ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ് ഗാന്ധി, നാല്പതാമത്തെ വയസ്സില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ദിര ഗാന്ധി രണ്ടാമത്തെ പുത്രനായ സഞ്ജയ് ഗാന്ധിയെ തന്റെ പിന്‍ഗാമിയായി കരുതിയിരുന്നു. മൂത്ത മകന്‍ രാജീവ് ഗാന്ധി വൈമാനികനായി രാഷ്ട്രീയത്തില്‍ നിന്ന് അകന്നാണ് നിന്നിരുന്നത്. എന്നാല്‍ 1980-ല്‍ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകര്‍ന്ന് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിക്ക് വിമുഖമായിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നു. 1981 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബര്‍ 31, 1984 ന് സഫ്ദര്‍ജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തില്‍ വെച്ച് ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിര്‍ദ്ദേശിക്കുകയും സ്ഥാനം നല്‍കുകയുമായിരുന്നു. ഇന്ദിര ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒഡീഷയിലായിരുന്ന രാജീവിനെ കോണ്‍ഗ്രസ് നേതാക്കളും അന്നു രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍സിംഗും പ്രധാനമന്ത്രി പദത്തിലേറാന്‍ നിര്‍ബന്ധിച്ചു. നെഹ്രുവിന്റെയും, ഇന്ദിരയുടേയും പ്രതിച്ഛായയിലുപരി രാജീവിന്റെ വ്യക്തിത്വം കൂടിയുണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പിനു പിന്നില്‍. രാജീവിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം അമ്മയുടെ മരണത്തോടെ പ്രധാനമന്ത്രിയായതിനാല്‍ രാജീവ് ഗാന്ധിക്ക് ലഭിച്ചു.
ഒരാള്‍ ഒറ്റികൊടുക്കും, മറ്റൊരാള്‍ തള്ളി പറയും
1984 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഈ കാലത്ത് ഉണ്ടായി. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ നേത്യത്വത്തില്‍ കര്‍ഷകര്‍ നടത്തിയ സമരം വലിയ തിരിച്ചടിയായി. നരേന്ദ്ര മോദിതെിരെ കര്‍ഷക സമരം നയിച്ചത് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മകന്‍ രാജേഷ് സിംഗ് ടിക്കായത്താണ്. അന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാകേന്ദ്രമായ ബോട്ട് ക്ലബില്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി എത്തി. കര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. അന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നേരിട്ട് പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാക്കളില്‍ നാല് പേര്‍ പില്‍ക്കാലത്ത് പ്രധാനമന്ത്രിമാരായി. എ. ബി. വാജ്‌പേയ്, വി.പി. സിംഗ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്‌റാള്‍ എന്നിവരായിരുന്നു അവര്‍. ദേവിലാല്‍, മനേക ഗാന്ധി, ജോര്‍ജ് ഫൊര്‍ണാണ്ടസ്, കന്‍ഷിറാം, ചൗട്ടാല തുടങ്ങി ഒട്ടേറെ പേര്‍ ദേശിയ രാഷ്ട്രീയത്തില്‍ പില്‍ക്കാലത്ത് ശ്രദ്ദേയരായി. സമരം പക്ഷെ കര്‍ഷകരുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. സമരം വിജയിച്ചു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. കര്‍ഷക സമരത്തിന് ശേഷം നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു. രാജീവ് ഗാന്ധിക്ക് ഭരണം നഷ്ടപ്പെട്ടു. പ്രതിപക്ഷ നേതാവായി.
1991 മെയ് 21ന് ശ്രീപെരുംപത്തൂരില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് ഗാന്ധി കൊല ചെയ്യപ്പെടുന്നത്. അതിന് ഒരാഴ്ച്ച മുന്‍പ് ഇറങ്ങിയ കുങ്കുമം വാരികയില്‍ പി വി ക്യഷ്ണന്‍ വരച്ച സാക്ഷി എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ ഒരു പ്രവചനം പോലെ അപകടം സൂചിപ്പിച്ചിരുന്നു. മരണം അദ്ദേഹം പ്രവചിച്ചു എന്നല്ല, അപകടം അദ്ദേഹം സൂചിപ്പിച്ചു എന്നതായിരുന്നു ഈ കാര്‍ട്ടൂണിന്റെ പ്രത്യേകത. സാഹചര്യങ്ങളായിരിക്കും കാര്‍ട്ടൂണിസ്റ്റിനെ ഇത്തരം കാര്‍ട്ടൂണ്‍ വരയ്ക്കുവാന്‍ പ്രരിപ്പിച്ചത്. മരണം ഒരിക്കലും കാര്‍ട്ടൂണിസ്റ്റും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇത് പിന്നീട് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുകയും ഉണ്ടായി. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരനു നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം രാജീവ് ഗാന്ധിക്ക് നല്‍കി ആദരിച്ചു.