July 13, 2025 |
Share on

മിഡിൽ ഈസ്റ്റ് സംഘർഷം: ‘ഡെഡ് ലൈനുമായി’ ട്രംപ് ഇറാനുമായി ചർച്ചയ്ക്ക് യുകെയും യൂറോപ്യൻ യൂണിയനും

ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് യുഎസ്

ഇറാനുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തിൽ അമേരിക്ക പങ്കുചേരുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും, സംഘർഷത്തിന് ചർച്ചയിലൂടെ ഒരു അന്ത്യം കുറിക്കാൻ സമയം അനുവദിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. രണ്ടാഴ്ച സമയം ട്രംപ് അനുവദിച്ചത് തന്നെ ഇറാന് ചർച്ചക്കുള്ള സാധ്യത ഒരുക്കാനാണെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി പറയുന്നത്. ഇറാനിലെ ഭരണമാറ്റം ഒരു യുദ്ധലക്ഷ്യമായി മാറിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു. ഇറാനിയൻ മിസൈൽ ആക്രമണത്തിൽ തകർന്ന ആശുപത്രി സന്ദർശിച്ച പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്നും ഇറാൻ ഭരണകൂടത്തെ തകർക്കാൻ ആക്രമണങ്ങൾ വർദ്ധിപ്പിക്കാൻ ഉത്തരവിട്ടിരുന്നുവെന്നും പ്രസ്താവിച്ചിരുന്നു.

ഇറാന്റെ നേതാക്കളെ അട്ടിമറിക്കുക എന്നത് പ്രഖ്യാപിതമോ ഔപചാരികമോ ആയ ലക്ഷ്യമല്ല എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറയുകയുണ്ടായി. ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് അറിയിച്ച വൈറ്റ് ഹൗസ് ഇറാനുമായുള്ള കത്തിടപാടുകൾ തുടരുകയാണെന്നും ചർച്ചകൾക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അറിയിച്ചിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരണമോ എന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ തീരുമാനം, അമേരിക്കയുടെ കൈവശമുള്ള മാസീവ് ഓർഡിനൻസ് പെനട്രേറ്റർ (എംഒപി) അഥവാ ജിബിയു–57എ/ബി എന്ന ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ഇറാന്റെ ഏറ്റവും സംരക്ഷിതമായ ആണവ കേന്ദ്രത്തെ നശിപ്പിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ നിലയമാണ് ഫോർദോ. പർവതമേഖലയ്ക്ക് അടിയിലുള്ള ഈ നിലയം ആക്രമിക്കണമെങ്കിൽ സാധാരണ മിസൈലുകളും ബോംബുകളും കൊണ്ട് സാധിക്കില്ല, അതുകൊണ്ട് തന്നെ ഫോർഡോ സമുച്ചയം നശിപ്പിക്കാൻ കഴിവുള്ള ആയുധങ്ങൾ ഇസ്രായേലിന്റെ പക്കലുമില്ല. ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് മാറി ആക്രമണത്തിൽ പങ്കുചേരാൻ നെതന്യാഹുവും സഖ്യകക്ഷികളും അമേരിക്കയിൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഇറാന്റെ ആണവ പദ്ധതി തടുക്കാൻ ഇസ്രായേലിന് മാത്രമേ സാധിക്കൂവെന്നും, അതിനായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട് എന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനോട് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കുന്ന കരാറിൽ അവസാന നിമിഷമെങ്കിലും ഒപ്പിടുമോ എന്ന് കാണാൻ കാത്തിരിക്കുകയാണ് ട്രംപ്.

Trump's peace plan for Ukraine published by the media - Details | RBC-Ukraine

സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ മുന്നറിയിപ്പുകൾ തുടരുകയാണ്. ഇതിനിടെ യൂറോപ്പും യുദ്ധത്തിന് നയതന്ത്ര പരിഹാരം തേടുകയാണ്. ഇറാൻ വിദേശകാര്യ മന്ത്രി ബ്രിട്ടീഷ്, ഫ്രഞ്ച്, ജർമ്മൻ വിദേശകാര്യ മന്ത്രിമാരെ കാണാൻ ജനീവയിലേക്ക് തിരിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഒമാൻ ഉൾപ്പെടെയുള്ള പ്രാദേശിക ശക്തികൾ എന്നിവരിൽ നിന്ന് മധ്യസ്ഥത വഹിക്കാനുള്ള വാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ട്. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, മിഡിൽ ഈസ്റ്റിനെ കേന്ദ്രീകരിച്ച് വൈറ്റ് ഹൗസിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടീഷ് അംബാസഡർ ലോർഡ് മണ്ടൽസണും ട്രംപിന്റെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും യോഗത്തിൽ പങ്കെടുത്തു.

