UPDATES

രാജ്യം സ്വതന്ത്രമായി 76 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളം കിട്ടിയ ഒരു ഇന്ത്യന്‍ ഗ്രാമം; അതിനായി പ്രയത്‌നിച്ച ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് കിട്ടിയ പ്രതിഫലം സ്ഥലമാറ്റം

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലയായ മിര്‍സാപൂരില്‍ ഉള്‍പ്പെടുന്ന വരണ്ടുണങ്ങിയൊരു മലമ്പ്രദേശ ഗ്രാമമാണ് ലാഹുരിയ ദാ

                       

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി ശുദ്ധജലം എത്തുന്നത്! അതിനു 15 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രാജ്യം അതിന്റെ 76 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതും.

ഇപ്പോള്‍ ഇന്ത്യ ജി 20 ഉച്ചകോടിക്കായി പൂര്‍ണമായി ഒരുങ്ങി കാത്തിരിക്കുകയാണ്.

ലോക നേതാവിന്റെ വേഷമണിയാന്‍ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി, ലോക ശക്തിയായി അവതരിപ്പിക്കാനൊരുങ്ങുന്ന ഒരു രാജ്യം. അവിടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ന് ഒരു ഗ്രാമം 76 വര്‍ഷത്തിനിടയില്‍ ആദ്യമായി ശുദ്ധ ജലം ഉപയോഗിച്ചത്. അതും ഒരു ഐ എ എസ് ഉദ്യോഗസ്ഥ കാരണം. ജില്ല മജിസ്‌ട്രേറ്റായിരുന്ന ദിവ്യ മിത്തല്‍ എന്ന 39 കാരിയോടാണ് ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളും കടപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ദിവ്യ മിത്തല്‍ ഇപ്പോള്‍ അവിടെയില്ല. അവരെ സ്ഥലം മാറ്റിക്കളഞ്ഞു.

മാത്രമല്ല, ആ ഗ്രാമത്തിലേക്കുള്ള ജല വിതരണ പൈപ്പുകള്‍ ‘ ആരോ’ തകര്‍ത്തും കളഞ്ഞു.

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലയായ മിര്‍സാപൂരില്‍ ഉള്‍പ്പെടുന്ന വരണ്ടുണങ്ങിയൊരു മലമ്പ്രദേശ ഗ്രാമമാണ് ലാഹുരിയ ദാ. 1,500 ഓളം മനുഷ്യര്‍ ആ ഗ്രാമത്തില്‍ ജീവിക്കുന്നുണ്ട് നിലവില്‍. പിന്നാക്ക സമുദായത്തില്‍പ്പെട്ടവരുടെ ഗ്രാമം. ദളിതരാണ് ബഹുഭൂരിപക്ഷവും. ബനിയ, യാദവ വിഭാഗങ്ങളായി കുറച്ചു പേരും.

ദേവ്ഹര്‍ പഞ്ചായത്തിന്റെ ഭാഗമായ ലാഹുരിയ ദായിലെ ജനങ്ങള്‍ ഇതുവരെ ആശ്രയിച്ചിരുന്നത് ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിത ചെയ്യുന്ന ജര്‍ണ (ഒരു ചെറിയ ജലസംഭരണി) ആയിരുന്നു. വേനല്‍ വരുന്നതോടെ ആ ആശ്രയവും നിലയ്ക്കുന്ന ഗ്രാമവാസികള്‍ക്ക് അതോടെ ജലം ഏറ്റവും ചെലവേറിയ വസ്തുവാകും. വെള്ളം കൊണ്ടുള്ള മനുഷ്യന്റെ ആവശ്യങ്ങളില്‍ കാല്‍ഭാഗമെങ്കിലും ആ ഗ്രാമത്തിലുള്ളവര്‍ക്ക് നിവര്‍ത്തിക്കണമെങ്കില്‍ വെള്ളം ടാങ്കറുകള്‍ വരണം. പണം കൊടുത്താല്‍ മാത്രം കിട്ടുന്ന വെള്ളം. അതും പരാമാവധി 15 മുതല്‍ 30 ലിറ്റര്‍ വരെ മാത്രം. ഗ്രാമവാസികള്‍ പറയുന്നത്, അവരുടെ ഒരു വര്‍ഷത്തെ മുഴുവന്‍ സമ്പാദ്യവും വെള്ളം വാങ്ങിക്കാന്‍ ചെലവാക്കേണ്ടി വരുമായിരുന്നുവെന്നാണ്. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇത്തരം ടാങ്കറുകളെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. പാല് വിറ്റ് വെള്ളം വാങ്ങിച്ചിരുന്ന മനുഷ്യരാണ് ഇവരെന്ന് കേള്‍ക്കുമ്പോഴാണ്, എത്രത്തോളം ദുര്‍ലഭമായ ഒന്നായിരുന്നു അവര്‍ക്ക് വെള്ളം എന്ന് മനസിലാകുന്നത്.

