July 13, 2025 |
Share on

ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ‘ എക്‌സ്‌ക്ലൂസീവ് അഭിമുഖം’; ഹോളിവുഡ് റിപ്പോര്‍ട്ടറുടെ തിരക്കഥ പൊളിഞ്ഞു

ക്ലിന്റ് ഈസ്റ്റ് വുഡിന്റെ 95-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് എക്‌സ്‌ക്ലൂസീവ് അഭിമുഖം പ്രസിദ്ധീകരിച്ചത്‌

ഒരു അഭിമുഖത്തിന്റെ പേരില്‍ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് ഒസ്ട്രിയയിലെ മുഖ്യധാര പത്രമായ ‘കുരിയര്‍. സാക്ഷാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ അഭിമുഖമാണ് ലോകം മുഴുവന്‍ കുരിയറിന്റെ പേര് ചീത്തയാക്കിയിരിക്കുന്നത്. കുഴപ്പത്തിനെല്ലാം കാരണം ഒരു ഹോളിവുഡ് റിപ്പോര്‍ട്ടാണ്; എലിസബത്ത് സെഡേര്‍. അവര്‍ ചെയ്ത, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ‘ എക്‌സ്‌ക്ലൂസീവ്’ അഭിമുഖം പറ്റിക്കല്ലായിരുന്നുവെന്നാണ് പരാതി. ക്ലിന്റ് മുന്‍പ് പറഞ്ഞ കാര്യങ്ങളൊക്കെ ചേര്‍ത്തായിരുന്നു എലിസബത്ത് ‘എക്‌സ്‌ക്ലൂസീവ് അഭിമുഖം’ തയ്യാറാക്കിയത്. പക്ഷേ, സത്യം തിരിച്ചറിയുകയും റിപ്പോര്‍ട്ടര്‍ കുറ്റം ഏറ്റുപറയുകയുമൊക്കെ ചെയ്തപ്പോഴേക്കും ക്ലിന്റിന്റെ ‘ തുറന്ന് പറച്ചിലുകള്‍’ ലോകം മുഴുവന്‍ വായിച്ചു കഴിഞ്ഞിരുന്നു.

വിയന്ന ആസ്ഥാനമായുള്ള കുരിയര്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ചോദ്യോത്തര മാതൃകയിലുള്ള അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. അഭിമുഖം വളരെ പെട്ടെന്ന് ലോകത്തിന്റെ ശ്രദ്ധ നേടി. കാരണം, ഓസ്‌കര്‍ ജേതാവായ ആ നടന്റെ തുറന്നു പറച്ചിലുകളായിരുന്നു. ഹോളിവുഡിന്റെ ‘റിമേക്ക്, ഫ്രാഞ്ചൈസി യുഗ’ത്തിനെതിരെയായിരുന്നു ക്ലിന്റിന്റെ വിമര്‍ശനം.

കഥയില്‍ ആദ്യ ട്വിസ്റ്റ് വരുന്നത് തിങ്കളാഴ്ച്ചയാണ്. തന്റെ ഇന്റര്‍വ്യൂ വായിച്ച് ക്ലിന്റ് തന്നെ അത്ഭുതപ്പെട്ടു! പിന്നീട് മറ്റൊരു പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവനയില്‍ ആ ഇതിഹാസ നടന്‍ പറഞ്ഞത്, ഞാനിങ്ങനെയൊരു അഭിമുഖത്തിനായി കുരിയര്‍ പത്രത്തോട് സംസാരിച്ചിട്ടേയില്ലെന്നാണ്. പൂര്‍ണമായും വ്യാജമായ അഭിമുഖം എന്ന് ക്ലിന്റ് അടിവരയിട്ടു പറഞ്ഞു.

ക്ലിന്റിന്റെ 95-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു കുരിയര്‍ ‘പ്രത്യേക അഭിമുഖം’ പ്രസിദ്ധീകരിച്ചത്.

