UPDATES

‘ഡോ.നാര്‍കോ’യും ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിലെ ഇരുണ്ട രഹസ്യങ്ങളും

‘നിശബ്ദ അട്ടിമറി’ എന്ന അന്വേഷണാത്മക പുസ്തകത്തിലെ ഒന്നാം ഭാഗമായ ‘ഒരു മുംബൈ കഥ’യിലെ ‘ വിദൂരമായ ഒരു പ്രതിദ്ധ്വനി’ എന്ന അധ്യായത്തില്‍ നിന്ന്‌

                       

പ്രമുഖ അന്വേഷണാത്മക ജേണലിസ്റ്റും എഴുത്തുകാരനുമായ ജോസി ജോസഫിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദ സൈലന്റ് കൂ, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’-ന്റെ മലയാള വിവര്‍ത്തനമാണ് അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’. പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക; https://rzp.io/l/yI1igYDqPk

ഒക്ടോബര്‍ 2006-ല്‍ പോലീസ് കസ്റ്റഡിയിലായിരിക്കേ, വാഹിദിന് പുതിയ നിര്‍ദ്ദേശം ലഭിച്ചു. വൈകുന്നേരം ഒന്നും കുടിക്കുകയോ കഴിക്കുകയും ചെയ്യരുത്. അടുത്ത ദിവസം ഇന്ത്യയുടെ വി.വി.ഐ.പി സംസ്‌കാരത്തെ ചെറുതായി ഒന്ന് പരിചയപ്പെടാന്‍ വാഹിദിന് അവസരം ലഭിച്ചു. രാവിലെ അഞ്ചുമണിക്ക് ഏതാണ്ട് പത്തോളം ജീപ്പുകള്‍ ജയിലിലെത്തി. വാഹിദും നവീദും ഈ ജീപ്പുകളിലൊന്നില്‍ മറ്റുള്ളവയുടെ അകമ്പടിയോടെ കാലിയായ മുംബൈ റോഡുകളിലൂടെ വിമാനത്താവളത്തിലേയ്ക്ക് നയിക്കപ്പെട്ടു. കയ്യാമങ്ങള്‍ മാറ്റി പോലീസുകാര്‍ക്കൊപ്പം അവരെ വിമാനത്താവളത്തിനകത്തേയ്ക്ക് കൊണ്ടുപോയി. ഇന്‍സ്‌പെക്ടര്‍ ഖാണ്ഡേല്‍കര്‍, പ്രതികളെ, നേരത്തേയുള്ള പദ്ധതികളില്‍ നിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന്, വീണ്ടും ഓര്‍മ്മിപ്പിച്ചു. കക്കൂസോ മറ്റൊന്നും ഉപയോഗിക്കാന്‍ അനുവാദമില്ല. അതീവ സുരക്ഷ പ്രധാന്യമുള്ള പ്രതികള്‍ക്ക് വേണ്ടി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന വരി പോലും ഒഴിച്ചിരുന്നുവെങ്കിലും, ആവശ്യത്തിനുള്ള പ്രത്യേക പരിഗണന ലഭിക്കാത്തതിന്റെ പേരില്‍ ക്ഷിപ്രകോപിയായ ഖാണ്ഡേല്‍കര്‍ വിമാനത്താവളത്തിലെ അറ്റന്‍ഡര്‍മാരിലൊരാളോട് ഉച്ചത്തില്‍ കലഹിച്ചു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം തനിക്ക് മൂത്രമൊഴിക്കണമെന്ന് വാഹിദ് ഖാണ്ഡേല്‍ക്കറോട് പറഞ്ഞു, മടിച്ചിട്ടാണെങ്കിലും വാഹിദിനെ അയാള്‍ ടോയ്‌ലറ്റിലേയ്ക്ക് കൊണ്ടുപോയി. ആദ്യം അകത്ത് കയറിയ ഇന്‍സ്‌പെക്ടര്‍ മറ്റെല്ലാവരേയും അവിടെ നിന്ന് ഒഴിപ്പിച്ചു. അവിടം കാലിയായതിന് ശേഷം വാഹിദിനെ അകത്തേയ്ക്ക് വിളിച്ചു.

