UPDATES

വിദേശം

ഓരോ മണിക്കൂറിലും രണ്ട് അമ്മമാര്‍ വീതം കൊല്ലപ്പെടുന്ന നാട്

ഗാസയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഏറ്റവും മോശം അവസ്ഥയിലാണ്

                       

2023 ഒക്ടോബര്‍ 7 മുതല്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ഗാസ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 24,620. ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും. സംഖ്യയില്‍ പറഞ്ഞാല്‍ 16,000 ന് മുകളില്‍. ‘ജെന്‍ഡര്‍ അലര്‍ട്ട്: ദ ജെന്‍ഡര്‍ ഇംപാക്റ്റ് ഓഫ് ദ ക്രൈസിസ് ഇന്‍ ഗാസ’ എന്ന പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യു എന്‍ വുമണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കണക്കുകളാണ്. പത്തു ലക്ഷത്തോളം സ്ത്രീകളും കുട്ടികളുമാണ് ഗാസയില്‍ നിരാലംബരായി തീര്‍ന്നത്.

ഈ കണക്കുകളില്‍ ഏറ്റവും ഞെട്ടിക്കുന്ന വിവരം. ഓരോ മണിക്കൂറിലും രണ്ട് പലസ്തീനി അമ്മമാര്‍ വീതം ഗാസയില്‍ കൊല്ലപ്പെടുന്നുണ്ട് എന്നതാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു സ്ഥലവും ഇപ്പോള്‍ ഗാസയിലില്ലെന്നാണ്, ലിംഗപരമായ ആഘാതങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭ വിഭാഗത്തിന്റെ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ‘യുദ്ധങ്ങളുടെ ആദ്യ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്നതിന്റെ തെളിവുകള്‍ ഒരിക്കല്‍ കൂടി നാം കണ്ടു. നമ്മള്‍ അവരെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, സമാധാനം കണ്ടെത്താനുള്ള നമ്മുടെ കടമ അവരോട് ചെയ്യുന്ന കടമ കൂടിയാണ്’ യു എന്‍ വുമണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹ്യൂസ് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നടത്തിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. 100 ദിവസത്തിലേറെയായി പലസ്തീന്‍ ജനതയില്‍ ഏല്‍പ്പിച്ചിരിക്കുന്ന മുറിവുകളും വരും തലമുറയിലേക്ക് നമ്മെയെല്ലാം വേട്ടയാടും എന്നും സിമ മുന്നറിയിപ്പ് നല്‍കുന്നു.

ലൈംഗികമായതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഗാസയിലെ സ്ത്രീകള്‍ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് യു എന്‍ വുമണ്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധബാധിതരായ എല്ലാവര്‍ക്കും നീതിയും പിന്തുണയും ഉറപ്പാക്കണമെന്നും ബന്ദികളാക്കപ്പെട്ടവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും യു എന്‍ ഏജന്‍സി ആവശ്യപ്പെടുന്നുണ്ട്. ഗാസ ഒരിടവും സുരക്ഷിതമല്ലാത്തൊരു പ്രദേശമായി മാറിയതോടെ ഇപ്പോഴത്തെ യുദ്ധം അടിസ്ഥാനപരമായി സ്ത്രീകള്‍ക്ക് സംരക്ഷണ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്ഷ്യക്ഷാമം, സുരക്ഷിതത്വമില്ലായ്മ, താമസസ്ഥലമില്ലായ്മ, ആരോഗ്യപരിചരണത്തിന്റെ അഭാവം തുടങ്ങിയ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗാസയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലോകത്തിന്റെ പിന്തുണയും സഹായവും വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏകദേശം 20 ലക്ഷത്തിനടുത്ത് മനുഷ്യര്‍ ഗാസയില്‍ വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ടവരായുണ്ട്. ഇതില്‍ പത്തുലക്ഷത്തിനടുത്ത് സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നത് ഈ പ്രതിസന്ധിയുടെ ആഴം കാണിക്കുന്നു. കുടിയിറക്കപ്പെടേണ്ടി വരുമ്പോള്‍, എപ്പോള്‍, എങ്ങനെ, എങ്ങോട്ട് പോകണം എന്നതിലൊന്നും തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നു. ലിംഗപരമായ വ്യത്യാസത്തില്‍ നിന്നും മുന്‍ അനുഭവങ്ങളില്‍ നിന്നുമൊക്കെയുണ്ടാകുന്ന ഭയമാണ്. പലായന വഴികളിലാണ് അവര്‍ പലപ്പോഴും ലൈംഗികപരമായും മറ്റുമൊക്കെയുള്ള ആക്രമണങ്ങള്‍ക്ക് ഇരകളായിട്ടുള്ളത്.