‘സ്റ്റുഡിയോ ലോട്ടിലെ ചെറിയ ബംഗ്ലാവുകളില്‍ തിരക്കഥാകൃത്തുക്കള്‍ കാസബ്ലാങ്ക പോലുള്ള സിനിമകള്‍ എഴുതിയിരുന്ന പഴയ നല്ല നാളുകള്‍ക്കായി ഞാന്‍ കൊതിക്കുന്നു. അന്ന് എല്ലാവര്‍ക്കും പുതിയൊരു ആശയം ഉണ്ടായിരുന്നു’- ക്ലിന്റ് പറയുന്നതായി അഭിമുഖത്തില്‍ ചേര്‍ത്തിരിക്കുന്നതാണ്. ‘എന്റെ നിലപാട് ഇതാണ്: പുതിയ എന്തെങ്കിലും ചെയ്യുക അല്ലെങ്കില്‍ വീട്ടില്‍ തന്നെയിരിക്കുക’ ക്ലിന്റിന്റെ വാക്കുകളായി അഭിമുഖത്തില്‍ പറയുന്നതാണ്.

ഡെഡ്ലൈന്‍ എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവനയിലാണ് കുരിയര്‍ അഭിമുഖത്തെ ക്ലിന്റ് തള്ളിക്കളയുന്നത്. ”കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് ഞാന്‍ കരുതി. എനിക്ക് 95 വയസ്സായി എന്നത് ശരിയാണ്, എന്നാല്‍ കുരിയര്‍ എന്ന ഓസ്ട്രിയന്‍ പ്രസിദ്ധീകരണത്തിനോ അല്ലെങ്കില്‍ സമീപ ആഴ്ചകളില്‍ മറ്റേതെങ്കിലും എഴുത്തുകാരനോ ഞാന്‍ ഒരിക്കലും അഭിമുഖം നല്‍കിയിട്ടില്ല, ആ അഭിമുഖം പൂര്‍ണ്ണമായും വ്യാജമാണെന്ന് എനിക്ക് പറയാന്‍ കഴിയും”- ഇതായിരുന്നു ക്ലിന്റിന്റെ വാക്കുകള്‍.

എന്നാല്‍ ക്ലിന്റെ ആക്ഷന് കട്ട് പറഞ്ഞ് കുരിയറിന്റെ എഡിറ്റര്‍ മാര്‍ട്ടിന്‍ ഗെബാര്‍ട്ട് രംഗത്ത് വന്നു. ക്ലിന്റിന്റെ അഭിമുഖം തന്നെയാണ് തങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നായിരുന്നു എഡിറ്റര്‍ വാദിച്ചത്. അഭിമുഖം ചെയ്തയാള്‍, ക്ലിന്റുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നാണ് ഗെബാര്‍ട്ട് പറഞ്ഞത്. ചലച്ചിത്ര മേളകളില്‍ മറ്റും നടക്കുന്ന ഗ്രൂപ്പ് അഭിമുഖങ്ങളിലും പാനല്‍ ചര്‍ച്ചകളിലുമൊക്കെയായി 18 തവണയോളം തങ്ങള്‍ക്കായി അഭിമുഖം നടത്തിയ വ്യക്തി ക്ലിന്റുമായി സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ഗെബാര്‍ട്ടിന്റെ അവകാശവാദം. അതുകൊണ്ട് തന്നെ അഭിമുഖം സത്യസന്ധമായതാണെന്ന് എഡിറ്റര്‍ നിലപാടെടുത്തു.

പക്ഷേ, ഒരു കാര്യം കുരിയര്‍ എഡിറ്റര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ആ അഭിമുഖം എക്‌സ്‌ക്ലൂസീവ് ആയി അവതരിപ്പിച്ചത് തെറ്റായിപ്പോയി. ക്ലിന്റ് പല മാധ്യമങ്ങളുമായി, പല സാഹചര്യങ്ങളിലായി സംസാരിച്ച കാര്യങ്ങള്‍ ചേര്‍ത്താണ് തങ്ങള്‍ക്കായി ജോലി നോക്കിയ വ്യക്തി അഭിമുഖം തയ്യാറാക്കിയതും, അത് എക്‌സ്‌ക്ലൂസീവ് അഭിമുഖമായി തെറ്റിദ്ധരിപ്പിച്ച് പത്രത്തിന് നല്‍കിയതും. അത്തരമൊരു പ്രവര്‍ത്തി പത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കാത്തതായി പോയി. അതുകൊണ്ട് പ്രസ്തുത റിപ്പോര്‍ട്ടറുമായി ഭാവിയില്‍ യാതൊരുവിധ ബന്ധവും കുരിയറിന് ഉണ്ടാകില്ലെന്ന് മാര്‍ട്ടിന്‍ ഗെബാര്‍ട്ട് അറിയിച്ചു. ക്ലിന്റ് ഈസ്റ്റ്‌വുഡ് പറഞ്ഞതൊന്നും കെട്ടിച്ചമച്ചതല്ല, അഭിമുഖങ്ങളെല്ലാം നടന്നതുമാണ്. അവ കെട്ടിച്ചമച്ചതാണെന്ന ആരോപണം ഞങ്ങള്‍ക്ക് നിഷേധിക്കാനാകും. എങ്കിലും പത്രത്തിന്റെ സുതാര്യതയും കര്‍ശനമായ എഡിറ്റോറിയല്‍ മാനദണ്ഡങ്ങളും ഞങ്ങള്‍ക്ക് പരമപ്രധാനമായതിനാല്‍ ഭാവിയില്‍ പ്രസ്തുത റിപ്പോര്‍ട്ടറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നാണ് കുരിയര്‍ എഡിറ്ററുടെ പ്രസ്താവനയില്‍ പറയുന്നത്.

