UPDATES

ടിക്‌ടോക്ക് നിരോധിച്ചു, ചൈനീസ് ന്യൂഡില്‍സ് ബഹിഷ്‌കരിച്ചു, അതിനപ്പുറം, ആ 20 ധീര ജവാന്മാരോട് എന്തു നീതി കാണിച്ചു?

ഗാല്‍വന്‍ വാലി ഏറ്റുമുട്ടലിന് 3 വര്‍ഷം

                       

തെലുങ്കാനയിലെ സൂര്യാപ്പേട്ട് സ്വദേശികളായ ഡി ഉപേന്ദറിനും മഞ്ജുളയ്ക്കും ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ മകനെയുണ്ടായിരുന്നുള്ളൂ. ഒരു സൈനികന്‍ ആകണമെന്ന ആഗ്രഹം നടക്കാതെപോയ ഉപേന്ദര്‍ സ്വന്തം മകനിലൂടെയാണ് തന്റെ ആഗ്രഹം സാധിച്ചത്. ഏക മകനെ സൈന്യത്തിലയക്കാനുള്ള ഉപേന്ദറിന്റെ തീരുമാനത്തെ ബന്ധുക്കളടക്കം എതിര്‍ത്തു. എന്നിട്ടും ആ മകന്‍ രാജ്യത്തെ സേവിക്കാന്‍ ഇന്ത്യന്‍ സൈനികനായി; അതായിരുന്നു കേണല്‍ ബിക്കുമല്ല സന്തോഷ് ബാബു. നാഷണല്‍ ഡിഫന്‍സ് അക്കാദമയിലെ പഠനം പൂര്‍ത്തിയാക്കിയ സന്തോഷ് ബാബു 2004 ല്‍ ആണ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകുന്നത്. ആദ്യത്തെ പോസ്റ്റിംഗ് ജമ്മു കശ്മീരിലായിരുന്നു. 16 ബിഹാര്‍ റെജിമെന്റിലെ കമാന്‍ഡിംഗ് ഓഫിസറായിരുന്ന കേണല്‍ ബിക്കുമല്ല സന്തോഷ് ബാബു ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലെ ചൈനീസ് അതിര്‍ത്തിയില്‍ ജൂണ്‍ 15 ന് വീരമൃത്യു വരിച്ചു. മകന്റെ വീരചരമം അറിഞ്ഞശേഷം അമ്മ മഞ്ജുള മാധ്യമങ്ങളോടു പറഞ്ഞത്, ‘ അമ്മയെന്ന നിലയില്‍ എനിക്ക് ദു:ഖമുണ്ട്. അവന്‍ എന്റെ ഒരേയൊരു മകനായിരുന്നു, എന്നാല്‍ എന്റെ മകനെയോര്‍ത്ത് അഭിമാനവും തോന്നുന്നു, എന്റെ മകന്‍ രാജ്യത്തിനായി ജീവന്‍ നല്‍കിയിരിക്കുന്നു’.

ഉപേന്ദറിനെയും മഞ്ജുളയെയും പോലെ, വേറെയും കുറെ മാതപിതാക്കള്‍ക്ക് അവരുടെ സൈനികരായ മക്കളെ അന്നേ ദിവസം നഷ്ടമായി. അവരും ദുഖത്തിനൊപ്പം തന്നെ സ്വന്തം മക്കളെയോര്‍ത്ത് അഭിമാനം കൊണ്ടവരായിരുന്നു. എന്നാല്‍, ഈ രാജ്യം ഭരിക്കുന്നവര്‍ ആ സൈനികരോട് എന്ത് നീതി കാട്ടി?