അവര്‍ വിമാനത്തിനുള്ളിലേയ്ക്ക് നടക്കുമ്പോള്‍ ഖാണ്ഡേല്‍ക്കറിനോട് വാഹിദ് പറഞ്ഞു: ”എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു. ഞാനിത് വരെ വിമാനത്തില്‍ കേറീട്ടില്ല. അതും സൗജന്യമായിട്ട്. ഒരു കാര്യം കൂടി ഉണ്ടായിരുന്നു അയാളുടെ സന്തോഷത്തിന്. അത് വാഹിദ് ഇന്‍സ്‌പെക്ടറോട് പറഞ്ഞില്ല. സത്യം അവസാനം തെളിയിക്കപ്പെടും. ”എന്റെ ജീവിതം തകര്‍ന്നടിയാന്‍ പോവുകയാണെന്നും, ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എനിക്ക് പ്രാന്തായിട്ടാണെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.’ – വാഹിദ് ഓര്‍ത്തു.

പത്ത്, പതിനഞ്ച് പോലീസുകാരും രണ്ട് പ്രതികളും അടങ്ങുന്ന ആ സംഘം സ്പയ്‌സ് ജെറ്റ് വിമാനത്തിന്റെ പിന്നിലെ വാതിലിലൂടെ അകത്ത് കയറി അവസാനത്തെ നാല് വരിയില്‍ ഇരിപ്പുറപ്പിച്ചു. വാഹിദിന് തൊട്ടടുത്തായി ഇന്‍സ്‌പെക്ടര്‍ ഖാണ്ഡേല്‍കര്‍ ഇരുന്നു. എയര്‍ ഹോസ്റ്റസ് ഭക്ഷണവുമായി വന്നപ്പോള്‍ വാഹിദിനോട് ഖാണ്ഡേല്‍കര്‍ കുറച്ച് ഭക്ഷണം പിന്നത്തേയ്ക്ക് കരുതി വയ്ക്കാനായി പറഞ്ഞു. തന്റെ ഭക്ഷണം വാഹിദിന് നല്‍കുകയും ചെയ്തു. ഭക്ഷണം വിതരണം ചെയ്യുന്ന എയര്‍ ഹോസ്റ്റസ് വളരെ കൗതുകത്തോടെ വാഹിദിനെ നോക്കി. ഭക്ഷണപാത്രങ്ങള്‍ എടുത്ത് മാറ്റുന്നതിനായി കുനിഞ്ഞപ്പോള്‍ അവര്‍ പതുക്കെ വാഹിദിനോട് ചോദിച്ചു.

”ശരിക്കും നിങ്ങളാണോ സ്‌ഫോടനം നടത്തിയത്?’

”മാഡം, എന്റെ മുഖത്ത് നോക്കുമ്പോള്‍ നിങ്ങള്‍ക്കതാണോ തോന്നുന്നത്? എന്നെ കണ്ടാല്‍ ഒരു ഭീകരവാദിയെ പോലുണ്ടോ? വാഹിദ് അവരോട് ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ഇത് അയാളോട് ചോദിച്ചത്. അതേ സമയം മറ്റ് ഹോസ്റ്റസുമാര്‍ പോലീസുകാരോട് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് അവരുടെ പ്രീതി നേടാന്‍ ശ്രമിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം, 2006 ഒക്‌ടോബറിലെ ആ ബാംഗ്ലൂര്‍ വിമാനയാത്ര ഓര്‍ത്തെടുത്തപ്പോള്‍ വാഹിദിന്റെ മുഖത്ത് ഒരു ഇളിഭ്യ ചിരി പ്രത്യക്ഷപ്പെട്ടു.

