UPDATES

മന്ത്രിയെക്കൊണ്ട് തിരുത്തിച്ചവര്‍ ഈ കണക്കുകളെക്കുറിച്ച് എന്തു പറയും?

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ വര്‍ഷം തോറും വര്‍ദ്ധിക്കുന്നു

                       

കേരളത്തിലെ കത്തോലിക്ക സഭ മേധാവികള്‍ മന്ത്രി സജി ചെറിയാനെക്കൊണ്ട് പറഞ്ഞത് തിരുത്തിച്ചെങ്കിലും മന്ത്രി ചോദിച്ച ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇപ്പോഴും അവിടെ തന്നെ നില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ ബിഷപ്പുമാരും പുരോഹിതരും മണിപ്പൂരില്‍ സ്വന്തം സമുദായത്തിലെ നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും വീടും നാടും ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചും, ഇപ്പോഴും ജീവന് ഉറപ്പിലാതെ കഴിയേണ്ടി വരുന്നതിനെക്കുറിച്ചും ഒന്നും മിണ്ടയില്ല എന്ന ചോദ്യത്തിന് കത്തോലിക്ക സഭയ്ക്ക് ഉത്തരമുണ്ടോ? മണിപ്പൂരിലെ വംശഹത്യയില്‍ എന്തെങ്കിലുമൊന്ന് പ്രതികരിക്കാന്‍ പ്രധാനമന്ത്രി എത്ര ദിവസം എടുത്തൂവെന്നത് രാജ്യത്തിനറിയാം. ഇക്കാര്യത്തില്‍ യാതൊരു പ്രതിഷേധവും സഭമേലധ്യക്ഷന്മാര്‍ക്കില്ലേ എന്നായിരുന്നു മന്ത്രി ചോദിച്ചത്. മണിപ്പൂരില്‍ മാത്രമല്ല, രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ ഹിന്ദുത്വവാദികളില്‍ നിന്നും ആക്രമണം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത് ഏതെങ്കിലും രാഷ്ട്രീയ സംഘടനയല്ല, ഒരു ക്രിസ്ത്യന്‍ സംഘടനയാണ്. സമുദായത്തിനെതിരേ നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ചും സഭ നാഥന്മാര്‍ക്ക് പരാതിയില്ലെന്നാണോ?

രാജ്യത്ത് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ക്രമാതിതമായി വര്‍ദ്ധിക്കുന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം(യുസിഎഫ്) പറയുന്നത്. 2023 ഓഗസ്റ്റ് വരെയുള്ള 212 ദിവസങ്ങളിലായി 525 അക്രമസംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരേ ഉണ്ടായിട്ടുള്ളതെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരോ ദിവസവും മൂന്നോളം അതിക്രമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ രാജ്യത്തുണ്ടാകുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.


ശ്രീലങ്കയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്ന ആദ്യ ജേര്‍ണലിസ്റ്റിന്റെ അനുഭവങ്ങള്‍: ബാഷാന അഭേയ്‌വര്‍ദ്ധനെ/ അഭിമുഖം


ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിച്ച അതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമം വര്‍ദ്ധിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ജി 20 ഉച്ച കോടി ലോകത്തിനു മുന്നില്‍ ഇന്ത്യയെ ഒരു ആഗോള ശക്തിയായി അവതരിപ്പിക്കുന്നതിനുള്ള വേദിയാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്. അതുവഴി സ്വയമേവ താനൊരു വിശ്വനേതാവ് ആയി അംഗീകരിക്കപ്പെടണമെന്നായിരുന്നു മോദിയുടെ ആഗ്രഹം. എന്നാല്‍, ഇതേ മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന് തെളിയിക്കുന്നതായിരുന്നു യുസിഎഫ് റിപ്പോര്‍ട്ട്. മോദിയുടെ പാര്‍ട്ടിയായ ഭാരതീയ ജനത പാര്‍ട്ടിയുടെ അനുബന്ധ ഘടകങ്ങളായ സംഘപരിവാര്‍ സംഘങ്ങളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലുള്ളത്. ഒരു ജനാധിപത്യ രാജ്യത്ത്, ഒരു വ്യക്തി തന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത മത വിശ്വാസത്തിനു മേല്‍ നടത്തുന്ന കടന്നു കയറ്റമാണ് ഓരോ അതിക്രമങ്ങളും. യുസിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എല്ല മത വിഭാഗങ്ങളും സുരക്ഷിതമായി കഴിയുന്ന കേരളത്തില്‍ ജീവിക്കുന്ന ക്രിസ്ത്യന്‍ മത നേതാക്കള്‍ വില കല്‍പ്പിച്ചിട്ടില്ലേ?