2020 ജൂണ്‍ 15 തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ വാലിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. നുദുറാം സോറന്‍, മന്‍ദീപ് സിംഗ്, സത്‌നാം സിംഗ്, കെ പളനി, സുനില്‍കുമാര്‍, ബിപുല്‍ റോയ്, ദീപക് കുമാര്‍, രാജേഷ് ഒറാംഗ്, കുന്ദന്‍ കുമാര്‍ ഓഝ, ഗണേഷ് റാം, ചന്ദ്രകാന്ത പ്രധാന്‍, അങ്കുഷ്, ഗുര്‍ബീന്ദര്‍, ഗുര്‍തേജ് സിംഗ്, ചന്ദന്‍ കുമാര്‍, കുന്ദന്‍ കുമാര്‍, അമന്‍ കുമാര്‍, ജയ്കിഷോര്‍ സിംഗ്, ഗണേഷ് ഹാന്‍സ്ദ എന്നിവരാണ് സന്തോഷ് ബാബുവിനെക്കൂടാതെ ചൈനീസ് പട്ടാളക്കാരാല്‍ കൊല്ലപ്പെട്ടത്.

ഗാല്‍വന്‍ താഴ്‌വരയില്‍ സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യയുടെ 20 സൈനികര്‍ ജീവത്യാഗം ചെയ്തിട്ട് മൂന്നു വര്‍ഷം തികയുന്നു. മൂന്നുവര്‍ഷം കഴിയുമ്പോഴും ചൈനീസ് അധിനിവേശത്തിനെതിരേ ഇന്ത്യന്‍ ഭരണകൂടം എന്ത് ചെയ്തു? 2020 മേയ് മുതല്‍ ഇന്ത്യന്‍ മണ്ണിലേക്ക് ചൈന അതിക്രമിച്ചു കയറിയെന്നാണ് വിവരം. ആ കയ്യേറ്റത്തിനെതിരേ പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്. അയല്‍ രാജ്യം കൈയ്യേറിയ ഇന്ത്യയുടെ മണ്ണ് തിരിച്ചു പിടിച്ചോ? ജീവത്യാഗം ചെയ്ത ജവാന്മാരോട് നീതി ചെയ്‌തോ? ഗാല്‍വന്‍ താഴ്‌വര ഏറ്റുമുട്ടലിന്റെ മൂന്നാം വാര്‍ഷികത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മുന്‍ സൈനികര്‍ കൂടിയാണ് ഇന്ത്യന്‍ ഭരണകൂടത്തോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്.

കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായതിനു പിന്നാലെ ജൂണ്‍ ആറില്‍ നടന്ന ആദ്യ യോഗത്തില്‍ തര്‍ക്കപ്രദേശങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനും ടെന്റുകളും നിര്‍മ്മിതികളും നീക്കാനും ഇരു സൈന്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് ചൈന തയ്യാറാകാതെ വന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനികര്‍ ഇവ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഗാല്‍വാന്‍ താഴ്വരയില്‍ ഏറ്റുമുട്ടലുണ്ടായത്.

ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് നാല് ദിവസത്തിന് ശേഷം, ആരും ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. ചൈന ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ കടന്നുകയറിയിട്ടില്ലെന്നും സൈനിക പോസ്റ്റുകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തിനു ശേഷം പ്രതികരിച്ചതിനു പിന്നാലെ മോദിയുടെ വാക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടിക്കൊണ്ട് ചൈന തങ്ങളുടെ ‘നിരപരാധിത്വം’ തെളിയിക്കാന്‍ ശ്രമിക്കുകയും ഗാല്‍വാന്‍ താഴ്വരയ്ക്ക് അവകാശവാദം ഉന്നയിക്കുകയുമുണ്ടായി. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ആരും കൈയടക്കിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ വിദേശകാര്യവകുപ്പ് ഇന്ത്യന്‍ സൈന്യം അവരുടെ പട്ടാളക്കാരെ ആക്രമിക്കുകയായിരുന്നുവെന്നും ഇന്ത്യയാണ് തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് പ്രശ്നമുണ്ടാക്കുന്നതെന്നും ആരോപണുന്നയിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണ് ചെയ്തതെന്നും ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈന്യത്തെ തുരത്തിയതുകൊണ്ടാണ് അവിടെ കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ലംഘിക്കപ്പെടുന്നത് മോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഈ ഏറ്റുമുട്ടലിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പക്ഷേ സ്വന്തം സൈനികരുടെ ജീവനും രാജ്യത്തിന്റെ മണ്ണും നഷ്ടപ്പെട്ടിട്ടും ഇന്ത്യ എന്താണ് ചെയ്തത്? ടിക് ടോക് ഉള്‍പ്പെടെ നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ചൈനീസ് ന്യൂഡില്‍സ് ബഹിഷ്‌കരിക്കാന്‍ പറഞ്ഞു. അതിനപ്പുറം?

