UPDATES

കണ്ണയ്യനും കൃഷ്ണനും എന്ന രണ്ട് ദളിത് കര്‍ഷകര്‍ പറയുന്ന ഇഡിയുടെ രാഷ്ട്രീയം

ആയിരം രൂപ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്ന രണ്ട് വൃദ്ധര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്!

                       

തമിഴ്‌നാട്ടില്‍ വൃദ്ധരായ രണ്ട് ദളിത് കര്‍ഷക സഹോദരങ്ങള്‍ക്കു മേല്‍ ചുമത്തിയ കേസ് അവസാനിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ നിലം അനധികൃതമായി കൈക്കലാക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാവിനെതിരേ നിയമ പോരാട്ടം നടത്തിവന്ന എസ്. കണ്ണയ്യന്‍, എസ് കൃഷ്ണന്‍ എന്നീ സഹോദരങ്ങള്‍ക്കെതിരെയായിരുന്നു ‘ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്’ ചുമത്തിയത്. സേലം ജില്ലയിലെ അട്ടൂര്‍ ഗ്രാമത്തിലുള്ള 72 കാരനായ കണ്ണയ്യനും 67 വയസുള്ള കൃഷ്ണനും ഇഡി അയച്ച സമന്‍സില്‍ ഇരുവരുടെയും ജാതി പരാമര്‍ശിച്ചിരുന്നതും വിവാദമായിരുന്നു. സമന്‍സ് അയച്ച് ആറു മാസത്തിനുശേഷമാണ് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.

കണ്ണയ്യനും കൃഷ്ണനുമെതിരേ ഇഡി കേസ് എടുത്തത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനും തമിഴ്‌നാട്ടിലെ ജിഎസ്ടി ഡെപ്യൂട്ടി ഡയറക്ടറുമായ ബി ബാലമുരുഗന്‍ ഈ കേസ് പരാമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മാല സീതാരാമനെതിരേ രാഷ്ട്രപതിക്ക് കത്തയിച്ചിരുന്നു. നിര്‍മലയാണ് കര്‍ഷകര്‍ക്കെതിരായ കേസിന് പിന്നിലുള്ളതെന്നും മന്ത്രിസഭയില്‍ നിന്നും അവരെ പുറത്താക്കണമെന്നുമായിരുന്നു കത്തില്‍ ബാലമുരുഗന്‍ ആവശ്യപ്പെട്ടിരുന്നത്. ബാലമുരുഗന്റെ ഭാര്യ അഡ്വ. ജി. പര്‍വീണ കണ്ണയ്യന്റെയും കൃഷ്ണന്റെയും നിയമ പോരാട്ടത്തെ സഹായിക്കുന്ന അഭിഭാഷകയാണ്. ‘ഇഡിയെ ബിജെപിയുടെ കൈയാക്കി മാറ്റിയ നിര്‍മല സീതാരാമനെ പുറത്താക്കണം’; രാഷ്ട്രപതിക്ക് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കത്ത്

2023 ജൂലൈ അഞ്ചിനായിരുന്നു ഇഡി കണ്ണയ്യനും കൃഷ്ണനും സമന്‍സ് അയക്കുന്നത്. ഗ്രാമത്തില്‍ ഇരുവര്‍ക്കും 6.5 ഏക്കര്‍ നിലമുണ്ട്. മാസം കിട്ടുന്ന ആയിരം രൂപ പെന്‍ഷനായിരുന്നു മുഖ്യ വരുമാനം. ഇങ്ങനെയുള്ള രണ്ട് വൃദ്ധര്‍ക്കെതിരേ കള്ളപ്പണക്കേസ് ചുമത്തിയതില്‍ ഇഡിക്കെതിരേ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ ഇഡിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടത്തിവരികയാണ്. അതിനിടയിലാണ് കണ്ണയ്യന്റെയും കൃഷ്ണന്റെയും കേസ് വരുന്നത്. സോഷ്യല്‍ മീഡിയ മുഴുവനായി തന്നെ ഇഡിക്കെതിരേ ദളിത് കര്‍ഷകര്‍ക്കായി ഒരുങ്ങി നില്‍ക്കുകയായിരുന്നു.

ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ റിതേഷ് കുമാര്‍ കര്‍ഷര്‍ക്ക് അയച്ച നോട്ടീസില്‍ ‘ ഹിന്ദു പള്ളാര്‍’ എന്ന ജാതി പേര് പ്രത്യേകമായി എടുത്ത് പരമാര്‍ശിച്ചിരുന്നു. ഇ സി ഐ ആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്-എഫ് ഐ ആറിന് തുല്യമായത്)-ലും ജാതി പേര് പരാമര്‍ശിച്ചിരുന്നു. ഇത് വലിയ എതിര്‍പ്പാണുണ്ടാക്കിയത്. ജൂലൈ അഞ്ചിന് മുമ്പായി രണ്ടു പേരും ഹാജരാകണമെന്നും കഴിഞ്ഞ വര്‍ഷം അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിന്റെ കോപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇഡിക്കെതിരേ പ്രതിഷേധം രൂക്ഷമായത്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാര്‍സ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും വരുമാന നികുതി അടച്ചതിന്റെ രേഖകള്‍, കര്‍ഷകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരിലുള്ള നിക്ഷേപങ്ങളുടെ രേഖകള്‍, അതേപോലെ ജംഗമ വസ്തുക്കളുടെ രേഖകള്‍, എല്ലാവരുടെയും ബാങ്ക് അകൗണ്ട് രേഖകള്‍, എല്ലാവരുടെയും പേരില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കില്‍ അതിന്റെ രേഖകള്‍, എല്ലാവരുടെയും പേരിലുള്ള കൃഷിഭൂമിയുടെ രേഖകള്‍, ഏതൊക്കെ വിളകളാണ് കൃഷി ചെയ്യുന്നതെന്നതിന്റെ വിശദീകരണം- എന്നീ രേഖകളുമായി ഹാജരാകണമെന്നായിരുന്നു കണ്ണയ്യനും കൃഷ്ണനും അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

തമിഴ്‌നാട് വനം വകുപ്പ് 2021 ജൂലൈ 12 ന് നല്‍കിയ കത്ത് പ്രകാരം 2022 മാര്‍ച്ചിലാണ് കണ്ണയ്യനും കൃഷ്ണനുമെതിരേ പിഎംഎല്‍എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറയുന്നത്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടം 51, 9 എന്നിവ പ്രകാരം രണ്ട് കാട്ടുപോത്തുകളെ കൊന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് കര്‍ഷക സഹോദരങ്ങള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. അതിന്‍പ്രകാരമാണ് ഇഡിക്ക് കത്തയക്കുന്നതും. കോടതി ഉത്തരവുകള്‍ക്കും വന്യജീവി കേസുകള്‍ കണ്ടെത്താനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഉത്തരവിനും അനുസൃതമായി തങ്ങള്‍ ഈയിടെയായി നിരവധി വന്യജീവി കേസുകള്‍ ഏറ്റെടുക്കുന്നുണ്ടെന്നും ഇഡി ഉദ്യോഗസ്ഥന്‍ പറയുന്നു. പിഎംഎല്‍എ(പ്രിവന്റേഷന്‍ ഓഫ് മണി ലോണ്‍ട്രിംഗ് ആക്ട്) കേസുകളില്‍ പിന്തുടരുന്ന ‘പതിവ് നടപടിക്രമം’എന്ന നിലയിലാണ് കണ്ണയ്യനും കൃഷ്ണനും സമന്‍സ് അയച്ചതെന്നാണ് മറ്റൊരു ഇഡി ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. ഒരു തവണയല്ലാതെ കര്‍ഷകര്‍ക്ക് സമന്‍സ് അയച്ചിട്ടില്ലെന്നും അവരെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, കര്‍ഷകരുടെ അഭിഭാഷക ഇഡി ഓഫിസില്‍ അതിക്രമം കാണിച്ചിട്ടുണ്ടെന്നും കേന്ദ്ര എജന്‍സി ഉദ്യോഗസ്ഥര്‍ പരാതി ഉയര്‍ത്തുന്നു.