ഒരു വെള്ളം ടാങ്കര്‍ ഗ്രാമത്തിലേക്ക് വരുന്നതിന് കുറഞ്ഞത് 800 രൂപ ചെലവ് വരും. എട്ടോ പത്തോ ടാങ്കറുകള്‍ ഒരു ദിവസം വരേണ്ടി വരും. വേനല്‍ക്കാലത്ത് 10 മുതല്‍ 15 വരെയാകും. ദേവ്ഹര്‍ ഗ്രാമസഭ നിലവില്‍ വെള്ളത്തിന് പണം കൊടുത്ത വകയില്‍ 20 ലക്ഷത്തിന്റെ കടം നേരിടുന്നുണ്ട്. വെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്കും എംപിക്കും എംഎല്‍എയ്ക്കുമെല്ലാം കാലങ്ങളായി പരാതികളും അപേക്ഷകളും കൊടുക്കുന്നുണ്ട്. ഫലമുണ്ടായില്ല. ബിജെപി സഖ്യകക്ഷിയായ അപ്‌ന ദള്‍(എസ്) ആണ് ലാഹുരിയ ദാ ഉള്‍പ്പെടുന്ന മിര്‍സാപൂര്‍ ലോക്‌സഭ മണ്ഡലവും ഛന്‍ബേയ് നിയമസഭ മണ്ഡലവും പ്രതിനിധീകരിക്കുന്നത്. മിര്‍സാപൂര്‍ എംപിയായ അനുപ്രിയ പട്ടേല്‍ കേന്ദ്ര മന്ത്രി കൂടിയാണ്.

ഏറ്റവും ഒടുവിലാണ് ഗ്രാമത്തലവന്‍ പുതുതായി ചര്‍ജ് എടുത്ത ജില്ല മജിസ്‌ട്രേറ്റിന് കഴിഞ്ഞ നവംബറില്‍ കത്തെഴുതുന്നത്. ആ കത്തിന് മറുപടിയായി ദിവ്യ മിത്തല്‍ കൊടുത്ത വാക്കായിരുന്നു, അവര്‍ക്ക് വെള്ളം എത്തിക്കുമെന്നത്.

കഴിഞ്ഞ സെപ്തംബറില്‍ പോസ്റ്റിംഗ് കിട്ടിയ ശേഷം ദിവ്യ മിത്തല്‍ മുന്‍ കൈയെടുത്ത് ലാഹുരിയ ഗ്രാമവാസികള്‍ക്ക് വേണ്ടി ആദ്യം ചെയ്തത് പ്രദേശത്തുണ്ടായിരുന്ന ഒരു കിണര്‍ നന്നാക്കിയെടുക്കുകയായിരുന്നു. അതുകൊണ്ടെന്നും ആ ഗ്രാമവാസികളുടെ ദുരിതം തീരില്ലെന്ന് മനസിലായതോടെയാണ് വെള്ളത്തിന് വേണ്ടി ദിവ്യ തുനിഞ്ഞിറങ്ങിയത്.

ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി തുടങ്ങിയതാണ്. എന്നാലത് പാതിവഴിയില്‍ നിലച്ചു കിടക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിനു മേലെയായി.

കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ചിരിക്കുന്ന പദ്ധതിയാണ് ജല് ജീവന്‍ മിഷന്‍. ഹര്‍ ഖര്‍ ജല്‍ എന്ന മുദ്രാവാക്യം മുഴക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം, 2024 ലോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ ശുദ്ധജലം എത്തിക്കുകയാണ്. എന്നാല്‍ ലാഹുരിയ ദാ എന്ന ഗ്രാമം പ്രസ്തുത ജല്‍ ജീവന്‍ മിഷനില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ലാഹുരിയ ദായിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് മാറ്റിവച്ചിരുന്ന തുക തീര്‍ത്തും അപര്യാപ്തവുമായിരുന്നു. വെള്ളം വരാത്തതിനു പിന്നിലുള്ള കാരണങ്ങളെല്ലാം മനസിലാക്കിയ ശേഷം, എല്ലാം ഒന്നില്‍ നിന്നു തുടങ്ങുകയായിരുന്നു ദിവ്യ മിത്തല്‍. ആര്‍ജ്ജവത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി 10 കോടി രൂപ ലാഹുരിയയില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതിക്കായി അനുവദിക്കപ്പെട്ടു.