ചൈനയെ പരാജയപ്പെടുത്താന്‍ ചൈനീസ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണമെന്നും, ചൈനീസ് റസ്റ്റോറന്റുകളും ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്തണമെന്നുമായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അതാവാലെ ആഹ്വാനം ചെയ്തത്(‘ഗോ കൊറോണ ഗോ’ യുടെ ഉപജ്ഞാതാവാണ് പ്രസ്തുത കേന്ദ്രമന്ത്രി). വിലകൊടുകത്ത് വാങ്ങിയ ചൈനീസ് നിര്‍മ്മിതങ്ങളായ ടിവിയും ഫോണും എറിഞ്ഞുടച്ചാല്‍ ചൈന പരാജയപ്പെട്ടുകൊള്ളുമെന്നു കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങുന്നവര്‍ പ്രചാരണം നടത്തി.

ചൈനയും- ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ തന്നെ, ഇന്ത്യയില്‍ നിന്ന് ചൈനീസ് ഉത്പ്പന്നങ്ങള്‍ നിരോധിക്കണം, ബോയ്കോട്ട് ചൈന എന്നിങ്ങനെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചൈനീസ് ഭക്ഷണം വില്‍ക്കുന്ന കടകള്‍ നിരോധിക്കണമെന്ന ആവശ്യം മുതല്‍ ചൈനീസ് കമ്പനികളുടെ ടിവികള്‍ തകര്‍ക്കല്‍ വരെ എത്തിയിരുന്നു ചൈനയ്ക്കെതിരായ രോഷ പ്രകടനം. ചൈനീസ് നിര്‍മിത ടിവികള്‍ ആളുകള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴെയെറിഞ്ഞ് തകര്‍ക്കുന്നതിന്റേയും ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് വസ്തുക്കള്‍ കത്തിക്കുന്നതിന്റേയും ധാരാളം വീഡിയോകള്‍ പുറത്തുവന്നിരുന്നു. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, വിഡിയോ കോളിങ് ആപ്ലിക്കേഷന്‍ സൂം എന്നു തുടങ്ങി 52 ഓളം വരുന്ന മൊബൈല്‍ ആപ്പുകളും മറ്റ് സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന ആഹ്വാനങ്ങളും ശക്തമായിരുന്നു. ഇത്തരം വിചിത്രമായ പ്രതിഷേധങ്ങള്‍ ചിലയിടങ്ങളില്‍ നടത്തിയതല്ലാതെ ചൈനയക്ക് ഇന്ത്യയുടെ ശക്തി മനസിലാക്കുന്ന തരത്തില്‍ തിരിച്ചടി നല്‍കാനൊന്നും മോദി സര്‍ക്കാരിന് കഴിഞ്ഞില്ല, കഴിഞ്ഞിട്ടുമില്ല.

ഗാല്‍വാന്‍ ഏറ്റുമുട്ടലിന്റെ മൂന്നാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് ചോദിക്കുന്നത്, ആ 20 ധീരജവാന്മാരെ മോദി ഓര്‍ക്കുന്നുണ്ടോയെന്നാണ്. ചൈനയുമായുള്ള നിയന്ത്രണരേഖയിലെ (LAC – Line Of Actual Control) തല്‍സ്ഥിതി നിലനിര്‍ത്താത്തതിന് (മേയ് 2020 ന് മുമ്പുള്ള സ്ഥിതി) മോദി സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. 65 പെട്രോളിംഗ് പോയിന്റുകളില്‍ 26 എണ്ണവും രാജ്യത്തിന് നഷ്ടപ്പെട്ടു. മോദി സര്‍ക്കാര്‍ ഈ വിഷയം മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗാര്‍ഗെ കുറ്റപ്പെടുത്തുന്നത്. 3488 കിലോമീറ്റര്‍ നിയന്ത്രണരേഖയാണ് ചൈനയമായി ഇന്ത്യയ്ക്കുള്ളത്.

