June 16, 2025 |

ഡ്യൂക്ക് ബോള്‍, ഇംഗ്ലീഷ് കാലാവസ്ഥ, ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇനിയില്ല ഈ ഡെഡ് ലി കോംമ്പോ

സച്ചിന്‍, ധോണി, വിരാട്, യുവരാജ് എന്നിവരുടെ വിക്കറ്റുകളായിരുന്നു അത്.

2003ലെ ലോഡ്‌സ് മൈതാനി. ഇംഗ്ലണ്ട്-സിംബാബെ ടെസ്റ്റ് മല്‍സരം നടക്കുകയാണ്. 73 റണ്‍സില്‍ 5 വിക്കറ്റെടുത്ത് ഒരു 20കാരന്‍ സിംബാബെയെ തകര്‍ത്തു തരിപ്പണമാക്കി. രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും ഒന്നാം ഇന്നിംഗ്സിലെ പയ്യന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇംഗ്ലണ്ട് ടീം ജയം സ്വന്തമാക്കി. പില്‍ക്കാലത്ത് ഡ്യൂക്ക് ബോള്‍, ഇംഗ്ലീഷ് കാലാവസ്ഥ, ജെയിംസ് ആന്‍ഡേഴ്‌സണ്‍… ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിലും മികച്ച ഒരു കോമ്പോ ഉണ്ടോ?. എന്ന് ക്രിക്കറ്റ് പ്രേമികളെ കൊണ്ട് ചോദിപ്പിച്ച ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു ആ പയ്യന്‍. ആന്‍ഡേഴ്സന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു അത്. അന്ന് മുതല്‍ ഇംഗ്ലണ്ട് മണ്ണില്‍ കളിക്കാനെത്തിയിരുന്ന വിദേശ ടീമുകളുടെ പേടിസ്വപ്‌നമായിരുന്നു ആന്‍ഡേഴ്‌സണ്‍. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളെ അത്രത്തോളം കരുത്താക്കിയ മറ്റൊരു ബോളര്‍ ലോക ക്രിക്കറ്റിലുണ്ടായിട്ടില്ലെന്ന് തന്നെ പറയാം. James Anderson

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ആന്‍ഡേഴ്‌സന് മുന്നില്‍ ലോകോത്തര ബാറ്റര്‍മാര്‍ അടിയറവ് പറയുമ്പോഴും ഇംഗ്ലണ്ടിനു പുറത്ത് പ്രത്യേകിച്ച് ഏഷ്യന്‍ മണ്ണിലെ സ്പിന്‍ ട്രാക്കുകളില്‍ ജിമ്മി മാജിക് നടക്കില്ലെന്നു വിധിയെഴുതിയ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു 2012ലെ ഇന്ത്യന്‍ പര്യടനത്തില്‍ ആന്‍ഡേഴ്‌സണ്‍ പുറത്തെടുത്തത്. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന കടമ്പ മറികടക്കാന്‍ ആന്‍ഡേഴ്‌സന്റെ സ്വിങ് ബൗളിംഗ് ഇംഗ്ലണ്ടിനെ സഹായിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 2 ഇന്നിങിസിലായി ആറ് വിക്കറ്റെടുത്തായിരുന്നു ഇന്ത്യയെ പരാജയപ്പെടുത്തിയത്. അതും സച്ചിന്‍, ധോണി, വിരാട്, യുവരാജ് എന്നിവരുടെ വിക്കറ്റുകളായിരുന്നു അത്. 187 ടെസ്റ്റില്‍ നിന്ന് 700 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 19 ടി20 മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ സംഭാവന.

മടങ്ങുന്നത് സ്വിങുകളുടെ രാജകുമാരന്‍

ഇന്നിപ്പോള്‍ സ്വിങ് ബൗളിങ്ങിന്റെ മനോഹാരിതകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച, സ്വിങുകളുടെ ആ രാജകുമാരന്‍ കളിക്കളത്തോടെ വിട പറയല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ വേനലില്‍ ലോഡ്‌സില്‍ ഞാന്‍ എന്റെ അവസാന ടെസ്റ്റ് കളിക്കും. രണ്ടര പതിറ്റാണ്ട് കാലം ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞു, അതൊരു അവിശ്വസനീയ യാത്രയായിരുന്നു. ടീമിനെ അത്രത്തോളം മിസ് ചെയ്യും. എന്നാല്‍ പടിയിറങ്ങാന്‍ സമയമായി, പുതുതലമുറയ്ക്ക് വഴി മാറുകയാണ്- ഇതായിരുന്നു ആന്‍ഡേഴ്‌സന്റെ വാക്കുകള്‍.

ജിമ്മിയ്ക്ക് സമാനമായ ഒരു കളിക്കാരനെ നിങ്ങള്‍ ഇംഗ്ലണ്ട് ടീമില്‍ പ്രതീക്ഷിക്കരുത്- വിരമിക്കല്‍ പ്രഖ്യാപനത്തോട് ഇസിബി അധ്യക്ഷന്‍ റിച്ചാര്‍ഡ് തോംസണിന്റെ പ്രതികരണം ഇതായിരുന്നു. കളിക്കളത്തില്‍ ആന്‍ഡേഴ്‌സണില്ലാത്ത ഒരു ദിനം അചിന്തനീയം എന്നാണ് ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞത്. ഈ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ട് ക്രിക്കറ്റിന് എന്തായിരുന്നെന്ന്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയര്‍, ക്രിക്കറ്റ് ചരിത്രത്തില്‍ 700 വിക്കറ്റെടുത്ത മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ്, നേട്ടം കൈപിടിയിലാക്കിയ പ്രഥമ ഫാസ്റ്റ് ബൗളര്‍ അങ്ങനെ ഒരുപിടി മനോഹര ഓര്‍മകളുമായാണ് ജിമ്മിയുടെ മടക്കം. വിഖ്യാതമായ ലോഡ്സ് മൈതാനിയില്‍ വരാനിരിക്കുന്ന വെസ്റ്റീന്‍ഡിസ് പരമ്പരയിലെ ആദ്യ മല്‍സരത്തോടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആ പ്രഖ്യാപനം. ലോഡ്‌സില്‍ തന്നെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റവും. 2015ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ച താരം 197 മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. 16 ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റുകളാണ് ആന്‍ഡേഴ്സന്‍ ഇന്ത്യയില്‍ വീഴ്ത്തിയത്.

 

English summary; End of an era: James Anderson confirms retirement from Test cricketer

Leave a Reply

Your email address will not be published. Required fields are marked *

×