UPDATES

കെജ്‌രിവാളിന്റെ അറസ്റ്റ്; പോരാട്ടം മുന്നില്‍ നിന്നു നയിക്കുന്ന സുനിത

ഐആർഎസ് ഉദ്യോഗസ്ഥയായിരുന്നു സുനിത

                       

ഡൽഹി മുഖ്യമന്ത്രിആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിന്റെ മുൻ നിരയിൽ നിന്ന് കൊണ്ട് കെജ്‌രിവാളിന് വേണ്ടി പോരാടുന്നത് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളാണ്. കെജ്‌രിവാൾ തന്റെ അനുയായികൾക്ക് ജയിലിൽ നിന്നയച്ച സന്ദേശം വായിച്ചതും സുനിതയാണ്. ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിനെയും,പ്രധനമന്ത്രിക്കെതിരെയും സുനിത ആഞ്ഞടിച്ചിരുന്നു. ഭർത്താവ് ലാലു പ്രസാദ് യാദവ് ജയിലിലായപ്പോൾ ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റ റാബ്‌റി ദേവിയോടാണ് ഉപമിച്ചുകൊണ്ട് സുനിതയുടെ രാഷ്ട്രീയ പ്രവേശനവും പ്രവചിച്ച് ആളുകൾ രംഗത്തെത്തിയിരുന്നു.

1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസസ് (ഐആർഎസ്) ഉദ്യോഗസ്ഥയായിരുന്നു സുനിത. ഒരു പരിശീലന പരിപാടിക്കിടെയാണ് സുനിതയും IRS ഉദ്യോഗസ്ഥൻ കൂടിയായ അരവിന്ദ് കെജ്‌രിവാളും തമ്മിൽ കണ്ടുമുട്ടുന്നതും വിവാഹത്തിലേക്ക് കലാശിക്കുന്നതും. പിന്നീട് ജോലി ഉപേക്ഷിച്ച് കെജ്‌രിവാൾ ആക്ടിവിസത്തിലേക്ക് കടന്നപ്പോൾ പിന്തുണയുമായി സുനിത ഒപ്പമുണ്ടായിരുന്നു.

ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്‌മെൻ്റിൻ്റെ സമയത്ത്, സുനിത കെജ്‌രിവാളിൻ്റെ ഭക്ഷണക്രമവും മരുന്നുകളും നിയന്ത്രിച്ചുകൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം ആം ആദ്മി പാർട്ടി (എഎപി) രൂപീകരിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്ന സമയം കൂടിയായിരുന്നു അത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെജ്രിവാൾ വാരാണസിയിൽ മത്സരിച്ചപ്പോൾ അവർ ഓഫീസിൽ നിന്ന് അവധിയെടുത്തിരുന്നു.

ആദായ നികുതി വകുപ്പിൽ 20 വർഷം നീണ്ട സേവനത്തിനുശേഷം 2016 ജൂലൈയിൽ സുനിത സ്വയം വിരമിച്ചു.  ജോലി ഉപേക്ഷിച്ച സുനിത ആം ആദ്മി പാർട്ടിക്കു വേണ്ടി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. പ്രവർത്തകരുമായി കൂടുതൽ ആശയവിനിമയം നടത്തി തുടങ്ങി. 2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പും 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പും ഉൾപ്പെടെ വിവിധ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി പ്രചാരണം നടത്താൻ മുൻപന്തിയിലുണ്ടായിരുന്നു. ഭർത്താവിൻ്റെ രാഷ്ട്രീയ യാത്രയെ പിന്തുണയ്ക്കുന്നതിൽ സുനിത വഹിച്ച പങ്ക് ചെറുതല്ല. അരവിന്ദ് കെജ്‌രിവാളിൻ്റെ പിൻഗാമിയായി ആം ആദ്മി പാർട്ടിയുടെ (എഎപി) നേതാവാകാൻ മത്സരിക്കുന്ന നേതാക്കളിൽ സുനിത കെജ്‌രിവാളും ഉണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, സുനിത കെജ്‌രിവാളിനെ വിമർശിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കതിരുന്ന നിമിഷങ്ങളിൽ നിങ്ങൾ എവിടെയായിരുന്നുവെന്ന് ബിജെപി എംപി മനോജ് തിവാരി ചോദിക്കുന്നു. ഡൽഹിയിലെ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും അരവിന്ദിനും സുനിതയ്ക്കും പൊതുജനങ്ങളുടെ പിന്തുണയില്ലെന്നും തിവാരി ആരോപിച്ചു.

“മറ്റുള്ള പാർട്ടികളുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് വാഗ്ദാനം ലംഘിക്കപ്പെടുമ്പോൾ സുനിത എവിടെയായിരുന്നു? ബംഗ്ലാവും സർക്കാർ വാഹനങ്ങളും എടുക്കില്ലെന്ന് വാഗ്ദാനം ചെയ്ത് ഒടുവിൽ ഒരു കൊട്ടാരം തന്നെ ഉണ്ടാക്കിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു? കെട്ടുകണക്കിന് പണം കൊണ്ടുവരുന്ന അതേ വീട്ടിൽ നിങ്ങളുണ്ടായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളോടോ അരവിന്ദ് കെജ്‌രിവാളിനോടോ ജങ്ങൾക്ക് സഹതാപമില്ല,” മനോജ് തിവാരി പറഞ്ഞു. നേരത്തെ അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന കസേരയാണ് സുനിതയുടെ പ്രസംഗത്തിന് ഉപയോഗിച്ചിരുന്നത്. ചിലർ ഇത് ആം ആദ്മി പാർട്ടിക്കുള്ളിലെ പ്രതീകാത്മക അധികാര കൈമാറ്റമായി വ്യാഖ്യാനിച്ചപ്പോൾ, മറ്റുള്ളവർ മുഖ്യമന്ത്രിയുടെ കസേര ഉപയോഗിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തും രംഗത്തെത്തിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