കിഴക്കന്‍ ലഡാക്കിലെ മുന്‍കാല സ്ഥിതി പുനഃസ്ഥാപിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനിപ്പുറവും മൗനം തുടരുകയാണെന്നാണ് മുന്‍ സൈനികോദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നത്. എല്‍ എ സി യിലെ സ്റ്റാറ്റസ് കോ പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുന്നുവെന്നും ചൈനയ്ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്നുമാണ് ആക്ഷേപം.

ഗാല്‍വാന്‍ ഏറ്റുമുട്ടലിനു പിന്നാലെ തന്നെ കേന്ദ്രസര്‍ക്കാരിനെതിരേ മുന്‍ സൈനികര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ വലിയ വീഴ്ച സംഭവിച്ചെന്നും അതിന് മോദിയും ഷായും ഉത്തരം പറയണമെന്നും സൈനിക മേഖലയിലുണ്ടായിരുന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. റിട്ട. ലെഫ്. ജനറല്‍ എച്ച്.എസ് പനാഗ് അഴിമുഖത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞത് മോദിക്കും സൈന്യത്തിനും ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന സൈനിക നീക്കങ്ങള്‍ കണ്ടെത്തുന്നതിനുള്ള പൈലറ്റ് രഹിത വിമാനങ്ങളുടെയും പെട്രോളിംഗിന്റെയും അഭാവമായിരുന്നു ഈ സംഭവങ്ങള്‍ക്ക് ആധാരമെന്നും റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന്റെ (റോ) പരാജയമാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

2020 മേയ് മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്ക്ക് സ്വന്തമായ 2,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കിയതായാണ് കണക്കാക്കപ്പെടുന്നത്. കാര്‍ഗില്‍ യുദ്ധത്തിന് കാരണമായ കയ്യേറ്റത്തിനു ശേഷം നടന്ന ഏറ്റവും വലിയ കയ്യേറ്റമായിരുന്നു പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) ലഡാക്ക് അതിര്‍ത്തിയില്‍ നടത്തിയതെന്നാണ് പറയുന്നത്. പെട്രോളിംഗിനു പോകുന്ന ഏതാനും സൈനികര്‍ അതിര്‍ത്തി രേഖ കടക്കുന്നതുപോലെയായിരുന്നില്ല, ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനീസ് സൈനിക ദളങ്ങള്‍ കടന്നു കയറിയെന്നത് അതീവ ഗുരുതരമായ പ്രശ്‌നമായിരുന്നു.

2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിക്കൊണ്ടും ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേങ്ങളായി വിഭജിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യയുടെ നടപടിയില്‍ ചൈന പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെ, സെപ്റ്റംബറിലാണ് പാങ് ഗോങ്ങ് സോ തടാകത്തിന് സമീപം ചൈന പ്രശ്നമുണ്ടാക്കി തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2019 സെപ്റ്റംബര്‍ 11ന് നടന്ന ഏറ്റുമുട്ടലില്‍ 10 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. പാങ് ഗോങ് തടാകത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ഫിംഗര്‍ 8 മേഖലയിലേയ്ക്കുള്ള ഇന്ത്യയുടെ പട്രോളിംഗ് തടയാന്‍ വേണ്ടിയായിരുന്നു ചൈന ആക്രമണം നടത്തിയത്.

