UPDATES

കല

മരണശേഷം എന്ന തിരക്കഥ; ജോണ്‍ ഓര്‍മ

36 വര്‍ഷം കഴിഞ്ഞിട്ടും ആ വേര്‍പാടിന്റെ വലിയ വിടവ് ഇനിയും നികത്താനായിട്ടില്ല

                       

‘ആത്മസാക്ഷാത്കാരത്തിനു വേണ്ടി ഞാന്‍ സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാന്‍ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങള്‍ കാണണമെന്നും അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്കു നിര്‍ബന്ധമുണ്ട്.” (ജോണ്‍ എബ്രഹാം)

മഴക്കാറു മൂടിയ ഒരു മേഘമായിരുന്നു ജോണ്‍. പെയ്തു തോരാതെ, കൂട്ടിമുട്ടുമ്പോഴൊക്കെ ഇടിയും മിന്നലായും രൂപാന്തരപ്പെട്ടു പോന്ന ഒരു മേഘരൂപന്‍. സ്നേഹിക്കുന്ന ഉടലുകളില്‍ വൈദ്യുതാലിംഗനമായി പുതഞ്ഞിരുന്ന ജോണ്‍ മരിച്ചവരുടെ ഇടയില്‍ അജ്ഞാതനായി ഉയിര്‍ത്തത് ഇലയില്‍ മുള്ളുവീണ പോലെയൊരോര്‍മ്മയാണ്. സദാചാരം കെട്ടിയുയര്‍ത്തിയ മതിലുകളോരോന്നും ചാടിക്കടന്ന് തന്റെ സിനിമകളില്‍ ശവങ്ങളുടെ വസന്തം പ്രതീക്ഷിച്ച ജോണിന് മരണം ഒരു നിലതെറ്റി വീഴലായിരുന്നു. പോസ്റ്റുമോര്‍ട്ടം ടേബിളില്‍ ക്രിസ്തു രൂപത്തില്‍ ഒരജ്ഞാത ദേഹമായിട്ടായിരുന്നു അവന്റെ കിടപ്പ്. വേദങ്ങളില്‍ ജോണ്‍ എന്നു പേരുള്ളവന്റെ ജീവപുസ്തകത്തിന്റെ ഒടുക്കത്തെ താള്‍ മറിയുന്നതങ്ങനെയായിരുന്നു.

ഒരു നടുക്കത്തിന്റെ നിനിലവിളിയോടെ ഇത് ജോണ്‍ എന്നാരോ തിരിച്ചറിയും വരെ അതേ കിടപ്പ്. സഹോദരിയുടെ വീടിന്റെ ടെറസിലെ സൗഹൃദക്കൂട്ടത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ നിന്നാണ് ജോണ്‍ മരണത്തിലേക്ക് കാല്‍വഴുതി വീഴുന്നത്. വീഴ്ചയുടെ വഴിയില്‍ ഒരാസ്ബറ്റോസ് തുളച്ചാണ് താഴേക്ക് പതിച്ചത്.

മദ്യപാനികള്‍ ഭിഷഗ്വരന്‍മാര്‍ക്കു മുന്നിലെ മഹാപാപികള്‍ എന്നു കല്‍പ്പിച്ചവരാരോ ജോണിനെ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളെ അപ്പോള്‍ തന്നെ മുറിക്കു പുറത്താക്കി വാതിലടച്ചിരുന്നു. ഇത് ജോണ്‍ എന്ന ഒരു നിലവിളി അവരുടെ തൊണ്ടയിലിരുന്നു വിങ്ങിപ്പൊട്ടി. അക്കാലത്ത് ജോണിന്റെ മെഡിക്കല്‍ കോളേജിലെ പരിചയക്കാരനായിരുന്ന ഡോ. ബ്രഹ്‌മപുത്രന്‍ അന്നു അവധിയിലുമായിരുന്നു. അങ്ങനെ തിരിച്ചറിയപ്പെടാനുള്ള അവസാന സാധ്യത കൂടി വാക്കായി പിറക്കാതെ പോയി. ആശുപത്രിയിലെത്തി അബോധത്തിലേക്കുള്ള വീഴ്ചയ്ക്കു മുമ്പും ജോണ്‍ ഡോ. ബ്രഹ്‌മപുത്രനെ തിരക്കിയിരുന്നത്രെ. കാഷ്വാലിറ്റിയില്‍ ആരോ അത് ജോണാണ് എന്നു പറഞ്ഞെങ്കിലും ഏതു ജോണ്‍ എന്ന മറുചോദ്യം തുടര്‍ന്നുള്ള വിശദീകരണങ്ങള്‍ക്കു തടയിടുകയായിരുന്നു. അവരറിയുന്ന ജോണുമാരൊന്നും മുടിനീട്ടി താടി വളര്‍ത്തി തെണ്ടിയെപ്പോലെ അലഞ്ഞു തിരിയുന്ന വേഷപ്പകര്‍ച്ചകളായിരുന്നില്ലായിരിക്കണം. ജോണിനു മുന്നില്‍ ജീവിതം അറം പറ്റിയ പോലൊരു മരണം. മരണത്തിനു ശേഷം ശരിയായ ജീവിതം തുടങ്ങുന്ന വിശുദ്ധ മനുഷ്യരുടെ ഗണത്തിലേക്ക് ജോണും ഉയര്‍ത്തപ്പെടുകയായിരുന്നു. (ആശുപത്രി വിവരങ്ങള്‍ക്ക് ഡോ. ഷേര്‍ലി വാസുവിനോട് കടപ്പാട്).

