Continue reading “രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകള്‍; ഒരു പ്രാഥമിക വിശകലനം”

" /> Continue reading “രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകള്‍; ഒരു പ്രാഥമിക വിശകലനം”

"> Continue reading “രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകള്‍; ഒരു പ്രാഥമിക വിശകലനം”

">

UPDATES

ഉത്തരകാലം

രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകള്‍; ഒരു പ്രാഥമിക വിശകലനം

                       

രാജ്യത്തിന്റെ പുതിയ ചര്‍ച്ച അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. മിസോറാം(നവം-7) മധ്യപ്രദേശ്(നവം-17), ഛത്തീസ്ഗഢ്(നവം-7, നവം-17), രാജസ്ഥാന്‍(നവം-23), തെലങ്കാന(നവം-30) എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സൂചനയായിരിക്കും ഇവിടങ്ങളിലെ ഫലങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വിജയം അവകാശപ്പെടുന്നുണ്ട്. അവര്‍ക്ക് ഓരോരുത്തര്‍ക്കും തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്നുള്ള വിശ്വാസമുണ്ട്. അങ്ങനെ സമൂഹത്തെ വിശ്വസിപ്പിക്കുക എന്നുള്ളത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും തന്ത്രമായി തന്നെ കാണാം. മത്സരത്തില്‍ തങ്ങള്‍ തോല്‍ക്കുകയില്ലെന്ന് ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കുക എന്നുള്ളത് ഒരു വലിയ പ്രയത്‌നം തന്നെയാണ്.

അവശ്യസാധനങ്ങള്‍ക്കുള്ള വിലക്കയറ്റവും, ഹിന്ദുത്വ രാഷ്ട്രീയവും, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ചു നടക്കുന്നതെന്ന് ആരോപണമുള്ള റെയ്ഡുകളുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. ആരോപണങ്ങള്‍ നേരിടുന്ന ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ‘സൗഹൃദവും’ രാജ്യം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. ശതകോടിയിലേക്ക് അദാനിയുടെ സമ്പത്ത് വര്‍ദ്ധിച്ചതിന്റെ പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്തു വരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ ആരോപണങ്ങളും നിയമസഭ തെരഞ്ഞെടുപ്പുകളിലും തുടര്‍ന്ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപിയെ ക്ഷീണിപ്പിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാകും നവംബറിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍.

നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശില്‍ മാത്രമാണ് നിലവില്‍ ബിജെപി ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് അധികാരത്തില്‍. തെലങ്കാനയില്‍ ബി ആര്‍ എസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും ആണ് ഭരിക്കുന്നത്.

മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ അട്ടിമറിയാണ് 2018-ല്‍ നടന്നത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന മത്സരത്തില്‍ കോണ്‍ഗ്രസ് നേടിയത് 114 സീറ്റാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ അടര്‍ത്തി മാറ്റി 109 സീറ്റുകള്‍ മാത്രം ലഭിച്ച ബിജെപി മധ്യപ്രദേശിലെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 2013 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230 സീറ്റുകളില്‍ 165 സീറ്റുകള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 58 സീറ്റുകളില്‍ തൃപ്തിപ്പെടുവാനേ അന്ന് സാധിച്ചുള്ളൂ. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നതകളുടെ സ്വരം ശക്തമാണ്. അവിടെ ബിജെപിയുടെ ഭിന്നതയും മറനീക്കി പുറത്തു വന്നിട്ടുണ്ട് എന്നുള്ളത് രാജ്യത്താകമാനം ചര്‍ച്ചയുമാണ്. രാജസ്ഥാനിലെ മത്സര രംഗത്തുള്ള രണ്ടു പാര്‍ട്ടികളിലെയും ഭിന്നത തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയകമായി സ്വാധീനിക്കും എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. 200 സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് 73 സീറ്റ് മാത്രമാണ് ലഭിച്ചത്. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 21 സീറ്റുകള്‍ മാത്രം. അതേ സമയം ബിജെപിക്ക് 2013ലെ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകളില്‍ 163 സീറ്റുകള്‍ ലഭിച്ചിരുന്നു എന്നുള്ളത് വിസ്മരിക്കുവാനും സാധിക്കില്ല. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പരിശോധിക്കുകയാണെങ്കില്‍ ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടായിരുന്നത്.

തെലുങ്കാനയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളായ ബിജെപിക്കോ കോണ്‍ഗ്രസിനോ വേണ്ടത്ര തിളങ്ങുവാന്‍ സാധിച്ചിട്ടില്ല എന്ന് കാണുവാന്‍ സാധിക്കും. യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് ശ്രദ്ധേയനായ കെ ചന്ദ്രശേഖരാറാവു നേതൃത്വം കൊടുക്കുന്ന ഭാരത് രാഷ്ട്ര സമിതി(ബി.ആര്‍.എസ്) ആണ് തെലങ്കാന ഭരിക്കുന്നത്. 2018-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 120 സീറ്റില്‍ ബി ആര്‍ എസിന് 88 സീറ്റുകള്‍ ആണ് ലഭിച്ചത്. 2014 ലെ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളായിരുന്നു അവര്‍ക്ക് ലഭിച്ചത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുള്ള മൂന്നാമത് തെരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് തെലുങ്കാനയില്‍ 2014-ല്‍ 21 സീറ്റും 2018-ല്‍ 19 സീറ്റും ആയിരുന്നു ലഭിച്ചത്. ബിജെപിക്ക് 2014-ല്‍ അഞ്ചു സീറ്റും 2018-ല്‍ അത് വെറും ഒരു സീറ്റിലേക്കും കുറഞ്ഞു എന്നുള്ളത് കാണേണ്ടിയിരിക്കുന്നു. 2019-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ഷെയറില്‍ ബി ആര്‍ എസ് കുറവ് നേടുകയും ബിജെപിക്ക് നേട്ടം ഉണ്ടാവുകയും ചെയ്തു എന്നുള്ളതും കാണേണ്ടതാണ്.

ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്‍കാല ഫലങ്ങള്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്. 90 അംഗ നിയമസഭയില്‍ 39 സീറ്റുകളുമായി 2013 ല്‍ ജയിച്ച കോണ്‍ഗ്രസ് 2018 ല്‍ 68 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച നേടിയത്. നിയമസഭയില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് ആണെങ്കിലും, പാര്‍ലമെന്റിലെ അവസ്ഥ അങ്ങനെയായിരുന്നില്ല. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേടിയത് 45.5 % വോട്ടാണെങ്കില്‍ ബിജെപി 51.4 % വോട്ടിങ് പങ്ക് നേടി അവിടെ മുന്നിലുണ്ട്.

മിസോറാമില്‍ നിയമസഭാ സീറ്റുകളുടെ എണ്ണം 40 മാത്രമാണ്. കോണ്‍ഗ്രസ് അവിടെ നാല് സീറ്റുകളില്‍ മാത്രമാണ് 2010-ല്‍ ജയിച്ചിട്ടുള്ളത്. ബിജെപിക്ക് അവിടെ ഒരു സീറ്റ് മാത്രമാണ് നിലവിലുള്ളത്. പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷ്ണല്‍ ഫ്രണ്ട് ( എം എന്‍ എഫ് ) 40-ല്‍ 27 സീറ്റും സ്വന്തമാക്കിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. മിസോറാമില്‍ ഒരേ ഒരു പാര്‍ലമെന്റ് മണ്ഡലം മാത്രമാണ് ഉള്ളത്.

 

Related news


Share on

മറ്റുവാര്‍ത്തകള്‍