2017 ഓഗസ്റ്റ് 15നും ചൈന ആക്രമണം നടത്തിയിരുന്നു. ആ ഏറ്റുമുട്ടലില്‍ ആര്‍മി സൈനികര്‍ക്കും ഐടിബിപി (ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്) ജവാന്മാര്‍ക്കും പരിക്കേറ്റിരുന്നു. സിക്കിം അതിര്‍ത്തിക്ക് സമീപം ഡോക്ലാമില്‍ ഇരു സൈന്യങ്ങളും 73 ദിവസം നീണ്ട സംഘര്‍ഷത്തിലായിരിക്കെയാണ് ഈ സംഭവമുണ്ടായത്. ഫിംഗര്‍ 8 വരെ കാല്‍നടയായി മാര്‍ച്ച് ചെയ്ത് പോകാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അനുമതിയുണ്ടായിരുന്നു. ചൈനീസ് സൈനികര്‍ക്ക് വാഹനങ്ങളില്‍ ഫിംഗര്‍ നാലില്‍ പോകാം. എന്നാല്‍ 2019 സെപ്റ്റര്‍ബര്‍ 10ന് ഇന്ത്യന്‍ പട്രോളിംഗ് ചൈന തടഞ്ഞു. സെപ്റ്റംബര്‍ 11ന് രാവിലെ ഫിംഗര്‍ ഫോറിലേയ്ക്ക് വലിയ വാഹനങ്ങളില്‍ ചൈനീസ് പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനികരെത്തി. ഇരു ഭാഗത്തേയും സൈനികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നെ ശാരീരിക ഏറ്റുമുട്ടലും. ആര്‍മിയുടേയും ഐടിബിപിയുടേയും 10 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ ആര്‍മിയുടെ മൂന്ന് ബോട്ടുകള്‍ ചൈനീസ് ആര്‍മി തകര്‍ത്തു. ചൈനീസ് ആര്‍മിയുടെ രണ്ട് ബോട്ടുകള്‍ ഇന്ത്യയും. ഫിംഗര്‍ 4ല്‍ ഇന്ത്യന്‍ ആര്‍മി കല്ലുകൊണ്ട് നിര്‍മിച്ച നിരീക്ഷണ പോസ്റ്റ് പോയിന്റ് പോലുള്ള ഒരു താല്‍ക്കാലിക നിര്‍മ്മിതി ചൈനീസ് പിഎല്‍എ നീക്കം ചെയ്തു. ഫിംഗര്‍ 8 ല്‍ സമാനമായ നിര്‍മ്മിതിയുണ്ടാക്കിയ ചൈന, ഇവിടേയ്ക്കുള്ള ഇന്ത്യന്‍ സൈനികരുടെ പട്രോളിംഗ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ ഫിംഗര്‍ 8ലെത്താന്‍ കാല്‍നടയായി സമാന്തര പാത തിരഞ്ഞെടുത്തു. ഇതിനെതിരെ ചൈനീസ് സൈനികര്‍ രംഗത്തുവന്നു. ഇത് മേയ് 5, 6 അര്‍ദ്ധരാത്രിയില്‍ സംഘര്‍ഷത്തിനിടയാക്കി. ഇരു ഭാഗത്തും സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് മാസങ്ങള്‍ക്കിടയില്‍ പാങ് ഗോങ് സോ മേഖലയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ മൂന്ന് തവണയെങ്കിലും ഏറ്റുമുട്ടി. ചൈനീസ് പിഎല്‍എ പില്‍ബോക്സുകളും ഷെല്‍ട്ടറുകളും ബ്രെസ്റ്റ് വാളുകളും ബങ്കറുകളും ഫിംഗര്‍ ഫോറില്‍ നിര്‍മ്മിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ വലിയ തോതില്‍ സൈനിക വിന്യാസം പിഎല്‍എ നടത്തി. പാങ് ഗോങ് മേഖലയില്‍ 2019ല്‍ 142 തവണ ചൈന കടന്നുകയറ്റം നടത്തിയതായി ഇന്ത്യന്‍ ആര്‍മി പറയുന്നു. 2018ല്‍ 72 തവണയും 2017ല്‍ 112 തവണയും ഇവിടെ ചൈന കടന്നുകയറ്റം നടത്തി.

