യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധവും മിഡില്‍ ഈസ്റ്റ് നേരിടുന്ന പ്രതിസന്ധിയും കൂടുതല്‍ മോശമായി വരികയാണ്. മേഖലയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു
ഖാര്‍ഗില്‍ ആക്രമണം നടത്തിയെന്ന് ട്രംപ്
ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങള്‍ക്കും നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷികമായ കാരണങ്ങളാല്‍ ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ തല്‍ക്കാലം നശിപ്പിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചുവെന്നും എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിന് ഇറാനോ മറ്റാരെങ്കിലുമോ തടസ്സം സൃഷ്ടിച്ചാല്‍ ഈ തീരുമാനത്തില്‍ ഉടനടി മാറ്റം വരുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്.
തിരിച്ചടി ശക്തമാക്കുമെന്ന് ഇറാന്‍
ഇറാന്റെ എണ്ണ-ഊര്‍ജ്ജ മേഖലകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മേഖലയില്‍ അമേരിക്കയുമായി സഹകരിക്കുന്ന എണ്ണക്കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് യുഎസ് എയര്‍ഫോഴ്‌സ് റീഫ്യൂവലിംഗ് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റില്‍ ആക്രമണം രൂക്ഷം
യുദ്ധം പടരുന്ന സാഹചര്യത്തില്‍ ഒമാനിലെ അത്യാവശ്യ ജീവനക്കാരല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. ഡ്രോണ്‍, മിസൈല്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്താണ് ഈ സുരക്ഷാ മുന്നറിയിപ്പ്. ഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഖത്തറിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ദോഹയിലെ മിഷൈറെബ് ഡിസ്ട്രിക്റ്റ്, എഡ്യൂക്കേഷന്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഖത്തറിന് മുകളില്‍ മിസൈലുകള്‍ തടഞ്ഞുനശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍ മരണങ്ങള്‍
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 12 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ബുര്‍ജ് ഖലാവിയയിലുള്ള ഒരു ക്ലിനിക്കിന് നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഗാസയില്‍ രണ്ട് കൗമാരക്കാരുള്‍പ്പെടെ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്ധനവില വര്‍ദ്ധനവ് തടയുന്നതിനായി 40 കോടി ബാരല്‍ എണ്ണ വിപണിയിലെത്തിക്കാനുള്ള അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ ശ്രമത്തിന്റെ ഭാഗമായി തന്ത്രപ്രധാന എണ്ണശേഖരം അടുത്ത ആഴ്ച മുതല്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പ് അറിയിച്ചു.
Content Summary: US-Israel War On Iran Updates; Donald Trump said US carried out strikes against on Iran’s Kharg Island. MIddle East Crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.