കുന്നിന്‍പുറമായ ഗ്രാമപ്രദേശത്തേക്ക് വെള്ളം എത്തുക്കാനുള്ള പൈപ്പ് ലൈന്‍ വലിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാദം. ആ തടസങ്ങളും താത്പര്യമില്ലായ്മയുമൊക്കെ മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും കൃത്യമായ വഴികള്‍ ദിവ്യ കണ്ടെത്തിയിരുന്നു. ഒരു വിദഗ്ധ സംഘത്തെ അവര്‍ രൂപീകരിച്ചു. ജനങ്ങളെക്കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഹര്‍ജി കൊടുപ്പിച്ചു. ഒടുവില്‍ സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയതോടെ, മുന്‍പ് ആരംഭിച്ചശേഷം മുടങ്ങിപ്പോയ പദ്ധതിയുമായി സംയോജിപ്പിച്ച് ജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച പണികള്‍ ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ണതയിലെത്തി. അങ്ങനെ, ഏഴര പതിറ്റാണ്ടിനിപ്പുറം ആ മനുഷ്യരുടെ വീടുകളില്‍ സ്ഥാപിച്ച ടാപ്പുകളില്‍ കൂടി ശുദ്ധ ജലം ഒഴുകിയെത്തി.

ഓഗസ്റ്റ് 30 ന് ദിവ്യ മിത്തല്‍ തന്നെയായിരുന്നു ജല പൂജയോടെ ആദ്യത്തെ ടാപ്പ് തുറന്ന് ജല വിതരണം ഉദ്ഘാടനം ചെയ്തത്. അതിനേറ്റവും യോജിച്ചയാള്‍ ദിവ്യ തന്നെയാണെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്. അവരെല്ലാവരും നന്ദി പറയുന്നതും ദിവ്യക്കാണ്.

‘ ഞാന്‍ ആദ്യമായി ആ ഗ്രാമത്തില്‍ ചെന്ന ദിവസം അവരുടെ മുന്നില്‍ വച്ച് വെള്ളം കുപ്പി തുറക്കാന്‍ എനിക്ക് തോന്നിയില്ല. എന്റെ മനസ് അതിന് അനുവദിച്ചില്ല. ആ മനുഷ്യര്‍ക്ക് വെള്ളം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണമായിരുന്നു. ഒരു മാതാപിതാക്കളും തങ്ങളുടെ മക്കളെ ആ ഗ്രാമത്തിലേക്ക് വിവാഹം കഴിപ്പിച്ച് അയക്കില്ലായിരുന്നു’ വിദ്യ മിത്തലിന്റെ വാക്കുകള്‍.

ഗ്രാമത്തില്‍ വെള്ളമെത്തിയശേഷം ദിവ്യ ‘ എക്‌സില്‍(ട്വിറ്റര്‍) തന്റെ വികാരങ്ങള്‍ പങ്കുവച്ചിരുന്നു.’ ഇന്ന് എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. വികാരം കൊണ്ട് വീര്‍പ്പുമുട്ടുന്നു, ലാഹുരിയ ഗ്രാമത്തിലും അവിടെയുള്ള ജനങ്ങളുടെയും എന്റെയും കണ്ണുകളിലും വെള്ളം ഒഴുകുകയാണ്’

തുടര്‍ന്നവര്‍ കുറിച്ചു;

‘ ഇന്നലെയോടെ എല്ലാം മാറിയിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസമായി ഞങ്ങളുടെ സംഘം നടത്തിയ ആത്മാര്‍ത്ഥ പരിശ്രമം കൊണ്ട്, എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്തിരിക്കുന്നു. എന്താണോ ഇവിടുത്തെ മനുഷ്യര്‍ അസാധ്യം എന്ന് കരുതിയിരുന്നത്, അത് നേടിയിരിക്കുന്നു. ഹര്‍ ഖര്‍ ജല്‍ പദ്ധതിയൂടെ ഭാഗമായി ഗ്രാമത്തിലെ എല്ലാ വീടുകളിലും ശുദ്ധവും സുരക്ഷിതവുമായ വെള്ളം എത്തിയിരിക്കുന്നു. എല്ലാ അദ്ധ്വാനത്തിനും ഇന്ന് ഫലമുണ്ടായിരിക്കുന്നു”.

ഈ സന്തോഷ ദിനത്തിന് ഒരു ദിവസത്തിനു ശേഷം സെപ്തംബര്‍ ഒന്നിന്, 2013 ഐ എസ് എസ് ബാച്ചുകാരിയായ ദിവ്യ മിത്തലിനെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അതും അവരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ.

എന്തിനായിരുന്നു ഇങ്ങനെയൊരു സ്ഥലം മാറ്റം എന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു മറുപടിയുമില്ല. ഇന്ത്യന്‍ എക്‌സ്പ്രസ് ഈ വിഷയത്തില്‍ ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഫോണിലൂടെയും മെസേജിലൂടെയും മറുപടി തിരക്കിയിരുന്നുവെങ്കിലും പ്രതികരിച്ചില്ല.