ഇത്രയുമൊക്കെ നടന്നിട്ടും, 20 ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി പറഞ്ഞത്, ചൈന ലഡാക്കില്‍ അധിനിവേശം നടത്തിയിട്ടില്ലെന്നാണ്. അത്തരമൊരു പ്രസ്താവന നടത്തിയതിനെതിരേ അന്ന് കോണ്‍ഗ്രസ് മോദിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മേഖലയിലേക്ക് ചൈനീസ് സൈനികര്‍ കടന്നു കയറിയെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പുറത്തു വിട്ടു. ആരെയും പേടിക്കാതെ സത്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചൈന ലഡാക്കില്‍ നടത്തിയ ‘നാണമില്ലാത്ത അധിനിവേശ’ത്തെ തുറന്ന് അപലപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കപില്‍ സിബല്‍ ആവശ്യപ്പെട്ടു. നരേന്ദ്രമോദി അധികാരത്തിലിരുന്ന കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യ അതിന്റെ ഏറ്റവും വലിയ നയതന്ത്ര പരാജയങ്ങളെയാണ് കണ്ടതെന്നും സിബല്‍ കുറ്റപ്പെടുത്തു. ‘ചൈനയുമായി നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ത്വരിതമായ നടപടികളെടുക്കണം. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യണം. ചൈനയുടെ അധിനിവേശത്തെ അപലപിക്കണം. ഇന്ത്യന്‍ ഭൂമി ആര് പിടിച്ചെടുത്താലും നമ്മളവരെ തിരിച്ചോടിക്കുമെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കണം. നിങ്ങള്‍ അങ്ങനെയൊരു നിലപാടെടുക്കുകയാണെങ്കില്‍ ജനങ്ങളും പ്രതിപക്ഷവും നിങ്ങള്‍ക്കും നിങ്ങളുടെ വാഗ്ദാനത്തിനുമൊപ്പം നിലകൊള്ളും’, എന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.എന്നാല്‍ മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് കാര്യമില്ലെന്നും അത് നഷ്ടമാണ് വരുത്തി വെക്കുകയെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചത്. ആ യോഗത്തിലാണ് ‘നമ്മുടെ ഭൂപ്രദേശത്ത് ആരും കടന്നുകയറിയിട്ടില്ല. നമ്മുടെ പോസ്റ്റുകള്‍ കൈയടക്കിയിട്ടുമില്ല’ എന്നു പ്രധാനമന്ത്രി പറഞ്ഞതും ലോകം മുഴുവന്‍ അതു കേട്ടതും. ഇത് വിവാദമായതോടെയാണ് പുതിയ വിശദീകരണവുമായി അദ്ദേഹത്തിന്റെ ഓഫിസ് രംഗത്തെത്തിയത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ തെറ്റായി അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറഞ്ഞത്. സൈനികരുടെ ധീരതയുടെ ഫലമായിട്ടാണ് ഇന്ത്യയുടെ ഭൂമിയില്‍ ചൈനക്കാരുടെ സാന്നിധ്യം ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു പുതിയ വിശദീകരണം.

എന്നാല്‍ മോദി സര്‍വകക്ഷി യോഗത്തില്‍ നടത്തിയ പ്രസ്താവന മുന്‍നിര്‍ത്തിയായിരുന്നു ഗ്ലോബല്‍ ടൈംസ് പോലുള്ള ചൈനീസ് മാധ്യമങ്ങളും ചൈനീസ് സര്‍ക്കാരും രംഗത്ത് വന്നത്. ഗല്‍വാന്‍ തങ്ങളുടേതാണെന്നും ഇന്ത്യയാണ് അവിടെ പ്രശ്‌നമുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞതും മോദിയുടെ പ്രസ്താവന ഐയുധമാക്കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അതിന്റെ ഭവിഷ്യത്തുകളും ഓര്‍മിപ്പിച്ച് പ്രതിപക്ഷ കക്ഷികളും വിരമിച്ച മുതിര്‍ന്ന സൈനികരും വിദേശകാര്യ വിദഗ്ധരുമൊക്കെ രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയായിരുന്നു ‘ വളച്ചൊടിക്കല്‍’ വിശദീകരണം വരുന്നത്.

