December 10, 2024 |

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനും സൈനിക ശക്തിക്കും വേണ്ടാത്തവരെ ചേര്‍ത്ത് പിടിച്ച് ഒരു ചെറു രാജ്യം

എല്‍ജിബിടിക്യൂ വിവാഹം നിയമവിധേയമാക്കി നേപ്പാള്‍

ഇന്ത്യയിലെ എല്‍ജിബിടിക്യൂ ദമ്പതികളെയും ആക്ടിവിസ്റ്റുകളെയും നിരാശരാക്കികൊണ്ടാണ് ഒക്ടോബര്‍ 17-ന് സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുതയ്ക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി പുറത്തുവരുന്നത്. നവംബര്‍ 30 നാണ് റഷ്യന്‍ സുപ്രീം കോടതി മുഴുവന്‍ എല്‍ജിബിടിക്യൂ സമൂഹത്തെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. എല്‍ജിബിടിക്യൂ പ്രവര്‍ത്തകരെ ‘തീവ്രവാദികള്‍’ എന്നാണ് റഷ്യന്‍ കോടതി മുദ്രകുത്തിയത്. ‘സാമൂഹികവും മതപരവുമായ വിയോജിപ്പ്’ ഉള്‍പ്പെടെ റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ജിബിടിക്യു സോഷ്യല്‍ മൂവ്‌മെന്റ് തീവ്രവാദസ്വഭാവത്തിന്റെ അടയാളങ്ങള്‍ പ്രകടിപ്പിക്കുന്നതായി കോടതി കണ്ടെത്തിയായി വിധിയില്‍ പറയുന്നു. എന്നാല്‍, സര്‍ക്കാര്‍ വകുപ്പ് ഫയല്‍ ചെയ്ത കേസില്‍ ഇതിനുള്ള തെളിവുകളൊന്നും കോടതിയില്‍ സമര്‍പ്പിച്ചില്ല. ജനങ്ങള്‍ തങ്ങളുടെ ലൈംഗിക ആഭിമുഖ്യവും ലിംഗ വ്യക്തിത്വവും എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവണത റഷ്യയില്‍ വര്‍ദ്ധിച്ചുവരികയാണ്. ‘പരമ്പരാഗതമല്ലാത്ത’ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നതിനെതിരെയും നിയമപരമോ വൈദ്യശാസ്ത്രപരമോ ആയ ലിംഗമാറ്റങ്ങള്‍ക്കെതിരെയും റഷ്യ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലും ലോകത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായ റഷ്യയിലും എല്‍ജിബിടിക്യൂ സമൂഹത്തോട് വിവേചനം കാണിക്കുമ്പോള്‍, ഈ സമൂഹത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ലോകത്തിന് മാതൃകയാകുന്നത് ഒരു കൊച്ചുരാജ്യമാണ്- നേപ്പാള്‍. ദക്ഷിണേഷ്യയിലെ തന്നെ നിയമപരമായ ആദ്യ സ്വര്‍വര്‍ഗ വിവാഹം നേപ്പാളില്‍ നടന്നിരിക്കുന്നു.

നേപ്പാളിലെ എല്‍ജിബിടിക്യൂ സമൂഹം വിവാഹത്തിനുള്ള നിയമപരമായ അംഗീകാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. ആ ആഹ്ലാദത്തിന് ഒന്ന് കൂടി മറ്റേകികൊണ്ടാണ് നേപ്പാളിലെ സ്വവര്‍ഗ ദമ്പതികള്‍ നിയമപരമായി വിവാഹിതരായത്. ദക്ഷിണേഷ്യയില്‍ തന്നെ ആദ്യമായി നിയമപരമായി വിവാഹിതരാവുന്ന സ്വവര്‍ഗ ദമ്പതികള്‍ എന്ന ബഹുമതിയാണ് നേപ്പാളിലെ ലാംജംഗ് ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വനിതയായ മായ ഗുരുങ് (38), സുരേന്ദ്ര പാണ്ഡെ (27) എന്നിവര്‍ നേടിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഇവരുടെ വിവാഹം നിയമ വിധേയമാക്കി കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഈ വിവാഹം ചരിത്ര ദിനമാണെന്ന് രേഖപ്പെടുത്തുകയാണ് എല്‍ജിബിടിക്യൂ അവകാശ പ്രവര്‍ത്തകര്‍. ‘ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്നു’- ദമ്പതികള്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.”പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനുമപ്പറം സന്തോഷത്തിലാണ് ഞാന്‍. രണ്ട് പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ പോരാട്ടത്തിലായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ക്ക് ഈ നീണ്ട പോരാട്ടത്തില്‍ വിജയം കണ്ടെത്താനായി. സമൂഹം ഇനി ഞങ്ങളെ സ്വീകരിക്കും, ഞങ്ങളെപ്പോലുള്ള പലര്‍ക്കും വിവാഹത്തിലേക്കുള്ള വാതില്‍ തുറക്കാനുള്ള അവസരം കൂടിയാണിത്”- ഗുരുങ് പറയുന്നു. സമാന അഭിപ്രയമാണ് പാണ്ഡെയും പങ്കുവയ്ക്കുന്നത്. ‘ഞങ്ങള്‍ വിജയിച്ചു. വലിയ യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് എനിക്ക് ഇപ്പോള്‍ ഉറക്കെ പറയാന്‍ കഴിയും. ഇതുമൂലം സമൂഹവും മാറുമെന്ന് ഞാന്‍ കരുതുന്നു”. ഗുരുങും പാണ്ഡെയും എട്ട് വര്‍ഷം മുമ്പ് ഒരു റെസ്റ്റോറന്റില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. നാരായണി നദിയുടെ തീരത്തിരുന്ന് ഇരുവരും ജീവിതത്തെ പറ്റി സംസാരിച്ചു. ”പിന്നെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നതും, സന്തോഷവും സങ്കടവും ഒരുമിച്ചു പങ്കിട്ടുകൊണ്ടു ജീവിക്കാന്‍ തുടങ്ങുന്നതും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹത്തെ പറ്റി ആലോചിക്കുന്നത്.”ഗുരുങ് പറയുന്നു. ആറു വര്‍ഷം മുമ്പാണ് ഇരുവരും ഹിന്ദു മത പ്രകാരം വിവാഹതിരാവുന്നത്. യൂണിയന്‍ നിയമപ്രകാരം ഈ വിവാഹം അംഗീകരിക്കപ്പെടാത്തതിനാല്‍ നിരവധി നിയമപരവും സാമൂഹികവുമായ ബുദ്ധിമുട്ടുകളും അവര്‍ക്ക് നേരിടേണ്ടി വന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് മുതല്‍ ഭൂമി വാങ്ങുന്നതുവരെയുള്ള കാര്യങ്ങളില്‍ അവര്‍ നിരന്തരം അവഹേളനങ്ങള്‍ക്കും വിവേചനകള്‍ക്കും വിധേയരായി.

