ലോക സഞ്ചാരത്തിനിറങ്ങിയ ആ സ്പാനിഷ് ദമ്പതികളുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോഴവര്‍ക്ക് ഈ രാജ്യമവരെ വേട്ടയാടുന്ന ഭീകര സ്വപ്‌നമാണ്. ജാര്‍ഖണ്ഡില്‍ വച്ച് വിദേശ സഞ്ചാരികള്‍ക്ക് നേരിടേണ്ടി വന്ന ദുരന്തം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വച്ച് സ്പാനിഷ് വനിതയെ ഏഴുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവമാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തനിക്കുണ്ടായ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ഈ ക്രൂരത പുറം ലോകം അറിയുന്നത്.
ഹന്‍സ്ദിഹ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുമഹട്ടില്‍ തങ്ങള്‍ താല്‍ക്കാലികമായൊരുക്കിയ ടെന്റില്‍ രാത്രി തങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് വിദേശ വനിത പറയുന്നു. തന്റെ മുഖത്തെ മുറിവുകളടക്കം കാണിക്കുന്ന വീഡിയോ ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ യുവതി പങ്കുവച്ചിരുന്നു.
” ഏഴു പേര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഞങ്ങളെ ആക്രമിച്ചു. ഞങ്ങളെ മര്‍ദിച്ചവശരാക്കി, എന്റെ കഴുത്തില്‍ കത്തിവച്ചു, എന്നെ മര്‍ദിച്ചു, ബലാത്സംഗം ചെയ്തു. ഞങ്ങളുടെ പക്കലുണ്ടായിരുന്നത് അത്രയും കൊള്ളയടിച്ചു, എന്നാലും അവരുടെ പ്രധാനലക്ഷ്യം എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ഞങ്ങളിപ്പോള്‍ ആശുപത്രിയിലാണ്.” യുവതി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
യുവതിയുടെ ഭര്‍ത്താവിന്റെ മുഖത്തും മറ്റുമായി നിരവധി മുറിവകളുണ്ട്. 64 വയസുകാരനായ യുവതിയുടെ പങ്കാളി പറയുന്നതിങ്ങനെയാണ്-”എന്റെ മുഖത്തും വായിലുമെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നെക്കാള്‍ അവളുടെ സ്ഥിതിയാണു മോശം. എന്നെ ഹെല്‍മെറ്റ് കൊണ്ടും കല്ല് കൊണ്ടും പലതവണ തലയില്‍ അടിച്ചു. ഭാഗ്യത്തിന്, അവള്‍ക്ക് നേരെയുണ്ടായ ആ പ്രഹരം ചെറുത്തത് അവള്‍ ധരിച്ച ജാക്കറ്റ് ആണ്. ഞങ്ങള്‍ മരിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതിയത്. ദൈവത്തിന് നന്ദി ഞങ്ങള്‍ ജീവിച്ചിരിക്കുന്നു’.
അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കണിച്ചു ഈപോസ്റ്റ് പിന്‍വലിക്കാന്‍ ഇരുവരോടും പോലീസ് ആവിശ്യപ്പെട്ടിരുന്നു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം, മാര്‍ച്ച് രണ്ടിനു മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി വിദേശ മാധ്യമങ്ങള്‍ ദുംക കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളെ ആക്രമിക്കുകയും അതില്‍ സ്ത്രീതെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ മറ്റ് നാല് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതരെയും ദമ്പതികളെയും ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്പാനിഷ് പൗരന്മാരായ ദമ്പതികളെ മാര്‍ച്ച് ഒന്നിന് രാത്രി 11 മണിയോടെ റോഡരികില്‍ വെച്ച് അവശരായ നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് പറയുന്നു. സമീപത്തു ഹോട്ടലുകള്‍ കാണാത്തതിനാലാണ് തങ്ങള്‍ ആക്രമിക്കപ്പെട്ട സ്ഥലത്തു ക്യാമ്പ് ചെയ്തതെന്നാണു ദമ്പതിമാര്‍ പറയുന്നത്.
കുറെയധികം പുരുഷന്മാര്‍ തന്നെ ശരീരകമായി ഉപദ്രവിച്ചതായും, ഭര്‍ത്താവിനെ ആവര്‍ത്തിച്ച് മര്‍ദിച്ചതായും ഉപദ്രവിക്കപ്പെട്ട വനിത ഒരു വീഡിയോ അഭിമുഖത്തില്‍ പറയുന്നുണ്ട്. രണ്ടു മണിക്കൂറോളം മാറി മാറി ഉപദ്രവിച്ചതായാണു സ്പാനിഷ് ടിവി ചാനലായ ആന്റീന 3 ക്കു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നത്.