മോദി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞത് ചരിത്രവസ്തുകള്‍ക്കും അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കുമെതിരായിരുന്നു. വിശദീകരണക്കുറിപ്പ് ഇറക്കി തിരുത്തിയതുകൊണ്ട് കാര്യമില്ല. രാജ്യത്തിന്റെ 20 രക്തസാക്ഷികളെ തള്ളിപ്പറഞ്ഞ, സത്യസന്ധമല്ലാത്ത രാഷ്ട്രീയ പ്രസ്താവന തന്നെയായേ അത് കണക്കാക്കൂ. സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ഇന്ത്യ പിന്തുടര്‍ന്നതിനെല്ലാം എതിരാണത്. ഒരു വലിയ ശക്തിക്കെതിരെ, തണുത്ത് മരവിച്ചുപോകുന്ന സാഹചര്യത്തില്‍ മുഖാമുഖം നില്‍ക്കുന്ന പട്ടാളക്കാരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം തന്നെയായിരുന്നു ആ നിരുത്തരവാദപരമായ പ്രസ്താവന.

എന്താണ് സംഭവിച്ചത് എന്നു രാജ്യത്തോട് പറയാന്‍ മോദി തയ്യാറായില്ല. നിയന്ത്രണരേഖയ്ക്ക് ഇപ്പുറത്ത് ഗല്‍വാന്‍ താഴ്വരയിലും ഡെപ്സാങ് ലേക്ക് പ്രദേശത്തും ചൈന നൂറുകണക്കിന് പട്ടാളക്കാരെ വിന്യസിച്ചിരിക്കുകയാണെന്ന വസ്തുത അദ്ദേഹം പറഞ്ഞില്ല. കൈയേറ്റക്കാരാണ് ചൈനക്കാര്‍ എന്ന വസ്തുത അദ്ദേഹം പറഞ്ഞില്ല. അതിര്‍ത്തി മേഖലയിലെ നിലവിലുള്ള സ്ഥിതി തുടരണമെന്ന കാര്യം നമ്മുടെ സൈനികര്‍ സമാധാനപരമായി ആവശ്യപ്പെടുകയാണ് ചെയ്തതെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. 1949 ജനീവ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുളള പരിഷ്‌കൃത രീതികളും ലംഘിച്ചാണ് ചൈന 20 സൈനികരെ കൊലപ്പെടുത്തിയതെന്ന കാര്യത്തെ അദ്ദേഹം അടിവരയിട്ടു ലോകത്തോട് പറഞ്ഞില്ല. നമ്മള്‍ രോഷാകുലരാണെന്നു വ്യക്തമാക്കിക്കൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യം എന്ന നിലയില്‍ ചൈനീസ് കൈയേറ്റത്തിനെതിരേ സമാധാനപരമായ മാര്‍ഗം സ്വീകരിക്കുമെന്ന് മോദി പറഞ്ഞില്ല. പാകിസ്താനെതിരേ പറയുന്ന ആര്‍ജ്ജവവും ശക്തിയൊന്നും മോദിയില്‍ കണ്ടില്ല.

മോദി ചൈനയ്ക്ക് കീഴടങ്ങുന്നു എന്ന ഹാഷ്ടാഗോടെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സോഷ്യല്‍ മീഡിയയില്‍ കൂടി ഉയര്‍ത്തിയ ചോദ്യങ്ങളും പ്രസക്തമായിരുന്നു. അതിര്‍ത്തി കടന്ന് ചൈനീസ് സൈനികര്‍ വന്നിരുന്നില്ലെങ്കില്‍ എന്താണ് ലഡാക്കില്‍ മേയ് 5നും ജൂണ്‍ 6നുമിടയില്‍ നടന്ന സംഘര്‍ഷം? ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ കമാന്‍ഡര്‍മാര്‍ ചൈനീസ് കമാന്‍ഡര്‍മാരുമായി മറ്റെന്ത് കാര്യം ചര്‍ച്ച ചെയ്യാനാണ് പോയത്? ചൈനീസ് സൈന്യം അതിര്‍ത്തി ഭേദിച്ചില്ലെങ്കില്‍ ജൂണ്‍ 15നും 16നും എന്ത് സംഘര്‍ഷമാണ് അവിടെ നടന്നത്? എവിടെ വെച്ചാണ് ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്? ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ച് കയറിയിരുന്നില്ലെങ്കില്‍ പൂര്‍വ്വസ്ഥിതി നിലനിര്‍ത്തണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞത് എന്തിനായിരുന്നു? ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്തിയിരുന്നില്ലെങ്കില്‍ എന്തിനാണ് 20 ഇന്ത്യന്‍ സൈനികര്‍ ജീവത്യാഗം ചെയ്തത്?

