December 09, 2024 |
Share on

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യക്കെതിരേ കീവിസിനെ നയിക്കുന്ന ക്രിമിനല്‍ ജസ്റ്റീസ് വിദ്യാര്‍ത്ഥി

അണ്ടര്‍ 19 ലോകകപ്പിലെ ന്യൂസിലാന്‍ഡ് നായകന്‍ ഓസ്‌കര്‍ ജാക്‌സണെ കുറിച്ച്

2015 ലെ ഏകദിന ലോകകപ്പ്. വെല്ലിംഗ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡയിത്തില്‍ കീവിസ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ബാറ്റില്‍ നിന്നും ഒരു ചരിത്രം പിറന്നു. ഏകദിന ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ഇരട്ട ശതകം! ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്(237 നോട്ട് ഔട്ട്) അന്ന് ഗുപ്ടില്‍ നേടിയത്.

വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ അന്നത്തെയാ ബാറ്റിംഗ് വിസ്‌ഫോടനത്തില്‍ മതിമറന്ന് ആഘോഷിച്ച ന്യൂസിലാന്‍ഡുകാര്‍ക്കിടയില്‍ ഒരു 11 കാരനുമുണ്ടായിരുന്നു; ഓസ്‌കര്‍ ജാക്‌സണ്‍.

ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്ലൂംഫോണ്ടിയനിലെ മംഗൗങ് ഓവല്‍ ഗ്രൗണ്ടില്‍ അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തില്‍ കീവിസ് ടീമിനെ നയിക്കുന്നത് അതേ ഓസ്‌കര്‍ ജാക്‌സണാണ്! തങ്ങള്‍ക്ക് ആദ്യത്തെ അണ്ടര്‍ 19 ലോക കീരീടം നേടിത്തരുമെന്നാണ് ന്യൂസിലാന്‍ഡ് ആരാധാകര്‍ ഈ ക്രിമിനല്‍ ജസ്റ്റീസ് വിദ്യാര്‍ത്ഥിയുടെ മേല്‍ വച്ചിരിക്കുന്ന വിശ്വാസം. പക്ഷേ, ഈ മത്സരത്തില്‍ ഇന്ത്യയെയും തുടര്‍ന്ന് അയര്‍ലണ്ടിനെയും തോല്‍പ്പിച്ചാല്‍ മാത്രമെ കീവിസിന്റെ സെമി സ്വ്പനങ്ങള്‍ സഫലമാകു.

2015-ലെ ന്യൂസിലാന്‍ഡ്-വിന്‍ഡീസ് മത്സരമായിരുന്നു ക്രിക്കറ്റ് എന്ന സ്വപ്‌നത്തിലേക്കുള്ള ഓസ്‌കറിന്റെ യാത്രയ്ക്ക് വേഗത കൂട്ടിയത്. ഗുപ്ടിലിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം തന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നാണ് ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഓസ്‌കര്‍ പറഞ്ഞത്.

സ്റ്റേഡിയത്തിന് പുറത്തേക്ക് ഗുപ്ടില്‍ പന്തുകള്‍ പായിക്കുന്ന, അതിശയിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ആദ്യമായിട്ടല്ല സ്റ്റേഡിയത്തില്‍ ഇരുന്ന് കളി കാണുന്നതെങ്കിലും മുമ്പെങ്ങും ഇല്ലാത്തവിധമുള്ള അനുഭൂതിയായിരുന്നു അന്ന് കിട്ടിയത്’ എന്നാണ് ഓസ്‌കര്‍ പറയുന്നത്. ബ്രണ്ടന്‍ മക്കലവും സംഘവും അന്ന് ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹൃദയവും കവര്‍ന്നപ്പോള്‍, ഓസ്‌കറിനെ പോലെ നിരവധി ചെറുപ്പക്കാരെ ക്രിക്കറ്റ് എന്ന ആവേശത്തിന്റെ വഴിയിലെ സഞ്ചാരികളാക്കി.

