UPDATES

അടിയന്തരാവസ്ഥ കാലത്തെ ഒന്നാമത്തെ അറസ്റ്റ്

മനേകയെ തടഞ്ഞ, ഇന്ദിരയെ വെല്ലുവിളിച്ച എസ്എഫ്‌ഐയും ജെഎന്‍യുവിലെത്തിയ കറുത്ത അംബാസിഡറും

                       

ന്യൂസ് ക്ലിക്ക് എന്ന സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബിര്‍ പുരകായസ്തയുടെ ‘രണ്ടാമത്തെ അറസ്റ്റിന്’ പിന്നാലെ ചരിത്രകാരനും എഴുത്തുകാരനുമായ ഗ്യാന്‍ പ്രകാശ് ‘ എക്‌സില്‍’ കുറിച്ചതില്‍ ഇങ്ങനെയൊരു വാചകമുണ്ട്;  Prabir Purkayastha

‘അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിയമവിരുദ്ധ തടങ്കല്‍ 1975-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല!’

അടിയന്തരാവസ്ഥ കാലത്ത് പ്രബിര്‍ പുരകായസ്തയ്ക്ക് എന്താണ് സംഭവിച്ചത്?

ഗ്യാന്‍ പ്രകാശ് എഴുതിയ ‘ എമര്‍ജന്‍സി ക്രോണിക്കള്‍സ്: ഇന്ദിര ഗാന്ധി ആന്‍ഡ് ഡെമോക്രസീസ് ടേണിംഗ് പോയ്ന്റ്’ എന്ന ചരിത്രാഖ്യായികയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ, പ്രബിറിന്റെ ഒന്നാമത്തെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

‘സ്വാഭാവിക നീതിയുടെ നിഷേധം’; പ്രബീര്‍ പ്രബീര്‍ പുരകായസ്‌കതയെ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി

അടിയന്തരാവസ്ഥയുടെ ഇരുട്ട് രാജ്യത്ത് മൂടി നില്‍ക്കുന്ന കാലം. പ്രബിര്‍ പുരകായസ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് പോളിസിയില്‍ സീനിയര്‍ ഫെല്ലോഷിപ്പ് ഹോള്‍ഡര്‍ ആയി പ്രവേശനം നേടിയിട്ട് രണ്ടുമാസം കഴിഞ്ഞതേയുള്ളൂ. ഇന്ദിരയുടെ ദുര്‍നടപടിക്കെതിരേ പ്രതിഷേധാഗ്നികള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ഭയന്ന് കാമ്പസിന് പുറത്തു പൊലീസിന്റെ വന്‍ സന്നാഹം തന്നെയുണ്ടായിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല-ജെഎന്‍യു

1975 സെപ്തംബര്‍ 25, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് മാസം തികയുന്ന ദിവസം ജെ എന്‍ യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന്റെ രണ്ടാമത്തെ നാളായിരുന്നു. സെന്റര്‍ ഫോര്‍ റീജിയണല്‍ ഡെവലപ്‌മെന്റില്‍ ഗവേഷക വിദ്യാര്‍ത്ഥിയും ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍-ജെഎന്‍യുഎസ്‌യു-പ്രതിനിധിയും സര്‍വകലാശാല സ്റ്റുഡന്റ് കൗണ്‍സിലറുമായ അശോക് ലത ജെയ്‌നെ പുറത്താക്കിയതിനെതിരേ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു സെപ്തംബര്‍ 24,25, 26 തീയതികളിലായി മൂന്നു ദിവസത്തെ പഠിപ്പു മുടക്കല്‍. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് നടന്ന ആദ്യത്തെ വിദ്യാര്‍ത്ഥി സമരമായിട്ടാണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി സംഘടനക നടത്തിയ ഈ സമരം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ദിര ഭരണകൂടത്തിനെതിരായ രാഷ്ട്രകാഴ്ച്ചപ്പാടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജെഎന്‍യുവില്‍ പ്രവേശനം നിഷേധിക്കുന്ന വൈസ് ചാന്‍സലറുടെ നടപടിയില്‍ പ്രതിഷേധിച്ചതിനായിരുന്നു അശോക് ലത ജയ്‌നെ പുറത്താക്കുന്നത്(അടിയന്തരാവസ്ഥ കാലത്തെ ശക്തയായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന  അശോക് ലത ജയ്ന്‍ പ്രമുഖ സിപിഎം നേതാവും പാര്‍ട്ടി ഡല്‍ഹി സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. 1983 ല്‍ അന്തരിച്ചു).