‘തെറ്റായ ഉദ്ദേശത്തോടെ നമ്മെ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടാകില്ല’.അതിനുള്ള ശേഷി നമുക്കുണ്ടെന്നും അവകാശപ്പെട്ട മോദിക്ക് ചിദംബരത്തെപ്പോലുള്ളവരുടെ ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാനായിട്ടില്ല. 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞത്’ ഗാല്‍വാന്‍ താഴ് വരയിലെ നമ്മുടെ പ്രദേശത്ത് നിര്‍മ്മാണം നടത്താനാണ് ചൈന ശ്രമിച്ചതെന്നും ചൈന മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എടുത്ത നടപടികളാണ് ആക്രമണത്തിനും മരണത്തിനും നേരിട്ട് കാരണമായതെന്നുമാണ്. നിലനില്‍ക്കുന്ന അവസ്ഥയില്‍ മാറ്റം വരുത്തരുതെന്ന ധാരണയെ ലംഘിച്ചക്കാനുള്ള ശ്രമമാണ് ചൈന നടത്തിയതെന്നും ആ പ്രസ്താവനയിലുണ്ടായിരുന്നു.

ഇതില്‍നിന്ന് വ്യക്തമാകുന്നത് ചൈന ഇന്ത്യയുടെ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നതാണ്. അങ്ങനെ ശ്രമിക്കണമെങ്കില്‍ നിലവിലുണ്ടായിരുന്ന അതിര്‍ത്തി അവര്‍ക്കു ലംഘിക്കേണ്ടിവന്നുവെന്നാണ്. ലഡാക്ക് മുതല്‍ പശ്ചിമ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ 23 തര്‍ക്കപ്രദേശങ്ങള്‍- ഏരിയാസ് ഓഫ് ഡിഫറിംങ് പെര്‍സപ്ഷന്‍- ആണ് ഉള്ളത്. അതില്‍ പക്ഷെ ഗല്‍വാന്‍ താഴ് വരയില്ലായിരുന്നു. ആ മേഖലയില്‍ ചൈന അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയത് അടുത്തായിട്ടായിരുന്നു. സ്ഥിതി ഇതായിരിക്കെ കടന്നു കയറ്റം നടത്താതെ എങ്ങനെ ഇന്ത്യയ്ക്ക് സൈനികരെ നഷ്ടമായി? പ്രധാനമന്ത്രി പറയുന്നത് പോലെ ഒരു കൈയെറ്റവും നടന്നില്ലെങ്കില്‍ വിദേശകാര്യവകുപ്പിന്റെ പ്രസ്തവാന എങ്ങനെ വന്നു എന്ന ചോദ്യവും ഉയരുന്നു

മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ചോദിച്ചത്, പ്രധാനമന്ത്രി പറഞ്ഞതുപോലെയാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടതെന്നതായിരുന്നു. ചൈനയുടെതാണ് ഭൂമിയെങ്കില്‍ എങ്ങനെയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്നും അവര്‍ എവിടെവെച്ചാണ് കൊല്ലപ്പെട്ടതെന്നും പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉറക്കം നടിച്ചതിന്റെ വിലയാണ് സൈനികര്‍ക്ക് നല്‍കേണ്ടി വന്നതെന്നും കൂടി രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതേ ചോദ്യമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദിച്ചത്. സംഘര്‍ഷം ഉണ്ടായിരുന്നില്ലെങ്കില്‍ എങ്ങനെ നമ്മുടെ ധീരരായ സൈനികര്‍ രക്തസാക്ഷികളായി? ഇന്ത്യയോട് സത്യം പറയാന്‍ മോദി തയ്യാറായില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.

Share on

മറ്റുവാര്‍ത്തകള്‍