മധ്യ അമേരിക്കന്‍ രാജ്യമായ എല്‍-സാല്‍വദോറില്‍ ഞായറാഴ്ച്ച(ഫെബ്രുവരി 4) പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ അത്ഭുതമുണ്ടാക്കുന്ന പ്രവചനങ്ങളൊന്നുമുണ്ടായില്ല. നിലവിലെ പ്രസിഡന്റ് നയിബ് ബുകലെ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സര്‍വേ ഫലങ്ങള്‍ ഉറപ്പിക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ 80 ശതമാനം പേരും നയിബ് ബുകെലെ-യെ അനുകൂലിക്കുന്നവരാണ്.
രാജ്യത്തെ മാഫിയ സംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടം, സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന പ്രാഗത്ഭ്യം, കൂടാതെ ധരിക്കുന്ന ലതര്‍ ജാക്കറ്റിന്റെ പേരിലും വടക്കേ അമേരിക്കയ്ക്കു പുറത്തും പ്രശസ്തനാണ് നയിബ്. എന്നാല്‍ സ്വയം പറയുന്നൊരു തമാശയിലൂടെയാണ് സാല്‍വദോര്‍ പ്രസിഡന്റ് ലോകത്തിന് കൂടുതല്‍ പരിചിതന്‍; ‘ലോകത്തിലെ ശാന്തനായ ഏകാധിപതി’ എന്നാണ് 42 കാരനായ ഈ രാജ്യത്തലവന്റെ സ്വയം പുകഴ്ത്തല്‍.
നയിബ് ബുകെലെയുടെ തമാശ തന്നെയാണ് ആ ദരിദ്ര രാജ്യത്തെ ജനാധിപത്യവിശ്വാസികളെ നിരാശരാക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ നയിബിന് ഭരണഘടനാപരമായ തടസമുണ്ടായിരുന്നു. എന്നിട്ടും അയാള്‍ മത്സരിക്കുന്നു. നയിബിന്റെ ഈ തീരുമാനം, ക്യൂബയെയും വെനസ്വേലയെയും നികരാഗ്വയെയും പോലെ എല്‍ സാല്‍വദോറിനെയും ഒരു ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ളതാണെന്നാണ് രാഷ്ട്രീയ വിമര്‍ശകര്‍ പറയുന്നത്.
2021-ല്‍ ബുകെലെ സര്‍ക്കാര്‍ നിയോഗിച്ച ജഡ്ജിമാര്‍ ചേര്‍ന്ന് സുപ്രിം കോടതിയുടെതായി ഒരു വിധി പുറപ്പെടുവിച്ചു. നിലവില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് തന്റെ കാലാവധി സമയത്ത് ഓഫിസില്‍ നിന്നും അവധിയെടുക്കേണ്ടി വരികയാണെങ്കില്‍, അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി അധികാരത്തില്‍ വരാന്‍ തെരഞ്ഞെടുപ്പ് നേരിടാമെന്നായിരുന്നു ആ വിധി. അതിന്‍ പ്രകാരം നയിബ് കഴിഞ്ഞ ഡിസംബറില്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ആ സുപ്രിം കോടതി വിധി ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. ഒട്ടുമിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നിയമപ്രകാരം തുടര്‍ച്ചയായി ഒരാള്‍ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമില്ല. ഇത്തരത്തില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നവര്‍ ഏകാധിപതികളായി ദശാബ്ദങ്ങളോളം രാജ്യത്തെ തന്റെ കീഴിലാക്കിയതിന്റെ ചരിത്രം അവര്‍ക്കുള്ളതു തന്നെയാണ് ഇത്തരമൊരു നിയമം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുണ്ടായതിനു കാരണം. നയിബ് ബുകെലെ പൊളിച്ചത് ആ നിയമമാണ്. 2021-ലെ സാല്‍വദോര്‍ കോടതി വിധിയെ അമേരിക്ക നിശിതമായി വിമര്‍ശിച്ചിരുന്നു. ഭരണഘടനാവിരുദ്ധമായി ഈ വിധി ജനാധിപത്യത്തെ തകര്‍ക്കുമെന്നായിരുന്നു ബൈഡന്‍ ഭരണകൂടം വിമര്‍ശിച്ചത്.