വാസ്തവത്തില്‍ ആ ദിവസം വരെ ഓസ്‌കര്‍ ജാക്‌സണ് ക്രിക്കറ്റും റഗ്ബിയും ഒരുപോലെയായിരുന്നു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്‌കൂള്‍ ടീമിലെ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞതോടെയാണ് ക്രിക്കറ്റ് ആണ് തന്റെ ലക്ഷ്യമെന്ന് അവന്‍ ഉറപ്പിച്ചത്. മറ്റേത് കായിക ഇനത്തെക്കാള്‍ കൂടുതല്‍ വൈകാരികമായ അടുപ്പം അവന് ക്രിക്കറ്റിനോടായി. കഴിയുന്നിടത്തോളം ക്രിക്കറ്റ് കളിക്കണമെന്നും അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യണമെന്നും ഞാനപ്പോഴാണ് തിരിച്ചറിഞ്ഞതെന്നാണ് ഓസ്‌കര്‍ പറഞ്ഞത്.

ന്യൂസിലന്‍ഡിന് പുറത്തുള്ള ക്രിക്കറ്റ് ലോകം ഓസ്‌കര്‍ ആദ്യമായി പരിചയപ്പെടുന്നത് 2017-ല്‍ ഇന്ത്യയില്‍ വച്ചാണ്. ഹട്ട് ഹാക്‌സ് ക്രിക്കറ്റ് ക്ലബ്ബിനൊപ്പമായിരുന്നു ഇന്ത്യന്‍ പര്യടനം. അന്ന് ഓസ്‌കറിനൊപ്പം ടീമില്‍ കളിച്ച പയ്യനാണ്, കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെ ലോകശ്രദ്ധയിലെത്തിയ, ഐപിഎല്ലില്‍ കോടികള്‍ സ്വന്തമാക്കിയ രചിന്‍ ജഡേജ.

ഇന്ത്യ ഓസ്‌കറിന് എന്നെന്നും ഓര്‍ത്തിരിക്കാവുന്ന സന്തോഷം പകര്‍ന്ന നാട് കൂടിയാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ സെഞ്ച്വറി ഓസ്‌കര്‍ നേടുന്നത് ബെംഗളൂരില്‍ നിന്നും 200 കിലോമീറ്റര്‍ ആകലെയുള്ള അനന്തപൂരിലുള്ള ഒരു ക്രിക്കറ്റ് മൈതാനത്ത് വച്ചായിരുന്നു. അതുവരെ അത്തരത്തിലുള്ള ക്രിക്കറ്റ് താന് കളിച്ചിരുന്നില്ലെന്നാണ് ഓസ്‌കര്‍ പിന്നീട് പറഞ്ഞത്. ഇന്ത്യന്‍ പിച്ചുകളും കറങ്ങിത്തിരിഞ്ഞു വന്ന് ബാറ്ററെ വീഴ്ത്തുന്ന സ്പിന്‍ ബൗളിംഗും ഉയര്‍ത്തിയ വെല്ലുവിളി നേരിട്ട് നേടിയ സെഞ്ച്വറി വളരെ സ്‌പെഷ്യല്‍ തന്നെയായിരുന്നുവെന്ന് ഓസ്‌കര്‍ ഓര്‍ക്കുന്നു.

അന്ന് ഓസ്‌കര്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയത് രചിന്‍ ജഡേജയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെന്ന രവിയുടെ കൂടെയായിരുന്നു. കൃഷ്ണമൂര്‍ത്തിയുടെ ജന്മനാട് ബെംഗളൂരുവാണ്. ‘ ഞാന്‍ ഉള്‍പ്പെടെ പലരും രവിയോട് നന്ദിയുള്ളവരാണ്. പിന്നീട് ഇതുവര എനിക്ക് ഇന്ത്യയില്‍ പോകാന്‍ സാധിച്ചിട്ടില്ല, ഇനിയൊരിക്കല്‍ കൂടി അത്തരമൊരു അവസരം ഉണ്ടാകാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്’ ഓസ്‌കര്‍ പറയുന്നു.

