UPDATES

ഒടുവിലാ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി സര്‍ഫറാസ് ഖാന്‍

ട്രെയിനില്‍ ട്രാക്ക് പാന്റ് വില്‍ക്കാന്‍ പോകാമെന്ന് നിരാശപ്പെട്ട മകനും, അവനെ വിശ്വാസം കൊടുത്ത് മുന്നോട്ടുകൊണ്ടുപോയ പിതാവും

                       

ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ തലയില്‍ ടെസ്റ്റ് ക്യാപ് വച്ചു കൊടുക്കുമ്പോള്‍ സര്‍ഫറാസ് ഖാന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിനാണ് ഫലം കണ്ടിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലൂടെ തന്റെ അരങ്ങേറ്റം കുറിക്കുമ്പോള്‍ ആ ചെറുപ്പക്കാരനൊപ്പം രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ആനന്ദക്കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകണം. ആ അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയ സര്‍ഫറാസ് ഖാന്റെ, ഭാര്യയടക്കമുള്ള കുടുംബവും ജീവിതത്തില്‍ അന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു കടന്നു പോയത്.

എല്ലാത്തിലും മുകളിലായി വ്യാഴാഴ്ച്ച രാവിലെ രാജ്‌കോട്ടിലെ മൈതാനം സാക്ഷ്യം വഹിച്ചത് ഒരച്ഛന്റെയും മകന്റെയും സ്‌നേഹബന്ധത്തിന്റെ ആഴത്തിനായിരുന്നു. കാലം തന്റെ തലയില്‍ അണിയിച്ച ടെസ്റ്റ് ക്യാപ്പുമായി സര്‍ഫറാസ് ഓടിച്ചെന്നത് തന്റെ അബ്ബുവിന് അരികിലേക്കായിരുന്നു. ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ മനുഷ്യനെ സര്‍ഫറാസ് മുറുകെ പുണര്‍ന്നു. ഇരുവര്‍ക്കും പുറത്തേക്കൊഴുകിയ കണ്ണുനീരിനെ തടയാന്‍ കഴിയുമായിരുന്നില്ല.

ഒരിക്കല്‍ സര്‍ഫറാസ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞിരുന്നു; ‘ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്ന ആ ദിവസം മുഴുവന്‍ ഞാന്‍ കരയും’. അത്രമേല്‍ തീവ്രവവും വൈകാരികവുമായിരുന്നു രാജ്യത്തിനുവേണ്ടി കളിക്കുയെന്ന അയാളുടെ ലക്ഷ്യം.

എന്തുകൊണ്ട് ഇത്രനാളും ഈ ചെറുപ്പക്കാരനെ ഒഴിവാക്കി നിര്‍ത്തിയെന്നു സംശയിപ്പിക്കുന്ന ഇന്നിംഗ്‌സായിരുന്നു കന്നി മത്സരത്തില്‍ സര്‍ഫറാസ് കാഴ്ച്ചവച്ചത്. നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രം നഷ്ടമായതാണ് സെഞ്ച്വറി. എങ്കില്‍പ്പോലും 66 ബോളില്‍ നേടിയ 62 റണ്‍സിന് അതിലേറെ തിളക്കമുണ്ട്. ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ സര്‍ഫറാസിന്റെ കളിയും അടയാളപ്പെടുത്തും. എത്രമാത്രം അപകടകാരിയാണ് സര്‍ഫറാസ് എന്ന് ബൗളര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്നലെ ബാറ്റ്‌കൊണ്ട് സര്‍ഫറാസ് ഒരു വലിയ ചോദ്യം ചോദിക്കുകയായിരുന്നു; എന്തുകൊണ്ടാണ് നിങ്ങളിത്ര നാളും എന്നെ മാറ്റി നിര്‍ത്തിയതെന്നായിരുന്നു ആ ചോദ്യം.

