December 10, 2024 |

ഒരാള്‍ ഒറ്റികൊടുക്കും, മറ്റൊരാള്‍ തള്ളി പറയും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-41

എല്ലാ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളും ഒരു നല്ല രാഷ്ട്രീയ നിരീക്ഷകന്‍ ആയിരിക്കണം. സമൂഹത്തില്‍ നടക്കുന്ന എല്ലാ മാറ്റങ്ങളും ഒരു കാര്‍ട്ടൂണിസ്റ്റ് അറിഞ്ഞിരിക്കണം. മികച്ച കാര്‍ട്ടൂണുകള്‍ ഉണ്ടാകുന്നത് മികച്ച നിരീക്ഷണം ഉണ്ടാകുന്നത് കൊണ്ടുകൂടിയാണ്. ഓരോ രാഷ്ട്രീയത്തിന്റെയും ഗതി മുന്‍കൂട്ടി തിരിച്ചറിയാന്‍ ഒരു മികച്ച കാര്‍ട്ടൂണിസ്റ്റിന് സാധിക്കും. നല്ല നിരീക്ഷണമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ ഒരു പ്രവചനാതീതമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനും സാധിക്കും. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മലയാള നാട്ടില്‍ തന്നെ ചൂണ്ടികാണിക്കാന്‍ ഉണ്ടല്ലോ.

ശങ്കറിന്റെ പ്രവചന കാര്‍ട്ടൂണ്‍

‘ഇതില്‍ ഒരാള്‍ എന്നെ ഒറ്റികൊടുക്കും, മറ്റൊരാള്‍ എന്നെ തള്ളി പറയും…’ 1990 ഏപ്രില്‍ 13-ലെ ദുഃഖവെള്ളിയാഴ്ച്ച മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വരച്ച കാര്‍ട്ടൂണിലെ സംഭാഷണമാണിത്. വി പി സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം, അവസാന അത്താഴം വിഷയമാക്കിയാണ് ഈ കാര്‍ട്ടൂണ്‍.

അത്താഴ മേശയില്‍ വിപി സിംഗ്, പിന്നിലെ ഇരു കര്‍ട്ടനുകള്‍ക്ക് പിന്നില്‍ ദേവിലാലും ചന്ദ്രശേഖറും. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ചൊല്ലി ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ദുഃഖവെള്ളിയാഴ്ച്ച ഇത്തരം കാര്‍ട്ടൂണുകള്‍ കൊടുത്തത് ശരിയായില്ല എന്നതായിരുന്നു പ്രധാന എതിര്‍പ്പ്. ഈ കാര്‍ട്ടൂണില്‍ പറയും പോലെ ഒരാള്‍ ഒറ്റികൊടുക്കുകയും, മറ്റൊരാള്‍ തള്ളി പറയുകയും ചെയ്തതോടെയാണ് കാര്‍ട്ടൂണ്‍ പ്രവചനമായി മാറിയത്.

×