അതേസമയം, ഗ്രാമത്തില്‍ വെള്ളമെത്തിയ ദിവസം ദിവ്യ മിത്തല്‍ അത് ഉദ്ഘാടനം ചെയ്തതില്‍(ജല്‍ പൂജന്‍) ബിജെപിക്ക് പ്രതിഷേധമുണ്ടായിരുന്നു. ജില്ല മജിസ്‌ട്രേറ്റ് ജല പൂജന്‍ നടത്തിയതിനെതിരേ ബിജെപി ജില്ല വൈസ് പ്രസിഡന്റ് വിപുല്‍ സിംഗ്് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി അയച്ചിരുന്നു. ദ ഇന്ത്യന്‍ എക്‌സ്പ്രസ് വിപുല്‍ സിംഗിനോട് ഇതുമായി ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോള്‍, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു; കാലങ്ങളായി വെള്ളം പ്രശ്‌നം നേരിടുന്ന ലാഹുരിയ ഗ്രാമത്തില്‍ വെള്ളം എത്തുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടപ്പാക്കിയ ഹര്‍ ഖര്‍ ജല്‍ യോജന വഴിയാണ്. ജില്ല മജിസ്‌ട്രേറ്റിന്റെ ജോലി, പദ്ധതി നടപ്പാക്കാനും ഗ്രാമത്തില്‍ വെള്ളം എത്തിക്കാനും മാത്രമാണ്. പദ്ധതിയുടെ ഉത്ഘാടനം ചെയ്യേണ്ടിയിരുന്നത് സര്‍ക്കാരില്‍ നിന്നുള്ള ആരെങ്കിലുമായിരുന്നു. അതാണ് പ്രോട്ടോക്കോളും സംസ്‌കാരവും. എംഎല്‍എ, എംപി തുടങ്ങി ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചുപോലുമില്ല’.

സെപ്തംബര്‍ നാലിന് ഗ്രാമത്തിലേക്കുള്ള ജല വിതരണം ചില സാമൂഹ്യ വിരുദ്ധര്‍ മൂലം മുടങ്ങുകയും ചെയ്‌തെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമവാസികള്‍ ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റു വഴികളൊന്നും വേറെയില്ലാത്തതിനാല്‍ ജല വിതരണം പുനസ്ഥാപിക്കുന്നതുവരെ അവര്‍ കാത്തിരിക്കുകയാണ്. അതുവരെ അവര്‍ക്ക് വീണ്ടും വെള്ളം ടാങ്കറുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. വീണ്ടും വെള്ളത്തിനായി പണം മുടക്കേണ്ടിയും വരുന്നു. ദേശീയ പാതയോരത്ത് ടാങ്കറുകളും കാത്ത് രാത്രി പന്ത്രണ്ടരയ്ക്കും വെള്ളം കാത്ത് കുട്ടികളും സ്ത്രീകളും അടക്കുമുള്ള ജനത്തിന്റെ നീണ്ട നിരയാണ് വീണ്ടും.

അതിനിടയിലാണ് ദിവ്യ മിത്തലിനെ സ്ഥലം മാറ്റിയെന്ന വാര്‍ത്തയും അവര്‍ കേള്‍ക്കുന്നത്. ഹൃദയഭേദകമായ കാര്യം എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. പ്രിയപ്പെട്ടൊരാള്‍ വിട്ടുപോകുന്നതിന്റെ വേദനയാണവര്‍ക്ക്.

ലണ്ടനില്‍ എക്‌സോട്ടിക് ഡെറിവേറ്റീവ് ട്രേഡര്‍ ആയിരുന്ന ദിവ്യ മിത്തല്‍, ആ ജോലി രാജിവച്ചാണ്, ഐ എ എസ് നേടി ഇന്ത്യയില്‍ ജനസേവനത്തിന് എത്തിയത്.

ട്രാന്‍സ്ഫര്‍ ഉത്തരവ് കിട്ടിയശേഷം ദിവ്യ മിത്തല്‍ വീണ്ടും എക്‌സില്‍ കുറിച്ചു ‘ വീട്ടില്‍ സാധനങ്ങള്‍ പാക്ക് ചെയ്യുകയാണ്, എന്റെ കൈകള്‍ക്കും ഹൃദയത്തിനും വളരെയധികം ഭാരം അനുഭവപ്പെടുന്നു. സര്‍ക്കാര്‍ ജോലിയില്‍ സ്ഥലം മാറ്റമെന്നത് ജോലിയുടെ ഭാഗമാണ്. മിര്‍സാപൂര്‍ എനിക്ക് തന്ന സ്‌നേഹം ഞാന്‍ ഒരിക്കലും മറക്കില്ല…’.

Share on

മറ്റുവാര്‍ത്തകള്‍