അവര്‍ ബാംഗ്ലൂരില്‍ വിമാനമിറങ്ങിയപ്പോള്‍ പ്രദേശിക പോലീസ് ഒരു വളയം ഉണ്ടാക്കി ഇരു പ്രതികളേയും കയ്യാമം വച്ച് സെന്‍ട്രല്‍ ക്രൈം ബ്യൂറോയുടെ ഓഫീസിലേയ്ക്ക് കൊണ്ടുപോയി. അവിടെ അതിഭീകരമായ മര്‍ദ്ദനങ്ങളേറ്റവരെ കണ്ടുവെന്ന് വാഹിദ് ഓര്‍ക്കുന്നു. ചിലരുടെ ഒക്കെ എല്ലുകള്‍ വരെ പൊട്ടിയിരുന്നു. അതിലൊരാള്‍, കഠിനമായ വേദന സഹിച്ചുകൊണ്ട് തന്നെ, തുടര്‍ച്ചയായി മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ പാടിക്കൊണ്ടിരുന്നു. പാട്ടിനിടയില്‍ അയാള്‍ ആ ഐതിഹാസിക ഗായകന്റെ ജീവിതത്തെ കുറിച്ചുള്ള അറിവുകളും പങ്കുവച്ചു. ”ജീവിതമെന്നത് പ്രവചനാതീതമാണ്. അതുകൊണ്ട് അത് പാഴാക്കുകയേ ചെയ്യരുത്’-അയാള്‍ പറഞ്ഞു.

പകല്‍ സമയത്ത് പോലീസ് സംഘം വാഹിദിനേയും സഹപ്രതിയേയും വിവിധ ആസ്പത്രികളില്‍ നാര്‍ക്കോ ടെസ്റ്റിനായി കൊണ്ടുപോയി. ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ (എഫ്.എസ്.എല്‍) ഡോ.എസ്. മാലിനിയുമായി ഒരു കൂടിക്കാഴ്ചയ്ക്കാണ് പോലീസ് സംഘം ശ്രമിച്ചിരുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ ഡോ. നാര്‍കോ എന്നറിയപ്പെട്ടിരുന്ന വിശ്രുതയായ നാര്‍കോ വിശകലന വിദഗ്ദ്ധയായിരുന്നു അവര്‍. ഇന്ത്യയിലുടനീളം സങ്കീര്‍ണമായ പല കേസുകളുടെയും കുരുക്കഴിക്കാന്‍ അന്വേഷണ ഏജന്‍സികളെ സഹായിച്ചിട്ടുള്ളതിന്റെ ആദരവര്‍ഹിക്കുന്ന ഖ്യാതി അവര്‍ക്കുണ്ടായിരുന്നു. ഡോ. മാലിനി ഏതാണ്ടൊരു പ്രസിദ്ധ താരം തന്നെയായിരുന്നു. അവരുടെ പല ചോദ്യം ചെയ്യലുകളും, അവ പലതും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ്, കോളിളക്കമുണ്ടാക്കിയ വാര്‍ത്തകളായിരുന്നു. കുറച്ച് നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം പോലീസിന് അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. പക്ഷേ ഈ ദിവസങ്ങളില്‍ നാര്‍ക്കോ ടെസ്റ്റ് ചെയ്യാന്‍ സാധിക്കില്ല എന്ന് അവര്‍ പറഞ്ഞു. വാഹിദിനേയും നവീദിനെയും ആ വാരാന്ത്യത്തിന് ശേഷം തിരികെ കൊണ്ടുവരേണ്ടി വരും.

അവരിരുവരും നാര്‍ക്കോ ടെസ്റ്റിന് വേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന സമയത്ത് മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട ഒരു സംഘമാളുകള്‍ അവരെ സമാധാനിപ്പിച്ചു. ഭയപ്പെടേണ്ട കാര്യമില്ലെന്നവര്‍ പറഞ്ഞു. ”ഒരു പ്രശ്‌നവുമുണ്ടാകില്ല, ആകെ ഉറക്കം തൂങ്ങിയ പോലെ തോന്നും, അത്രമാത്രം!’ വാഹിദ് ഓര്‍ക്കുന്നു. അവരെല്ലാവരും മുസ്ലീങ്ങളായിരുന്നു. ഒരേ ലോക്കപ്പിലുമായിരുന്നു അവരുണ്ടായിരുന്നത്. അവസാനം എങ്ങനെയായാലും സത്യം പുറത്ത് വരുമെന്ന വാഹിദിനും നവീദിന്റെയും ചിന്ത പങ്കുവഹിക്കുന്നവരാണ് അവരെല്ലാവരും എന്ന് തോന്നി.