36 വര്‍ഷം കഴിഞ്ഞിട്ടും ആ വേര്‍പാടിന്റെ വലിയ വിടവ് ഇനിയും നികത്താനായിട്ടില്ല. നേര്‍രേഖയിലല്ല ചലിക്കുന്നതെന്ന് നിറഞ്ഞു കവിഞ്ഞ ഒരു ഗാലറിയിലെ ആര്‍പ്പുവിളികള്‍ പോലെ ചുറ്റുമുള്ളവര്‍ വിളിച്ചു പറഞ്ഞിട്ടും ഒന്നിനെയും കൂസാതെ രഥവേഗത്താല്‍ തിരിഞ്ഞു നോക്കാതെ മുന്നോട്ടു മാത്രം കുതിച്ച ഒരോട്ടക്കാരന്‍.

ജോണിന്റെ വേഷവും രൂപവും അദ്ദേഹത്തെ ഏതോ ഊരു തെണ്ടിയാണെന്നു ധരിക്കാനിടയാക്കിയതായിരുന്നു. യഥാര്‍ത്ഥത്തില്‍ ജോണ്‍ അതു തന്നെയായിരുന്നു. ജീവിതസിനിമയില്‍ ലക്ഷ്യബോധമറ്റ, ഒന്നും നടിക്കേണ്ടാത്ത നടനായിരുന്നു അദ്ദേഹം. ഒരല്‍പം പോലും ധ്യാനമോ, ശ്രദ്ധയോ, സൂക്ഷ്മതയോ പുലര്‍ത്താതെ തന്റെ ജീവിതത്തെ ജീവിത മഹാനദിയുടെ സങ്കീര്‍ണ്ണപ്രവാഹങ്ങളിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയും തന്നെപ്പറ്റി വിചാരമറ്റവനായിരിക്കുകയും ചെയ്ത ജോണ്‍, പക്ഷെ എത്ര ധ്യാനത്തോടെ, ശ്രദ്ധയോടെ, സൂക്ഷ്മതയോടെയാണ് ജീവിതസിനിമയില്‍ നിന്ന് സിനിമയുണ്ടാക്കിയത് എന്നോര്‍ക്കുമ്പോള്‍, ജോണ്‍ എത്രയേറെ ലക്ഷ്യബോധമുള്ള, അത്തരത്തില്‍ യാഥാസ്ഥിതികനായ ഒരു കലാകാരനായിരുന്നുവെന്ന് അത്ഭുതം തോന്നും. ലക്ഷ്യബോധമറ്റ അരാജകമായ ജീവിതമുളള ഒരു മനുഷ്യന്റെ സ്വപ്നമായിരുന്നു ജോണ്‍ സിനിമകള്‍.

എന്നാല്‍ അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം രാഷ്ട്രീയ വിമര്‍ശനവും സാമൂഹ്യ വിമര്‍ശനവും ഉള്‍ച്ചേര്‍ന്നിരുന്നു. അഗ്രഹാരത്തില്‍ കഴുത (1977) എന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യ ചിത്രം തന്നെ തമിഴ്‌നാട്ടില്‍ വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.ഈ സിനിമ തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചു. ‘അമ്മ അറിയാന്‍’ എന്ന ചിത്രം സിനിമാ ചരിത്രത്തിലെ തന്നെ ഒരു അത്ഭുതമായി. ജനങ്ങളില്‍ നിന്ന് ചെറിയ തുക പിരിച്ചെടുത്തു കൊണ്ടാണ് പ്രസ്തുത ചിത്രം പൂര്‍ത്തിയാക്കിയത്. 1984ല്‍ കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു അത്.