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ പത്തു മാസത്തോളമായിട്ടും കലാപം ശമിച്ചിട്ടില്ല. ഇപ്പോഴുമവിടെ മനുഷ്യര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്നതും ഇന്ത്യ ഭരിക്കുന്നതും ബിജെപിയാണ്. അവര്‍ ഇതുവരെയും സക്രിയമായൊരു ഇടപെടല്‍ കലാപം അവസാനിപ്പിക്കാന്‍ നടത്തിയിട്ടില്ല. ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്ന ട്രൈബല്‍ വിഭാഗമായ കുക്കികള്‍ അവിടെ വംശഹത്യയ്ക്ക് ഇരയാക്കപ്പെടുകയാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാരോ ഫലപ്രദമായ ഇടപെടലുകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നതും വെറും രാഷ്ട്രീയ ആരോപണമല്ല.

ഇന്ത്യയില്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമിക്കപ്പെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം പലകുറി ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ വച്ച് മോദി ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴും ന്യൂനപക്ഷ വേട്ടകള്‍ ഇന്ത്യയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

2022-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 505 അക്രമസംഭവങ്ങളാണെങ്കില്‍, 2023 അവസാനിക്കുന്നതിന് നാല് മാസങ്ങള്‍ക്കു മുമ്പു പുറത്തു വന്ന കണക്കില്‍ 525 സംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ മതത്തിനെതിരേ ഇന്ത്യയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് യു സി എഫിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത്. 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ മാസത്തിലാണ് ഏറ്റവും അധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണില്‍ 89 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ 80, ഓഗസ്റ്റില്‍ 66, മാര്‍ച്ചില്‍ 63, ഫെബ്രുവരി 62, ജനുവരി 50, മേയ് 47, ഏപ്രില്‍ 47- എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

രാജ്യത്തെ 13 ജില്ലകളില്‍ ക്രിസ്യന്‍ മതവിഭാഗം കൂടുതല്‍ അപകടാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയാണ് ഇതില്‍ മുന്നില്‍. ഇവിടെ ക്രിസ്ത്യാനികള്‍ ഏതു സമയവും അക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെന്ന് യു സി എഫ് പറയുന്നു. 51 അക്രമസംഭവങ്ങളാണ് ഈ വര്‍ഷം ബസ്തറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഛത്തീസ്ഗഡിലെ തന്നെ കൊണ്ടാഗാവ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഈ വര്‍ഷം 14 അതിക്രമങ്ങളാണ് ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ ഉണ്ടായത്. ഉത്തര്‍പ്രദേശിലെ അസംഗഢ്-14, ജൗന്‍പൂര്‍-13, റായ്ബലേറി-13, സിതാപൂര്‍,13, കാണ്‍പൂര്‍-12, ഹര്‍ദോയ്-10, മഹാരാജ്ഗഞ്ച്-10, കുശിനഗര്‍-10,മൗ-10, ഗൗസിപൂര്‍-9, ജാര്‍ഖണ്ഡിലെ റാഞ്ചി-9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം അതിക്രമ സംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഉണ്ടായിട്ടുള്ളത്. ഉത്തര്‍പ്രദേശാണ് മുന്നില്‍. അവിടെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 211 സംഭവങ്ങളാണ്. തൊട്ടു പിന്നില്‍ ഛത്തീസഗഢ്-118. മൂന്നാം സ്ഥാനത്ത് ഹരിയാന-39.

അധികാരത്തിലിരിക്കുന്നവരുടെ പിന്തുണയുള്ള ഒരു പ്രത്യേക മതവിശ്വാസത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളാണ് ക്രിസ്ത്യാനികള്‍ നേരിടേണ്ടി വരുന്നതെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നത്. ആള്‍കൂട്ട ആക്രമങ്ങള്‍ കൊണ്ട് അവസാനിക്കുന്നതുമില്ല ക്രിസ്ത്യാനികള്‍ക്കെതിരായ നീക്കങ്ങള്‍. യാതൊരു തെളിവുമില്ലാതെ, വ്യാജ മതം മാറ്റം ആരോപിച്ച് 520 ക്രിസ്ത്യാനികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും യു സി എഫ് ആരോപിക്കുന്നു.

ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യു സി എഫ് റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം സാമൂഹിക ബഹിഷ്‌കരണങ്ങളിലൂടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. അവരെ ഗ്രാമത്തിലെ പൊതു ജലസ്രോതസ്സുകള്‍ ഉപയോഗിക്കാനോ, പൊതു റോഡുകള്‍ ഉപയോഗിക്കാനോ അനുവദിക്കില്ല. സ്വന്തം കൃഷിയിടത്തില്‍ അവര്‍ വിളയിച്ച വിളകള്‍ എടുക്കാന്‍ പോലും അനുവദിക്കാറില്ലെന്നാണ് പറയുന്നത്. ഇത്തരം നിര്‍ബന്ധിത നിരോധനങ്ങള്‍ ഏര്‍പ്പെടുത്തി ക്രിസ്ത്യാനികളെ സാമ്പത്തികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്. അവരുടെ ജീവിതം തീര്‍ത്തും ബുദ്ധിമുട്ടിലാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ മതമൗലികവാദികള്‍ ക്രിസ്ത്യനികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ അലങ്കോലമാക്കുകയും വിശ്വാസികളെ മര്‍ദ്ദിക്കുകയും ആരാധന ചടങ്ങുകള്‍ നിര്‍ബന്ധിച്ച് അവസാനിപ്പിക്കുകയും ചെയ്ത നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് യു സി എഫ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2014 മുതല്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരേയുള്ള അക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്ടെത്തിയിരിക്കുന്നത്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്ന കണക്ക് ഇപ്രകാരമാണ്; 2014-147, 2015-177, 2016-208, 2017-240, 2018-292, 2019-328, 2020-270, 2021-505, 2022-599, 2023(ആദ്യ 212 ദിവസത്തില്‍)-525.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നത്, ഈ കണക്കുകളില്‍ മണിപ്പൂരിലെ അതിക്രമങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്. എന്നിരിക്കിലും മാധ്യമ വാര്‍ത്തകള്‍ പ്രകാരം 2023 മേയ് മൂന്നു മുതല്‍ തുടങ്ങിയ കലാപത്തില്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട 300 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടു. 200 ആളുകളോളം കൊല്ലപ്പെടുകയും 54,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ഇപ്പോഴും അവിടെ കലാപം തുടരുകയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടിനു വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും യു സി എഫിന്റെ 2023 ലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാനും മോദിയെ നേരില്‍ കണ്ട് സംസാരിക്കാനും അവസരം കിട്ടിയിട്ടും കേരളത്തിലെ ക്രിസ്ത്യന്‍ മതനേതാക്കള്‍ ഇത്തരം കാര്യങ്ങളൊന്നും തിരക്കാന്‍ പോയില്ല. അതുതന്നെയാണ് മന്ത്രി സജി ചെറിയാനും ചോദിച്ചത്.

രാജ്യത്ത് ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരേ നടക്കുന്ന അതിക്രമങ്ങള്‍ സുപ്രിം കോടതിക്ക് മുന്നിലും എത്തിയിരുന്നു. തങ്ങള്‍ നല്‍കിയ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നുവെന്നും യു സി എഫ് പറയുന്നു. മണിപ്പൂര്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാനും കേസ് ചാര്‍ജ് ചെയ്യാനും കുറ്റവാളികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും വേണ്ടി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്ന് യു സി എഫിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആരാധനകള്‍ സുഗമമായി നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും, അതിക്രമങ്ങളുടെ ഇരകളായ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ആവശ്യമായ നിയമസഹായം ഏര്‍പ്പാടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നതാണ്.

സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നതായി അറിയില്ല. രാജ്യത്ത് ഇനി ക്രിസ്ത്യന്‍ മതന്യൂനപക്ഷമെങ്കിലും ഹിന്ദുത്വ ശക്തികളാല്‍ ആക്രമിക്കപ്പെടില്ലെന്ന ഉറപ്പെങ്കിലും പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്നിനിടയില്‍ ബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കും നല്‍കിയിട്ടുണ്ടോയെന്ന കാര്യത്തിലും ആരുമൊന്നും പറഞ്ഞു കേട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