UPDATES

ഭ്രമയുഗത്തിന്റെ രാഷ്ട്രീയം അത്ര ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല

കീഴാളന്റെ ദൈവമായ ചാത്തനോട് ആർക്കാണിത്ര മുറുമുറുപ്പ്? ആ സവർണ്ണ മുറുമുറിപ്പിന്റെ രാഷ്ട്രീയമാണ് ബ്ലാക്ക് ആൻഡ് വൈറ്റിലാണെലും ഭ്രമയുഗം നല്ല തെളിവൊടെ പറഞ്ഞിരിക്കുന്നത്.

                       

ഭ്രമയുഗം എന്ന ഏറ്റവും പുതിയ ചിത്രത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ വിവിധ മാധ്യമങ്ങളിലായി കണ്ട് കഴിഞ്ഞു. ചിത്രത്തിന്റെ മികവിനെയും മേന്മയെയും സംബന്ധിക്കുന്ന അഭിപ്രായങ്ങൾക്കിടയിൽ ഏറ്റവും അലോസരം തോന്നിയത് പ്രസ്തുത ചലച്ചിത്രം കീഴാള രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട് എന്ന വാദമാണ്. എന്ത് രാഷ്ട്രീയമാണ് ഭ്രമയുഗം എന്ന സിനിമ സംസാരിക്കുന്നത്? ബ്രാഹ്മണനായ കൊടുമൺ പോറ്റിയെ വകവരുത്തിയ ശേഷം പോറ്റിയുടെ ശരീരത്തിൽ കയറിയിരിക്കുന്ന കീഴാളന്റെ ഉപാസന മൂർത്തിയായ ചാത്തനെക്കൊണ്ട് “ ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ബ്രാഹ്മണനാകുന്നത് “ എന്ന് പറയിപ്പിക്കുന്നതാണോ സിനിമയിലെ കീഴാള രാഷ്ട്രീയം? അങ്ങനെ നോക്കുമ്പോൾ ഭ്രമയുഗം എന്ന ചലച്ചിത്രവും ചലച്ചിത്രകാരനും അറിഞ്ഞോ അറിയാതെയോ നല്ല തെളിവോടെ സംഘപരിവാർ സവർണ രാഷ്ട്രീയമല്ലേ പറയുന്നത്.

ഭ്രമയുഗത്തിലെ വില്ലനായ ഈ ചാത്തൻ ആരാണ്? കഥകളൊരുപാടുണ്ട് ചാത്തനെ ചുറ്റിപറ്റി. അതിൽ കൂടുതൽ പ്രചാരത്തിലുള്ളത് ചാത്തന്റെ ഭീകരത വിളിച്ച് പറയുന്ന കഥകളാണ്. ചാത്തനെന്നും ചീത്തപ്പേരാണ്. ബ്രാഹ്മണർ അവർണ്ണർ എന്ന് മുദ്ര കുത്തിയ മനുഷ്യരാൽ ആരാധിച്ചുപോന്ന ചാത്തനെതിരെ ഇത്ര വലിയ പ്രോപഗണ്ട ഇറക്കിവിടുന്നത് ആരായിരിക്കും? വൈദിക താന്ത്രിക വിധി പ്രകാരമുള്ള ഉപാസന മൂർത്തികളല്ലാതെ മറ്റെന്തും തെറ്റാണെന്നും പൈശാചികമാണെന്നും ഉഗ്രമൂർത്തികളാണെന്നും ഘോഷിക്കുന്ന ബ്രാഹ്മണിസ്റ്റുകൾ. ആ പൊതുബോധനിർമ്മിതിയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഭ്രമയുഗം. കൊടുമൺ പോറ്റി എന്ന ബ്രാഹ്മണന്റെ ശരീരത്തിൽ കയറികൂടുന്ന ചാത്തനായാണ് മമ്മൂട്ടി ചിത്രത്തിൽ വരുന്നത്. നായകനായും വളരെ കുറച്ച് മാത്രം പ്രതിനായകനായും വെള്ളിത്തിരയിലെത്തിയിട്ടുള്ള മമ്മൂട്ടി ഭ്രമയുഗത്തിൽ പ്രതിനായകനായാണ് വേഷമിടുന്നത്. ബ്രാഹ്മണ ശരീരത്തിൽ കയറുന്ന ചാത്തനാണെങ്കിലും ചാത്തൻ കൂടിയിരിക്കുന്ന ശരീരം എന്ന നിലയിൽ പൊതുബോധ വിരൂപതകൾ അയാളിൽ കൊണ്ടുവരാൻ ചിത്രം പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. കഥയിലൊരിടത്ത് മമ്മൂട്ടി( ചാത്തൻ) യഥാർത്ഥ കൊടുമൺ പോറ്റിയാകുമ്പോൾ അയാൾ കുളിയും തേവാരവും നടത്തുന്ന ശുദ്ധബ്രാഹ്മണ രൂപം കൈകൊള്ളുന്നുണ്ടല്ലോ.