നയിബ് ആരാധകര്‍ക്ക് പറയാനുള്ളത് നേതാവിന്റെ വീരസ്യങ്ങളാണ്. രാജ്യത്തെ കൊലപാതക സംഘങ്ങളെ ഉരുക്കു മുഷ്ടിക്കൊണ്ട് പരാജയപ്പെടുത്തിയ ഭരണാധികാരിയാണ് അവര്‍ക്ക് നയിബ് ബുകെലെ. ആരാധകര്‍ അദ്ദേഹത്തെ ഉപമിക്കുന്നത് യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായാണ്. പരമ്പരാഗത ജനാധിപത്യമൂല്യങ്ങള്‍ അവഗണിക്കാന്‍ തയ്യാറാകുന്നതിന്റെ പേരിലാണ് ഈ താരതമ്യം എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതുന്നത്.
നയിബ് ലോകത്തിന് മുന്നില്‍ ശ്രദ്ധേയനാകുന്നതില്‍ അദ്ദേഹത്തിന്റെ വേഷവിധാനങ്ങളും ഒരു കാരണമാണ്. പലസ്തീനിയന്‍ പാരമ്പര്യമുള്ള നയിബ് പൊതുവേദികളില്‍ തന്റെ ജീന്‍സും ബേസ്‌ബോള്‍ ക്യാപും കൊണ്ട് ആകര്‍ഷണം നേടിയിട്ടുണ്ട്. ഒരു മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവില്‍ നിന്നാരംഭിച്ച ജീവിതത്തിന് രാഷ്ട്രീയ വളര്‍ച്ചയുണ്ടാകുന്നത് 2015-2018 കാലംവരെ വഹിച്ച സാന്‍ സാല്‍വദോര്‍ മേയര്‍ പദവിയിലൂടെയാണ്. തൊട്ടടുത്ത വര്‍ഷം ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ചരിത്രം കുറിച്ചു. ഇടതുപക്ഷ ഗറില്ലകളും യാഥാസ്ഥിതിക ഗവണ്‍മെന്റുകളും തമ്മില്‍ 1979-1992 വരെ നീണ്ട ഏറ്റുമുട്ടല്‍ കാലം മുതല്‍ നിലനിന്നിരുന്ന ദ്വികക്ഷി സമ്പ്രദായത്തെ തകര്‍ത്തുകൂടിയായിരുന്നു നയിബ് അധികാത്തിലെത്തിയത്.
ഗര്‍ഭഛിദ്രം സ്ത്രീകളെ ‘ക്രിമിനല്‍ കുറ്റവാളി’കളാക്കി മാറ്റുന്ന എല്‍ സാല്‍വദോര്‍
ട്രംപിനെ പോലെ, നയിബും ഒരു ഷോമാന്‍ ആണ്. അതായളുടെ വേഷങ്ങളില്‍ മാത്രമല്ല കാണാവുന്നത്, ശ്രദ്ധ നേടാന്‍ എന്തും ചെയ്യും. ബിറ്റ്‌കോയ്ന്‍ രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയാക്കിയതും, മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ അവതാരകനായതും, 40,000 മാഫിയ അംഗങ്ങളെ പാര്‍പ്പിക്കാന്‍ തക്ക വലിപ്പമുള്ള ‘ മെഗ ജയില്‍’ പണിയിപ്പിച്ചതുമൊക്കെ അതില്‍ ചിലതാണ്.
തെക്കനമേരിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും പ്രതിസന്ധി, ശക്തരായ സംഘടിത ക്രിമനല്‍ സംഘങ്ങളാണ്. അവിടെയാണ് നയിബ് ബുകെലെ ഒരു ഹിറോ പരിവേഷം നേടുന്നത്. തന്റെ രാജ്യത്ത് മാഫിയകളെ അടിച്ചൊതുക്കാന്‍ തനിക്കായിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നതും, അനുയായികള്‍ പ്രചരിപ്പിക്കുന്നതുമായ ‘ഏറ്റവും വലിയ നേട്ടം’.
