UPDATES

‘മോദി കി ഗ്യാരന്റി’യില്‍ വഞ്ചിക്കപ്പെട്ട കര്‍ഷകര്‍

‘തോക്കും ബോംബും കൊണ്ട് സമരം അടിച്ചമര്‍ത്താനാണെങ്കില്‍ അദ്ധ്വാനിക്കുന്ന ജനത്തിന്റെ പ്രതികരണശേഷി മനസിലാക്കിക്കും’: കിസാന്‍സഭ ജനറല്‍ സെക്രട്ടറി സ: ഡോ. വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു

                       

ഭരണകൂടം യുദ്ധസമാനമായ പ്രതിരോധമൊരുക്കി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഡല്‍ഹിയിലേക്കു മുന്നേറുകയാണ് കര്‍ഷകര്‍. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടക്കമില്ലെന്നാണവര്‍ ഉറപ്പിച്ചു പറയുന്നത്. സംയുക്ത കിസാന്‍ സഭയും സെൻട്രൽ ട്രേഡ് യൂണിയൻസിന്റെ ജോയിന്റ് പ്ലാറ്റഫോമും ഫെബ്രുവരി 16 നു രാജ്യവ്യാപകമായി ഗ്രാമീണ്‍ ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്?

ആഗോളതലത്തില്‍ ഒന്നാം കര്‍ഷക സമരത്തില്‍ മുന്‍പന്തിയില്‍ നിന്നു നേതൃത്വം വഹിച്ചവരിലൊരാളായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ ഡോ. വിജൂ കൃഷ്ണന്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാം കര്‍ഷക സമരം വിശദീകരിച്ചുകൊണ്ട് അഴിമുഖവുമായി സംസാരിക്കുന്നു.

1,12,000 കര്‍ഷകരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിയില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. 2014 നും 2023 നും ഇടയില്‍ ആത്മഹത്യ ചെയ്ത ദിവസ വേതന തൊഴിലാളികളുടെ എണ്ണം എന്‍സിആര്‍ബി ഡാറ്റ പ്രകാരം 3,12,214 കവിഞ്ഞിരിക്കുന്നു. പല സംസ്ഥാനങ്ങളും സത്യം വെളിപ്പെടുത്താനോ കണക്കുകള്‍ പുറത്തുവിടാനോ തയ്യാറായിട്ടില്ല. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 4,25,000 കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും ദിവസക്കൂലിക്കാരായ കര്‍ഷകരും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

വനിതാകര്‍ഷകരും, ഭൂരഹിതരും, കുടിയാന്മാരായ കൃഷിക്കാരും, വനം തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു പോലുമില്ല. മനുഷ്യരാശിയുടെ മുഴുവന്‍ ചരിത്രത്തിലും അഭൂതപൂര്‍വമായ അത്തരമൊരു മനുഷ്യദുരന്തം ഈ ഭരണ നയത്താലാണ് രൂപപ്പെട്ടത്. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സംഘവും ഇത്രയുമധികം ആളുകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ഉത്തരവാദികളാണ്.

കഴിഞ്ഞ കര്‍ഷക സമരത്തില്‍ മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചെങ്കിലും, അതിനൊപ്പം നടപ്പിലാക്കാമെന്നു വാഗ്ദാനം ചെയ്തവ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ സംയുക്ത കിസാന്‍ മോര്‍ച്ച നിരന്തര സമര മുഖത്താണ്. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിലെ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ കോര്‍പ്പറേറ്റ് കൊള്ളക്കെതിരേ ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടു സമരം നടത്തിയിരുന്നു. നവംബറില്‍ 26, 27, 28 തീയതികളിലായി എല്ലാ രാജ്ഭവനുകള്‍ക്കു മുന്നിലും ആയിരിക്കണക്കിന് കര്‍ഷകരും, തൊഴിലാളികളും ചേര്‍ന്ന് മഹാപാഠാവ് എന്ന പേരില്‍ സമരം നടത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഏകദേശം അഞ്ഞൂറ് ജില്ലകളിലാണ് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. പലവിധത്തില്‍ ഞങ്ങള്‍ സമരം തുടരുകയാണ്. ഇതുകൂടാതെ നിരവധി മെമ്മോറാണ്ടങ്ങള്‍ പ്രധാനമന്ത്രിക്കും, രാഷ്ട്രപതിക്കുമുള്‍പ്പെടെ അയച്ചിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധതരായില്ല.