ജൂണിലാണ് സുപ്രീം കോടതിയില്‍ ഈ വിഷയം ഉന്നയിക്കപ്പെടുന്നത്. എല്ലാ സ്വവര്‍ഗ, ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്കും അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് ഇതിനെ തുടര്‍ന്ന് പുറപ്പെടുവിച്ചത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. നിയമങ്ങള്‍ രൂപീകരിക്കുന്നത് വരെ LGBTQ+ ദമ്പതികള്‍ക്കായി പ്രത്യേക താത്കാലിക രജിസ്റ്റര്‍ സ്ഥാപിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ആദ്യ ജില്ലാ കോടതി അവരുടെ അപേക്ഷ നിരസിച്ചു, എന്നാല്‍ ഗുരുങും പാണ്ഡെയും അധികാരികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സമീപിച്ചതിനെത്തുടര്‍ന്ന് അവരുടെ കേസ് ഒടുവില്‍ അംഗീകരിക്കപ്പെട്ടു. പുതിയ ഉത്തരവ് പ്രകാരം അവരുടെ വിവാഹമാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. തങ്ങളുടെ വിവാഹം മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുരുങ് പറഞ്ഞു. ഇരുവരും കുട്ടികളെ ദത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. ”ഇത് വരും തലമുറകള്‍ക്കു കൂടി വേണ്ടിയാണ്. ഞങ്ങള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടു, പക്ഷേ ഇനി മുതല്‍ ഭാവിതലമുറകള്‍ ഈ പ്രതിബന്ധങ്ങളേതുമില്ലാതെ പരിഗണിക്കപ്പെടും”.

പ്രാദേശികമായി എല്‍ജിബിടിക്യു+ അവകാശങ്ങളുടെ കാര്യത്തില്‍ നേപ്പാള്‍ മുന്‍പും മുന്നിലായിരുന്നു. ലൈംഗിക ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന നിയമങ്ങള്‍ പാസാക്കിയ ആദ്യത്തെ ദക്ഷിണേഷ്യന്‍ രാജ്യമാണിത്. 2015-ല്‍ സ്വവര്‍ഗരതിയെ മാത്രം കുറ്റവിമുക്തമാക്കിയ ഇന്ത്യയ്ക്കും ആറ് വര്‍ഷം മുമ്പ്, 2013-ല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ നേപ്പാള്‍ അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, നേപ്പാളിലെ സ്വവര്‍ഗ ദമ്പതികള്‍ ഇപ്പോഴും സാമൂഹിക സ്വീകാര്യത, വിവേചനം, അക്രമം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. നേപ്പാളിലെ ആദ്യത്തെ എല്‍ജിബിടിക്യു+ അവകാശ സംഘടനയായ ബ്ലൂ ഡയമണ്ട് സൊസൈറ്റിയുടെ സ്ഥാപകന്‍ സുനില്‍ ബാബു പന്ത്, ജൂണില്‍ സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി അനുക്കൂലമായതിനെ തുടര്‍ന്നുണ്ടായ ഈ വിവാഹത്തെ ‘ചരിത്രപരമായ ദിവസം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

×