രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ക്രൂരതയുടെ വിവരണമാണ് ആ സ്പാനിഷ് യുവതിയുടെ മൊഴി. ഇന്ത്യയുടെ ശിരസ് ലോകത്തിന് മുന്നില്‍ കുനിഞ്ഞ ദുംക കൂട്ടബലാത്സംഗത്തിലെ പരാതിക്കാരി അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ദ്രോഹമാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നും വ്യക്തമാകുന്നു. ലോകസഞ്ചാരത്തിനിറങ്ങിയ സ്പാനിഷ് ദമ്പതിമാര്‍ക്കാണ് ജാര്‍ഖണ്ഡിലെ ദുംകയില്‍ വച്ച് അതിക്രൂരമായ അക്രമണം നേരിടേണ്ടി വന്നത്. പുരുഷനെ നിഷ്ഠൂരമായി മര്‍ദ്ദിച്ചശേഷം ഏഴ് പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മാര്‍ച്ച് ഒന്നിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. യുവതിയെ പ്രവേശിപ്പിച്ച സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മാര്‍ച്ച് രണ്ട്, പുലര്‍ച്ചെ 2.05 ന് നടന്ന മൊഴിയെടുപ്പിലാണ് യുവതി എല്ലാക്കാര്യങ്ങളും പൊലീസിനോട് വിശദീകരിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 376ഡി, 395 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമീപത്ത് ഹോട്ടലുകളൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി വനമേഖലയിലെ കുന്നില്‍ ചരുവിലൂടെ പോകുന്ന റോഡിന് സമീപത്തായി സ്പാനിഷ് സഞ്ചാരികള്‍ താത്കാലിക ടെന്റ് ഒരുക്കി രാത്രി കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍, അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. അക്രമികള്‍ മൂന്നുപേര്‍ ആദ്യം യുവതിയുടെ പങ്കാളിയുമായി വഴക്കുണ്ടാക്കുകയാണ് ചെയ്തത്. അവര്‍ ഭര്‍ത്താവിന്റെ കൈകള്‍ കെട്ടിയിട്ടശേഷം അദ്ദേഹത്തെ മര്‍ദ്ദിച്ചു. ‘ മറ്റ് നാല് പേര്‍ എന്നെ കഠാര കാണിച്ചു ഭീഷണിപ്പെടുത്തി, ബലംപ്രയോഗിച്ച് അവരെന്നെ കൊണ്ടു പോയി’- യുവതിയുടെ മൊഴിയായി എഫ്‌ഐആറില്‍ പറയുന്നു. അക്രമികള്‍ യുവതിയെ നിലത്തേക്ക് വലിച്ചെറിയുകയും, കാലുകൊണ്ട് ചവിട്ടുകയും കൈകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. തല്ലിയവശയാക്കിയശേഷമായിരുന്നു ഏഴുപേരും ചേര്‍ന്ന് ആ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്നത്.
‘ അവര്‍ എല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. രാത്രി ഏഴരയ്ക്കും പത്തുമണിക്കും ഇടയിലായിരുന്നു സംഭവം നടക്കുന്നത്’- എഫ് ഐ ആറില്‍ പറയുന്നു.
മോട്ടോര്‍ ബൈക്കില്‍ ലോകമറിയാന്‍ ഇറങ്ങിയവരായിരുന്നു സ്പാനിഷ് ദമ്പതിമാര്‍. പാകിസ്താനില്‍ നിന്നാണ് അവര്‍ കഴിഞ്ഞ ജൂലൈ പകുതിയോടെ ആദ്യം ഇന്ത്യയിലെത്തുന്നത്. പിന്നീട് ശ്രീലങ്കയിലേക്ക് പോയ ഇരുവരും അവിടെ നിന്നും രണ്ടാഴ്ച്ച മുന്‍പ് വീണ്ടും ഇന്ത്യയിലെത്തുകയായിരുന്നു.
