December 10, 2024 |

രാഷ്ട്രീയ നിഷ്പക്ഷതയും രാഷ്ട്രീയ നിസ്സംഗതയും

രാഷ്ട്രീയ നിസ്സംഗരും രാഷ്ട്രീയ അടിമകളും അല്ലാതെ, രാഷ്ട്രീയ ബോധമുള്ളവരാണ് ഈ ലോകത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തര്‍

രാഷ്ട്രീയം എന്നത് ഈ കാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പദമാണ്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കിയ ഒരു കൂട്ടം ആളുകളാണ് രാഷ്ട്രീയക്കാരെന്നും ഒരു പണിയുമില്ലാത്തവരാണ് രാഷ്ട്രീയം കളിച്ചു നടക്കുന്നത് എന്നെല്ലാമാണ് വളരെ ആഘോഷിക്കപ്പെടുന്ന പൊതു ബോധങ്ങളില്‍ പ്രധാനപ്പെട്ടവ. എന്നാല്‍ ഒരു ജനാധിപത്യ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇവിടെ ജീവിക്കുന്ന ഓരോരുത്തരും രാഷ്ട്രീയമുള്ളവരാകണം, അല്ലെങ്കില്‍ രാഷ്ട്രീയ ബോധമുള്ളവരാകണം എന്നത് മറന്നു പോകേണ്ട സംഗതിയല്ല. ‘ആര് ഭരിച്ചാല്‍ നമുക്കെന്താ, നമ്മള്‍ പണിക്ക് പോയാല്‍ നമുക്ക് കൊള്ളാം’ എന്ന അരാഷ്ട്രീയ ചിന്താഗതി ഒരിക്കലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. കാരണം, നമ്മളില്‍ അധിഷ്ഠിതമായ ജോലികള്‍ ചെയ്തു മാത്രം ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്നത് തന്നെ. നമ്മള്‍ നമ്മുടെ സമൂഹത്തെ പറ്റിയും ഇവിടുത്തെ വ്യവസ്ഥിതിയെ കുറിച്ചുമെല്ലാം പഠിക്കേണ്ടതുണ്ട്, വിലയിരുത്തേണ്ടതുണ്ട്, വിമര്‍ശിക്കേണ്ടതുണ്ട്, സ്വന്തം ചിന്താധാരയിലൂടെ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

രാഷ്ട്രീയം എന്നതിനെ മൊത്തത്തിലുള്ള ഒരു സ്പെക്ട്രം ആയെടുത്താല്‍ അതിലെ ഒരു വശത്തിലെ വിമര്‍ശിക്കപ്പെടേണ്ട വിഭാഗമാണ് ‘ഞാന്‍ പണിക്ക് പോയാല്‍ എനിക്ക് കൊള്ളാം’ ചിന്താഗതിക്കാര്‍. അവരെ രാഷ്ട്രീയ നിഷ്പക്ഷര്‍ എന്നു വിളിക്കുന്നതിനേക്കാള്‍ രാഷ്ട്രീയ നിസ്സംഗര്‍ എന്നു വിളിക്കുന്നതാകും ഉചിതം. രാഷ്ട്രീയത്തെ പറ്റി ചിന്തിക്കാനും സംസാരിക്കാനും വൈമുഖ്യം കാണിച്ച് നിസ്സംഗരായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍.