ബാറ്ററായും ഫാസ്റ്റ് ബൗളറായും തിളങ്ങുന്ന ഈ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റില്‍ മാത്രമല്ല, തന്റെ മിടുക്ക് തെളിയിക്കുന്നത്. അക്കാദമിക് തലത്തിലും മിടുക്കനായ വിദ്യാര്‍ത്ഥിയാണ് ഓസ്‌കര്‍ ജാക്‌സണ്‍. കാന്റര്‍ബറി സര്‍വകലാശാലയില്‍ ക്രിമിനല്‍ ജസ്റ്റീസ് ബിരുദ വിദ്യാര്‍ത്ഥിയാണ്. പഠനവും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെങ്കിലും താനത് ആസ്വദിക്കുകയാണെന്നാണ് ഓസ്‌കര്‍ പറയുന്നത്. രണ്ട് നഗരങ്ങളിലുള്ള ക്ലബ്ബുകളില്‍ ഓസ്‌കര്‍ ഇപ്പോള്‍ കളിക്കുന്നുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെ വെല്ലിംഗ്ടണിലെ ഒണ്‍സ്ലോ ക്ലബ്ബിനും, ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ബേണ്‍സൈഡ് വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിനും വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിന്തുണ പഠനത്തിന് തടസം ഉണ്ടാക്കുന്നില്ലെന്നാണ് അവന്‍ പറയുന്നത്. പഠനവും, ക്രിക്കറ്റും, അതുപോലെ സാമൂഹ്യ ജീവിതവും എല്ലാം ഒരുമിച്ച് കൊണ്ടു പോകുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്, എന്നാല്‍ വീട്ടുകാരുടെയും കൂട്ടുകാരുടെയുമെല്ലാം പിന്തുണകൊണ്ട് എല്ലാം നല്ലരീതിയില്‍ തന്നെ ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്നു-ഓസ്‌കര്‍ പറയുന്നു. ക്രിക്കറ്റ് ലോകത്ത് ‘ ശരിയായൊരു ഓള്‍ റൗണ്ടര്‍’ എന്ന വിശേഷണമാണ് കിട്ടിയിരിക്കുന്നതെങ്കിലും, വീട്ടില്‍ താനൊരു മടിയനും അലസനുമായ മകനാണെന്നാണ് ഓസ്‌കര്‍ സ്വയം സമ്മതിക്കുന്നത്.

തന്റെ ബിരുദ കോഴ്സിനെക്കുറിച്ച് ഓസ്‌കര്‍ ജാക്സണ്‍ പറയുന്നത് ഇങ്ങനെയാണ്: കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്തുചെയ്യാമെന്നാണ് അവിടെ പഠിപ്പിക്കുന്നത്. ഒരു കുറ്റകൃത്യം ചെയ്തയാളെ ജയില്‍വാസത്തിന് ശേഷം സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പുനര്‍ജ്ജീവനത്തിന് എന്തുചെയ്യാമെന്ന് നോക്കുന്നു. പോലീസിംഗും നിയമപഠനവും സൈക്കോളജിയും ചേര്‍ന്ന ഒരു പഠനമാണ് അത്. ഞാനത് വളരെയധികം ആസ്വദിക്കുന്നുണ്ട്. നേടുന്ന ബിരുദം സമൂഹത്തിന് എത്രമാത്രം പ്രയോജനപ്പെടുന്നുവെന്ന് ആലോചിച്ചാണ് ഇത് തെരഞ്ഞെടുത്തത്. മറ്റൊരു വിധത്തില്‍ ക്രിക്കറ്റ് പോലെ എനിക്ക് പ്രധാനപ്പെട്ടതാണ് ഞാന്‍ പഠിക്കുന്ന കോഴ്സും.

അക്രമണോത്സുകതയാണ് ഓസ്‌കറിന്റെ തനത് സ്വഭാവമെങ്കിലും അശ്രദ്ധമായി ബാറ്റ് വീശാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അവന്‍ ഉറപ്പിച്ചു പറയുന്നത്. ഇക്കാര്യത്തില്‍ കീവിസ് നായകന്‍ കെയ്ന്‍ വില്യംസണെയാണ് മാതൃകയാക്കുന്നത്. ആ ശാന്തതയാണ്, മറ്റൊരു വെല്ലിംഗ്ടണുകാരനായ ഫിന്‍ അലനെ അനുകരിക്കുന്നതിനെക്കാള്‍ ഓസ്‌കര്‍ ഇഷ്ടപ്പെടുന്നത്. ഫിന്‍ അലനോളം താനൊരു അക്രമണകാരിയല്ലെന്നാണ് ഓസ്‌കര്‍ പറഞ്ഞത്.

ഇതുവരെ എത്തി നില്‍ക്കുന്ന നേട്ടങ്ങളില്‍ ഓസ്‌കര്‍ ജാക്‌സണ്‍ പ്രധാനമായും നന്ദി പറയുന്ന രണ്ടു പേര്‍, തന്റെ പരിശീലകന്മാരായ ഇവാന്‍ ടിസേരയ്ക്കും ഡങ്കണ്‍ മുറെയ്ക്കുമാണ്.

×