ബെംഗളൂരു എടിഎം കൗണ്ടര്‍ ആക്രമണ കേസ്
രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു 2013-ല്‍ ബെംഗളൂരുവിലെ ഒരു എടിഎം കൗണ്ടറിനകത്ത് നടന്നത്. 47 വയസുള്ള ഒരു സ്ത്രീ പണമെടുക്കാന്‍ കയറിയ സമയത്ത് ക്രൂരനായൊരു അക്രമി അവരെ അതിഭീകരമാംവിധം ആക്രമിക്കുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഇന്ത്യയിലാകമാനം ജനങ്ങള്‍ ഭീതിയിലായി. ഈ സംഭവത്തിനുശേഷം എടിഎമ്മുകളിലെ സുരക്ഷ സൗകര്യങ്ങളുടെ അഭാവം വ്യാപകമായി ചര്‍ച്ചയായി. എങ്കിലും ആ നിഷ്ഠൂരനായ അക്രമിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.
ആ കേസ് പൊലീസ് ക്ലോസ് ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ടും ചെയ്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് അക്രമി പൊലീസ് കസ്റ്റഡിയിലാകുന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോഴാണ് പ്രതി എടിഎം കേസില്‍ കുറ്റസമ്മതം നടത്തിയത്.
കര്‍ണാടക പൊലീസിനെ വട്ടം കറക്കിയ എംടിഎം അക്രമിയെ പിടികൂടുന്നത് ആന്ധ്രപ്രദേശ് പൊലീസായിരുന്നു. മറ്റൊരു കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് ബെംഗളൂരു എടിഎം കേസിലും ഇയാള്‍ കുറ്റസമ്മതം നടത്തിയത്.
ആന്ധ്രപ്രദേശ് സ്വദേശിയായ കൊണ്ടപ്പഗിരി മധുകര്‍ റെഡ്ഡിയായിരുന്നു ആ ഭീകരന്‍. നിരവധി കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധനായ ഈ 35 കാരന്‍. എടിഎം ആക്രമണത്തിലെ ഇരയായ ജ്യോതി മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അക്രമി തലയിലേല്‍പ്പിച്ച ശക്തമായ പ്രഹരം ജ്യോതിയുടെ ശരീരം ഭാഗികമായി തളര്‍ത്തി. ദീര്‍ഘനാളത്തെ ചികിത്സയിലൂടെയാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
2013 നവംബര്‍ 19 ന് ആയിരുന്നു ഭീകരമായ ആ സംഭവം നടന്നത്. ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി പണം പിന്‍വലിക്കാന്‍ വേണ്ടി ബെംഗളൂരൂ നഗരത്തിലെ ജെ സി റോഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കയറിയത്. ജ്യോതി കൗണ്ടറിനുള്ളില്‍ കയറിയതിനു പിന്നാലെ, അവരെ പിന്തുടര്‍ന്നു വന്നിരുന്ന മധുകറും ഉള്ളിലേക്ക് കയറുകയും ഉടന്‍ തന്നെ കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. തന്റെ കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും അയാള്‍ കത്തി(ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി) പുറത്തെടുത്ത് ജ്യോതിയെ ഭീഷണിപ്പെടുത്തി. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് നല്‍കിയില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ഇതിനെ ജ്യോതി എതിര്‍ത്തതോടെയാണ് അയാള്‍ അവരെ ആക്രമിച്ചത്. താഴെ വീണ ജ്യോതിയുടെ ബാഗു തട്ടിപ്പറിച്ചാണ് മധുകര്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. 200 രൂപയും ഒരു നോക്കിയ മൊബൈല്‍ ഫോണും ആ ബാഗിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍.
എടിഎം കൗണ്ടറിനു മുന്നിലേക്ക് ഒഴുകിയിറങ്ങുന്ന രക്തം കണ്ട് വഴിപോക്കരാണ് അകത്തു കയറി നോക്കുന്നത്. അപ്പോഴേക്കും ജ്യോതി അബോധാവസ്ഥയിലായിരുന്നു. ആദ്യം നിംഹാന്‍സ് ആശുപത്രിയിലേക്കും പിന്നീട് കെംഗിരിയിലുള്ള ബിജിഎസ് ഗ്ലോബല്‍ ഹോസ്പിറ്റലിലേക്കും മാറ്റി.
ജ്യോതി ആക്രമിക്കപ്പെടുന്നത് എടിഎം കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ വാര്‍ത്ത ചാനലുകളിലൂടെയും ഫേസ്ബുക്ക് വഴിയും രാജ്യവ്യാപകമായി പ്രചരിച്ചു. ഇതോടെ ബെംഗളൂരു എംടിഎം അക്രമം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായില്ല.
