UPDATES

വിദേശം

ശാസ്ത്ര ലോകത്തിന് സ്വപ്‌ന യാഥാര്‍ത്ഥ്യം; ബെന്നുവിലെ സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് നാസ

രണ്ട് വര്‍ഷത്തെ സര്‍വേയിലൂടെയാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ പാറക്കല്ലുകളും ഗര്‍ത്തങ്ങളും നിറഞ്ഞ കൂമ്പാരമാണെന്ന് കണ്ടെത്തിയത്

                       

ഭൂമിയുടെയും ജീവന്റെയും ആവിര്‍ഭാവം കണ്ടെത്തുന്നതിനായി ഭൂമിയില്‍ നിന്ന് 81 ദശലക്ഷം കിലോമീറ്റര്‍ മാറി സൂര്യനെ പരിക്രമണം ചെയുന്ന ചിന്നഗ്രഹത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു ശാസ്ത്ര ലോകത്തിന് പുത്തന്‍ സാധ്യതകള്‍ തുറന്നു കൊടുക്കയാണ് നാസ.

ബെന്നു എന്ന കാര്‍ബണ്‍ സമ്പന്നമായ ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ രൂപകല്‍പ്പന ചെയ്ത നാസ ബഹിരാകാശ പേടകമായ ഒസൈറിസ്-റെക്‌സ് ചിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഞായറാഴ്ച അമേരിക്കയിലെ യൂട്ടാ മരുഭൂമിയില്‍ ഇറങ്ങി. ഒരുലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് ഒസൈറിസ്-റെക്‌സ് സാമ്പിള്‍ ക്യാപ്സ്യൂള്‍ ഭൂമിയിലേക്കിറക്കിയത്. ബഹിരാകാശ പേടകത്തില്‍ നിന്ന് വേര്‍പെട്ട് നാലു മണിക്കൂറിനുശേഷമാണ് ക്യാപ്‌സ്യൂള്‍ ഭൂമിയിലെത്തിയത്. നാല് ഹെലികോപ്റ്ററുകളിലായി എത്തിയ നാസയുടെ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും സൈനിക സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ഭൂമിയിലെത്തിയാല്‍ അതിവേഗം മലിനമായേക്കാവുന്ന ഗംഡ്രോപ്പ് ആകൃതിയിലുള്ള ക്യാപ്സ്യൂളിലെ സാമ്പിളുകള്‍ യൂട്ടാ മരുഭൂമിയില്‍ നിന്ന് ശേഖരിച്ചത്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയും അരിസോണ സര്‍വകലാശാലയും തമ്മിലുള്ള ആറ് വര്‍ഷത്തെ സംയുക്ത ദൗത്യം ഫലം കണ്ട സന്തോഷാത്തിലാണ് ശാസ്ത്ര ലോകം. 2010-ലും 2020-ലും ഇതുപോലെ സമാനമായ രണ്ട് ദൗത്യങ്ങള്‍ ജപ്പാന്റെ ബഹിരാകാശ ഏജന്‍സി നടത്തിയിരുന്നു. അതിനു ശേഷം മൂന്നാമത്തെതും ഏറ്റവും വലുതുമായ ചിന്നഗ്രഹ സാമ്പിള്‍ ശേഖരണം കൂടിയായിരുന്നു ഇത്.

ക്യാപ്‌സ്യൂളിന്റെ ലാന്‍ഡിംഗ് നാസ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ‘ഞാന്‍ ഈ നിമിഷത്തെ വൈകാരികതയോടും, കണ്ണീരോടെയുമാണ് നോക്കി കാണുന്നത്. ഒരു സ്വപ്നം നിറവേറ്റുന്ന പോലെ ബഹിരാകാശത്ത് നിന്ന് ഈ സാമ്പിള്‍ ഭൂമിയിലേക്ക് എത്തിച്ചു ദൗത്യം വിജയകരമാക്കാന്‍ പ്രയത്‌നിച്ച സംഘത്തെക്കുറിച്ച് എനിക്ക് വലിയ മതിപ്പ് തോന്നുന്നു’;ദൗത്യത്തിന്റെ മിനറോളജിയുടെയും പെട്രോളോളജിയുടെയും ഡെപ്യൂട്ടി ലീഡറായ ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫസര്‍ സാറ റസ്സല്‍ അഭിപ്രയപെട്ടു. സാമ്പിള്‍ പരിശോധിക്കുന്ന ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടയാണെന്നും അവര്‍ പറഞ്ഞു.

