപിക്കുകയും, നിലവിലുള്ള നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെയാണ് അര്‍ത്ഥമാക്കുന്നത്.

ബിബിസി പലസ്തീനികളുടെ ജീവിതത്തേക്കാള്‍ യോഗ്യമായി ഇസ്രയേലി ജീവിതങ്ങളെ പരിഗണിക്കുകയും ഇസ്രയേലി യുദ്ധപ്രചാരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ സൂചനകളും വാര്‍ത്തകളില്‍ നിന്ന് ലഭിക്കുന്നതായാണ് ബിബിസി മാധ്യമ പ്രവര്‍ത്തകന്‍ തന്റെ മേലധികാരിക്ക് അയച്ച ഇ മെയിലില്‍ പറയുന്നത്. വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ പോലും ഇത്തരം പക്ഷാപാതം ഒളിഞ്ഞിരിക്കുന്നതായി കാണാമെന്ന് അദ്ദേഹം പറയുന്നു. ‘കൂട്ടക്കൊല’, ‘കൊലപാതകം’, ‘ക്രൂരതകള്‍’ തുടങ്ങിയ പദങ്ങള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്, അതേസമയം ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നതിന് ഈ പദങ്ങള്‍ ഉപയോഗിക്കുന്നില്ല. നിരന്തരമായി ഈ ഭാഷ തെരഞ്ഞെടുത്ത് ഉപയോഗിക്കുമ്പോള്‍, തെരഞ്ഞെടുക്കലിന്റെ മാനദണ്ഡം കുറ്റവാളികളുടെ/ഇരകളുടെ ഐഡന്റിറ്റിയാകുമ്പോള്‍, ബിബിസി ഒരു പ്രസ്താവന നടത്തുകയാണ് യഥാര്‍ത്ഥത്തില്‍. ഒരു കൂട്ടം ആളുകളുടെ ജീവന്‍ മറ്റൊരു കൂട്ടരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണെന്നാണ് ആ പ്രസ്താവന- റാമി ആരോപിക്കുന്നു.

വൈകാരികമായ സന്ദേശങ്ങളുടെ ആവര്‍ത്തനവും അവയുടെ സിലക്ടീവ് പ്രയോഗവും വായനക്കാരില്‍ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. ഒരു കൂട്ടം മനുഷ്യരെ മനുഷ്യത്വരഹിതരായി ചിത്രീകരിക്കുന്നതിലൂടെ, ഇസ്രയേലി പ്രചാരകര്‍ ലക്ഷ്യമിടുന്നത് കൃത്യമായ സ്വാധീനമാണ്. പ്രേരണ, മനുഷ്യത്വവല്‍ക്കരണം, യുദ്ധപ്രചാരണം എന്നിവയില്‍ ബിബിസിയുടെ സാധ്യമായ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യം ഇത് ഉയര്‍ത്തുന്നില്ലേ? ബിബിസി ഇതിനോട് എങ്ങനെ പ്രതികരിക്കും?-മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുന്നു.

ഭാഷ പ്രയോഗത്തിന് പുറമെ ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായും പാശ്ചാത്യ രാജ്യങ്ങളില്‍ അവരെ പിന്തുണയ്ക്കുന്നവരുമായും നടത്തിയ അഭിമുഖങ്ങളും അങ്ങേയറ്റം ആശങ്കക്ക് വകയുള്ളതാണെന്നു റിപ്പോര്‍ട്ടര്‍ പരാതിപ്പെടുന്നു. അഭിമുഖം നടത്തുന്നവര്‍ മുമ്പ് ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് തെളിവുകള്‍ സഹിതം അവരെ ചോദ്യം ചെയ്യുന്നതിന് പകരം, അവരുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും ന്യായീകരിക്കാനും സൗകര്യപ്രദമായ ഒരു വേദി ഒരുക്കി നല്‍കുകയാണെന്നാണ് റാമി റുഹായെം ടിം ഡേവിക്ക് അയച്ച മെയിലില്‍ പറയുന്നത്.

പാശ്ചാത്യ മാധ്യമങ്ങളിലെ പ്രവണതയായ വ്യാജവാര്‍ത്തകള്‍, തെറ്റായ വിവരങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവയ്‌ക്കെതിരെ പോരാടുകയെന്ന ധീരമായ ദൗത്യം സമീപ വര്‍ഷങ്ങളില്‍ ബിബിസി ഏറ്റെടുത്തിരുന്നു. അങ്ങനയെങ്കില്‍ പലസ്തീനികള്‍ക്കെതിരായ പ്രേരണയുടെ കുത്തൊഴുക്കിനെ വിശകലനം ചെയ്യുകയും അതിന്റെ ആഘാതം കണ്ടെത്തുകയും ചെയ്യുന്നത് എവിടെയാണ്? റാമിയുടെ ചോദ്യമാണ്.

ഹമാസ് ആക്രമണത്തെ തുടര്‍ന്നാണ് നമ്മുടെ നിലവിലെ കവറേജ് ആരംഭിച്ചത്. സംശയമില്ല, അത് പ്രധാന വാര്‍ത്തയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനര്‍ത്ഥം ചരിത്രം ആരംഭിച്ചത് ഒക്ടോബര്‍ 7-ന് എന്നല്ല. ആ നിമിഷത്തിലേക്ക് നയിച്ച യാഥാര്‍ത്ഥ്യത്തിന്റെ കൃത്യവും സന്തുലിതവുമായ വിശദീകരണവും നമ്മുടെ കവറേജില്‍ ഉള്‍പ്പെടുത്തണം’-ബിബിസിയെ അതിന്റെ ജീവനക്കാരന്‍ തന്നെ ഓര്‍മപ്പെടുത്തുകയാണ്.

”മൂന്ന് പദങ്ങള്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്: വര്‍ണ്ണവിവേചനം, വംശീയ ഉന്മൂലനം, കുടിയേറ്റ-കൊളോണിയലിസം. പല വിദഗ്ധരും, സംഘടനകളും നിരന്തരമായി ഉപയോഗിക്കുന്ന പദങ്ങളാണിവ. പലസ്തീനികളുടെ മേലുള്ള ഇസ്രയേലി ഭരണത്തിന്റെ സ്വഭാവവും പലസ്തീനികളുടെ തലമുറയെ അടിച്ചമര്‍ത്താന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന രീതികളും വിവരിക്കാന്‍ വിപുലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപയോഗിച്ചു പോരുന്ന വാക്കുകളാണ്. എന്നാല്‍ ഈ പദങ്ങള്‍ ബിബിസി അപൂര്‍വമായി മാത്രമാണ് ഉപയോഗിക്കുന്നത്. പലസ്തീനികളെ മനുഷ്യത്വരഹിതമാക്കാനുള്ള ഇസ്രയേലി പ്രചാരണത്തെ ബിബിസി ശക്തിപ്പെടുത്തുന്നതായാണ് തോന്നുന്നതെന്നും കൂടി റാമി റുഹയേം ബിബിസി മേധാവിക്ക് എഴുതിയ ഇമെയ്‌ലില്‍ പറയുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