ഈ സംഭവത്തിന് ശേഷമാണ് ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡിലുള്ള ഒരു എടിഎം കൗണ്ടറിന്റെ സുരക്ഷ ഗാര്‍ഡിനെ രണ്ടുപേര്‍ കൊലപ്പെടുത്തുന്നത്. ഈ സംഭവത്തില്‍ ജ്യോതിയുടെ അക്രമിയും പങ്കാളിയായിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. പിന്നീടത് തിരുത്തേണ്ടി വന്നു. ബെംഗളൂരുവിലെ എടിഎമ്മുകളില്‍ പലതിലും സുരക്ഷ സൗകര്യങ്ങളിലെന്ന് അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ് വെളിപ്പെടുത്തിയതിനു പിന്നാലെ എംടിഎം കൗണ്ടറുകളിലെ സുരക്ഷയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ ആരംഭിച്ചു. കര്‍ണാടക ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടതോടെ പൊലീസ് കടുത്ത സമ്മര്‍ദ്ദത്തിലായി.
പ്രതിയുടെ ചിത്രം പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചും വിവരം കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചും പൊലീസ് അക്രമിയിലേക്കെത്താന്‍ പരമാവധി പരിശ്രമിച്ചു. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പരിതോഷികം അടുത്ത 20 ദിവസത്തിനുള്ളില്‍ അഞ്ചു ലക്ഷമായി ഉയര്‍ത്തിയിട്ടും ഫലമുണ്ടായില്ല. പ്രതിയിലേക്കെത്താന്‍ പേരോ വിലാസമോ ഒന്നും കിട്ടാതെ കേസ് കൂടുതല്‍ സങ്കീര്‍ണമായി. അയല്‍സംസ്ഥാനങ്ങളിലെ പൊലീസിനും കേസിന്റെ വിവരങ്ങളും പ്രതിയുടെ ഫോട്ടോയും പങ്കുവച്ചെങ്കിലും ആ വഴിയും പ്രയോജനങ്ങളൊന്നുമുണ്ടായില്ല.
സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴും പൊലീസ് ഇരുട്ടില്‍ തന്നെ തപ്പുകയായിരുന്നു. ഈ സമയമായപ്പോഴേക്കും ജ്യോതി പതിയെ ജീവിതത്തിലേക്ക് ചുവടുകള്‍ വച്ചു തുടങ്ങിയിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസം ജ്യോതിയെപ്പോലെ തന്നെ തങ്ങള്‍ക്കും നഷ്ടമായിരുന്നുവെന്ന് കര്‍ണടാക പൊലീസ് ഹലസൂരു ഗേറ്റ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തിമ്മയ്യ സി ഇ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സമ്മതിക്കുന്നുണ്ട്. ജ്യോതിയില്‍ നിന്നുകിട്ടിയ വിവരങ്ങള്‍ അനുസരിച്ച് പൊലീസ് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അവരുടെ ശ്രദ്ധ നിലനിര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 300 പൊലീസുകാര്‍ ഈയൊരു കേസിനു മാത്രമായി പലഘട്ടങ്ങളിലായി നിയോഗിക്കപ്പെട്ടിരുന്നു. ഒടുവില്‍ ഒരിടത്തും എത്താനാകാതെ പൊലീസ് ആ കേസ് ക്ലോസ് ചെയ്തു.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തമ്പല്ലപള്ളി ഗ്രാമമാണ് മധുകര്‍ റെഡ്ഡിയുടെ സ്വദേശം. അയാളൊരു മോസ്റ്റ് വാണ്ടഡ് ക്രിമിനലായിരുന്നു. 2005-ല്‍ റെഡ്ഡിവാരി ആനന്ദ റെഡ്ഡി എന്നൊരു ഗ്രാമവാസിക്കു നേരെ ബോംബറിഞ്ഞ കേസില്‍ ഇയാള്‍ അറസ്റ്റിലാവുകയും മദനപ്പള്ളി കോടതി മധുകറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ 2011-ല്‍ അയാള്‍ കടപ്പ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍മാറാട്ടം നടത്തി കഴിഞ്ഞു പോരുകയായിരുന്നു.
ബെംഗളൂരുവില്‍ എത്തുന്നതിനു മുമ്പ് മധുകര്‍, ആന്ധ്രപ്രദേശില്‍ ചില കൊലപാതകങ്ങളും മോഷണങ്ങളും നടത്തുകയും അതില്‍ നിന്നും കിട്ടിയ പണം കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടു പോവുകയുമായിരുന്നു. കൈയിലെ പണം തീര്‍ന്നതോടെയാണ് ബെംഗളൂരുവിലേക്ക് കടക്കുന്നത്. എടിഎം കൗണ്ടറില്‍ ജ്യോതി ആക്രമിക്കപ്പെടുന്നതിന് ഒരാഴ്ച്ച മുമ്പായിരുന്നു മധുകര്‍ ബെംഗളൂരുവില്‍ എത്തുന്നത്.