ഒരു ബില്യണ്‍ ഡോളറിന്റെ ദൗത്യമായ ഒസൈറിസ് 2016ലാണ് കുതിച്ചുയര്‍ന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അത് ബെന്നുവിലെത്തിയിരുന്നു. രണ്ട് വര്‍ഷത്തെ സര്‍വേയിലൂടെയാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ പാറക്കല്ലുകളും ഗര്‍ത്തങ്ങളും നിറഞ്ഞ കൂമ്പാരമാണെന്ന് കണ്ടെത്തിയത്. ഒരു നീണ്ട വടി വാക്വം ഉപയോഗിച്ച് 2020 ലാണ് ചെറിയ വൃത്താകൃതിയിലുള്ള ബഹിരാകാശ പാറയില്‍ നിന്ന് അവശിഷ്ടങ്ങള്‍ ശേഖരിച്ചത്. തിരിച്ചെത്തിയപ്പോഴേക്കും പേടകം 6.2 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഉപരിതലം വളരെ അയഞ്ഞതിനാല്‍ പേടകത്തിന്റെ വാക്വം ഭുജം ഛിന്നഗ്രഹത്തിലേക്ക് ഒന്നോ രണ്ടോ അടി ആഴത്തിലിറക്കി പ്രതീക്ഷിച്ചതിലും കൂടുതല്‍ വസ്തുക്കള്‍ വലിച്ചെടുക്കുകയും മൂടിയെ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഭൂമിയില്‍ നിന്ന് 81 ദശലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനെ പരിക്രമണം ചെയ്യുന്ന ഈ ചിന്നഗ്രഹത്തിന് ഒന്നര കിലോമീറ്റര്‍ വീതിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ വലുപ്പമുള്ള ബെന്നു വളരെ വലിയ ഒരു ഛിന്നഗ്രഹത്തിന്റെ തകര്‍ന്ന ശകലമാണെന്നാണ് കരുതുന്നത്. 2182 ല്‍ ബെന്നു ഭൂമിയോട് അപകടകരമാംവിധം, അതായത് ഭൂമിയുമായി കൂട്ടിയിടിക്കാവുന്ന അത്രയും അടുത്തെത്തുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അതുകൊണ്ട് തന്നെ അടുത്ത നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇപ്പോഴത്തെ നിരീക്ഷണങ്ങള്‍ പ്രയോജനപ്പെട്ടേക്കാം.

‘ഒരു അവിശ്വസനീയമായ ദിനമാണ് ഇന്ന്. ത്തരം സാമ്പിളുകള്‍ ഒരു നിധിപോലെയാണ്. മ്മുടെ കുട്ടികള്‍ക്കും നമ്മുടെ കൊച്ചുമക്കള്‍ക്കും വരാന്‍ പോകുന്ന ഒരു തലമുറക്കും ശാസ്ത്രീയ വിശകലനത്തിന്റെ പുതിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്’- നാസ പ്ലാനറ്ററി സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ലോറി ഗ്ലേസ് ഞായറാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ക്യാപ്സ്യൂള്‍ പുറത്തിറങ്ങി ഏകദേശം 20 മിനിറ്റിനുശേഷം, ഒസൈറിസ്-റെക്‌സ് ബഹിരാകാശ പേടകം മറ്റൊരു ഛിന്നഗ്രഹമായ അപ്പോഫിസിനെ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു പുതിയ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. 2029 ലാണ് ഇത് ഭൂമിയിലേക്ക് തിരിച്ചെത്തുക.