തിങ്കളാഴ്ച വാഹിദ് ആകാംക്ഷാപൂര്‍വ്വം നാര്‍കോ ടെസ്റ്റിനേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ”ഞങ്ങള്‍ വിചാരിച്ചത് നാര്‍കോ ടെസ്റ്റ് സത്യം പുറത്ത് കൊണ്ടുവരുമെന്നും ഞങ്ങളെ പോകാന്‍ അനുവദിക്കുമെന്നുമായിരുന്നു. വാഹിദ് ഓര്‍മ്മിക്കുന്നു. എ.റ്റി.എസ് ഓഫീസര്‍മാര്‍ അയാളെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുവന്നു. അവിടെ മാലിനി ഒരു മുറിക്ക് പുറത്ത് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കൊപ്പം ചായ കുടിച്ചിരിക്കുന്നുണ്ടായിരുന്നു. ആ സമയം ആയപ്പോഴേയ്ക്കും എല്ലാവരോടും സംസാരിക്കുകയും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു ശീലം വാഹിദിന് ഉണ്ടായി വന്നിട്ടുണ്ടായിരുന്നു. സത്യം പറയുകയാണെങ്കില്‍ കേസില്‍ നിന്ന് മോചിതനാകുമോ എന്ന് ഡോക്ടറോട് അയാള്‍ ചോദിച്ചു. അതംഗീകരിച്ച് കൊണ്ട് മറുപടി പറഞ്ഞ അവര്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരോട് അയാളെ ടെസ്റ്റിനായി കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ തീയേറ്റര്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വലിയ ഒരു മുറിയിയുടെ നടുക്ക് വാഹിദിനെ കിടത്തി. പുറകില്‍ ഒരു ക്യാമറയുണ്ടായിരുന്നു. ഒരു മരുന്ന് കുത്തിവച്ചതിനിന് ശേഷം മാലിനി കടന്ന് വന്ന് ചോദ്യങ്ങള്‍ ആരംഭിച്ചു. ആദ്യം പേര് ചോദിച്ചു, വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചു. വളരെ യാന്ത്രികമായി, ഹിന്ദിയിലായിരുന്നു ഈ പ്രക്രിയ. ഒരു ചോദ്യം, അതിനുള്ള ഉത്തരം, അടുത്ത ചോദ്യം എന്ന മട്ടില്‍. വാഹിദ് പൂര്‍ണമായും ബോധത്തിലായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും, ഏതാണ്ട് പദാനുപദം തന്നെ അന്നത്തെ നാര്‍കോ ടെസ്റ്റിന്റെ സംഭാഷണം വാഹിദ് ഓര്‍മ്മിക്കുന്നു. ഒട്ടൊക്കെ ഉല്ലാസത്തോടെയും അതോടൊപ്പം അവിശ്വസനീയതയോടെയുമാണ് അയാളത് ഓര്‍ക്കുന്നത്.

വാഹിദ് അവരോട് പറഞ്ഞു, അര്‍ദ്ധബോധാവസ്ഥയിലെത്തുമ്പോള്‍ പിന്നെ പറയുന്നതെല്ലാം പൂര്‍ണമായും സത്യമായിരിക്കുമെന്ന്. ”ഞാനിപ്പോള്‍ തന്നെ സത്യമാണ് പറയുന്നത്.’ ഇങ്ങനെയാണ് വാഹിദ് ആ സംഭാഷണങ്ങള്‍ ഓര്‍മ്മിക്കുന്നത്.