അശോക് ലത ജയ്ന്‍

ആ ദിവസം സ്‌കൂള്‍ ഓഫ് ലാംഗ്വേജ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടടത്തിന്റെ പ്രവേശ കവാടത്തിന് സമീപം തന്റെ സഖാക്കള്‍ക്കൊപ്പം പ്രബിറുമുണ്ടായിരുന്നു. പഠിപ്പ് മുടക്കിന്റെ ഒന്നാം ദിവസത്തില്‍ 90 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ ഭാഗമായി ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. വിദ്യാര്‍ത്ഥി സമരം വിജയിക്കുന്നതില്‍ ഭരണകൂട വിധേയരായ സര്‍വകലാശാല അധികൃതരും പൊലീസും ഒരുപോലെ അസ്വസ്ഥരായിരുന്നു. സമരത്തിന്റെ ഒന്നാം ദിവസം മുതല്‍ മൂന്നു വണ്ടി പൊലീസുകാര്‍ കാമ്പസിന് പുറത്ത് തമ്പടിച്ചിട്ടുണ്ടായിരുന്നു.

രണ്ടാം ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ഉപേക്ഷിക്കണമെന്ന ലക്ഷ്യമായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്. അതിന്റെ ഭാഗമായാണ് പ്രബിറും സഖാക്കളും നിന്നിരുന്നത്. മൊത്തം 600 വിദ്യാര്‍ത്ഥികളുള്ള ലാംഗ്വേജ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക്, അന്നേ ദിവസം ആകെ വന്നത് മൂന്നു പേര്‍ മാത്രമായിരുന്നു. പ്രബിറിനും സഖാകള്‍ക്കുമടുത്തേക്ക് എസ് എഫ് ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ദേവി പ്രസാദ് ത്രിപാഠി( എസ് എഫ് ഐയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ഡി പി ത്രിപാഠി, പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജീവ് ഗാന്ധിയുടെ വിശ്വസ്ഥനായിരുന്ന ത്രിപാഠി, സോണിയ ഗാന്ധിയോടുള്ള വിയോജിപ്പിന്റെ പേരില്‍ ശരദ് പവാറിനൊപ്പം പാര്‍ട്ടി വിട്ടു. പിന്നീടദ്ദേഹം പ്രവര്‍ത്തിച്ചത് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-എന്‍സിപി-യൊക്കപ്പമായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ലമെന്റേറിയനായിരുന്ന ത്രിപാഠി 2020 ല്‍ അന്തരിച്ചു) ലൈബ്രറിയിലേക്ക് പോകുന്നതിടയില്‍ അന്നത്തെ സമരവുമായി ബന്ധപ്പെട്ട് അല്‍പ്പനേരം സംസാരിക്കുകയുണ്ടായി.

രാവിലെ 10 മണിയോടെ ഒരു കറുത്ത അംബാസഡര്‍ കാര്‍ സര്‍വകലാശാലയുടെ പ്രധാന ഗേറ്റ് കടന്ന് അകത്തേക്കു കുതിച്ചു കയറി. ഇടതുഭാഗത്തേക്ക് തിരിച്ച കാര്‍ നേരെ വന്ന് നിന്നത് സ്‌കൂള്‍ ഓഫ് ലാംഗ്വേജ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് മുന്നിലാണ്. ആ കാറില്‍ നിന്നും സാധാരണ വസ്ത്രങ്ങള്‍ ധരിച്ച നാലുപേര്‍ ഇറങ്ങി. അതിലെ സിഖുകാരന്‍ ഡല്‍ഹി പൊലീസിലെ ഡി ഐ ജി പി എസ് ഭിന്ദര്‍ ആയിരുന്നു. മറ്റൊരാള്‍ ഡിഎസ്പി ടിആര്‍ ആനന്ദും. ബാക്കിയുള്ള രണ്ടുപേര്‍ കോണ്‍സ്റ്റബിള്‍മാരായിരുന്നു.