ഇത്തരം അവകാശവാദങ്ങള്‍ പ്രസിഡന്റും അനുയായികളും ഉയര്‍ത്തുന്നതല്ലാതെ, ക്രിമിനല്‍ ഗ്യാങ്ങുകളുടെ ഭയം രാജ്യത്ത് ഇല്ലാതാക്കാന്‍ ഭരണകൂടത്തിനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷണങ്ങള്‍. MS-13, 18th തുടങ്ങിയ ഗ്യാങ്ങുകള്‍ രാജ്യത്ത് പതിനായിരത്തിലധികം മനുഷ്യരെയാണ് കൊന്നു തള്ളിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അതുപോലെയവര്‍ ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു, രാജ്യത്തെ അവര്‍ തങ്ങളുടെ അധികാരമേഖലകളാക്കി വെട്ടിമുറിച്ചിരിക്കുന്നു, ഓരോ പ്രദേശങ്ങളും ഭീകരതയും ക്രൂരതയും കാണിച്ചു സ്വയംഭരണ മേഖലകളാക്കിയിരിക്കുന്നു.
ഇവര്‍ക്കെതിരേ ബുകെലെ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നല്ല, അവ പര്യാപ്തമാകുന്നില്ലെന്നു മാത്രം. അധികാരങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തല്‍ നടക്കുന്നുണ്ട്. ഏകദേശം 60 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 75,000-ല്‍ അധികം പേരെ ഭരണകൂടം മാഫിയ ബന്ധമാരോപിച്ച് ജയിലില്‍ അടച്ചു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തടവ് നിരക്ക് ആണ്. ഇതില്‍ ഏഴായിരം പേരെ മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ മോചിപ്പിച്ചിരിക്കുന്നത്.
ഇത്തരം തടവിലാക്കല്‍ രാജ്യത്ത് മനുഷ്യാവകാശ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിയമവിരുദ്ധമായ തടവുകളാണ് നടക്കുന്നതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തടവിലാക്കപ്പെടുന്നവര്‍ ക്രൂരമായ പീഡനങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നും അവര്‍ പറയുന്നു. ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ഇവിടെയൊരു പൊലീസ് രാജ് നിലനില്‍ക്കുന്നില്ലെന്നായിരുന്നു ബുകെലെയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഫെലിക്‌സ് ഉല്ലോവ അടുത്തിടെ അസോഷ്യേറ്റ് പ്രസ്സിനോട് പറഞ്ഞത്. 900 ആളുകളെ വരെ ഒരുമിച്ച് വിചാരണ ചെയ്യാനുള്ള പദ്ധതി സര്‍ക്കാരിനുണ്ടായിരുന്നുവെന്നും ഫെലിക്‌സ് പറഞ്ഞു.
ബുകെലെ ഭരണകൂടത്തിനു നേരെയുള്ള മറ്റൊരു ചോദ്യം, ക്രിമനല്‍ സംഘങ്ങളോട് പോരാടുകയാണോ അതോ അവരുമായി സന്ധി ചെയ്യുകയാണോ എന്നതാണ്. ക്രിമിനിലുകളോടു യാതൊരു ദയയും കാണിക്കില്ലെന്നാണ് സര്‍ക്കാര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നതെങ്കിലും, 2021-ല്‍ എംഎസ്-13 ഗ്യാങ്ങിലെ ഉന്നതനായ ക്രൂക്ക് എന്നറിയപ്പെടുന്ന ലീഡറെ സര്‍ക്കാര്‍ ജയിലില്‍ നിന്നും രഹസ്യമായി മോചിപ്പിച്ചിരുന്നു എന്നാണ് അന്വേഷണ വാര്‍ത്ത ഏജന്‍സിയായ എല്‍ ഫാരോ റിപ്പോര്‍ട്ട് ചെയ്തത്. മെക്‌സിക്കന്‍ കാര്‍ട്ടലായ ജലിസ്‌കോയുമായി ബന്ധമുള്ള ഒരു സാല്‍വദോര്‍ മാഫിയ സംഘം ക്രൂക്കിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പായി പിടിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് നടന്നില്ല. ഇങ്ങനെയൊരു കരാര്‍ ഏതെങ്കിലും മാഫിയ സംഘവുമായി തങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് ബുകെലെ ഭരണകൂടം ആണയിട്ടത്. എങ്കിലും ക്രൂക്ക് മെക്‌സിക്കോയില്‍ പിടിയിലാവുകയും അവിടുത്തെ സര്‍ക്കാര്‍ ക്രൂക്കിനെ അമേരിക്കയ്ക്ക് കൈമാറുകയുമാണ് ഉണ്ടായത്. എംഎസ്-13 ഗ്യാങുമായി ബുകെലെ സര്‍ക്കാരിന് രഹസ്യബന്ധമുണ്ടെന്നത് അമേരിക്കയുടെയും ആരോപണമാണ്.