ബ്രാഹ്മണ ശരീരത്തിൽ പ്രവേശിക്കുന്ന ചാത്തൻ പൂണൂൽ പൊട്ടിച്ച് കളയാൻ മറന്നിട്ടില്ല. പരിപാവനമായ പൂണൂൽ ഇട്ട ശരീരത്തിൽ ചാത്തനെങ്ങനെയിരിക്കും അല്ലെ? ബ്രാഹ്മണിക്കൽ പൊതുബോധത്തെ ഒട്ടും വേദനിപ്പിക്കാതെ ചാത്തൻ ദൈവമല്ലെന്നും കലിയുഗത്തിന്റെ ഭാഗമായ ഭ്രമയുഗത്തിൽ ചാത്തനും ദൈവമായി തോന്നുമെന്നും അയാൾ ഭ്രമിപ്പിക്കുമെന്നും ചാത്തനെക്കൊണ്ട് തന്നെ പറയിപ്പിക്കാൻ ചിത്രം പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുള്ളതായി മനസ്സിലാക്കാം. ഇത്തരം ശ്രദ്ധചെലുത്തലുകൾ അത്രയങ് നിഷ്കളങ്കമായി തോന്നുന്നില്ല.
അധകൃതരായ മനുഷ്യരെ കാണാനോ അവരെ കേൾക്കാനോ തയ്യാറാകാതെ, എന്തിന് ചുറ്റിലുള്ള വഴിയിലൂടെ അവരെ വഴി നടത്താൻ പോലും അനുവദിക്കാതെ ക്ഷേത്രങ്ങളിൽ ബ്രാഹ്മണ ദൈവങ്ങൾ കുടികൊണ്ട കാലത്ത്, കീഴാളരായ മനുഷ്യർ ചായ്പ്പിലോ തറയിലോ വെച്ച് കള്ളും മാംസവും കൊടുത്ത് ആരാധിച്ച് പോന്ന ചാത്തൻ, തൊട്ടുകൂടാത്തവരുടെയും തീണ്ടികൂടാത്തവരുടെയും ഉള്ളു നീറുന്ന പ്രാർത്ഥനകൾക്ക് ചെവികൊടുത്ത ചാത്തൻ, ആ ചാത്തൻ ‘സൊ കാൾഡ്‌’ ദൈവമല്ലെന്നും, ദൈവം നല്ലവനും ചാത്തൻ മോശക്കാരനാണെന്നുമുള്ള അസ്സൽ സവർണ രാഷ്ട്രീയം ചലച്ചിത്രത്തിലൂടെ മുന്നോട്ട് വെക്കുന്നത് അല്ലെങ്കിലും എങ്ങനെയാണ് നിഷ്കളങ്കതയായി വായിക്കാൻ സാധിക്കുക. കീഴാളരായ മനുഷ്യർ അവരുടെ ജീവിതരീതികൾക്ക് ചേരും വിധത്തിൽ പൂജിച്ചും പരിപാലിച്ചും കൊണ്ട് നടന്ന ചാത്തൻ എന്ന മൂർത്തി, നുണ പറയുന്നവനും വിശ്വസിക്കാൻ പാടില്ലാത്തവനും കഷ്ട്ടപെടുത്തുന്നവനുമാകുന്നത് ആർക്കാണ്? കീഴാളന്റെ ദൈവമായ ചാത്തനോട് ആർക്കാണിത്ര മുറുമുറുപ്പ്? ആ സവർണ്ണ മുറുമുറിപ്പിന്റെ രാഷ്ട്രീയമാണ് ബ്ലാക്ക് ആൻഡ് വൈറ്റിലാണെലും ഭ്രമയുഗം നല്ല തെളിവൊടെ പറഞ്ഞിരിക്കുന്നത്.

അവർണ്ണരായ മനുഷ്യർ നൂറ്റാണ്ടുകളായി ദൈവമായിക്കണ്ടരാധിച്ച്  പോരുന്ന ചാത്തൻ അവരെ തന്നെ ദ്രോഹിക്കുന്നവനാണെന്നും തത്വത്തിൽ ചാത്തൻ അല്ല ശെരി എന്നും കീഴാളനെക്കൊണ്ടും അടിയാതിയുടെ മകനെക്കൊണ്ടും പറയിപ്പിക്കുന്ന ഭ്രമയുഗം മുന്നോട്ട് വെക്കുന്നത് സംഘപരിവാർ സവർണ രാഷ്ട്രീയമല്ലാതെ മറ്റെന്ത് ഉദാത്ത രാഷ്ട്രീയമാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഗീത സുബ്രമണ്യൻ

സംഗീത സുബ്രമണ്യൻ

കോളേജ് അദ്ധ്യാപിക. ഫിലിം സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു

More Posts

Share on

മറ്റുവാര്‍ത്തകള്‍