UPDATES

ഓഫ്‌സൈഡിന്റെ രാഷ്ട്രീയം യാഥാര്‍ത്ഥ്യമാകുമ്പോള്‍

1979 ലെ ഇസ്​ലാമിക വിപ്ലവത്തിനു ശേഷം ഏർപ്പെടുത്തിയ ഒരു അലിഖിത വിലക്കാണ് ഇതോടെ ഇല്ലാതാകുന്നത്.

                       

‘ഓപ്പണ്‍ സ്റ്റേഡിയംസ്’ ഡിസംബര്‍ 14 ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ഒരു ചിത്രം, അതൊരു ചരിത്രമാറ്റത്തിന്റെ സാക്ഷ്യമാണ്. ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തിലിരുന്നു കാണുന്നതില്‍ സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഇറാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്കകമാണ് ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ മൂന്ന് വനിതകള്‍ കളി കാണാനെത്തിയതിന്റെ ചിത്രം ക്യാമ്പയിന്‍ ഗ്രൂപ്പ് ആയ ഓപ്പണ്‍ സ്റ്റേഡിയംസ് പുറത്തുവിട്ടത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഏര്‍പ്പെടുത്തിയ അലിഖിത വിലക്കാണ് ഇതോടെ ഇല്ലാതാകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില സന്ദര്‍ഭങ്ങളില്‍, സ്റ്റേഡിയത്തിലിരുന്ന് മത്സരങ്ങള്‍ കാണാന്‍ പരിമിതമായ തോതില്‍ സ്ത്രീകളെ അനുവദിച്ചിരുന്നുവെങ്കിലും, 2022 മാര്‍ച്ച് മുതല്‍ നിരോധനം വീണ്ടും ഏര്‍പ്പെടുത്തുകയായിരുന്നു.

നാളിതുവരെ നിലനിന്നിരുന്ന വിലക്കുകള്‍ നീങ്ങിയതിന്റെ സന്തോഷം പങ്കുവെക്കുന്ന ടെഹ്റാന്‍ സ്റ്റേഡിയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിലേക്ക് ആദ്യം കയറി വരുന്നത് ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ‘ഓഫ്സൈഡ്’ എന്ന ചലച്ചിത്രമാണ്.

പുരുഷവേഷം ധരിച്ച് ഫുട്‌ബോള്‍ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഒരു കൂട്ടം യുവതികളെ കേന്ദ്രീകരിച്ച്, ഇറാനില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹിക നിയന്ത്രണങ്ങളിലേക്കും ലിംഗപരമായ പരിമിതികളിലേക്കുമാണ് പനാഹി ഓഫ്സൈഡ് എന്ന സിനിമയിലൂടെ കാമറ തിരിച്ചു വെച്ചത്.

ലോകകപ്പ് യോഗ്യത മത്സരത്തില്‍ മാതൃരാജ്യമായ ഇറാന്‍ ടീമിന്റെ കളി കാണാന്‍ പുരുഷന്മാരായി വേഷം മാറിയെത്തുന്ന യുവതികളെ സ്റ്റേഡിയത്തിലുള്ള സൈനികര്‍ തിരിച്ചറിയുകയും അവരെ തടവിലാക്കുകയും ചെയ്യുന്നിടത്താണ് സിനിമയുടെ ‘സെന്‍ട്രല്‍ കോണ്‍ഫ്‌ളിക്ട്’ ഉടലെടുക്കുന്നത്.

തടവിലായ സ്ത്രീകള്‍ സൈനികരുമായി ആത്മാര്‍ത്ഥമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും, യുവതികളുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശം സൈനികര്‍ തിരിച്ചറിയുന്നതുമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന സിനിമ നിയമം അനുശാസിക്കും പോലെ സ്ത്രീകളെ സ്റ്റേഡിയത്തില്‍ നിന്നും വിലക്കി നിര്‍ത്താന്‍ മാത്രമേ ആ സാഹചര്യത്തില്‍ തങ്ങള്‍ക്ക് സാധിക്കുകയുള്ളൂ എന്ന സൈനികരുടെ നിസ്സഹായതയും വെളിവാക്കുന്നു. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക നിയന്ത്രണങ്ങള്‍ വ്യക്തിസ്വാതന്ത്രത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ള ആഴത്തിലുള്ള വായനകള്‍ ഈ സിനിമയില്‍ കാണാം.

‘ഓഫ്സൈഡ്’ മത മൗലികവാദത്തിന്റെയും സ്ത്രീകള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലിന്റെയും ഹാസ്യാത്മകമായ ആവിഷ്‌കാരമാണ്. സംവിധായകന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ‘ഈ സിനിമ ഒരു കയ്പുള്ള നര്‍മ്മമാണ്, ഇത് നമ്മെ ചിരിപ്പിക്കുന്നു, ഒപ്പം വേദനിപ്പിക്കുകയും ചെയ്യുന്നു’

കടുത്ത സെന്‍സര്‍ഷിപ്പ് വെല്ലുവിളികള്‍ക്കിടയില്‍ നിന്നുകൊണ്ടും ഇറാനില്‍ നിലനില്‍ക്കുന്ന സാമൂഹിക അസമത്വങ്ങളെ വെല്ലുവിളിക്കാന്‍ ഇറാനിയന്‍ സിനിമള്‍ക്ക് സാധിച്ചതിനുള്ള ഒരു ഉദാഹരണം മാത്രമാണ് ഓഫ്സൈഡ്. ജാഫര്‍ പനാഹിയും, അബ്ബാസ് കിയാരോസ്തമിയും, മജീദ് മജീദിയും, അസ്ഗര്‍ ഫര്‍ഹാദിയുമടക്കമുള്ള ഇറാനിയന്‍ ചലച്ചിത്രകാരന്മാര്‍ പറയാന്‍ ശ്രമിച്ച രാഷ്ട്രീയം യാഥാര്‍ഥ്യമാകട്ടെ. ആ മാറ്റത്തിലേക്കുള്ള ആത്മവിശ്വാസമാണ് ടെഹ്‌റാനിലെ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ സ്ത്രീകളുടെ ചിത്രം പങ്കുവെക്കുന്നത്.

സംഗീത സുബ്രമണ്യൻ

സംഗീത സുബ്രമണ്യൻ

കോളേജ് അദ്ധ്യാപിക. ഫിലിം സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു

More Posts

Share on

മറ്റുവാര്‍ത്തകള്‍