വീണ്ടും അധികാരത്തിലേറുകയാണെങ്കില്‍, നയിബ് ബുകെലെയുടെ ന്യൂ ഐഡിയാസ് പാര്‍ട്ടി രാജ്യത്തെ ഒരേയൊരു പാര്‍ട്ടിയായി മാറുമെന്നും പ്രതിപക്ഷമെന്നത് വെറും അലങ്കാരമായി തീരുമെന്നുമാണ് ജനാധിപത്യവാദികള്‍ പ്രവചിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നേ തന്നെ 84 അംഗ കോണ്‍ഗ്രസില്‍ ന്യൂ ഐഡിയാസ് പാര്‍ട്ടി മുന്നില്‍ രണ്ട് സീറ്റുകളും ഉറപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒരു നിയമഭേദഗതി കൊണ്ടുവന്ന് കോണ്‍ഗ്രസിലെ സീറ്റുകളുടെ എണ്ണം 60-ലേക്ക് കുറയ്ക്കാന്‍ ബുകെലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എല്ലാ സീറ്റുകളും തങ്ങള്‍ക്കാക്കാനുള്ള ന്യൂ ഐഡിയാസ് പാര്‍ട്ടിയുടെ തന്ത്രമായിട്ടാണിതിനെ വിമര്‍ശകര്‍ കാണുന്നത്.
സുപ്രിം കോടതിക്കുമേല്‍ നിയന്ത്രണം നേടുന്നതിലും ബുകെലെയുടെ പാര്‍ട്ടിക്ക് അതിന്റെ ഭൂരിപക്ഷം കൊണ്ട് സാധിച്ചിട്ടുണ്ട്. സുപ്രിം കോടതി ജഡ്ജിമാരെ പുറത്താക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. തങ്ങള്‍ക്കനുകൂലമാം വിധം കോടതിയെ അവര്‍ സജ്ജീകരിച്ചിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷ നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം ഭരണകൂടം വേട്ടയാടുകയാണ്. കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പോലുള്ള വിവരങ്ങള്‍ പൊതുമധ്യത്തില്‍ നിന്നും മറച്ചുവയ്ക്കുകയാണെന്നുമാണ് ജനാധിപത്യവാദികള്‍ പരാതിപ്പെടുന്നത്. രാജ്യത്തിന് അതിന്റെ ജനാധിപത്യ അവകാശങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. അയല്‍രാജ്യമായ നികരാഗ്വ പോലെ എല്‍-സാല്‍വദോറും ഒരു ഏകാധിപത്യരാഷ്ട്രമായി മാറുകയാണെന്നു താന്‍ ഭയപ്പെടുന്നതായി ഫ്രാന്‍സിസ്‌കോ ഗാവിഡിയ സര്‍വകലാശാലയിലെ ഓസ്‌കര്‍ പികാര്‍ഡോ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറയുന്നുണ്ട്.
‘ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാവി എന്താണെന്ന് കാണാനുള്ള തെളിഞ്ഞൊരു കണ്ണാടിയാണ് നികരാഗ്വ’ എന്നാണ് ഒസ്‌കര്‍ പികാര്‍ഡോയുടെ നിരീക്ഷണം.