ഹാസ്യ ചിത്രകലയെ വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ് പദമാണ് കാര്‍ട്ടൂണ്‍. കാരിക്കേച്ചറുകളുടെ ലളിതമായ ആവിഷ്‌കാരവും അതിന്റെ ഒരു കൂട്ടവും ചേര്‍ന്ന് രൂപം കൊടുക്കുന്ന ചിത്രീകരണമാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ വ്യക്തികളെ എന്നത് പോലെ സംഭവങ്ങളെയും, വിഷയങ്ങളേയും പരിഹാസ രൂപേണ ചിത്രീകരിക്കുന്നു. മറ്റൊരാളെ പരിഹസിക്കുക എന്നത് മനുഷ്യന്റെ ഒരു വാസനയാണ്. അതിന് അവനോളം തന്നെ പഴക്കമുണ്ട്. വെളുത്ത പേപ്പറില്‍ കറുത്ത മഷി കൊണ്ട് വരയ്ക്കുന്നതിനെയാണ് കാര്‍ട്ടൂണ്‍ എന്ന് വിശേഷിപ്പിച്ചിരുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്ന് കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെടുന്നത്. ആദ്യ കാലങ്ങളില്‍ കാരിക്കേച്ചറുകളും, കാര്‍ട്ടൂണുകളും വലിയ വലുപ്പത്തില്‍ വരച്ച് ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഏതാനും പകര്‍പ്പുകള്‍ ഉണ്ടാക്കി വിതരണം ചെയ്യപ്പെട്ടു. അതിന് ശേഷമാണ് ബ്ലോക്കുകള്‍ ഉണ്ടാക്കി കാര്‍ട്ടൂണുകള്‍ അച്ചടിച്ചു തുടങ്ങി ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ കാര്‍ട്ടൂണുകള്‍ ഓഫ്‌സെറ്റ് പ്രസ്സില്‍ പ്രിന്റ് ചെയ്യുന്നു. സാറ്റ്‌ലൈറ്റ് പ്രിന്റിംഗ് രീതിയാണ് ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും സ്വീകാര്യമായത്. കോട്ടയത്തും, കോഴിക്കോടും ഡിസൈന്‍ ചെയ്യുന്ന പത്രം ഡല്‍ഹിയിലേയും, അമേരിക്കയിലേയും പ്രസ്സുകളില്‍ പ്രിന്റ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് വിപ്ലവകരമായ മാറ്റം.
രാജീവിന്റെ മരണം കാര്‍ട്ടൂണില്‍ പ്രവചിച്ചോ…?
ആദ്യകാലങ്ങളില്‍ ബ്രഷും മഷിയും ഉപയോഗിച്ചായിരുന്നു കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. അത് പിന്നീട് കാലിയോഗ്രാഫി പേനയിലേയ്ക്കും, മറ്റ് വിവിധ തരം പേനകളിലേയ്ക്കും വഴിമാറി. പിന്നീട് വന്ന തലമുറ പലതരത്തിലുള്ള സ്‌കെച്ച് പേനകളുടെ സാധ്യതകള്‍ പരീക്ഷിച്ചു. ടാബുകളുടെ വരവോടെ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ പേപ്പറും പേനയും വേണ്ടെന്ന നിലയായി. ഏത് തരത്തിലുള്ള ബ്രഷും, പേനയും കംമ്പ്യൂട്ടറില്‍ തെരഞ്ഞെടുക്കാമെന്ന സ്ഥിതിയായി. ഫോട്ടോഷോപ്പ്, ഇല്ല്യൂസ്‌ട്രേറ്റര്‍ സോഫ്‌റ്റ്വെയര്‍ വരകളുടെ മിഴിവ് കൂട്ടി. ആദ്യം കംമ്പ്യൂട്ടറില്‍ ഘടിപ്പിക്കുന്ന ടാബ്‌ലറ്റുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. പിന്നീട് ടാബ്‌ലറ്റ് മോണിറ്ററുകള്‍ക്ക് അത് വഴിമാറി. ഇപ്പോള്‍ കൈയില്‍ കൊണ്ടു നടക്കുന്ന ടാബുകളും സ്റ്റെലസ് പേനകളും ഇറങ്ങിയതോടെ കാര്‍ട്ടൂണിസ്റ്റിന് ലോകത്തിന്റെ ഏത് മൂലയിലിരുന്നും വരയ്ക്കാവുന്ന സ്ഥിതി ഉണ്ടായി. ഇന്റര്‍നെറ്റ് കണക്ഷനും ഇതില്‍ ലഭ്യമായതു കൊണ്ട്, വരയ്ക്കപ്പെടുന്ന ചിത്രം ഉടന്‍ തന്നെ ആര്‍ക്കും അയച്ചു കൊടുക്കുവാനും സാധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.
നമ്മുടെ രാജ്യത്ത് പ്രൊഫഷണലായി ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കി കാര്‍ട്ടൂണ്‍ വരച്ച് തുടങ്ങിയത് അജിത്ത് നൈനാന്‍ ആണ്. അജിത് നൈനാന്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് കാണുവാന്‍ തന്നെ നല്ല രസമാണ്. ഇവിടെ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഈ കാര്‍ട്ടൂണ്‍ ഉദാഹരണമായി നമുക്ക് എടുക്കാം. ഇതില്‍ വരച്ചിരിക്കുന്ന രഥം, ആ രഥത്തിലെ കുതിരകള്‍, രഥത്തില്‍ ഇരിക്കുന്ന കൃഷ്ണനും അര്‍ജുനനും, കുതിരകളുടെ കാലുകള്‍ ഇതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളാണ്. അദ്ദേഹം ഈ ചിത്രങ്ങള്‍ പല കഷണങ്ങളായി വരയ്ക്കുകയും സാങ്കേതിക സഹായം ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ കയറ്റിയ ശേഷം കൊളാഷ് വര്‍ക്ക് ചെയ്യുന്നു. കമ്പ്യൂട്ടറിന്റെ സഹായത്താല്‍ അദ്ദേഹം കൂട്ടിയോജിപ്പിക്കുന്നത് എത്രയോ തവണ നോക്കി നിന്നിരിക്കുന്നു. അതിനുശേഷം അദ്ദേഹം നല്‍കുന്ന നിറങ്ങള്‍ ആ കാര്‍ട്ടൂണിനെ ഭംഗിയുള്ളതാക്കുന്നു. വെളുത്ത പേപ്പറില്‍ കറുത്ത മഷി ഉപയോഗിച്ച് വരയ്ക്കുന്നതിനെയാണ് കാര്‍ട്ടൂണുകള്‍ എന്ന് പറഞ്ഞിരുന്നെങ്കില്‍, ഇന്ന് കാര്‍ട്ടൂണുകള്‍ക്ക് നിറങ്ങള്‍ വീണു തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ വര്‍ണ്ണ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിക്കുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നമുക്ക് പറയേണ്ടിയിരിക്കുന്നു. കാരണം ടൈംസ് ഓഫ് ഇന്ത്യയിലാണ് ആദ്യമായി പത്ര പ്രസിദ്ധീകരണങ്ങളിലെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ നിറങ്ങള്‍ കലര്‍ത്തി വന്നിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ആര്‍. കെ. ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണ്‍ കര്‍ശനമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു എന്നുള്ളതും ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.