”ആരും അബോധാവസ്ഥയില്‍ ഒന്നും തന്നെ പറയില്ല. നിങ്ങള്‍ ബോധത്തോടെയിരിക്കുമ്പോഴേ സംസാരിക്കൂ.’ മാലിനി അയാളോട് പറഞ്ഞു. പിന്നെ പെട്ടന്ന് ചോദ്യത്തിന്റെ രീതി മാറ്റി. ‘ആരാണ് സ്‌ഫോടനം നടത്തിയത്?

”എനിക്കറിയില്ല

”ആരാണ് സിമിയുടെ പ്രസിഡന്റ് ‘

‘പ്രതിഭ പാട്ടില്‍’ വാഹിദ് വിചാരിച്ചത് ഇന്ത്യയുടെ പ്രസിഡന്റ് ആരാണ് എന്നാണ് ചോദ്യം എന്നായിരുന്നു.

മുഖത്ത് ഒരു തലോടലും അടിയും കിട്ടി. ”ആരാണ് സിമിയുടെ പ്രസിഡന്റ് ‘ മാലിനി ശബ്ദമുയര്‍ത്തി.

ഇത്തവണ വാഹിദ് ഉത്തരം പറഞ്ഞില്ല. അവര്‍ ഒരു ചവണയെടുത്ത് ചെവികളിലൊന്നില്‍ അമര്‍ത്തിപിടിച്ച് വലിച്ചു. എന്നിട്ട് അവര്‍ വീണ്ടും ചോദിച്ചു: ”ആരാണ് സിമിയുടെ പ്രസിഡന്റ്?’

വാഹിദ് നിശബ്ദനായിരുന്നു.

”പറ, ഡോ.ഷാഹിദ് ബദര്‍ ഫലാഹി’

വാഹിദ് അവര്‍ പറഞ്ഞത് അതേ പടി ആവര്‍ത്തിച്ചു. അനുസരണയുള്ള കുട്ടി കര്‍ക്കശക്കാരിയായ ഒരു അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നത് പോലെ.

മാലിനി അതോടെ ഉത്സാഹത്തിലായി. അവര്‍ ബോംബ് സ്‌ഫോടനങ്ങളെ കുറിച്ച് ചോദിച്ചു.

”എത്ര പേര്‍ നിന്റെയൊപ്പം വന്ന് താമസിച്ചു.’

വാഹിദ് പറഞ്ഞു, ആരും താമസിച്ചിട്ടില്ല എന്ന്.

നാലുപേര്‍ കൂടെ വന്ന് താമസിച്ചുവെന്ന് പറയാനായി അവര്‍ അയാളോട് ആവശ്യപ്പെട്ടു. വാഹിദ് നിശബ്ദത പാലിച്ചു.

”മൂന്നിന് ശേഷം എത്രയാണ്?’- മാലിനി ചോദിച്ചു.

വാഹിദ് മറുപടി പറഞ്ഞു-‘നാല്’.

‘പാകിസ്താനില്‍ നിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടോ?’-മാലിനി ചോദിച്ചു

വാഹിദ് പറഞ്ഞു ഇല്ല എന്ന്.

അടുത്ത ചോദ്യം ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ ഏതൊക്കെയായിരുന്നു എന്നാണ്. വാഹിദ് മറുപടി പറഞ്ഞ് തുടങ്ങി. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിങ്ങനെ. നാര്‍കോ ടെസ്റ്റ് പൂര്‍ത്തിയാകുന്നത് വരെ എ.റ്റി.എസില്‍ നിന്നുള്ള ഒരു സീനിയര്‍ പോലിസ് ഉദ്യോഗസ്ഥന്‍ മാലിനിയുടെ ഒപ്പം തന്നെ നിന്ന് എന്താണ് ചോദിക്കേണ്ടത് എന്ന് അവരോട് നിര്‍ദ്ദേശിച്ച് കൊണ്ടിരുന്നു. എന്തുത്തരമാണ് പ്രതിക്ഷിക്കുന്നത് എന്നും പറഞ്ഞു.