സമരപ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് സമീപം നിര്‍ത്തിയ കാറില്‍ നിന്നിറങ്ങിയ ഭിന്ദര്‍ നേരെ ചെന്നത് പുരകായസ്തയുടെ അടുക്കലാണ്. ‘ നീയാണോ ദേവി പ്രസാദ് ത്രിപാഠി’ അയാള്‍ക്ക് അറിയേണ്ട കാര്യമതായിരുന്നു. അല്ല എന്ന് മറുപടി കൊടുത്തതിന്റെ അടുത്ത നിമിഷം പുരകായസ്തയെ ബലാത്കാരമായി ആ കറുത്ത കാറിന്റടുത്തേക്ക് വലിച്ചിഴച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സഖാവിനെ രക്ഷിക്കാന്‍ ഇടപെട്ടു. പ്രതിരോധിക്കാന്‍ പ്രബിറും ശ്രമിച്ചു. പക്ഷേ പൊലീസുകാര്‍ കൂടുതല്‍ കരുത്തരായിരുന്നു. അവര്‍ പ്രബിറിനെ കാലില്‍ പിടിച്ചു പൊക്കി പിന്‍സീറ്റീലേക്ക് തള്ളിയിട്ടു. ഒരു വനിത സഖാവ് കാറിന്റെ കീ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ കൂടി വന്ന ഭിന്ദര്‍ അവരുടെ മുടിയിഴകളില്‍ പിടച്ചുവലിച്ചു നിലത്തേക്ക് വലിച്ചെറിഞ്ഞു. പൊലീസിന്റെ വന്യമായ ആക്രമണത്തില്‍ അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ഭയന്നതോടെ പ്രബിര്‍ പൂര്‍ണമായി നിസ്സഹായനായി. കോണ്‍സ്റ്റബിളുമാര്‍ പ്രബിറിനെ വരിഞ്ഞുമുറുക്കി പിടിച്ചിരിക്കുകയായിരുന്നു. കാര്‍ പിന്നിലേക്കെടുത്ത് കാമ്പസിന് പുറത്തേക്ക് കുതിച്ചപ്പോഴും പ്രബിറിന്റെ കാലുകള്‍ തുറന്നു കിടന്ന ഡോറിലൂടെ വെളിയിലേക്ക് തള്ളിനില്‍ക്കുകയായിരുന്നു.

ആ കാര്‍ പ്രബിറുമായി എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ പ്രബിറിന്റെ തിരോധനം വലിയ വാര്‍ത്തയായി പടര്‍ന്നു. പ്രതിഷേധക്കൂട്ടം വലുതായി. പ്രബിറിന്റെ സഖാക്കളുടെ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. എന്താണ് സംഭവിച്ചതെന്ന് ദൃക്‌സാക്ഷികളായിരുന്ന മൂന്നു പേര്‍ക്ക് ഉള്‍പ്പെടെ ആര്‍ക്കും മനസിലായിട്ടില്ലായിരുന്നു. ആ വന്നവര്‍ പൊലീസുകാര്‍ തന്നെയാണോയെന്നതില്‍ പോലും തീര്‍ച്ചയില്ലായിരുന്നു.

രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലേക്ക് ഈ സമയം ഡിഎസ്പി ടിആര്‍ ആനന്ദ് വന്നുപെട്ടു. പ്രബിറിനെയും കൊണ്ടു പോകുന്ന തിരക്കില്‍ ആനന്ദിന് കാറില്‍ കയറാന്‍ സാധിക്കാതെ പോയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്ണില്‍പ്പെട്ട ആനന്ദ് ആക്രമിക്കപ്പെട്ടു. അധ്യാപകരുടെ ഇടപെടല്‍ കൊണ്ടുമാത്രം അയാള്‍ ജീവനോടെ രക്ഷപ്പെട്ടെന്നു പറയാം, പുറത്ത് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരും കൂടി ചേര്‍ന്ന് ഒരുവിധത്തിലാണ് ഡിഎസ്പിയെ രക്ഷിച്ചുകൊണ്ടു പോയത്. പൊലീസുകാര്‍ തങ്ങള്‍ക്കു നേരെ തോക്കു ചൂണ്ടിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്ദിര ഗാന്ധി

ആരാണ് പ്രബര്‍ പുരകായസ്തയെ തട്ടിക്കൊണ്ടുപോയെന്നതില്‍ മണിക്കൂറുകള്‍ പിന്നിട്ടും യാതൊരു വ്യക്തതയുമുണ്ടായില്ല. അഭ്യൂഹങ്ങളും ചോദ്യങ്ങളും പലതരത്തില്‍ പരന്നു. അതിലൊന്ന്, ഇന്ദിരഗാന്ധിയുടെ ഇളയ മരുമകള്‍ മനേകയെ കാമ്പസിലേക്ക് കൊണ്ടുവന്ന അതേ കറുത്ത അംബാസിഡര്‍ കാറില്‍ തന്നെയായിരുന്നോ പ്രബിറിനെ തട്ടിക്കൊണ്ടു പോയതും എന്ന സംശയമായിരുന്നു!

