ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാന്റെ അവശേഷിക്കുന്ന നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വവുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് അറ്റ്ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ‘അവര്‍ക്ക് സംസാരിക്കണം, ഞാന്‍ അതിന് സമ്മതിച്ചു. അവര്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു,’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ച് യുദ്ധം നീട്ടിക്കൊണ്ടുപോകുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
ഇറാനില്‍ നിലവില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം എന്നിവരടങ്ങുന്ന സമിതി താത്കാലികമായി ഭരണം ഏറ്റെടുത്തിട്ടുണ്ട്. ഖമേനിയുടെ പിന്‍ഗാമിയെ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപും നെതന്യാഹുവും ചുവപ്പ് രേഖ മറികടന്നുവെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ ഈ സൈനിക നീക്കത്തിന് വലിയ ജനപിന്തുണയില്ലെന്നാണ് പുറത്തുവരുന്ന പോളുകള്‍ സൂചിപ്പിക്കുന്നത്.
തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഒമ്പത് ഇസ്രയേലികളും മൂന്ന് അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടു. ഇതിനുപുറമെ, അമേരിക്കന്‍ സൈനിക താവളങ്ങളുള്ള കുവൈറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഭരണമാറ്റം എന്ന ലക്ഷ്യം വേഗത്തില്‍ നടപ്പിലാകുന്നുണ്ടെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
അതേസമയം ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക-ഇസ്രയേല്‍ സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ, രണ്ടാം ദിവസവും തുടരുന്ന ശക്തമായ ബോംബാക്രമണങ്ങളും ഇറാന്റെ തിരിച്ചടിയും മിഡില്‍ ഈസ്റ്റിനെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇറാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം തുടരുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടക്കുകയാണ്. യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടതോടെ എം.എസ്.സി, മെയ്സ്‌ക് തുടങ്ങിയ പ്രമുഖ ഷിപ്പിംഗ് കമ്പനികള്‍ ഈ മേഖലയിലെ ഗതാഗതം നിര്‍ത്തിവെച്ചു. ഇതിന്റെ പ്രത്യാഘാതം എണ്ണവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണവില 10% വര്‍ധിച്ച് ബാരലിന് 80 ഡോളറിലെത്തി. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വില 100 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് പ്രവചനം. സിവിലിയന്‍ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ ആരോപിച്ചു. ശനിയാഴ്ച മിനാബിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 165 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം.
1989 മുതല്‍ ഇറാന്റെ പരമാധികാരിയായിരുന്ന അലി ഖമേനിയായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. മാസങ്ങളായി ഖമേനിയെ നിരീക്ഷിച്ചു വരികയായിരുന്ന സി.ഐ.എ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാന്റെ ചാരക്കണ്ണുകളെ വെട്ടിക്കാന്‍ തന്ത്രപരമായ നീക്കങ്ങളാണ് ഇസ്രയേല്‍ സൈന്യം നടത്തിയത്. ആക്രമണം തുടങ്ങി ആദ്യ 30 സെക്കന്‍ഡിനുള്ളില്‍ തന്നെ ഇറാന്റെ 30 ഉയര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ സാധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ആദ്യ രണ്ട് ദിവസത്തെ ആക്രമണത്തില്‍ 48 ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായും ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.
Content Summary: After Khomeini’s death US President Donald Trump open to talks with Iran leadership