വാഹിദ് അപ്പോഴും പൂര്‍ണ ബോധത്തിലായിരുന്നു. ‘അവരെന്നോട് ചോദിച്ച എല്ലാ ചോദ്യവും എനിക്കോര്‍മ്മയുണ്ട്. ചെറുതായി ഒരു മങ്ങലുണ്ട്, പക്ഷേ എല്ലാം ഓര്‍മയുണ്ട്.’- വാഹിദ് എന്നോട് പറഞ്ഞു.

നാര്‍ക്കോ ടെസ്റ്റ് അവസാനിച്ചപ്പോള്‍ അറ്റന്‍ഡര്‍മാരില്‍ ഒരാള്‍ വാഹിദിന്റെ ചോരയൊലിക്കുന്ന ചെവിയില്‍ മരുന്ന് വച്ച് കെട്ടി. അടുത്ത ദിവസം വാഹിദിനേയും സഹകുറ്റാരോപിതനേയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. നടപടിക്രമങ്ങള്‍ ശേഷം സംഘം മുംബൈയിലേയ്ക്ക് തിരിച്ചു പോകുമ്പോഴായിരുന്നു അത്. വാഹിദ് പിന്നീട് കോടതിയില്‍ അതോര്‍മ്മിച്ച് പറഞ്ഞു.

വാഹിദ് കുറ്റമേറ്റ് പറയുകയും, മറ്റുള്ളവരെ കുറ്റക്കാരായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന തരത്തില്‍ എഡിറ്റ് ചെയ്തതാണെന്ന് ഈ നാര്‍കോ ടെസ്റ്റിന്റെ വീഡിയോ എന്ന് വിചാരണക്കിടെ കോടതിയില്‍ വാഹിദിന്റെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ ഏതാണ് എന്നുള്ള ചോദ്യത്തിന് പാകിസ്താന്‍ എന്ന് അവന്‍ പറഞ്ഞ മറുപടി മറ്റൊരു ചോദ്യത്തിന് ഉത്തരമായാണ് ചേര്‍ത്തിരിക്കുന്നത്. അക്കങ്ങള്‍ എണ്ണാന്‍ പറഞ്ഞപ്പോള്‍, നാല് എന്ന് പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് എടുത്ത് മാറ്റി ഉപയോഗിച്ചിരിക്കുന്നു.

വാഹിദ് അനുഭവിച്ചതും കോടതിയില്‍ പരാതിപ്പെട്ടതുമായ കാര്യം ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിലെ മറ്റൊരു ഇരുണ്ട രഹസ്യമാണ്. കളവുകള്‍ കണ്ടു പിടിക്കാനുള്ള പരിശോധനകളുടെ- പോളിഗ്രാഫ്, നാര്‍കോ അനാലിസ്, ബ്രെയ്ന്‍ മാപ്പിങ്- ശാസ്ത്രീയ സൂക്ഷ്മത എത്രമാത്രമുണ്ടെന്നതിനെ ചൊല്ലി ധാരാളം ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. ഈ ടെസ്റ്റുകള്‍ ഇന്ത്യയില്‍ നടത്തുന്ന രീതികള്‍ മനസിലാക്കിക്കൊണ്ട്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2000 ജനുവരി 11 ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ക്കെതിരായി ഒരാളുടെ സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞു കയറുന്ന വിധത്തിലും വ്യക്തികളെ സംവയം അപരാധികളാക്കി തീര്‍ക്കുന്ന തരത്തിലുമാണ് ഇത്തരം പരിശോധനകള്‍ നടക്കുന്നതെന്ന് ധാരാളം പരാതികള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നത് ഇപ്രകാരമാണ്; ‘ ഒരു നുണപരിശോധനയും കുറ്റാരോപിതരുടെ പൂര്‍ണ സമ്മതമില്ലാതെ നടത്തിക്കൂടാ. ഈ പരിശോധനയ്ക്ക് വിധേയമാകണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അവകാശം കുറ്റാരോപിതര്‍ക്ക നല്‍കണം’. വാഹിദ് ഇതിന് അനുമതി നല്‍കിയിട്ടില്ല. അത്തരം അനുമതി നല്‍കാനുള്ള അവകാശം വാഹിദിന് നല്‍കിയിട്ടുമില്ല. മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച്, കുറ്റാരോപിതരുടെ സമ്മതം ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ റിക്കോര്‍ഡ് ചെയ്യുകയും വേണം. മാത്രമല്ല, കുറ്റാരോപിതര്‍ ഈ പരിശോധനയ്ക്ക് വിധേയമാകാന്‍ സമ്മതിച്ചാല്‍ അവരുടെ അഭിഭാഷകരുമായി ബന്ധപ്പെടാന്‍ അവസരം നല്‍കുകയും പൊലീസും അഭിഭാഷകരും ചേര്‍ന്ന് ഈ പരിശോധനയുടെ സര്‍വ്വവശങ്ങളും മനസിലാക്കിക്കൊടുക്കയും വേണം.