മനേക ഗാന്ധി അന്ന് ജെഎന്‍യുവിലെ ജര്‍മന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥിയായിരുന്നു. മൂന്നു ദിവസത്തിന്റെ പഠിപ്പ് മുടക്കിന്റെ ഒന്നാം ദിവസം കാമ്പസിലെത്തിയ മനേകയെ യൂണിയന്‍ പ്രസിഡന്റ് ദേവി പ്രസാദ് ത്രിപാഠി തടഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ സമരത്തിനോട് ഐക്യം പ്രകടിപ്പിക്കണമെന്നും ക്ലാസില്‍ കയറരുതെന്നും ത്രിപാഠി അഭ്യര്‍ത്ഥിച്ചു. എസ് എഫ് ഐ നേതാവ് ആ കാണിച്ചത് വല്ലാത്തൊരു ധീരതയായിരുന്നു. മനേക വെറുമൊരു വിദ്യാര്‍ത്ഥിയല്ലായിരുന്നു. സാക്ഷാല്‍ ഇന്ദിര ഗാന്ധിയുടെ മരുമകളാണ്, അതിലുപരി, രാജ്യം ആ കാലത്തില്‍ ഏറ്റവുമധികം ഭയന്നിരുന്ന, ഒരുപക്ഷേ ഇന്ദിരയെക്കാള്‍ ഭയന്നിരുന്ന സഞ്ജയ് ഗാന്ധിയുടെ ഭാര്യയുമാണ്. മനേക പക്ഷേ, പ്രകോപിതയാവുകയോ, എസ് എഫ് ഐ നേതാവിനെ ധിക്കരിക്കുകയോ ചെയ്തില്ല, ‘ ഒ.കെ, പക്ഷേ ഞാന്‍ തിരിച്ചുവരും’ എന്നു മാത്രം പറഞ്ഞവര്‍ പിന്‍വാങ്ങി.

ഈ സംഭവത്തിന് ശേഷമാണ് ഭിന്ദറും സംഘവും കാമ്പസില്‍ കയറുന്നത്. അവര്‍ ത്രിപാഠിയെ തെരഞ്ഞതിനു കാരണം അതായിരുന്നു.

ദേവി പ്രസാദ് ത്രിപാഠി

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒന്നുമൊന്നും അറിയാതെ വന്നതോടെ, പ്രബിറിന്റെ കാര്യത്തില്‍ സര്‍വകലാശാല മുന്നിട്ടറങ്ങണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് ആക്കം കൂട്ടി. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ജെഎന്‍യു പരിധിയില്‍ വരുന്ന ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതും.

ഈ സമയം, ഭിന്ദറും സംഘവും പ്രബിറുമായി ആര്‍ കെ പുരം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. താന്‍ ദേവി പ്രസാദ് ത്രിപാഠിയല്ലെന്ന് ഭിന്ദറെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രബിര്‍. പക്ഷേ ആ പൊലീസുകാരന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ദേവി പ്രസാദ് ത്രിപാഠിയും പ്രബിറും മെലിഞ്ഞവരും കണ്ണട ധരിച്ചവരുമായിരുന്നു എന്നതിനപ്പുറം രണ്ടും രണ്ടുപേരായിരുന്നിട്ടും ഭിന്ദര്‍ വിശ്വസിച്ചിരുന്നത്, താന്‍ പിടികൂടിയത് ത്രിപാഠിയെ ആണെന്നാണ്. പ്രബറിനെ ആര്‍ കെ പുരം സ്റ്റേഷനില്‍ കൈമാറിക്കൊണ്ട് ആവശ്യപ്പെട്ടത് ആ വിദ്യാര്‍ത്ഥിയെ മിസ നിയമപ്രകാരം(maintenance of internal security act-misa) അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വയ്ക്കാനായിരുന്നു. എന്നിട്ട് ഡി ഐ ജി അവിടെ നിന്നും പോയി.