ഇറാനിൽ ഭരണമാറ്റത്തിനുള്ള സാഹചര്യങ്ങൾ ഇസ്രായേൽ സൃഷ്ടിക്കുകയാണെന്നും അതിന് ഇറാനികൾ തയ്യാറാകേണ്ടതുണ്ടെന്നും ആയിരുന്നു വ്യാഴാഴ്ച രാത്രിയിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിന് ശേഷം ബീർഷെബയിലെ സൊറോക്ക ആശുപത്രി സന്ദർശിച്ച നെതന്യാഹു ആഹ്വാനം ചെയ്തത്. ‘ഇന്ന്, ഒരു ജൂത രാഷ്ട്രം പേർഷ്യൻ ജനതയെ മോചിപ്പിക്കാനുള്ള മാർഗങ്ങൾ സൃഷ്ടിക്കുകയാണ്’ പേർഷ്യൻ ചക്രവർത്തിയായ സൈറസ് ബാബിലോണിൽ അടിമകളായിരുന്ന ജൂത ജനതയെ മോചിപ്പിച്ചതിനെക്കുറിച്ചുള്ള ബൈബിളിലെ ഒരു കഥ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. ഇറാനിയൻ ഭരണകൂടത്തിന്റെ പതനം തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്ന് നെതന്യാഹു പറഞ്ഞു.

അതേ സമയം നൂറുകണക്കിന് സാധാരണക്കാരെ ഇതിനകം കൊന്നൊടുക്കിയ ഒരു ഇസ്രായേലി യുദ്ധം അവരുടെ രാജ്യത്തിന്റെ വിമോചനത്തിലേക്കുള്ള പാതയെ പ്രതിനിധീകരിക്കുന്നു എന്ന ആശയത്തെ രാഷ്ട്രീയ തടവുകാർ ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കൾ നിരസിക്കുകയാണ്. സദ്ദാം ഹുസൈനെ യുഎസ് സൈന്യം അട്ടിമറിച്ചതിനുശേഷം അയൽരാജ്യമായ ഇറാഖിന്റെ വിധി ഭയാനകമായ ഒരു മുന്നറിയിപ്പായി അവർക്ക് മുന്നിൽ അവശേഷിക്കുന്നുണ്ട്. സദ്ദാം ഹുസൈന്റെ പതനം, നിരവധി ഇറാഖികൾ ആഘോഷിച്ചിരുന്നു, എന്നാൽ പതിറ്റാണ്ടുകളായി തീവ്രവും പലപ്പോഴും വിഭാഗീയവുമായ അക്രമങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തിന് അത് വഴിയൊരുക്കി. നെതന്യാഹുവിന് മുമ്പ് സൊറോക്ക ആശുപത്രി സന്ദർശിച്ച കാറ്റ്‌സും ഖമേനിയെ വധിക്കാൻ ആഹ്വാനം ചെയ്യുകയും ഭരണകൂടാത്തെ ദുർബലപ്പെടുത്തുന്നതിനായി സർക്കാർ ലക്ഷ്യങ്ങൾക്കെതിരായ ആക്രമണം വർദ്ധിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

