UPDATES

‘രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും’

കോണ്‍ഗ്രസ്-എഎപി സഖ്യത്തെ ബിജെപി ഭയക്കുന്നുവെന്ന് എഎപി

                       

ഡല്‍ഹിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടികള്‍ തീരുമാനത്തില്‍ എത്തിയത് ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടെന്ന് എഎപി. ഈ ഭയത്തിന്റെ ബാക്കിയായി അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐയോ ഇഡിയോ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭര്‍ദ്വജ് ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു എഎപി നേതാക്കള്‍. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളില്‍ നാലിടത്തും എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ധാരണയിലെത്തിയിരിക്കുന്നത്. രണ്ടു പാര്‍ട്ടികളും വ്യാഴാഴ്ച്ച നടത്തിയ ചര്‍ച്ചയിലായിരുന്നു ധാരണയുണ്ടാക്കിയത്.

നിങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമായിരിക്കും, പക്ഷേ, അതുകൊണ്ട് എഎപി-കോണ്‍ഗ്രസ് സഖ്യം തകരില്ല എന്ന കാര്യം ബിജെപിയോട് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’- വാര്‍ത്തസമ്മേളനത്തില്‍ ഭര്‍ദ്വജ് പറഞ്ഞു. എഎപി നേതാക്കളായ അതിഷി, സന്ദീപ് പഥക് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ ഭര്‍ദ്വജിനൊപ്പമുണ്ടായിരുന്നു.

സീറ്റ് വിഭജന വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് കിട്ടിയ വിവരമാണ്, ഉടന്‍ തന്നെ ഇഡി ഏഴാമത്തെ നോട്ടീസ് അരവിന്ദ് കെജ്‌രിവാളിന് അയക്കുമെന്നത്. ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് ഇഡിക്ക് പുറമെ സിബിഐയും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നുണ്ട്. സിആര്‍പിസി 41 എ വകുപ്പ് ചുമത്തിയിരിക്കുന്ന ഒരു നോട്ടീസ് അരവിന്ദ് കെജ്‌രിവാളിനു വേണ്ടി തയ്യാറാക്കി വച്ചിരിക്കുകയാണ്. അത് ഇന്ന് രാവിലെയോ വൈകുന്നേരത്തോടെയോ അവര്‍ അയക്കും. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകും’- വാര്‍ത്തസമ്മേളനത്തില്‍ സൗരഭ് ഭര്‍ദ്വജ് പറഞ്ഞ കാര്യങ്ങളാണിവ.

കോണ്‍ഗ്രസ്-എഎപി സഖ്യം സീറ്റ് വിഭജന ധാരണയിലെത്തിയതോടെ ബിജെപി അവരുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയിരിക്കുകയാണെന്നാണ് എഎപിയുടെ രാജ്യസഭ എംപികൂടിയായ സന്ദീപ് പഥക് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചത്. ‘ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന ദിവസം വലിയൊരു സുനാമിക്കായിരിക്കും ഈ രാജ്യം സാക്ഷ്യം വഹിക്കുക. നല്ലവരായ എല്ലാ മനുഷ്യരും തെരുവിലിറങ്ങും. അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ പോയാല്‍ ഈ പാര്‍ട്ടി തകരുമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകളും തെറ്റും’-ബിജെപിയോടുള്ള വെല്ലുവിളിയായി പഥക് പറഞ്ഞു.

‘നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര നോട്ടീസ് അയയ്ക്കൂ, ആവശ്യമുള്ളത്ര സമന്‍സുകള്‍ അയയ്ക്കൂ, ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ നേതാക്കളെയും അറസ്റ്റ് ചെയ്യൂ, വേണമെങ്കില്‍ ഞങ്ങളെ തൂക്കിലേറ്റിക്കോളൂ… പക്ഷേ നിങ്ങളുടെ ഭീഷണികളില്‍ ഞങ്ങള്‍ പതറില്ല. ഈ രാജ്യത്തിന്റെ റിപ്പബ്ലിക്കിനും ഭരണഘടനയ്ക്കും വേണ്ടി ഞങ്ങള്‍ പോരാടിയിട്ടുണ്ട്, അത് ഞങ്ങള്‍ തുടരും’-വാര്‍ത്ത സമ്മേളനത്തില്‍ പങ്കാളിയായിരുന്ന ഡല്‍ഹി മന്ത്രി അതിഷിയുടെ വാക്കുകള്‍.

Share on

മറ്റുവാര്‍ത്തകള്‍