അറസ്റ്റുകള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഭിന്ദര്‍ കുപ്രസിദ്ധനായിരുന്നു. പ്രബിറിനെ പിടികൂടുന്നതിന് ഒരു മാസം മുമ്പ്-ജൂലൈ 11ന്- അയാള്‍ ഡല്‍ഹി നോര്‍ത്ത് എസ് പി പ്രകാശ് സിംഗിന് ഒരു പട്ടിക കൈമാറിയിരുന്നു. പ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പേര് വിവരങ്ങളായിരുന്നു അതില്‍. തന്റെ ലിസ്റ്റിലുള്ളവരെ ‘പൊക്കാന്‍’ അനുവാദം തരണമെന്നായിരുന്നു എസ് പിയോടുള്ള ഭിന്ദറിന്റെ ആവശ്യം. പ്രബിറിനെ ആളുമാറി പിടിച്ചതാണെന്ന് സമ്മതിക്കാനും അയാള്‍ തയ്യാറായില്ല. പ്രബിറും ഒരു ലക്ഷ്യമായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞതെങ്കിലും, ആ ‘ തട്ടിക്കൊണ്ടു പോകല്‍’ നടക്കും വരെ ഒരു പൊലീസ് റെക്കോര്‍ഡിലും പ്രബിര്‍ പുരകായസ്തയുടെ പേരുണ്ടായിരുന്നില്ല. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ച പൊലീസുകാരുടെ റിപ്പോര്‍ട്ടിലും പ്രബിറിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ആദ്യമായി പൊലീസ് കസ്റ്റഡിയിലായപ്പോള്‍, പ്രബിറിന്റെ നിയമവിരുദ്ധമായ തടങ്കല്‍ അവര്‍ നിയമാനുസൃതമെന്നാക്കി കൃത്രിമം കാണിച്ചു.

1975 സെപ്തംബര്‍ 30 ന്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഘോഷ് തന്റെ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചു പ്രബിറിനെതിരായ മിസ വാറണ്ട് പുറപ്പെടുവിച്ചു. അതിനും അഞ്ചു ദിവസം കഴിഞ്ഞാണ് ഇത്തരമൊരു വാറണ്ട് പുറപ്പെടുവിക്കാനുള്ള അടിസ്ഥാനത്തിനായി ഒരു പൊലീസ് റിപ്പോര്‍ട്ട് പോലും തയ്യാറാക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന ആരോപണം, പ്രബിര്‍ ഒരു സജീവ എസ് എഫ് ഐ പ്രവര്‍ത്തകനാണെന്നും, അയാള്‍ മറ്റ് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറുന്നതില്‍ നിന്നും തടഞ്ഞിരുന്നുവെന്നുമാണ്. പൊലീസ് നേരത്തെ തയ്യാറാക്കിയ ഫീല്‍ഡ് റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു കാര്യം പരാമര്‍ശിച്ചിട്ടേ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, കാമ്പസില്‍ വന്നിട്ട് അധികമായിട്ടില്ലെങ്കിലും പ്രബിര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം കൊണ്ട് മറ്റുള്ള വിദ്യാര്‍ത്ഥികളില്‍ ഏറെ സ്വാധീനം ചെലുത്തിയെന്നും അശോക് ലത ജയ്ന്‍ വരെ അയാളുടെ സ്വാധീനത്തില്‍ പെട്ടിരുന്നുവെന്നുമൊക്കെ എഴുതി ചേര്‍ത്തിരുന്നു. അതെല്ലാം കള്ളമായിരുന്നു. 1975 ഓഗസ്റ്റിലാണ് പ്രബിര്‍ ജെഎന്‍യുവില്‍ പ്രവേശനം നേടുന്നതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അയാള്‍ കാമ്പസിലെ സാന്നിധ്യമായിരുന്നു. അതിനുള്ള ജെഎന്‍യുവിന് അടുത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആ സമയത്ത് തന്റെ മാസ്‌റ്റേഴ്‌സ് തിസീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പ്രബിര്‍.