ഇസ്രയേല്‍ നടത്തുന്ന യുദ്ധം ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം 3,000 ത്തോളം പുതിയ പലസ്തീനിയന്‍ വിധവകളെ സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ കുടുംബത്തിന്റെ ഉത്തരവാദിത്തവും അവരിലാക്കി. പതിനായിരത്തോളം കുട്ടികള്‍ക്കാണ് പിതാക്കന്മാരെ നഷ്ടമായിരിക്കുന്നത്. അതുപോലെ, നിരവധി സ്ത്രീ അവകാശ സംഘടനകള്‍ ഗാസയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വളരെ ശുഷ്‌കമായ ഫണ്ടിംഗ് മാത്രമാണ് ഗാസയിലെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസയിലെ കുടുംബഭാരം പേറുന്ന 14,000 ത്തോളം സ്ത്രീകള്‍ക്ക് പിന്തുണ കൊടുക്കാനും അവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, ആരോഗ്യസംരക്ഷണ വസ്തുക്കള്‍, കുട്ടികള്‍ക്കാവശ്യമായ കാര്യങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാനുമായി ആറുമാസക്കാലത്തെ ഒരു പദ്ധതി യു എന്‍ വുമണ്‍ ആവിഷ്‌കരിച്ചിരുന്നു. ആ പദ്ധതികൂടി ഭാഗമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള സേവനങ്ങള്‍ നല്‍കുന്നതിനും അഭയകേന്ദ്രങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ, പ്രതികരണ സമിതികള്‍ സ്ഥാപിക്കുന്നതിനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനായും, വനിതാ സംഘടനകളുമായി പതിവായി കൂടിയാലോചനകള്‍ നടത്തുന്നതിനും യു എന്‍ വുമണ്‍ ഗാസയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ഗാസയില്‍ മനുഷ്യത്വപരമായ പിന്തുണയും സഹായം വേണ്ടവരില്‍ പകുതിയോളവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുദ്ധം തുടങ്ങി രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴായിരുന്നു പ്രസവത്തിനുള്ള തീയതി ആകുന്നത്. എന്റെ ജീവന്‍ അപകടത്തിലാക്കുന്ന കാര്യമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ എന്നോട് ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു, അത് പൂര്‍ണമായി സജ്ജീകരിച്ചിട്ടുള്ളൊരു ക്ലിനിക്ക് ആയിരുന്നില്ലെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ അതുമാത്രമായിരുന്നു ഒരു പോംവഴി. അവിടെ ഞാനെന്റെ ജീവന്‍ പണയം വച്ചു. ഒരുവേള ഞാന്‍ പ്രതീക്ഷിച്ചത്, എന്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരേണ്ടയിരുന്നില്ലെന്നാണ്, ഇവിടെയവന്‍ ഒരു കാരണവുമില്ലാതെ കൊല്ലപ്പെടും’ മധ്യ ഗാസയിലെ മുഗ്‌റാഖയില്‍ നിന്നുള്ള ഒരു 30 കാരിയുടെ പ്രതികരണമായി യു എന്‍ വുമണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ വൃദ്ധരായവര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അനുഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യു എന്‍ വുമണ്‍ റിപ്പോര്‍ട്ട് പൂര്‍ണമായി ഇവിടെ വായിക്കാം.

Share on

മറ്റുവാര്‍ത്തകള്‍