മറ്റ് ഛിന്നഗ്രഹങ്ങളെപ്പോലെ, ബെന്നുവും ആദ്യകാല സൗരയൂഥത്തിന്റെ അവശിഷ്ടമാണ്. ഏകദേശം 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതിന് ശേഷം അതിന്റെ ഇന്നത്തെ രസതന്ത്രവും ധാതുശാസ്ത്രവും ഫലത്തില്‍ മാറ്റമില്ലാത്തതിനാല്‍, ഭൂമി പോലുള്ള ഗ്രഹങ്ങളുടെ ഉത്ഭവത്തെയും വികാസത്തെയും കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ അതില്‍ അടങ്ങിയിരിക്കുന്നു. സൂക്ഷ്മാണുക്കളുടെ ആവിര്‍ഭാവത്തിന് ആവശ്യമായ ജൈവ തന്മാത്രകള്‍ പോലും ഇതില്‍ അടങ്ങിയിരിക്കാം എന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഭൂമിക്ക് സമീപമുള്ള മറ്റൊരു ഛിന്നഗ്രഹമായ റുഗുവില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ജാപ്പനീസ് ദൗത്യമായ ഹയാബുസ 2 തിരിച്ചയച്ച സാമ്പിളുകളില്‍ രണ്ട് ജൈവ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി, ധൂമകേതുക്കള്‍, ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കാശിലകള്‍ തുടങ്ങിയ ഖഗോള വസ്തുക്കളാണ് ഭൂമിയുടെ തുടക്കത്തിന്റെ കരണക്കാരായത്.

ബെന്നുവിന്റെ സാമ്പിള്‍ 250 ഗ്രാം (8.8 ഔണ്‍സ്) ആണെന്നാണ് കണക്കാക്കുന്നത്. ഇതിനുമുന്‍പ് ഛിന്നഗ്രഹ സാമ്പിളുകള്‍ തിരികെ കൊണ്ടുവന്ന ഒരേയൊരു രാജ്യം ജപ്പാനാണ്. അന്ന് ശേഖരിക്കാന്‍ സാധിച്ചത ഏകദേശം ഒരു ടീസ്പൂണോളം വരുന്ന സാമ്പിളുകളാണ്. നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥത്തിന്റെ ഉദയം മുതലുള്ള നിര്‍മ്മാണ ബ്ലോക്കുകള്‍ ഭൂമിയും ജീവനും എങ്ങനെ രൂപപ്പെട്ടുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിച്ചേക്കും. ലാന്‍ഡിംഗ് സൈറ്റിലെ പ്രാഥമിക വിലയിരുത്തലിനുശേഷം, ഡാര്‍ക്ക് ക്യാപ്സ്യൂളും അതിനുള്ളിലെ സാമ്പിളുകളും ഹെലികോപ്റ്ററില്‍ പ്രാഥമിക പരിശോധനയ്ക്കായി യൂട്ടാ ടെസ്റ്റ് റേഞ്ചിലെ ‘ക്ലീന്‍ റൂമിലേക്ക്’ ആണ് കൊണ്ടുപോയത്. സാമ്പിളുകള്‍ സെപ്റ്റംബര്‍ 25ന് ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ പുതിയ ലാബിലേക്ക് കൊണ്ടുപോകും. അരനൂറ്റാണ്ട് മുമ്പ് അപ്പോളോ ബഹിരാകാശയാത്രികര്‍ ശേഖരിച്ച നൂറുകണക്കിന് കിലോഗ്രാം ചന്ദ്രശിലകളും ഈ കെട്ടിടത്തില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

വരും ദിവസങ്ങളില്‍, ഇത് ലോകമെമ്പാടുമുള്ള 60 ലബോറട്ടറികളിലായി 200 ഓളം ശാസ്ത്രജ്ഞര്‍ക്ക് കൈമാറ്റം നടത്തുന്നതിനായി അയക്കുന്നതിനാണ് ഹൂസ്റ്റണിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