Khamenei Warns Israel of 'Severe Response' After Attack

‘ഇസ്രായേലിനെ നശിപ്പിക്കണമെന്ന് ഖമേനി പരസ്യമായി പ്രഖ്യാപിക്കുന്നു, ആശുപത്രികൾക്ക് നേരെ വെടിയുതിർക്കാൻ അദ്ദേഹം വ്യക്തിപരമായി ഉത്തരവിട്ടു. ഇസ്രായേൽ രാഷ്ട്രത്തിന്റെ നാശം ഒരു ലക്ഷ്യമായി അദ്ദേഹം കണക്കാക്കുന്നു, അത്തരമൊരു മനുഷ്യനെ ഇനി നിലനിൽക്കാൻ അനുവദിക്കില്ല’ കാറ്റ്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൈനിക, ആണവ കേന്ദ്രങ്ങളിൽ പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിച്ചതിനു ശേഷം, ഇസ്രായേൽ അടുത്തിടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ ആക്രമിച്ചു, എന്നാൽ അവയ്ക്കൊന്നും ആണവ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു, എന്നാൽ ഈ നടപടിയെ കാറ്റ്സ് ഇതിനെ ഭരണകൂടത്തിന്റെ പ്രതീകങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. ബീർഷെബയിലെ സൊറോക്ക ആശുപത്രിയിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല എന്നും എല്ലാ ജീവനക്കാരും രോഗികളും സംരക്ഷിത മേഖലകളിലായിരുന്നുവെന്നും ഡയറക്ടർ ഷ്ലോമി കോഡേഷ് പറഞ്ഞു. ടെൽ അവീവിന് ചുറ്റും മറ്റ് മിസൈലുകളാണ് നാശം വിതച്ചത്, രാജ്യത്തുടനീളം 200 ലധികം പേർക്ക് പരിക്കേറ്റു, അതിൽ നാലുപേരുടെ നില ഗുരുതരമാണ്. മിസൈലുകളിൽ ഒരെണ്ണം മധ്യ ടെൽ അവീവിനടുത്തും, മറ്റൊന്ന് റാമത് ഗാനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപത്തുമാണ് പതിച്ചത്.

തുടക്കത്തിൽ സംഘർഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന ട്രംപ്, ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരാൻ അമേരിക്കൻ സേനയ്ക്ക് ഉത്തരവ് നൽകിയതോടെ മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചു. അതേ സമയം, ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് തങ്ങളുടെ പ്രദേശത്തെ ആക്രമണങ്ങളിൽ സജീവ പങ്കുവഹിക്കുന്നതിലേക്ക് മാറിയാൽ അമേരിക്കയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഖമേനി മുന്നറിയിപ്പ് നൽകി. യുദ്ധത്തിൽ പങ്കുചേർന്നാൽ യുഎസ് ലക്ഷ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കാൻ ഇറാൻ സൈന്യം മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ശ്രമിക്കാമെന്ന് ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം ബെഹ്നാം സയീദി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിന്റെ ദൈനംദിന എണ്ണ ആവശ്യത്തിന്റെ അഞ്ചിലൊന്ന് വഹിക്കുന്ന കപ്പലുകള്‍ ഈ പാത ഉപയോഗിക്കുന്നു. ഇറാനിലെ ഏറ്റവും രഹസ്യവും സുരക്ഷിതവുമായ ആണവ കേന്ദ്രങ്ങളിലൊന്നായ നതാന്‍സ് ആണവ സമുച്ചയത്തില്‍ ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണ് തങ്ങളുടെ ആണവ പദ്ധതിയെന്നാണ് ഇറാൻ പറയുന്നത്. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി രാജ്യത്തെ വിമർശിച്ചിരുന്നു. ആണവ നിർവ്യാപന കരാറിൽ ഒപ്പുവെച്ചിട്ടില്ലാത്ത ഇസ്രായേൽ മാത്രമാണ് മേഖലയിലെ ഏക ആണവായുധ ശക്തി എന്നത് കാലങ്ങളായുള്ള പരസ്യമായ രഹസ്യമാണ്. എന്നാൽ അവർ ആണവായുധങ്ങൾ ഉണ്ടെന്ന് അവർ ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ നിരവധി രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ഇസ്രായേലികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ രാജ്യവും ആരംഭിച്ചിട്ടുണ്ട്. ഇറാനെതിരായ ആദ്യ ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേലിന്റെ പ്രധാന വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

content summary: Trump sets deadline to decide if US will join Israel’s war on Iran

Leave a Reply

Your email address will not be published. Required fields are marked *

×