UPDATES

ഓഫ് ബീറ്റ്

കാര്‍ട്ടൂണ്‍ പിടിച്ച പുലിവാല്, 60 വര്‍ഷത്തിന് ശേഷം…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-93

                       

1947ല്‍ ആഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുകയുണ്ടായി. ബ്രിട്ടീഷ് സ്വേച്ഛാധിപത്യം 1858 മുതല്‍ 1947 വരെ നിലനിന്നിരുന്നു. സ്വതന്ത്ര ഇന്ത്യയ്ക്കായി ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ ഒരു ഭരണഘടനാ അസംബ്ലി രൂപീകരിച്ചു. ഈ ഭരണഘടന അസംബ്ലി നിരവധി കമ്മിറ്റികള്‍ ചേര്‍ന്ന ഒരു പരമാധികാര സ്ഥാപനമായിരുന്നു. ഒരു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്റ് എന്നറിയപ്പെടുന്ന ഒന്നാണ് ഭരണഘടനാ അസംബ്ലി. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണത്തിന് വേണ്ടി രൂപീകരിച്ച ഒരു പരമാധികാര സമിതിയാണ് ഭരണഘടനാ അസംബ്ലി. ഭരണഘടനാ അസംബ്ലിയില്‍ ആകെ 22 കമ്മിറ്റികള്‍ ഉണ്ടായിരുന്നു. ഭരണഘടന നിര്‍മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് കമ്മിറ്റികളില്‍ ഒന്നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി. 1947 ഓഗസ്റ്റ് 29-ന് ഭരണഘടന അസംബ്ലിയാണ് ഇത് സ്ഥാപിച്ചത്. 1947 ഓഗസ്റ്റ് 30-ന് നടന്ന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍, കമ്മിറ്റിയുടെ ചെയര്‍മാനായി ഡോ. ബി.ആര്‍. അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ബാബറി മസ്ജിദിന്റെ ഒപ്പം തകര്‍ന്ന രാജ്യം

1948ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം ഉണ്ടാക്കുന്നതിന് ഏല്‍പ്പിച്ച ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കറുടെ നേത്യത്വത്തിലുള്ള കമ്മറ്റി വളരെ പതുക്കെയാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതെന്ന ആക്ഷേപം ഉണ്ടായി. ഈ അവസരത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1948 ആഗസ്റ്റ് 28 ലക്കം ശങ്കേഴ്‌സ് വീക്കിലിയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. സ്വതവേ മെല്ലെ സഞ്ചരിക്കുന്ന ഒച്ചിന്റെ പുറത്ത് അംബേദ്ക്കര്‍ സഞ്ചരിക്കുന്നു. ഭരണഘടനയാകുന്ന ഒച്ചിന്റെ വേഗത കൂട്ടാന്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ചാട്ടയുമായി പിന്നാലെ. ഈ കാര്‍ട്ടൂണ്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ അംബേദ്ക്കറും, നെഹ്‌റുവും ശങ്കറും ജീവിച്ചിരുന്നു. അന്ന് ആര്‍ക്കും ഈ കാര്‍ട്ടൂണില്‍ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ല.

ഈ കാര്‍ട്ടൂണ്‍ എന്‍സിഇആര്‍ട്ടിയുടെ ഒന്‍പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ടെസ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ദളിത് അംഗം 2012 മെയ് 11ന് പാര്‍ലമെന്റില്‍ ടെസ്റ്റ് ബുക്കിലെ കാര്‍ട്ടൂണ്‍ ഉയര്‍ത്തി ദളിത് വിഭാഗത്തെ അപമാനിച്ചു എന്ന് പ്രഖ്യാപിച്ചു. ദളിതനായ അംബേദ്ക്കറെ അപമാനിക്കുന്ന കാര്‍ട്ടൂണാണ് അതെന്നതായിരുന്നു അറുപത് വര്‍ഷത്തിന് ശേഷം ആക്ഷേപം ഉന്നയിച്ചവര്‍ ഉയര്‍ത്തി കാട്ടിയത്. പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തി. രാംദോസ് (പി.എം.കെ.), ഡി. രാജ (സി.പി.ഐ.), മായാവതി (ബി.എസ്.പി.), മുലായം സിംഗ് (എസ്.പി.), സുഷമ്മാ സ്വരാജ് (ബി.ജെ.പി.) തുടങ്ങിയവര്‍ കാര്‍ട്ടൂണിനെ എതിര്‍ത്ത് സഭയില്‍ പ്രസംഗിച്ചു. വിവാദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടെസ്റ്റ് ബുക്കില്‍ നിന്ന് കാര്‍ട്ടൂണ്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. അന്നത്തെ വിദ്യഭ്യാസ വകുപ്പ് മന്ത്രി കപില്‍ സിബല്‍ കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടെസ്റ്റ് ബുക്കില്‍ നിന്ന് കാര്‍ട്ടൂണുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്‌സ് വീക്കിലി

Share on

മറ്റുവാര്‍ത്തകള്‍