സ്ഥിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് അയക്കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ന്യൂഡല്‍ഹിയിലെ തങ്ങളുടെ എംബസി വഴി ഒരു ബ്രസീലിയന്‍ പൗരനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും, അടിയന്തര സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ പരിശ്രമിച്ചതായും ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി, വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
റോയിട്ടേഴ്‌സിന് പുറമെ പല വിദേശ മാധ്യമങ്ങളും ഈ സംഭവത്തോടൊപ്പം ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു കൂടി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ രാജ്യത്തിനകത്തും, വിദേശത്തു നിന്നെത്തിയവരും നേരിടേണ്ടി വരുന്ന ശോചനീയാവസ്ഥയും പരാമര്‍ശിക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് വിദേശ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 2022ല്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 90 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന വസ്തുതയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ പല സാഹചര്യങ്ങളിലും അതിജീവിതകള്‍ക്ക് നീതി ലഭിക്കാതെ പോകുന്നതായും, പൊലീസ് അന്വേഷണത്തിലേക്ക് നീങ്ങാത്തതായും, പൊലീസ് അന്വേഷണത്തിലുള്ള വിശ്വാസമില്ലായ്മ കാരണം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. 2012-ലെ നിര്‍ഭയ കേസ് പരാമര്‍ശിച്ച എഎഫ്പി വാര്‍ത്തയില്‍ ഭയപ്പെടുത്തുന്ന വിധത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനായി ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന പ്രതിഷേധങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ സാധാരണമെന്നാണ് അല്‍-ജസിറ റിപ്പോര്‍ട്ട് ചെയ്തത്. പ്രത്യേകിച്ച് ന്യൂനപക്ഷ, താഴ്ന്ന ജാതിയിലുള്ള സമുദായങ്ങളിലെ സ്ത്രീകളുടെ അവസ്ഥ ഏറ്റവും മോശമാണെന്നും ചൂണ്ടികാണിക്കുന്നുണ്ട്. ”കുറ്റകൃത്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിന് ആളുകള്‍ക്കുള്ള വിമുഖതയും കൂടുതല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്ത സാഹചര്യവും പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ല്‍ 31,516 ബലാത്സംഗക്കേസുകള്‍ രേഖപ്പെടുത്തിയ എന്‍സിആര്‍ബി റിപ്പോര്‍ട്ടും അല്‍ജസീറ പരാമര്‍ശിച്ചു. ‘രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്,’ വാര്‍ത്തയില്‍ പറയുന്നു. ന്യൂസ് പോര്‍ട്ടലായ ദി ഇന്‍ഡിപെന്‍ഡന്റും സംഭവത്തെ കുറിച്ചും ബോളിവുഡ് താരം റിച്ച ഛദ്ദ സംഭവത്തോട് പ്രതികരിച്ചതെങ്ങനെയെന്നതും റിപ്പോര്‍ട്ട് ചെയ്തു.
ഈ സംഭവത്തോടെ, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എഴുത്തുകാരന്‍ ഡേവിഡ് ജോസഫ് വോലോഡ്സ്‌കോ (davidvolodzko), വര്‍ഷങ്ങളോളം ഇന്ത്യയില്‍ ജീവിച്ചപ്പോള്‍ താന്‍ കണ്ട ‘ലൈംഗിക ആക്രമണത്തിന്റെ തോത്’ മറ്റെവിടെയും ഉണ്ടായിട്ടില്ലാത്തത്ര വ്യത്യസ്തമാണെന്നാണ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്. സംഭവത്തില്‍ പ്രതികരിച്ചു ഇന്ത്യയിലെ നിരവധി സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ സ്ത്രീയെന്ന നിലയിലുള്ള തങ്ങളുടെ ദൈനംദിന ദുരനുഭവങ്ങളാണ് സ്ത്രീകള്‍ പങ്കുവെക്കുന്നത്. ഇതിനുപുറമെയാണ് ഡേവിഡിന്റെ പോസ്റ്റിനോട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മോശമായി പ്രതികരിച്ചെന്നാരോപിച്ചു സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതിഷേധം.
‘നിങ്ങള്‍ ഏതെങ്കിലും സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നോ? ഇല്ലെങ്കില്‍ നിങ്ങള്‍ ഉത്തരവാദിത്തം ഇല്ലാത്തൊരാളാണ്. സോഷ്യല്‍ മീഡിയയില്‍ മാത്രം എഴുതുകയും രാജ്യത്തെ മുഴുവന്‍ നാണംകെടുത്തുകയും ചെയ്യുന്നത് അത്ര നല്ല കാര്യമല്ല’ എന്നായിരുന്നു ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ കുറ്റപ്പെടുത്തല്‍.
മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചതും അതിന്റെ വീഡിയോ പ്രചരിച്ചതും ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷന് പരാതി നല്‍കിയിട്ട്, ആ പരാതി അവഗണിച്ചു കളഞ്ഞവരാണ് ഇപ്പോള്‍ രാജ്യത്തെ നാണം കെടുത്തരുതെന്നു പറഞ്ഞു വരുന്നതെന്നാണ് രേഖ ശര്‍മയുടെ പരാമര്‍ശത്തിനെതിരേ ഉണ്ടാകുന്ന വിമര്‍ശങ്ങളില്‍ ഒന്ന്. രേഖ ശര്‍മ സ്ത്രീകളെ അപഹസിച്ചെഴുതിയ പഴയ ട്വീറ്റുകളും ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. അന്നവര്‍ രക്ഷപ്പെടാന്‍ പറഞ്ഞത്, തന്റെ ട്വിറ്റര്‍ അകൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്നു.
രേഖ ശര്‍മയുടെ കുറ്റപ്പെടുത്തലിന് ഡേവിഡ് വോലോഡ്സ്‌കോ മറുപടി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനല്ല താന്‍ ശ്രമിച്ചതെന്നും, താന്‍ സ്‌നേഹിക്കുന്നൊരു രാജ്യത്തെ ഒരു പോരായ്മ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഡേവിഡ് പറയുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ തന്നെ രേഖ ശര്‍മയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. തങ്ങള്‍ ഓരോ ദിവസവും ഈ രാജ്യത്ത് എങ്ങനെയാണ് കഴിഞ്ഞു പോകുന്നതെന്നാണ് അവര്‍ വനിത കമ്മീഷന്‍ അധ്യക്ഷയെ ഓര്‍മിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍ ഓരോ മണിക്കൂറിലും 51 എഫ് ഐ ആറുകള്‍ ഈ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.