ഈ സാഹചര്യത്തിലാണ് ഫെബ്രുവരി 16നു സംയുക്ത കിസാന്‍ മോര്‍ച്ചയും, ജോയിന്റ് പ്ലാറ്റ്‌ഫോം ഓഫ് സെന്‍ട്രല്‍ ട്രേഡ് യൂണിയനും ചേര്‍ന്നുകൊണ്ട് ഗ്രാമീണ്‍ ഭാരത് ബന്തും, തൊഴിലാളി സമരവും നടത്താന്‍ തീരുമാനിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ നിന്നും പുറത്തു പോയ സംഘടനകളുടെ മാര്‍ച്ചാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഡ്രോണും കണ്ണീര്‍ വാതകങ്ങളും പ്രയോഗിച്ചു യുദ്ധകാലത്തെ തയ്യാറെടുപ്പിനു സമാനമായാണ് കര്‍ഷകരെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ രീതിയിലുള്ള സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപിയുടെ നയങ്ങള്‍ക്കെതിരെയാണ് കിസാന്‍ മോര്‍ച്ചയും അഖിലേന്ത്യാ കിസാന്‍ സഭയും പ്രതിഷേധം നടത്തുന്നത്. മോര്‍ച്ചയുടെ നേതാക്കളെയടക്കമാണ് മധ്യപ്രദേശിലുള്‍പ്പെടെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 16 നു നടക്കുന്ന രാജ്യവ്യാപകമായ സമരത്തില്‍ മറ്റാവശ്യങ്ങള്‍ക്കൊപ്പം ഈ വിഷയത്തിനെതിരെയും പ്രതിഷേധിക്കാനാണ് തീരുമാനം.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതായിരുന്നു മോദിയുടെ ഗ്യാരണ്ടി. എന്നാല്‍ 2021-ലെ ഏറ്റവും പുതിയ സര്‍വേ കാണിക്കുന്നത് 2018-19-ല്‍ കര്‍ഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപ മാത്രമാണെന്നാണ്. ഇതിനര്‍ത്ഥം അവരുടെ വാര്‍ഷിക വരുമാനം ഏകദേശം 1,22,616 രൂപ മാത്രമാണെന്നാണ്. ഇത് പ്രതിവര്‍ഷം ലക്ഷ്യമിടുന്ന 2,71,378 രൂപയോ അല്ലെങ്കില്‍ പ്രതിമാസം 22,610 രൂപലോ എത്തുന്നില്ല. രാജ്യത്തെ എല്ലാ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും, അവര്‍ക്ക് 60 വയസ് തികയുമ്പോള്‍ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് പെന്‍ഷനായിരുന്നു മോദി കി ഗ്യാരന്റി(മോദിയുടെ ഗ്യാരന്റി). ഒരു കര്‍ഷകനും ഇതുവരെ പെന്‍ഷന്‍ കിട്ടിയിട്ടില്ല.

കക്ഷി രാഷ്ട്രീയത്തിനും അതീതമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടും വരെയും സമരം തുടര്‍ന്നുകൊണ്ട് പോകാനാണ് തീരുമാനം. മോദി സര്‍ക്കാരിന്റെ പല വാഗ്ദാനങ്ങളും ഇപ്പോഴും നടപ്പിലാക്കപ്പെട്ടിട്ടില്ല. എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചു കര്‍ഷകന് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില, ആദായം ഇരട്ടിപ്പിക്കല്‍, ഉത്പാദന ചെലവ് കുറക്കല്‍, വളത്തിനും, വിത്തുകള്‍ക്കും സബ്സിഡി, വിള നാശത്തിന് ഇന്‍ഷ്വറന്‍സ് തുടങ്ങിയ ആവശ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന പ്രകാരം 2016 -17 നു ശേഷം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കു ലഭിച്ചിരിക്കുന്ന വരുമാനം ഏകദേശം അമ്പത്തേഴായിരം കോടിയോളം രൂപയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഞങ്ങള്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കും. മോദിയുടെ ഗ്യാരന്റി ഒരു തരത്തിലും നടപ്പിലാക്കപ്പെടാത്തതിനെ കുറിച്ച് താഴെ തട്ടിലുള്ള ജനങ്ങളിലടക്കം പ്രചാരണം നടത്തും. ഈ നയങ്ങള്‍ക്കെതിരെയും കര്‍ഷകര്‍ക്കനുകൂലമായ ബദല്‍ നയങ്ങള്‍ക്കുവേണ്ടിയും സമരം തുടര്‍ന്നുകൊണ്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം.

കാര്‍ഷിക ചെലവുകളും വിലകളും നിരീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും മിക്ക കേസുകളിലും ഉറപ്പുള്ള സംഭരണം ലഭിക്കുന്നില്ലെന്ന കാര്യം വ്യക്തമായി അറിയാം. എംഎസ്പി മിക്കവാറും കര്‍ഷകര്‍ക്ക് കേട്ടുകേള്‍വി മാത്രമാവുകയാണ്. 2021-22-ല്‍ മൊത്തം ഉത്പാദനത്തിന്റെ ഒരു ശതമാനമെന്ന നിലയില്‍ സംഭരണം സോയാബീന് പൂജ്യവും നിലക്കടലയ്ക്ക് 2.05 ശതമാനവും ആയിരുന്നു. വിളകള്‍ മിനിമം താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ദുരിത വില്‍പന നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്. ഈ സാഹചര്യം മുതലെടുത്ത് കര്‍ഷകര്‍ക്ക് കുറഞ്ഞ വില നല്‍കി ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണ് വ്യാപാരികള്‍.