ഒരിക്കല്‍ പോലും പ്രതീക്ഷ കൈവിട്ടിരുന്നില്ല എന്നതാണ് സര്‍ഫറാസ് ഖാന്റെ വിജയം. അയാള്‍ ഓരോ ദിവസവും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നും രാവിലെ അഞ്ചു മണിക്ക് ഉണരും. കൃത്യം ആറരയ്ക്ക് ക്രോസ് മൈതാനത്ത് പരിശീലനത്തിനെത്തും. അവിടെ അയാള്‍ തന്റെ ബാറ്റിംഗ് മികവ് മെച്ചപ്പെടുത്താനായി ദീര്‍ഘസമയം ചെലവഴിക്കും. ഇതേസമയം തന്നെ, സര്‍ഫറാസിന്റെ ഇളയ സഹോദരന്‍ മുഷീര്‍ വീടിനു പുറത്ത് പ്രത്യേകം തയ്യാറാക്കിയ പിച്ചിലായിരുന്നു പരിശീലനം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് മുഷീര്‍ ഖാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരാണ് സര്‍ഫറാസിന്റെ സഹോദരന്‍.

ഈ നേട്ടങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ഖാന്‍ സഹോദരന്മാരെ എത്തിക്കാന്‍ വേണ്ടി അവരുടെ അബ്ബു സഹിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും ഏറെയായിരുന്നു. പശ്ചിമ റെയില്‍വേയിലെ ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന നൗഷാദിന് കിട്ടുന്ന ശമ്പളം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അയാള്‍ ട്രെയിനില്‍ മിട്ടായിയും വെള്ളരിയും ട്രാക് പാന്റുകളും വിറ്റു. ഞങ്ങള്‍ ചേരിയില്‍ നിന്നും വന്നവരാണ്, ശൗചാലയത്തില്‍ പോകാന്‍ ക്യൂ നില്‍ക്കേണ്ടി വന്നിട്ടുള്ളവര്‍, അവിടെ എന്റെ മക്കള്‍ വഴക്കുണ്ടാക്കുകയും തള്ളിക്കയറാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒന്നുമില്ലായ്മയില്‍ നിന്നും വന്നവരാണ്, ഒന്നുമില്ലായ്മയിലേക്ക് തന്നെ മടങ്ങേണ്ടിയും വന്നേക്കാം’ നൗഷാദ് ഖാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് തന്റെ പഴയകാലത്തെക്കുറിച്ച് പറയുന്നതാണ്.

‘ ഒരിക്കല്‍ സര്‍ഫറാസ് എന്നോട് പറഞ്ഞു, അബ്ബു ഇത് നടക്കില്ലെങ്കില്‍(ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്) നമുക്ക് പഴയതുപോലെ ട്രാക്ക് പാന്റുകള്‍ വില്‍ക്കാന്‍ തന്നെ പോകാം’

ഈയോര്‍മകളെല്ലാം പാഡ് കെട്ടി കാത്തിരുന്ന നാല് മണിക്കൂറുകളില്‍ മനസിലൂടെ ഓടിമറഞ്ഞുവെന്നാണ് സര്‍ഫറാസ് പറയുന്നത്. ‘ പാഡ് അണിഞ്ഞ് നാല് മണിക്കൂറോളം ഞാന്‍ കാത്തിരുന്നു, ആ സമയത്ത് ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നത്, ക്ഷമ കാണിക്കണം, സമയം ബാക്കിയുണ്ട്’ എന്നായിരുന്നുവെന്ന് പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോള്‍ സര്‍ഫറാസ് പറയുന്നു.

ഒടുവില്‍ ഗ്രൗണ്ടില്‍ ഇറങ്ങേണ്ട സമയം ആഗതമായി. സര്‍ഫറാസ് അപ്പോള്‍ ഒട്ടും പരിഭ്രാന്തനായില്ല. ആ അച്ഛനും മകനും അത് സ്വപ്‌നസാഫല്യത്തിന്റെ മുഹൂര്‍ത്തമായിരുന്നു.