കുരിയറിനെ കുഴിയില്‍ ചാടിച്ച റിപ്പോര്‍ട്ടര്‍ എലിസബത്ത് സെറെഡ ഒരു സാധാരണക്കാരിയല്ല. യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഓസ്ട്രിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ഹോളിവുഡില്‍ നല്ല പിടിയുണ്ട്. ഹോളിവുഡ് സെലിബ്രിറ്റികളുടെ അഭിമുഖങ്ങള്‍ അവര്‍ കുരിയറിനും മറ്റ് ചില ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ക്കുമായി പതിവായി ചെയ്യാറുള്ളതാണ്. മാത്രമല്ല, ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അംഗമായ സെറേഡ, ഗോള്‍ഡന്‍ ഗ്ലോബിന്റെ വെബ്‌സൈറ്റിലെ വോട്ടിംഗ് അംഗം കൂടിയാണ്. പമേല ആന്‍ഡേഴ്‌സണ്‍, സാറ ജെസീക്ക പാര്‍ക്കര്‍, ജൂഡ് ലോ തുടങ്ങിയ മുന്‍നിര ഹോളിവുഡ് സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും കുറിയര്‍ സമീപ മാസങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. സെറേഡ തന്നെയായിരുന്നു ഈ അഭിമുഖങ്ങള്‍ തയ്യാറാക്കി പത്രത്തിന് നല്‍കിയത്. എന്നാല്‍ ഇവയില്‍ പലതും ക്ലിന്റിന്റെ അഭിമുഖം പോലെ നേരിട്ടുള്ള അഭിമുഖങ്ങളല്ലായിരുന്നുവെന്നാണ് വിമര്‍ശനം.

ബ്രിട്ടീഷ് താരമായ ജൂഡ് ലോയുമായുള്ള അഭിമുഖം ഇത്തരത്തില്‍ വിമര്‍ശനം നേരിടുന്നുണ്ട്. സെറേഡയുമായി ജൂഡ് ലോ മുഖാമുഖം ഇരുന്ന് ഒരു അഭിമുഖം നടന്നിട്ടില്ലെന്നാണ് നടനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. സംസാരിച്ചിട്ടുണ്ടെങ്കില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ ടൊറന്റോ ചലച്ചിത്രോത്സവത്തില്‍ തന്റെ സര്‍വൈവല്‍ ത്രില്ലറായ ഏദന്റെ പ്രചാരണാര്‍ത്ഥം ജൂഡ് ലോ പങ്കെടുത്തിരുന്നു. അതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളായിരിക്കാം അഭിമുഖമായി കുരിയറില്‍ പ്രസിദ്ധീകരിച്ച് വന്നതെന്നാണ് നടനുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഈ വിവാദങ്ങളില്‍ പ്രതികരണം തേടി എലിസബത്ത് സെഡേറയെ ദി ഗാര്‍ഡിയന്‍ ബന്ധപ്പെട്ടെങ്കിലും അതിന്റെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.  Clint Eastwood’s exclusive interview, Austrian newspaper Kurier in controversy  

Content Summary; Clint Eastwood’s exclusive interview, Austrian newspaper Kurier in controversy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×