പൊലീസില്‍ നിന്നോ ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന മറ്റ് ഏജന്‍സികളില്‍ നിന്നോ കേസുകള്‍ ഏറ്റെടുക്കുമ്പോള്‍, അവിടെ നിന്നും കിട്ടുന്ന ചാര്‍ജ് ഷീറ്റുകള്‍ അതുപോലെ പകര്‍ത്തുകയാണ് പതിവ്. അത്തരത്തില്‍ ചെയ്തപ്പോള്‍ സംഭവിച്ച ഒരു ക്ലറിക്കല്‍ പിശക് മാത്രമാണ് കര്‍ഷകരുടെ ജാതി പേര് സമന്‍സില്‍ പരാമര്‍ശിക്കാനുണ്ടായ സാഹചര്യം എന്നും ഇഡി ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. ആട്ടൂര്‍ കോടതി കര്‍ഷകരെ വനംവകുപ്പ് ചാര്‍ജ് ചെയ്ത കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയതോടെ തങ്ങളും കേസ് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും ഇഡി പറയുന്നു.

അതേസമയം, കര്‍ഷകരുടെ അഭിഭാഷകയായ ജി.പര്‍വിണ ആവശ്യപ്പെടുന്നത്, ഇഡി കേസ് അവസാനിപ്പിച്ചോ ഇല്ലയോ എന്നതല്ല, തമിഴ്‌നാട് പൊലീസ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ്. ബിജെപിയുടെ സേലം ഈസ്റ്റ് ജില്ല പ്രസിഡന്റ് ജി ഗുണശേഖര്‍ കണ്ണയ്യന്റെയും കൃഷ്ണന്റെയും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനെതിരേയുള്ള പോരാട്ടത്തിലായിരുന്നു കര്‍ഷക സഹോദരങ്ങളെന്നും പര്‍വീണ പറയുന്നു. കര്‍ഷകര്‍ നല്‍കിയ സിവില്‍ കേസ് കോടതിയിലുണ്ട്. അതിനു മുകളില്‍ മറ്റൊരു കേസ് ചുമത്തി കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ഇഡി ശ്രമിച്ചതെന്നാണ് അഭിഭാഷകയുടെ ആരോപണം.

രേഖകളുമായി ഹാജരാകാനല്ലാതെ, സമന്‍സില്‍ ഏത് കേസാണ് എന്ന കാര്യം ഇഡി പരാമര്‍ശിച്ചിരുന്നില്ലെന്നു പര്‍വീന ദ ന്യൂസ് മിനിട്ടിനോട് പറയുന്നുണ്ട്. കര്‍ഷകര്‍ക്ക് എന്തു കേസാണ് തങ്ങള്‍ക്കെതിരേ ഉള്ളതെന്ന കാര്യത്തില്‍ യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നാണ് അഭിഭാഷക പറയുന്നത്.

സേലം ജില്ലയിലെ അട്ടൂരിലുള്ള രാമനായക്കന്‍പാളയത്തിലെ 6.5 ഏക്കര്‍ കൃഷി ഭൂമിയുടെ പേരിലായിരുന്നു ബിജെപി നേതാവ് കര്‍ഷക സഹോദരങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നത്. കൃഷ്ണന്റെ പരാതിയില്‍ ഗുണശേഖരനെതിരേ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യുകയും 2020 ല്‍ അയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വയ്ക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഭൂമി തര്‍ക്കത്തില്‍ കൃഷ്ണനും ഗുണശേഖരനും തമ്മില്‍ ഒരു സിവില്‍ കേസ് അട്ടൂര്‍ കോടതിയില്‍ നില്‍ക്കുന്നുമുണ്ട്. ഈ കേസുകളില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് ഇഡി കേസ് ചുമത്തിയതെന്നാണ് ആക്ഷേപം.

Share on

മറ്റുവാര്‍ത്തകള്‍