‘ ഞങ്ങളുടെ യാത്രയുടെ ഭാഗമായാണ് ദുംകയിലെ കുമ്രഹത് ഗ്രാമത്തില്‍ എത്തുന്നത്. നേരമിരുട്ടിയശേഷമായിരുന്നു അവിടെയെത്തിയത്. വനമേഖലയിലെ കുന്നിന്‍ ചരിവിലൂടെ പോകുന്നൊരു റോഡിന് സമീപത്തായി ടെന്റ് ഒരുക്കി ആ രാത്രി കഴിയാം എന്നു തീരുമാനിച്ചു. സമയം ഏകദേശം ഏഴു മണിയായിക്കാണും, ഞങ്ങള്‍ ടെന്റിനകത്തായിരുന്നു. പുറത്ത് അത്ര സംശയാസ്പദമായ സംസാരം കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ടു പേര്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. ഏഴരയായപ്പോള്‍ വേറെ ചിലര്‍ കൂടി രണ്ട് ബൈക്കുകളിലായി അവിടെയെത്തി. അവര്‍ ടെന്റിനടുത്തേക്ക് വന്നു, ഞങ്ങളോട് ‘ ഹലോ ഫ്രണ്ട്‌സ്’ എന്നു പറഞ്ഞു. ഞങ്ങള്‍ പുറത്തേക്ക് വന്നു, തലയില്‍ ഘടിപ്പിച്ചിരുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അഞ്ചു പേര്‍ ഞങ്ങള്‍ക്ക് നേരെ വരുന്നത് കണ്ടു, മറ്റു രണ്ടുപേര്‍ കൂടി ടെന്റിനടുത്തേക്ക് നീങ്ങുന്നതും കാണാമായിരുന്നു. അവര്‍ ഞങ്ങളോട് സംസാരിച്ചത് അവരുടെ ഭാഷയിലായിരുന്നു, ഇടയില്‍ ഏതാനും ഇംഗ്ലീഷ് വാക്കുകളും ഉപയോഗിച്ചിരുന്നു’- എഫ് ഐ ആറില്‍ നിന്നുള്ള വിവരങ്ങള്‍.
ദമ്പതിമാരെ ഉപദ്രവിക്കുക മാത്രമല്ല, അവരുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു അക്രമികള്‍. ഒരു സ്വിസ് കത്തി, വാച്ച്, ഡയമണ്ടിന്റെ ഒരു പ്ലാറ്റിനം മോതിരം, മറ്റൊരു വെള്ളി മോതിരം, ഇയര്‍ പോഡ്‌സ്, പേഴ്‌സ്, ക്രെഡിറ്റ് കാര്‍ഡ്, 11,000 ഇന്ത്യന്‍ രൂപ, 300 യു എസ് ഡോളര്‍, ഒരു സ്റ്റീല്‍ സ്പൂണും ഫോര്‍ക്കും എന്നിവയാണ് അക്രമികള്‍ മോഷ്ടിച്ചത്.
അക്രമികളില്‍ ഒരാള്‍ക്ക് 28 നും 30 നും ഇടയില്‍ പ്രായമുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. അയാള്‍ ഒരു വെളുത്ത ടീഷര്‍ട്ടും അതിനു പുറത്തായി വെളുത്തൊരു സ്‌ക്രാഫും ചുറ്റിയിരുന്നു. ബാക്കിയുള്ളവരെല്ലാം അയാളെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരായിരുന്നുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദമ്പതിമാരെ ഉപദ്രവിച്ചശേഷം അക്രമികള്‍ അവരുടെ ഗ്രാമത്തിലേക്ക് ഓടിപ്പോവുകയായിരുന്നു.
‘ അക്രമികള്‍ പോയശേഷം ഞങ്ങള്‍ ബൈക്കില്‍ കയറി ഒരുവിധത്തില്‍ പ്രധാന റോഡിലെത്തി. 11 മണിയായിട്ടുണ്ടാകും, ആ സമയം നൈറ്റ് പെട്രോളിംഗിനിറങ്ങിയ ഹന്‍സ്ദിഹ പൊലീസ് ഞങ്ങളെ കാണുകയും സഹായത്തിനായി എത്തുകയും ചെയ്തു. പൊലീസ് ഞങ്ങളെ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെവച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ഞങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു’.
പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് ഏഴ് കുറ്റവാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്.
അക്രമിക്കപ്പെട്ട ദമ്പതിമാര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തങ്ങള്‍ നേരിട്ട ദുരന്തം വെളിപ്പെടുത്തിയതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. മുഖത്തേറ്റ് മുറിവുകളോടെ തങ്ങള്‍ നേരിട്ട ക്രൂരത ലോകം അറിയാന്‍ വേണ്ടി യുവതിയും അവരുടെ പങ്കാളിയും തങ്ങളുടെ ഫോട്ടോകളും പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും പോസ്റ്റും പിന്‍വലിക്കണമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് അവരോട് പറഞ്ഞകാര്യവും ദമ്പതിമാര്‍ പങ്കുവച്ചിരുന്നു. സ്പാനിഷ് ദമ്പതിമാര്‍ ഇന്ത്യയില്‍ വച്ച് ആക്രമിക്കപ്പെട്ടത് ആഗോളമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഇന്ത്യ വലിയൊരു നാണക്കേടിലാണ് പതിച്ചത്.