പ്രബറിന്റെ തട്ടിക്കൊണ്ടു പോകല്‍ രാജ്യത്തെ പ്രധാന ചര്‍ച്ചയായി. നാല് പാര്‍ലമെന്റ് എംപിമാര്‍ അന്നത്തെ ആഭ്യന്തര മന്ത്രി ബ്രഹ്‌മാനന്ദ റെഡ്ഡിക്ക് കത്തെഴുതി. ജെഎന്‍യു അധ്യാപകരുടെ പ്രതിഷേധം സൂചിപ്പിച്ച ആ കത്തില്‍, പൊലീസ് നടപടയില്‍ ഉചിതമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സഹമന്ത്രിയും സഞ്ജയ് ഗാന്ധിയുടെ വിധേയനുമായിരുന്ന ഒം മേത്തയുടെ ഉപദേശവും മറികടന്ന് റെഡ്ഡി ഒരു അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. കൂടാതെ ഇന്റലിജന്‍സ് ബ്യൂറോയോട് വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌കരണത്തില്‍ പ്രബിറിന് സജീവ പങ്കാളിത്തം ഉണ്ടായിരുന്നതായി തെളിവുകളൊന്നും ഇല്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ഡല്‍ഹി ഭരണകൂടം അങ്ങനെയല്ല കാര്യങ്ങളെന്നാണ് വാദിച്ചത്.

1975 നവംബര്‍ 5 ന്, പ്രബിറിന്റെ അമ്മ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് മുമ്പാകെ ഒരു പരോള്‍ അപേക്ഷ സമര്‍പ്പിച്ചു. നവംബര്‍ 24 ന് അഭിഭാഷകനായ ഡോ. എന്‍ എം ഘടാതെ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. ഹേബിയസ് കോര്‍പ്പസ് അവധിക്ക് വച്ചതോടെ പ്രബിറിനെ വൈവ പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി കൂടി ഘടാതെ ഹൈക്കോടതിയില്‍ നല്‍കി. അലഹബാദിലെ മോത്തിലാല്‍ എന്‍ജിനീയറിംഗ് കോളേജിലെ ബിരുദാന്തരബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനായിരുന്നു പ്രബിറിന് വൈവ പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതു കൂടാതെ ജെഎന്‍യുവിലെ മൂന്നു ഫാക്കല്‍റ്റി അംഗങ്ങളും പ്രബിറിന്റെ മോചനത്തിനായി കോടതിയെ സമീപിച്ചു. പൊലീസ് പ്രബിറിനെ തട്ടിക്കൊണ്ടു പോകുന്നതിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ സഹിതമായിരുന്നു ഈ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

നിയമപോരാട്ടം ആരംഭിച്ചതോടെ, ഡല്‍ഹി ഭരണകൂടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പ്രബിറിന്റെ മോചനവുമായി ബന്ധപ്പെട്ട് അഭിപ്രായം തേടുകയുണ്ടായി. എഡിഎം ഘോഷ് പ്രബിറിന് പരോള്‍ കൊടുക്കണമെന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍ എസ് പി ബജ്വ എതിര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ സംഘടിച്ചു. അവര്‍ പ്രബിറിനെതിരേ കുറ്റം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചു. ആളു മാറിയുള്ള അറസ്റ്റായിരുന്നില്ല അതെന്നകാര്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കാനാണ് തയ്യാറായത്. അതിനവര്‍ കണ്ടെത്തിയ തന്ത്രമായിരുന്നു, അന്ന് രാത്രി തന്നെ തയ്യാറാക്കിയെടുത്ത മുന്‍കാലപ്രാബല്യമുള്ള മിസ അറസ്റ്റ് വാറണ്ട്; പ്രബിറിനു വേണ്ടിയുണ്ടാക്കിയെടുത്തത്.

മറ്റ് രേഖകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഡല്‍ഹി സൗത്ത് എസ് പി റിപ്പോര്‍ട്ട് ചെയ്തത്, അന്നേ ദിവസം രാവിലെ ഒരു പൊലീസ് ഇന്‍സ്‌പെക്ടറും രണ്ട് സബ്-ഇന്‍സ്‌പെക്ടര്‍മാരും ജെഎന്‍യു കാമ്പസിനുള്ളില്‍ എത്തി രാവിലെ 9.30 ഓടെ തീര്‍ത്തും നിയന്ത്രണവിധേയമായ അന്തരീക്ഷത്തില്‍ മിസ വാറണ്ട് നടപ്പാക്കുകയായിരുന്നുവെന്നാണ്.