സാധാരണ സാഹചര്യങ്ങളില്‍ പോലും അന്വേഷണ ഏജന്‍സികള്‍ ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പതിവായി ലംഘിക്കാറുണ്ട്. ഇത് സാധാരണ സാഹചര്യങ്ങളുമല്ല, വാഹിദ് ‘ അതിഭീകരനായ ഭീകരവാദി’ ആയിരുന്നു.

അക്കാലത്ത് പ്രകമ്പനം സൃഷ്ടിച്ച പല കേസുകളും പരിഹരിക്കുന്നതിന് നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുള്ളതാണ് മാലിനിയുടെ നാര്‍കോ ടെസ്റ്റുകള്‍. അവരുടെ തന്നെ കണക്കുകൂട്ടല്‍ അനുസരിച്ച് തന്നെ സാധാരണ കുറ്റവാളികളെ കൂടാതെ ഭീകരവാദികളെന്ന് സംശയിക്കുന്ന 130 പേരെയും പതിനഞ്ച് നക്‌സലേറ്റുകളെയും അവര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വ്യാജമുദ്രപത്രങ്ങള്‍ വിറ്റ് 10,000 കോടി ഉണ്ടാക്കിയ അബ്ദുള്‍ കരിം തേല്‍ഗിയെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയതും മാലിനിയാണ്. മഹാരാഷ്ട്രയിലെ പല സപ്രധാന രാഷ്ട്രീയക്കാരുടെയും പേരുകള്‍ തേല്‍ഗി പറഞ്ഞുവെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. അതാകട്ടെ വന്‍ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.

രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും പ്രതിയായ, കേരളത്തിലെ സിസ്റ്റര്‍ അഭയ വധക്കേസില്‍, കോടതിയില്‍ ഹാജരാക്കിയ മാലിനി നടത്തിയ നാര്‍കോ പരിശോധനയുടെ വീഡിയോ റിക്കോര്‍ഡ് കൃത്രിമമായിരുന്നു. ‘ ഈ വീഡിയോയില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് ആര്‍ക്ക് നോക്കിയാലും മനസിലാകും. ഇതിന് വിദഗ്ധരുടെ പോലും ആവശ്യമില്ല’- കേരള ഹൈക്കോടകിയിലെ ജഡ്ജി ചൂണ്ടിക്കാണിച്ചു. അത്രയും അപരിഷ്‌കൃതമായായിരുന്നു അത് ചെയ്തിരുന്നത്. എന്നിട്ടും ഒരു പ്രാദേശിക ഫോറന്‍സിക് ലാബിലെ ഇടത്തരം ഉദ്യോഗസ്ഥ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദ കേസുകളിലെ ഏറ്റവും പ്രധാനികളൊന്നായി മാറി. മുംബൈ തീവണ്ടി സ്‌ഫോടനക്കേസ്, മാലേഗാവ് സ്‌ഫോടനങ്ങള്‍, ഹൈദരബാദ് ഭീകരാക്രമണം തുടങ്ങിയന അതില്‍ ചിലത് മാത്രം.