എന്നാല്‍ വിമര്‍ശിക്കപ്പെടേണ്ടവര്‍ ഇവര്‍ മാത്രമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി, നേരത്തെ പറഞ്ഞ സ്പെക്ട്രത്തില്‍ മറു വശം കയ്യാളുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. അവര്‍ രാഷ്ട്രീയമുള്ളവരായാണ് സ്വയം മനസ്സിലാക്കുന്നത്. എന്നാല്‍ അവരുടെ രാഷ്ട്രീയമെന്നത് ഏതെങ്കിലുമൊരു പ്രത്യയ ശാസ്ത്രത്തിലോ പ്രസ്ഥാനത്തിലോ മാത്രം ഒതുങ്ങുന്നതായിരിക്കും. അവരുടെ ചിന്താസരണികള്‍ കാലങ്ങള്‍ക്ക് മുന്‍പേ എഴുതപ്പെട്ടതാണെങ്കില്‍ കൂടിയും അതിന്നും ഒരു ഭേദഗതിയും കൂടാതെ സാധുതയുള്ളതാണെന്നു കരുതുന്നവര്‍. അതെന്തുമായ്‌ക്കൊള്ളട്ടെ, ഓരോരുത്തര്‍ക്കും നേരത്തെ പറഞ്ഞത് പോലെ, അവരുടെ ചിന്താധാരകള്‍ക്ക് അനുസരിച്ച് എന്തിലും വിശ്വസിക്കാം. എന്നാല്‍ ഇവിടെ പ്രശ്‌നം വരുന്നത് ഇവര്‍ മറ്റുള്ളവര്‍ക്ക് രാഷ്ട്രീയത്തെ പറ്റി ക്ലാസെടുക്കാന്‍ നടക്കുമ്പോഴാണ്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ അവര്‍ പുച്ഛിക്കുമെങ്കില്‍ കൂടിയും, അവരും ഇതു പോലെ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ട് എതിര്‍ പ്രസ്ഥാനക്കാരെയും അവര്‍ രാഷ്ട്രീയമുള്ളവരെന്ന് അംഗീകരിച്ചേക്കും. എന്നാല്‍ പ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും കെട്ടിലകപ്പെടാതെ സ്വതന്ത്രമായി രാഷ്ട്രീയം സംസാരിക്കുന്നവരെ ഇവര്‍ അരാഷ്ട്രീയ വാദികളെന്ന് മുദ്രകുത്തും. നേരത്തെ പറഞ്ഞ രാഷ്ട്രീയ നിസ്സംഗതയും രാഷ്ട്രീയ നിഷ്പക്ഷതയുമെല്ലാം അരാഷ്ട്രീയതയുടെ വിവിധ തലങ്ങളാണെന്ന് കൊട്ടിഘോഷിക്കപ്പെടും. രാഷ്ട്രീയ നിഷ്പക്ഷത ഈ നാട്ടില്‍ തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള കാരണം ഞാന്‍ നേരത്തെ പറഞ്ഞതാണ്, ഇവിടുത്തെ അറിയപ്പെടുന്ന ‘രാഷ്ട്രീയ വാദികള്‍’ ഇവിടെ രാഷ്ട്രീയമുള്ളതായി അംഗീകരിക്കുന്നത് ഏതെങ്കിലും പ്രസ്ഥാനത്തെ അന്ധമായി വിശ്വസിച്ച് കൂടെ നില്‍ക്കുന്നവരെ മാത്രമാണ്. ഇവിടെയുള്ള ഒന്നും പൂര്‍ണമല്ലെന്നും ഒന്നും വിമര്‍ശനത്തിന് അതീതമല്ലെന്നും ഓരോ പ്രത്യയ ശാസ്ത്രത്തിനും പ്രസ്ഥാനത്തിനും അതിന്റേതായ തെറ്റുകുറ്റങ്ങള്‍ ഉണ്ടെന്നും മനസിലാക്കി, ഒന്നിനോടും അന്ധമായ പ്രതിപത്തി ശരിയായ പ്രവണതയല്ല എന്നു തിരിച്ചറിഞ്ഞ് ഓരോ ചിന്താ ധാരകളുടെയും നല്ലതിനെ ഉള്‍ക്കൊണ്ട്, മോശമായതിനെ പുറന്തള്ളാന്‍ സാധിച്ചാല്‍ അതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ബോധമെന്ന് മനസിലാക്കാന്‍ ആ കൂട്ടര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല, അവര്‍ അതിനു തയ്യാറല്ലെന്ന് പറയുന്നതാകും ശരി. അവരെ രാഷ്ട്രീയ വാദികള്‍ എന്നല്ല, രാഷ്ട്രീയ അടിമകള്‍ എന്നു വിളിക്കേണ്ടി വരും.

ഇത്രയും നേരം പറഞ്ഞത് കുറച്ചു ലളിതമായി ഒന്നു ഉദാഹരിക്കാന്‍ ശ്രമിച്ചാല്‍, ഈ അടുത്ത കാലത്തായി സന്ദേശം എന്ന സിനിമ അരാഷ്ട്രീയമാണ് എന്ന് പ്രമുഖര്‍ ഉള്‍പ്പെടെ പലരും നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ആ സിനിമയില്‍ ഹാസ്യവല്‍ക്കരിക്കപ്പെട്ട് ചിത്രീകരിച്ചിട്ടുള്ള പല സംഭവങ്ങളും അതേ പടിയോ അതിനേക്കാള്‍ മോശമായ രീതിയിലോ ഇന്നും നമ്മുടെ സമൂഹത്തില്‍ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെയും സംഭവിക്കുന്നതിനു നമ്മള്‍ സാക്ഷിയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയവും മൊത്തത്തില്‍ ശരിയല്ല എന്ന ചിന്തയല്ല, മറിച്ച് അവയില്‍ അന്തര്‍ലീനമായ പൊള്ളത്തരങ്ങളെ എടുത്തു കാണിക്കുകയാണ് അതില്‍ ശ്രീനിവാസന്‍ ചെയ്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഇവിടെ ശ്രീനിവാസന് ചേരുന്നത് രാഷ്ട്രീയ നിസ്സംഗന്‍ എന്ന പട്ടമല്ല, മറിച്ച് രാഷ്ട്രീയ നിഷ്പക്ഷന്‍ എന്ന പട്ടമാണ്.

