UPDATES

എഡിറ്റേഴ്സ് പിക്ക്

രണ്ട് രാജ്യങ്ങള്‍ എന്ന സാധ്യമായ പരിഹാരം

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തീര്‍ച്ചയായും സമഗ്രവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ഒരു സമാധാന പദ്ധതി നിലവിലുണ്ട്

                       

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തീര്‍ച്ചയായും സമഗ്രവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ ഒരു സമാധാന പദ്ധതി നിലവിലുണ്ട്. പക്ഷെ ഇരു കൂട്ടരും അത് അംഗീകരിക്കണം എന്ന് മാത്രം. രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഇതിന്റെ അര്‍ത്ഥം അവര്‍ ജീവിക്കുന്ന ഭൂമിയെ രണ്ടായി മുറിക്കുക എന്നതാണ്. അങ്ങനെ ഇസ്രയേല്‍, പലസ്തീന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ നിലവില്‍ വരും.

ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു ‘1967- അതിര്‍ത്തി രേഖ’ നിലവിലുണ്ട്. ആ വര്‍ഷം വരെ അറബ് ഭൂമിയെ ഇസ്രയേലുമായി വേര്‍തിരിക്കുന്ന രേഖയായതിനാലാണ് ഇങ്ങനെ വിളിക്കപ്പെടുന്നത്. ഈ രേഖയില്‍ ചില ചെറിയ തിരുത്തലുകള്‍ വരുത്തിയാല്‍ തന്നെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയായി അത് മാറും. 1967 വരെ എങ്ങനെയായിരുന്നോ ആ രീതിയില്‍ ജറുസലേം വിഭജിക്കേണ്ടി വരും. നേരത്തെയുള്ള അറബ്-ഇസ്രയേല്‍ യുദ്ധങ്ങളില്‍ ലോകത്തെമ്പാടുമായി ചിതറിപ്പോയ പലസ്തീനികള്‍ക്ക് പൗരന്മാരെന്ന നിലയില്‍ പുതിയ രാജ്യത്തേക്ക് മടങ്ങിവരാനുള്ള സാഹചര്യവും ഉണ്ടാവും.

യുഎന്‍, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, 22 അംഗരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറബ് ലീഗ് തുടങ്ങി വിഷയവുമായി ബന്ധപ്പെട്ട എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണയുള്ള പരിഹാര നിര്‍ദ്ദേശമാണ് രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍ എന്നത്. ഇത് ഔദ്യോഗികമായാണെങ്കിലും ഇപ്പോഴത്തെ ഇസ്രായേല്‍ സര്‍ക്കാരിന്റെയും പലസ്തീന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള നേതൃത്വത്തിന്റെയും പ്രഖ്യാപിത നയമാണ്. ഭൂരിപക്ഷം പലസ്തീനികളും ഇസ്രായേലികളും ഇത് തത്വത്തില്‍ ആവര്‍ത്തിച്ച് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

2007ല്‍ അന്നപൊളീസില്‍ അവസാനമായി എല്ലാ കക്ഷികളും ചര്‍ച്ചകള്‍ക്കായി ചേര്‍ന്നപ്പോള്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം അത്ഭുതകരമായ സാദൃശ്യം ഉണ്ടായിരുന്നു. പിഎല്‍ഒ, ഇസ്രയേല്‍, യുഎസ്എ എന്നീ മൂന്ന് പ്രധാന കക്ഷികള്‍ രണ്ട് രാജ്യ പരിഹാരമാണ് ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാന പ്രമാണമായി മുന്നോട്ടു വച്ചത്.

എന്നാല്‍ 2010-ല്‍ നേരിട്ടുള്ള സംഭാഷണങ്ങള്‍ തുടങ്ങാനുള്ള തീയതി അടുത്തതോടെ, വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുകയും ഈ കുടിയേറ്റങ്ങള്‍ക്ക് ഇസ്രയേലി സര്‍ക്കാര്‍ ശക്തമായ പിന്തുണ നല്‍കുകയും ചെയ്തതോടെ രീപീകരിക്കപ്പെടുന്ന പലസ്തീന്‍ രാജ്യത്തിന് ലഭ്യമാകാവുന്ന ഭൂമിയുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ വലിയ കുറവുണ്ടാവുകയും ഇത് രണ്ട് രാജ്യപരിഹാരം സാധ്യമാകുമോ എന്ന കാര്യത്തില്‍ പലസ്തീനികളിലും ഇസ്രയേലിലെ കക്ഷികളിലും സംശയത്തിന്റെ വിത്ത് പാകുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍, അതിര്‍ത്തി പ്രശ്നത്തില്‍, മൊത്തം 250 ചതുരശ്ര കിലോമീറ്റര്‍ അല്ലെങ്കില്‍ മൊത്തം ഇസ്രയേല്‍-പാലസ്തീന്‍ പ്രദേശങ്ങളുടെ ഒരു ശതമാനം എങ്ങനെ വിഭജിക്കണം എന്ന കാര്യത്തില്‍ ഒരു ധാരണ ഉണ്ടായിട്ടുണ്ട്.