എസ് പി പറഞ്ഞ കള്ളത്തരങ്ങള്‍ ശരിയാണെന്നു വാദിച്ചുകൊണ്ട് ഒരാള്‍ കൂടി മുന്നോട്ടു വന്നു. അത് മനേക ഗാന്ധിയായിരുന്നു. ക്ലാസില്‍ കയറ്റാതെ തന്നെ തടഞ്ഞവരില്‍ പ്രബിറും ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. താന്‍ അപ്പോള്‍ തന്നെ തിരിച്ചു പോയില്ലായിരുന്നുവെന്നും കാമ്പസിലെ പുല്‍ത്തകിടിയില്‍ ഇരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആ സമയത്താണ് സാധാരണ വേഷത്തില്‍ വന്ന പൊലീസുകാര്‍ പ്രബിറിനെ പിടികൂടുന്നതെന്നും ആ കൂട്ടത്തില്‍ സിഖുകാരനായി ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും മനേക പറഞ്ഞുവച്ചു. കാറിലെ ലോഗ്ബുക്ക് അവര്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന തെളിവായിരുന്നു.

മനേക ഗാന്ധി

ഇതിനിടയില്‍ ഭിനന്ദറിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ദേവി പ്രസാദ് ത്രിപാഠിയെ പൊലീസ് പിടികൂടി. അത്രയും നാള്‍ ത്രിപാഠിയെയും ചുറ്റി പൊലീസ് അലയുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ത്രിപാഠി നല്‍കിയൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്, പൊലീസ് തന്നെ തിരക്കി നടക്കുമ്പോള്‍ താന്‍ ജെഎന്‍യുവിലെ പെരിയാര്‍ ഹോസ്റ്റലിലെ സുഹൃത്തിന്റെ മുറിയില്‍ ഉണ്ടായിരുന്നുവെന്ന്. നമ്മളെ പേടിച്ച് അവനൊരിക്കലും ഹോസ്റ്റലിലേക്ക് വരില്ലെന്ന് പൊലീസുകാര്‍ പറയുന്നത്, അകത്തു കിടന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ത്രിപാഠി ഓര്‍ക്കുന്നുണ്ട്. ജെഎന്‍യുവിന്റെ പഴയ കാമ്പസില്‍ നിന്നും പുതിയ കാമ്പസിലേക്ക് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു ത്രിപാഠിയെ പൊലീസ് പിടികൂടിയതും, കാത്തുനിന്ന വാനില്‍ കയറ്റി കൊണ്ടു പോയതും. ത്രിപാഠിയുടെ അറസ്റ്റിന് ഒരു മാസത്തിനുശേഷം ജെഎന്‍യുവിലെ മറ്റൊരു എസ് എഫ് ഐ നേതാവായ സിതാറാം യെച്ചൂരിയെയും ജയിലിലടച്ചു.

ഒടുവില്‍ ഡല്‍ഹി ഹൈക്കോടതി പ്രബിറിന് പരോള്‍ അനുവദിച്ച് വിധി പറഞ്ഞു. ഇതിനെതിരേ ഡല്‍ഹി പൊലീസ് സുപ്രിം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചെങ്കിലും ശൈത്യകാല അവധിക്കായി പരമോന്നത കോടതി പിരിഞ്ഞിരുന്നു. ജനുവരി നാലിനെ പിന്നീട് കോടതി ചേരുകയുള്ളൂ. ആ വഴി അടഞ്ഞത് പൊലീസിന് വലിയ തിരിച്ചടിയായി. എന്നിട്ടും ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ഡല്‍ഹി ഭരണകൂടം പ്രബിറിനെ വിട്ടയക്കാന്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തെ കൈവിലങ്ങോടെ അലഹബാദിന് സമീപമുള്ള ഉത്തര്‍പ്രദേശിലെ നൈനി ജയിലേക്ക് 1976 ജനുവരി ഒന്നിന് മാറ്റി. ജയിലില്‍ ഇരുന്നായിരുന്നു പ്രബിര്‍ തന്റെ വൈവ പരീക്ഷ നേരിട്ടത്. മൂന്നു ദിവസത്തിനുശേഷം പ്രബിറിനെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. 1977 വരെ പ്രബിറിന് തടങ്കലില്‍ കഴിയേണ്ടി വന്നു.