ചുരുക്കി പറഞ്ഞാല്‍, ഇവിടെ നിലനില്‍ക്കുന്ന എല്ലാ തത്വശാസ്ത്രങ്ങളും മനുഷ്യ നിര്‍മിതമായത് കൊണ്ടു തന്നെ അവയ്‌ക്കെല്ലാം പിഴവുകളുണ്ട് എന്ന് മാത്രമല്ല, അവയൊന്നും കാലാനുവര്‍ത്തിയുമല്ല. അതിനാല്‍ തന്നെ ഒരു പ്രത്യേക തത്വ ശാസ്ത്രത്തിനോട് അനുഭാവമുണ്ടെങ്കില്‍ കൂടിയും ആ ചട്ടക്കൂടിനുള്ളിലേക്ക് മൊത്തമായി ചുരുണ്ടു കൂടാതെ, അവയ്ക്കുള്ളില്‍ നിന്നും മേന്മയുള്ളത് തിരഞ്ഞെടുത്ത് നമ്മുടെ ചിന്താശേഷി ഉപയോഗിച്ചു നമ്മുടെ രാഷ്ട്രീയ ബോധം വികസിപ്പിച്ച് ഉയര്‍ന്നു പോകുകയാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം തത്വദീക്ഷകളോടുള്ള പരിധിയില്‍ കവിഞ്ഞുള്ള ആത്മാര്‍ത്ഥത നമ്മുടെ ചിറകുകളെ ബന്ധിച്ചിടുന്നതിനു സമാനമാണ്. ഈ പ്രത്യയ ശാസ്ത്രങ്ങളുടെയും തത്വ ദീക്ഷകളുടെയുമെല്ലാം ഇടയിലാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമെന്ന വാക്ക് ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ യുക്തിക്കും ചിന്തകള്‍ക്കും അനുസരിച്ച് അവയെ കണ്ടെത്താന്‍ ശ്രമിച്ച്, ഈ രാഷ്ട്രീയ ചിന്തകള്‍ക്കിടയില്‍, ബൗദ്ധികമായ കുറച്ച് സ്വത്തിന്റെ അവകാശം നേടുക എന്നതാകണം ഒരു യഥാര്‍ത്ഥ രാഷ്ട്രീയ വാദിയുടെ ജീവിത ലക്ഷ്യം. അങ്ങനെ നേടാന്‍ ശ്രമിക്കുന്നവരെ അരാഷ്ട്രീയതയുടെ ചാപ്പ കുത്തുന്നതിനു പകരം, പ്രത്യയ ശാസ്ത്രങ്ങളിലേക്ക് ചുരുങ്ങാന്‍ ആഗ്രഹിക്കുന്ന വിധേയ മനസിനെ സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിച്ചാല്‍ ആര്‍ക്കും രാഷ്ട്രീയ നിഷ്പക്ഷരാകാം, കാരണം രാഷ്ട്രീയ നിഷ്പക്ഷര്‍ എന്നാല്‍ രാഷ്ട്രീയമില്ലാത്തവരല്ല, പൂര്‍ണമായി ഒരു പക്ഷത്തോട് ചേര്‍ന്നു നില്‍ക്കാത്തവര്‍ എന്നാണ്. രാഷ്ട്രീയമില്ലാത്തവര്‍ അല്ലെങ്കില്‍ അരാഷ്ട്രീയ വാദികളെ വിശേഷിപ്പിക്കേണ്ടത് രാഷ്ട്രീയ നിസ്സംഗര്‍ എന്നാണ്. രാഷ്ട്രീയ നിസ്സംഗരും രാഷ്ട്രീയ അടിമകളും അല്ലാതെ, രാഷ്ട്രീയ ബോധമുള്ളവരാണ് ഈ ലോകത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തര്‍, എന്തെന്നാല്‍ അവര്‍ക്കാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതികളുടെ ന്യൂനതകള്‍ തിരിച്ചറിഞ്ഞു നൂതനമായ ചിന്തകളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ഗൗതം വിഷ്ണു എന്‍

അഡ്വ. ഗൗതം വിഷ്ണു എന്‍

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ അഭിഭാഷകനാണ് അഡ്വ. ഗൗതം വിഷ്ണു എന്‍

More Posts

×