കര്‍ണാടകയില്‍ നെല്ലും പരുത്തിയും, രാജസ്ഥാനില്‍ ഗോതമ്പും സംഭരിക്കുന്ന തോത് വളരെ നിസാരമാണ്. കരിമ്പ് പൊതുസംഭരണവും നടക്കുന്നില്ല. കരിമ്പ് പോലുള്ള വിളകള്‍ക്ക് പൊതു സംഭരണ സംവിധാനമില്ല. കര്‍ഷകര്‍ വിളവെടുപ്പ് കോര്‍പ്പറേറ്റ് പഞ്ചസാര മില്ലുകളില്‍ കൃത്യമായി എത്തിക്കുന്നു, എന്നാല്‍ അതിനനുസരിച്ചു കൃത്യസമയത്ത് പണം ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയാണ്. ഇത് മൂലം ആയിരക്കണക്കിന് കോടികളുടെ കുടിശ്ശികയാണ് കര്‍ഷകര്‍ പേറേണ്ടിവരുന്നത്.

അപര്യാപ്തമായ നയങ്ങള്‍ മൂലം രൂക്ഷമായ വെല്ലുവിളികളാണ് കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്നത്. വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും, വര്‍ദ്ധിച്ചുവരുന്ന നിക്ഷേപക ചെലവും പണപ്പെരുപ്പവും പരിഗണിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ പോലും അവഗണിക്കപ്പെടുകയും സഹകരണ ശ്രമങ്ങളെ തുരങ്കം വയ്ക്കുകയും ചെയ്യുന്നു. കേരളത്തിന്റെ നെല്ല് ബോണസ് പോലെയുള്ള സംസ്ഥാന സംരംഭങ്ങള്‍ കര്‍ഷകരുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെങ്കിലും ബിജെപിയുടെ വിമര്‍ശനം നേരിടേണ്ടിവരുന്നു. എംഎസ്പിയും യഥാര്‍ത്ഥ ചെലവും തമ്മിലുള്ള അസമത്വം കര്‍ഷകരെ സാരമായി ബാധിക്കുന്നുണ്ട്. നെല്ലിനും പരുത്തിക്കുമുള്ള എംഎസ്പി കണക്കാക്കിയ ചെലവിനേക്കാള്‍ വളരെ താഴെയാണ്, ഇത് കര്‍ഷകര്‍ക്ക് ഗണ്യമായ നഷ്ടമുണ്ടാക്കുന്നു. ആന്ധ്രാപ്രദേശില്‍ മാത്രം ഓരോ സീസണിലും 9,020 കോടി മുതല്‍ 13,540 കോടി രൂപ വരെ നഷ്ടമുണ്ടാക്കും. തെലങ്കാനയിലെ പരുത്തി കര്‍ഷകര്‍ക്ക് എംഎസ്പി പൊരുത്തക്കേടുകള്‍ കാരണം 28,291 കോടി രൂപ വരെ നഷ്ടമുണ്ട്. കൂടാതെ, റബ്ബര്‍ കര്‍ഷകര്‍ക്ക് ഗണ്യമായ വരുമാനം കുറയുന്നു, ഒരു ഹെക്ടറിന് 1,59,000 രൂപയുടെ നഷ്ടം. തെറ്റായ വ്യാപാര നയങ്ങള്‍ പ്രതിസന്ധി രൂക്ഷമാക്കുകയാണ്, സമരം ചെയ്യുന്ന കര്‍ഷകരുടെ ചെലവില്‍ കോര്‍പ്പറേറ്റുകളാണ് ലാഭം കൊയ്യുന്നത്.

ഫെബ്രുവരി 16 ലെ ഗ്രാമീണ്‍ ബന്ദിന് ശേഷം സമരത്തെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ചര്‍ച്ച ചെയ്തു തീരുമാനിക്കും. ബി ജെ പി സര്‍ക്കാര്‍ തോക്കും ബോംബും കൊണ്ട് കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ രാജ്യത്തെ അദ്ധ്വാനിക്കുന്ന ജനവിഭാഗം പ്രതികരണ ശേഷി ഇനിയും തെളിയിച്ചുകൊണ്ടിരിക്കും. ഈ സമരത്തില്‍ സത്യം കര്‍ഷകരുടെ ഭാഗത്താണ്. മോദി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ പത്ര പരസ്യം കൊടുത്താല്‍ ഈ നുണകളെല്ലാം സത്യമാകില്ല.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