‘ അദ്ദേഹത്തിന്റെ മുന്നില്‍ ഇന്ത്യക്കു വേണ്ടി കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അബ്ബു ആദ്യം ഗ്രൗണ്ടിലേക്ക് വരാന്‍ താത്പര്യപ്പെട്ടിരുന്നില്ല. പിന്നീട് ആരൊക്കെയോ നിര്‍ബന്ധിച്ചതുകൊണ്ടാണ് ആ പ്രത്യേക നിമിഷത്തിന് സാക്ഷിയാകാന്‍ വേണ്ടി അദ്ദേഹം വന്നത്്. എനിക്കറിയാം, എന്റെ ചുമലില്‍ ഉത്തരവാദിത്വങ്ങളുണ്ട്, അബ്ബുവിന്റെ പ്രയത്‌നം പാഴാക്കരുത്’. ഒന്നാം ദിനത്തിലെ കളിയവസാനിച്ചശേഷം നടന്ന വാര്‍ത്തസമ്മേളനത്തിലാണ് സര്‍ഫറാസ് മനസ് തുറന്നത്.

ഒരിക്കല്‍ തന്റെ മുന്നില്‍ തുറക്കുന്ന അവസരത്തില്‍ എന്താണ് തന്റെ മികവ് എന്ന് ലോകത്തെ കാണിക്കാന്‍ തയ്യാറായിരുന്നു സര്‍ഫറാസ്. അതിനുവേണ്ടി അയാള്‍ യത്‌നിച്ചത് തന്റെ ബാറ്റിംഗ് സ്ഥിരതയില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ വേണ്ടിയായിരുന്നു. അയാള്‍ കഠിനമായി പ്രയത്‌നിച്ചപ്പോഴും ദേശീയ ടീമില്‍ നിന്നുള്ള അകലത്തില്‍ മാറ്റം ഉണ്ടായില്ല. ഓരോ തവണയും സര്‍ഫറാസിന് വിളിവരുമെന്ന് അയാളെപ്പോലെ ഇന്ത്യന്‍ ആരാധകരും പ്രതീക്ഷിച്ചു. 2022-ല്‍ ബംഗ്ലാദേശ് പര്യടനത്തിനുള്ള സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍ ഒഴിവാക്കി. അപ്പോഴൊക്കെ ഉയര്‍ന്നു കേട്ടൊരു വിമര്‍ശനം, സര്‍ഫറാസിന് പേസും ബൗണ്‍സും നേരിടാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു. ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതിരുന്നതും സര്‍ഫറാസിന്റെ സ്വപ്‌നങ്ങള്‍ക്ക് വിഘാതമായി.

തഴയപ്പെടുന്നത് തുടര്‍ക്കഥയായതോടെ സര്‍ഫറാസ് അക്ഷമനായി. പക്ഷേ, നൗഷാദിന് വിശ്വാസമുണ്ടായിരുന്നു. ‘നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കുക, ആ കാഴ്ച്ച ദൃശ്യമാകും, ദാഹിക്കുന്നവന്റെ അരികിലേക്ക് കടല്‍ വരും’ അയാള്‍ മകനെ ആശ്വസിപ്പിച്ചു. ‘ക്ഷീണിതനായി ഇരിക്കരുത്, ഓ സഞ്ചാരി, നിങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തുക മാത്രമല്ല, അവിടെയെത്തുന്നതിന്റെ സന്തോഷവും രസവും അനുഭവിക്കുകയും ചെയ്യും’-മകന് നല്‍കാനുള്ള മറ്റൊരു ഉപദേശം ഇതായിരുന്നു.

ആ പിതാവിന്റെ വിശ്വാസം പോലെ, മകന്റെ പ്രയത്‌നത്തിനുള്ള ഫലം പോലെ, ഒടുവില്‍ ഇരുവരും എന്താണോ ആഗ്രഹിച്ചത് അത് സംഭവിച്ചിരിക്കുന്നു. ഒരുപക്ഷേ, ഇനി സര്‍ഫറാസ് ഖാന്‍ എന്നെഴുതിയ ജേഴ്‌സികളും ട്രാക്ക് പാന്റുകളും ഈ രാജ്യത്ത് വിറ്റഴിക്കപ്പെടും. കാലം അങ്ങനെയൊന്നും മനുഷ്യരോട് നീതികേട് കാണിക്കില്ല.

Share on

മറ്റുവാര്‍ത്തകള്‍