പ്രശ്നം പരിഹാരരഹിതമാണെന്നും രണ്ട് രാജ്യങ്ങള്‍ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹു കടുംപിടിത്തം പിടിക്കുന്നതിനാല്‍ തന്നെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളുടെ പ്രസക്തി ഏറുകയാണ്. അതുകൊണ്ട് തന്നെ പലസ്തീന്‍ നേതാക്കള്‍ക്കും അവരെ പിന്തുണയ്ക്കുന്ന ലോകത്താകമാനം ഉള്ളവര്‍ക്കും ഇടയില്‍ നേത്യാനൂഹുവിനോടുള്ള അനിഷ്ടം വര്‍ദ്ധിക്കുകയാണ്. സമാധാന പദ്ധതി പരാജയപ്പെട്ടെന്നും ഇസ്രയേല്‍ കുടിയേറ്റ പദ്ധതി പുനഃപരിശോധിക്കാനാവില്ലെന്നുമുള്ള മുന്‍ധാരണയുടെ പുറത്ത് പല പ്രചാരകരും ഒരു വ്യക്തിക്ക് ഒരു വോട്ടെന്ന തത്വത്തില്‍ അധിഷ്ഠിതമായ, ഇരട്ട ദേശീയതയുള്ള ഒറ്റ രാജ്യം എന്ന പരിഹാരമായിരിക്കും സാധ്യമാകുക എന്ന നിഗമനത്തില്‍ എത്തിച്ചേരുകയാണ്.

എതായാലും, ഇസ്രയേല്‍ നിയമപരമായ ബാധ്യതകള്‍ നിറവേറ്റണമെന്ന സുസ്ഥിരവും സംഘടിതവുമായ സമ്മര്‍ദത്തെക്കാള്‍, പരിഹാരമില്ലായ്മ എന്ന മിഥ്യയില്‍ അധിഷ്ഠിതമായ അനിശ്ചിതത്വത്തിന്റെ തേരില്‍ സഞ്ചരിക്കുന്ന പലസ്തീന്‍ നേതൃത്വത്തെ നേരിടാനാവും നേത്യാനൂഹുവും അദ്ദേഹത്തിന്റെ ലിക്വദ് തീവ്രവാദികളും ഇഷ്ടപ്പെടുന്നത്. മൊത്തം ഭൂമിയുടെ അധീനതയ്ക്ക് വേണ്ടി രണ്ട് ദേശീയ പ്രസ്ഥാനങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷമായി മൊത്തം യുദ്ധത്തെ ചുരുക്കുന്നതിലൂടെ വൈരുദ്ധ്യത്തെ കുറിച്ചുള്ള ഹമാസിന്റെ വിശദീകരണങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഇതോടെ ഒത്തുതീര്‍പ്പിനുള്ള എല്ലാ സാധ്യതകളും തള്ളപ്പെടുന്നു.

സമാധാനത്തിലേക്കുള്ള യാത്രയില്‍ യഥാര്‍ത്ഥ തടസങ്ങള്‍ ധാരാളമാണ്. എന്നാല്‍ ‘ഭൂമിയില്‍ ഉറച്ച് നില്‍ക്കുന്ന യാഥാര്‍ത്ഥ്യ’ ങ്ങളെക്കാളും ശത്രു വംശങ്ങള്‍ക്കിടയിലുള്ള പരമ്പരാഗത വെറുപ്പിനും അപ്പുറം ഇതെല്ലാം ആത്യന്തികമായി രാഷ്ട്രീയത്തില്‍ ഊന്നിയുള്ളതാണ് എന്നതാണ് വാസ്തവം.

ദുര്‍ബലമായ താല്‍കാലിക വെടിനിറുത്തലുകള്‍ക്ക് അപ്പുറം ശാശ്വത പരിഹാരം നടപ്പിലാക്കുന്നതിനുള്ള കാഴ്ചപ്പാടും ആര്‍ജ്ജവവും ഇപ്പോള്‍ ഇരുഭാഗത്തുമുള്ള നേതാക്കള്‍ക്കില്ല. എന്നാല്‍ തങ്ങള്‍ക്ക് വേറെ പരിഹാരം ഇല്ല എന്ന നാട്യത്തിന്റെ പേരില്‍ രക്ഷപ്പെടാന്‍ അവരെ നമ്മള്‍ അനുവദിച്ചുകൂടാ താനും.

(2014-ലെ ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ സമയത്ത് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പുനഃപ്രസിദ്ധീകരണം)

(അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍/ റിപ്പോര്‍ട്ടുകള്‍/ വിശകലനങ്ങള്‍ എന്നിവ സാഹചര്യത്തിനനുസരിച്ച് പുനപ്രസിദ്ധീകരിക്കുന്നതാണ് എഡിറ്റേഴ്സ് പിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)

Share on

മറ്റുവാര്‍ത്തകള്‍