2013 നവംബറില്‍ നടന്നൊരു കൊലപാതകവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് പൊലീസ് മധുകര്‍ റെഡ്ഡിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് ഇയാള്‍ അവിടം വിടുന്നത്. ഇയാളുടെ വീടിന് സമീപം താമസിച്ചിരുന്ന ഒരു വൃദ്ധയെയായിരുന്നു റെഡ്ഡി കൊലപ്പെടുത്തിയത്. അതിനു പിന്നാലെ റെഡ്ഡി സംസ്ഥാനം വിട്ടു. ഈ സംഭവം നടക്കുന്നത് ജ്യോതി ആക്രമിക്കപ്പെടുന്നതിന് ഒമ്പതു ദിവസം മുമ്പായിരുന്നു.
ഏറെ നാളായി കെട്ടിക്കിടക്കുന്ന കേസുകളും പിടികിട്ടാപുള്ളികളെയും അന്വേഷിക്കുന്ന ആന്ധ്രാ പോലീസ് സംഘം റെഡ്ഡിയുടെ പ്രൊഫൈലില്‍ എത്തിയതോടെയാണ് അയാള്‍ വീണ്ടും പൊലീസിന്റെ പ്രധാന ടാര്‍ഗറ്റ് ആയത്. മദനപ്പള്ളിയിലുള്ള മുത്തശ്ശിയുടെ വീട്ടില്‍ ഇയാള്‍ പതിവായി എത്താറുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു.
പൊലീസിന്റെ നിരീക്ഷണത്തിന് ഫലം ഉണ്ടായി. മുത്തശ്ശിയെ കാണാനെത്തിയ റെഡ്ഡിയെ അവര്‍ 2017 ജനുവരി 31ന് പിടികൂടി. ചോദ്യം ചെയ്യലിനിടയിലാണ് ബെംഗളൂരു എടിഎം ആക്രമണത്തെക്കുറിച്ചും അയാള്‍ സമ്മതിക്കുന്നത്. കൈയിലെ പണം തീരുകയും ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടിയും വന്നതോടെയാണ് അയാള്‍ പണത്തിനായി ജ്യോതിയെ ആക്രമിച്ചതെന്ന് ചിറ്റൂര്‍ എസ് പി ജി ശ്രീനിവാസന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.
ബെംഗളൂരുവിലെ എടിഎമ്മിനുള്ളില്‍ താന്‍ നടത്തിയ അക്രമം രാജ്യം മുഴുവന്‍ അറിഞ്ഞുവെന്ന് മനസിലാക്കിയെന്ന് മധുകറിന് മനസിലായിരുന്നു. അതോടെ പിടിക്കപ്പെടാതിരിക്കാനുള്ള വഴികള്‍ അയാള്‍ നോക്കി. തല മൊട്ടയടിച്ചു വേഷപ്രച്ഛന്നനായി.
ബെംഗളൂരുവില്‍ നിന്നും മധുകര്‍ നേരെ പോയത് കേരളത്തിലേക്കാണ്. അവിടെ എറണാകുളത്ത്് പല ജോലികള്‍ ചെയ്തു കുറച്ചു കാലം ജീവിച്ചു. ഒരു വര്‍ഷത്തിനുശേഷം അയാള്‍ ആന്ധ്രപ്രദേശിലേക്ക് തിരിച്ചു പോയി. അവിടെ ചിറ്റൂരില്‍ ആരാലും ശ്രദ്ധക്കപ്പെടാത്തവിധമായിരുന്നു പിന്നീടുള്ള ജീവിതം. കര്‍ണാടക പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു മധുകര്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
മധുകറിനെ കൈയില്‍ കിട്ടിയെങ്കിലും എടിഎം അക്രമ കേസ് അവസാനിപ്പിച്ച് കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ടും ഫയല്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. വീണ്ടും ആ കേസ് നീതിപീഠത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. ശക്തമായ തെളിവുകളായിരുന്നു പ്രധാനമായും വേണ്ടിയിരുന്നത്. റെഡ്ഡി മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ വ്യക്തിയെ പൊലീസ് കണ്ടെത്തിയിരുന്നു. അയാളുടെ മൊഴിയടക്കം കോടതിയില്‍ നിര്‍ണായകമായി. സിസിടിവി ഫൂട്ടേജുകള്‍ മറ്റൊരു നിര്‍ണായക തെളിവാകുകയും ചെയ്തു. 2019 ഫെബ്രുവരിയില്‍ നടത്തിയ തിരിച്ചറിയില്‍ പരേഡില്‍ ജ്യോതി മധുകറിനെ തിരിച്ചറിയുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരി ഒന്നിന് 65മത് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി രാജേശ്വര പ്രതിക്ക് പത്തു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.