എന്തായാലും ഡോ. നാര്‍കോയുടെ പടയോട്ടം ദീര്‍ഘകാലം നീണ്ടു നിന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടില്‍ തന്നെ, ഇന്ത്യയുടെ പൊതുവേ ചഞ്ചലമായ ഭീകരവിരുദ്ധ പോരാട്ടത്തെ മാലിനി തുടര്‍ച്ചയായി തെറ്റായ വഴിയിലൂടെ നയിച്ചുവെന്ന് കോടതികള്‍ കണ്ടെത്തി. 2009 ഫെബ്രുവരി 25 ന്, പദവികള്‍ നേടാനായി സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിച്ചുവെന്ന കേസില്‍ കര്‍ണാടക സര്‍ക്കാര്‍ അവരെ പുറത്താക്കി. കുറച്ചു മാസം മുമ്പ് പൊലീസ് നടത്തിയ ഒരു രഹസ്യാന്വേഷണത്തില്‍ എഫ്.എസ്. എല്ലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിര്‍ണായകമായ പദവിക്ക് അപേക്ഷിക്കുന്നതിന് 1960 എന്ന അവരുടെ ജനനവര്‍ഷം 1964 ആക്കി തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ പദവിയാണ് പ്രകമ്പനം സൃഷ്ടിച്ച കേസുകളുടെ വിധി നിര്‍ണയിക്കുന്നതിലേക്ക് അവരെ പ്രാപ്തരാക്കിയത്. കാനഡയിലെ കാള്‍ ഗാരി സര്‍വ്വകലാശാലയില്‍ ഹിപ്‌നോതെറാപ്പിയില്‍ അടിസ്ഥാന, തുടര്‍ കോഴ്‌സുകള്‍ പഠിച്ചിട്ടുണ്ടെന്നുള്ളതിന് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളും കൃത്രിമമാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ നിസ്സാരമായ അക്ഷരതെറ്റുകള്‍ പോലുമുണ്ടെന്ന് അന്വേഷണം കണ്ടെത്തിയിരുന്നു. കര്‍ണാടക പൊലീസ് അവരെ ‘ വിശ്വസിക്കാന്‍ പറ്റാത്ത വ്യക്തി’ എന്നാണ് വിശേഷിപ്പിച്ചത്.

ജോലിയില്‍ നിന്നും പുറത്താക്കുന്ന സമയത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നാര്‍കോ പരിശോധക ആയിരത്തിലധികം നാര്‍കോ ടെസ്റ്റുകളും മൂവായിരത്തോളം നുണപരിശോധനകളും 1500 ബ്രെയ്ന്‍ മാപ്പിങ് പരിശോധനകളും നടത്തിയിരുന്നുവെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ പരിശോധനയ്ക്ക് വിധേയരായ ക്രിമിനലുകളും നിരപരാധികളുമായ മനുഷ്യരുടെ കേസുകളിലും ജീവിതത്തിലും ഇവരുടെ ഇടപെടല്‍ ഉണ്ടാക്കിയ പ്രത്യാഘാതം എന്തായിരുന്നുവെന്ന് കണ്ടെത്തുന്നതിന് അവരുടെ ടെസ്റ്റുകളും അതിന്റെ വിശദാംശങ്ങളും നോക്കുന്നതിനോ അതിന്റെ മൂല്യവിചാരം ചെയ്യുന്നതിനോ ആരും മെനക്കെട്ടില്ല. 20120-ല്‍ സുപ്രിം കോടതി നാര്‍കോ അനാലിസിസ്, ബ്രെയ്ന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റുകള്‍ എന്നിവ വ്യക്തികളുടെ അനുവാദം ഇല്ലാതെ നടത്തുന്നത് നിയമവിരുദ്ധമാണെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നും വിധിച്ചു.

(‘ നിശബ്ദ അട്ടിമറി എന്ന അന്വേഷണാത്മക പുസ്തകത്തിലെ ഒന്നാം ഭാഗമായ ‘ഒരു മുംബൈ കഥ’യിലെ ‘ വിദൂരമായ ഒരു പ്രതിദ്ധ്വനി’ എന്ന അധ്യായത്തിലെ ഒരു ഭാഗമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്)

Related news


Share on

മറ്റുവാര്‍ത്തകള്‍