പ്രബിര്‍ പുരകായസ്ത

എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, എഞ്ചിനീയര്‍, ശാസ്ത്രപ്രചാരകന്‍ എന്നി നിലകളില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഇന്ന് പ്രബിര്‍ പുരകായസ്ത. വാര്‍ത്താവിനിമയ-ഊര്‍ജ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി സയന്‍സ് ഫോറത്തിന്റെ സ്ഥാപകാംഗം കൂടിയാണ് പുരകായസ്ത. വിജയ് പ്രസാദിനൊപ്പം ‘എന്റോന്‍ ബ്ലോഔട്ട്: കോര്‍പ്പറേറ്റ് കാപ്പിറ്റലിസം ആന്‍ഡ് തെഫ്റ്റ് ഓപ് ദ ഗ്ലോബല്‍ കോമണ്‍സ് എന്ന പുസ്തകവും, നിതിന്‍ കോശി, എം കെ ഭദ്രകുമാര്‍ എന്നിവര്‍ക്കൊപ്പം ‘അങ്കിള്‍ സാംസ് ന്യൂക്ലിയര്‍ കാബിന്‍’ എന്നീ പുസ്തകവും എഴുതി. രണ്ടു പുസ്തകങ്ങളും ലെഫ്റ്റ് വേള്‍ഡ് ആണ് യഥാക്രമം 2002-ലും 2007-ലുമായി പ്രസിദ്ധീകരിച്ചത്. ഇന്ദ്രാനിലിനും റിച്ച ചിന്തനുമൊപ്പം ‘പൊളിറ്റിക്കല്‍ ജേര്‍ണീസ് ഇന്‍ ഹെല്‍ത്ത്; എസ്സേയ്‌സ് ബൈ ആന്‍ഡ് ഫോര്‍ അമിത് സെന്‍ഗുപ്ത’ എന്ന പുസ്തകത്തിന്റെ കോ-എഡിറ്റിറുമായി.

2023, ഒക്ടോബര്‍ 3-നാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ തീവ്രവാദ വിരുദ്ധ നിയമവും, യുഎപിഎയും അടക്കുമുള്ള കുറ്റങ്ങള്‍ ചുമത്തി പ്രബിര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്തത്. പുരകായസ്ത ചൈനീസ് ചാരവൃത്തി നടത്തുകയാണെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. ചൈനയുടെ പണം വാങ്ങി, ചൈനീസ് അനുകൂലവും ഇന്ത്യവിരുദ്ധവുമായ പ്രചാരണവേലയാണ് പുരകായസ്തയും അദ്ദേഹത്തിന്റെ സ്ഥാപനവും നടത്തി വരുന്നതെന്നും വിശദീകരണം. പുരകായസ്തയടക്കം ന്യൂസ് ക്ലിക്കിലെ ജൂനിയര്‍ ലെവല്‍ സബ്-എഡിറ്റുടെ വരെ കിടപ്പുമുറിയില്‍ ഇരച്ചു കയറി പൊലീസ്. ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം പിടിച്ചെടുത്തു.ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും തിരക്കി ചെന്നു പൊലീസ്. മുംബൈയിലെ വീട്ടില്‍ ചെന്ന് ടീസ്റ്റ സെതല്‍വാദിനെ ചോദ്യം ചെയ്തു. പരഞ്ചോയ് ഗുഹ തകര്‍ത്തൂഹയെ 10 മണിക്കൂറാണ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ചോദ്യം ചെയ്തത്.

(ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കള്‍സ്: ഇന്ദിര ഗാന്ധി ആന്‍ഡ് ഡെമോക്രസീസ് ടേണിംഗ് പോയ്ന്റ്’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് 2021 ഫെബ്രുവരി 10 ന് പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിള്‍ നിന്നും വിവരങ്ങള്‍ എടുത്ത് സ്വതന്ത്രമായി വിവര്‍ത്തനം ചെയ്താണ് അഴിമുഖം ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തിലെ വിവരങ്ങള്‍ അതേരീതിയില്‍ വിവര്‍ത്തനം നടത്തിയതല്ല.)

Content summary; Prabir purkayastha’s first arrest in emergency period while  indira gandhi ruling india

Share on

മറ്റുവാര്‍ത്തകള്‍