പല സംഭവങ്ങളും പ്രവചനമായി ചിലര്‍ പറയുക സ്വാഭാവികമാണ്. അത്തരത്തില്‍ പ്രവചന സ്വഭാവമുള്ള കാര്‍ട്ടൂണുകളും നമുക്കുണ്ട്. നടക്കുവാന്‍ പോകുന്ന സംഭവങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുക എന്നതാണ് അതിന് വേണ്ടത്. ഒരു വിഷയത്തില്‍ ആഴത്തിലുള്ള പഠനം മൂലം ഇത് സാധ്യമാകാവുന്നതാണ്. രാഷ്ട്രീയം അറിയണം. രാഷ്ട്രീയ നേതാക്കളുടെ മനസറിയണം. രാഷ്ട്രീയ സാഹചര്യങ്ങള്‍ അറിയണം. കാര്‍ട്ടൂണിസ്റ്റുകള്‍ സങ്കല്‍പ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം. സാങ്കല്‍പ്പികമായി വരയ്ക്കപ്പെട്ട പലതും പില്‍കാലത്ത് യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്.
ഇപ്പോള്‍ എക്‌സിറ്റ് പോളുകളുടെ കാലമാണ്. എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും, തെരഞ്ഞെടുപ്പിന് ശേഷം ഫലം വരുന്നതിന് മുന്‍പും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എക്‌സിറ്റ് പോളുകള്‍ നടത്തുന്നത് കാണാം. ചില എക്‌സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉണ്ടാകുന്ന ഫലത്തിന്റെ ഏതാണ്ട് അടുത്തുതന്നെ എത്തുന്നതും കാണാം. ശാസ്ത്രീയമായി രാഷ്ട്രീയ വിശകലനം നടത്തുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ദൈവീകമായ ഒരു ചൈതന്യം ഇത്തരം പ്രവചനങ്ങള്‍ക്ക് ഇല്ല എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ളതുമാണ്.
രാഷ്ട്രപിതാ സ്ഥാനം രാജിവെയ്ക്കുന്നു
രാജ്യം നാളെ ആരൊക്കെ ഭരിക്കും എന്ന് ഊഹിക്കുന്നതിന് വളരെ ആഴത്തിലുള്ള രാഷ്ട്രീയ ബോധം ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളിലെ ഉള്ളുകളികളും മറ്റും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതൊക്കെ ഉണ്ടായത് കൊണ്ടാണ് ശങ്കര്‍ ഭാവി പ്രധാനമന്ത്രിമാരെ പ്രവചിച്ച് കാര്‍ട്ടൂണ്‍ വരച്ചത്.
1964 മെയ് 17ന് ഇന്ത്യന്‍ നേതാക്കള്‍ ഒളിമ്പിക്ക് സ്പിരിറ്റില്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ കാര്‍ട്ടൂണ്‍ ഇന്ത്യയുടെ ഭാവി ചരിത്രം പ്രവചിക്കുന്നതായിരുന്നു. അത്രമാത്രം രാഷ്ട്രീയ ചരിത്രത്തിന്റെ ആഴത്തിലുള്ള അറിവ് ശങ്കറിനുണ്ടായതാണ് ഇങ്ങനെ പ്രവചന കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ സാധിച്ചത്. ദീപശിഖ പിടിച്ച് ഓടി ക്ഷീണിതനായ നെഹ്‌റു ഓടുകയാണ്. നെഹ്‌റുവിന് തൊട്ട് പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഗുല്‍സാരിലാല്‍ നന്ദ, ഇന്ദിരാ ഗാന്ധി, വി കെ ക്യഷ്ണ മേനോന്‍, മൊറാര്‍ജി ദേശായി… കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു മരിക്കുന്നു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ വരയ്ക്കപ്പെട്ട വ്യക്തികള്‍ ക്രമപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി: വി കെ ക്യഷ്ണ മേനോന്‍ ഒഴികെ.