നിരവധി ചെറുകഥകളെഴുതിയിട്ടുണ്ട് ജോണ്‍. കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട്, പ്ലാസ്റ്റിക് കണ്ണുകളുള്ള അല്‍സേഷ്യന്‍ എന്നിവ അതില്‍ ശ്രദ്ധേയമായ രചനകളാണ്. നേര്‍ച്ചക്കോഴി, ജോണ്‍ എബ്രഹാം കഥകള്‍ എന്നീ പേരുകളില്‍ സമാഹാരങ്ങളുമിറങ്ങിയിട്ടുണ്ട്.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അന്നവിടെ പ്രിന്‍സിപ്പാളായിരുന്ന പ്രസിദ്ധ സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യന്‍മാരിലൊരാളായിരുന്നു ജോണ്‍. ജോണ്‍ അബ്രഹാമിന്റെ ശക്തിയെ അക്കാലത്തു തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഘട്ടക്കിന്റെ ഓര്‍മക്കായി ഒരു കവിതയും ജോണ്‍ രചിച്ചിട്ടുണ്ട്. എ ട്രിബ്യൂട്ട് ടു ഋത്വക് ഘട്ടക് എന്ന കവിത. ജോണും ഒരു കവിതയായിരുന്നു. പാടിപ്പാടി സ്ഫടികസമാനം തിളങ്ങിയ ഒരു കവിത.

സൂചിയും നൂലും കയറിയിറങ്ങാത്ത ഒരു കുത്തഴിഞ്ഞ പുസ്തകമായിരുന്നു ജോണ്‍, എങ്കിലും അടുക്കും ചിട്ടയുമുള്ള ഒരുപിടി ആശയങ്ങള്‍ ഉറക്കെയുറക്കെ ഉദ്ഘോഷിച്ചിരുന്ന ഒരുച്ചഭാഷിണിയുമായിരുന്നു ജോണ്‍. എല്ലാ ഓര്‍മദിനങ്ങളിലും ജോണ്‍ വേലിയേറുന്നുണ്ട്. വിപ്ലവങ്ങളുടെ വേലിപ്പടര്‍പ്പില്‍, പട്ട ഷാപ്പിലെ ബെഞ്ചുകളില്‍, കലഹങ്ങളില്‍, തെറികളില്‍…. അങ്ങനെയങ്ങനെ മരണശേഷം എല്ലാവരുടെയും ഓര്‍മകളില്‍ ജോണും അലഞ്ഞു തിരിയുന്നുണ്ടായിരുന്നു, മരണശേഷം ആരോ എഴുതിയ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കും പോലെ. മുഷിഞ്ഞു നാറിയ ഉടയാടകളില്‍ അതിലധികം അയഞ്ഞ ഉടലുമായി ഒരു മനുഷ്യന്‍ മരുഭൂമിയിലെന്ന പോലെ ഇവിടെയെവിടൊയൊക്കെയോ അലഞ്ഞു നടന്നിരുന്നു എന്നതിന്റെ തെളിവുകളായി അവശേഷിക്കുന്നത് എത്രപേര്‍ ഉള്ളു നിറഞ്ഞു കണ്ടിട്ടുണ്ടെന്നറിയാത്ത ഒരു പിടി സിനിമകള്‍ മാത്രമായിരുന്നു. അമ്മ അറിയാനും അഗ്രഹാരത്തില്‍ കഴുതയുമടക്കം വലം കൈയിലെ വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്നത്ര സിനിമകള്‍ മതിയായിരുന്നു. എല്ലാത്തരം രാഷ്ട്രീയ-സാമൂഹിക താന്തോന്നിത്തരങ്ങളെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ വിളിച്ച ജോണ്‍ ഓര്‍മകളില്‍ ഓരോ വര്‍ഷങ്ങളിലും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുന്നു.

(ജോണ്‍ എബ്രഹാമിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പി. ജയകുമാര്‍ അഴിമുഖത്തില്‍ മുമ്പ് എഴുതിയ കുറിപ്പ് പുനഃപ്രസിദ്ധീകരിച്ചത്)

Share on

മറ്റുവാര്‍ത്തകള്‍